Tuesday, February 26, 2013

റൗള്‍ വീണ്ടും ക്യൂബന്‍ പ്രസിഡന്റ്


റൗള്‍ കാസ്ട്രോ രണ്ടാംതവണയും ക്യൂബയുടെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. ക്യൂബന്‍ പാര്‍ലമെന്റായ ദേശീയ ജനകീയാധികാരസഭ ഒന്നാം വൈസ് പ്രസിഡന്റായി മിഗേല്‍ ഡയസ് കാനെല്‍ ബെര്‍മുഡെസിനെ തെരഞ്ഞെടുത്തു. എസ്തെബാന്‍ ലാസോയാണ് 612 അംഗ സഭയുടെ പുതിയ സ്പീക്കര്‍. കഴിഞ്ഞ മൂന്നിന് തെരഞ്ഞെടുത്ത പുതിയ സഭയുടെ ആദ്യസമ്മേളനത്തില്‍ വിപ്ലവനായകന്‍ ഫിദല്‍ കാസ്ട്രോയുടെ സാന്നിധ്യവും ശ്രദ്ധേയമായി. ഫിദലും പാര്‍ലമെന്റ് അംഗമാണ്. ഭരണനിര്‍വഹണച്ചുമതലയുള്ള പുതിയ സ്റ്റേറ്റ് കൗണ്‍സിലിനെയും സഭ തെരഞ്ഞെടുത്തു. 31 അംഗ കൗണ്‍സിലില്‍ 17 പേര്‍ പുതുമുഖങ്ങളാണ്. 13 സ്ത്രീകളും 12 ആഫ്രിക്കന്‍ വംശജരും അടങ്ങുന്ന കൗണ്‍സില്‍, സ്ത്രീകള്‍ക്കും കറുത്തവംശജര്‍ക്കും ക്യൂബയില്‍ അധികാരസ്ഥാനങ്ങളിലുള്ള പ്രാധാന്യം പ്രതിഫലിപ്പിക്കുന്നതാണ്.

എണ്‍പത്തിരണ്ടുകാരനായ ഹോസെ റമോണ്‍ മച്ചാഡോ വെന്ത്യൂറയ്ക്കുപകരമായാണ് മിഗേല്‍ ഡയസ് (52) ഒന്നാം വൈസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത്. വിപ്ലവനേതാക്കളുടെ തലമുറയില്‍പ്പെട്ട വെന്ത്യൂറ അഞ്ച് വൈസ് പ്രസിഡന്റുമാരില്‍ ഒരാളായി തുടരും. ആദ്യകാല വിപ്ലവനേതാക്കളില്‍ ഒരാളായ കമാന്‍ഡര്‍ റാമിറോ വാള്‍ഡെസും വൈസ് പ്രസിഡന്റായി തുടരും. നാല്‍പ്പത്തെട്ടുകാരി മെര്‍സിഡസ് ലോപസ് അകേയയാണ് വൈസ് പ്രസിഡന്റുമാരില്‍ പുതുമുഖം. ഒന്നാം വൈസ് പ്രസിഡന്റ് മിഗേല്‍ ഡയസ് ഇലക്ട്രിക്കല്‍ എന്‍ജിനിയറായിരുന്നു. മുന്‍ വിദ്യാഭ്യാസമന്ത്രിയായ അദ്ദേഹം കഴിഞ്ഞ മാര്‍ച്ചുമുതല്‍ വൈസ് പ്രസിഡന്റുമാരില്‍ ഒരാളാണ്. ചൊവ്വാഴ്ച 69 വയസ്സ് തികയുന്ന സ്പീക്കര്‍ ലാസോയും വൈസ് പ്രസിഡന്റുമാരില്‍ ഒരാളായിരുന്നു. 1993 മുതല്‍ സ്പീക്കറായിരുന്ന റിക്കാര്‍ഡോ അലാര്‍കോണിന്റെ പിന്‍ഗാമിയായാണ് ലാസോ തെരഞ്ഞെടുക്കപ്പെട്ടത്. ക്യൂബയില്‍ വിപ്ലവാനന്തര തലമുറയിലേക്ക് നേതൃത്വം മാറുന്നതിന്റെ മുന്നോടിയായാണ് ലാസോയുടെയും മിഗേല്‍ ഡയസിന്റെയും തെരഞ്ഞെടുപ്പ് കണക്കാക്കപ്പെടുന്നത്. ഇതു തന്റെ അവസാന ഊഴമാണെന്ന് എണ്‍പത്തൊന്നുകാരനായ റൗള്‍ നേരത്തെ സൂചിപ്പിച്ചിരുന്നു. ഇപ്പോള്‍ത്തന്നെ തനിക്ക് ഒഴിയാന്‍ അവകാശമുണ്ടെന്ന് അദ്ദേഹം വെള്ളിയാഴ്ച പറഞ്ഞിരുന്നു. 2006ല്‍ ഫിദല്‍ രോഗബാധിതനായതിനെതുടര്‍ന്ന് ആക്ടിങ് പ്രസിഡന്റായ റൗള്‍ 2008ലാണ് ആദ്യം പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത്.

deshabhimani 260213

No comments:

Post a Comment