ചന്ദ്രശേഖരന്‍ വധക്കേസില്‍ കേസ് ഡയറിയിലെ ഒന്നാം സാക്ഷിയും വടകര എസ്ഐയുമായ പി എം മനോജിന്റെ വിചാരണ പ്രത്യേക അഡീഷണല്‍ സെഷന്‍സ് കോടതിയില്‍ തുടങ്ങി. അന്വേഷണ ഉദ്യോഗസ്ഥര്‍ക്കു മുമ്പാകെ നേരത്തേ നല്‍കിയ മൊഴിയില്‍നിന്ന് വ്യത്യസ്തമായാണ് പല കാര്യങ്ങളും എസ്ഐ കോടതിയില്‍ പറഞ്ഞത്. ചന്ദ്രശേഖരനെ വെട്ടിപ്പരിക്കേല്‍പ്പിച്ചശേഷം അക്രമികള്‍ പ്രദേശത്ത് ബോംബെറിഞ്ഞ് ഭീതി പരത്തിയതായി എസ്ഐ കോടതിയില്‍ പറഞ്ഞു. നേരത്തേ ബോംബെറിഞ്ഞ് ഭീതി പരത്തിയശേഷം വെട്ടിപ്പരിക്കേല്‍പ്പിച്ചെന്നായിരുന്നു അന്വേഷണസംഘത്തോട് പറഞ്ഞത്. പറഞ്ഞത് തെറ്റിപ്പോയെന്നും, മൊഴിനല്‍കി രണ്ടുദിവസം കഴിഞ്ഞ് തെറ്റ് മനസ്സിലായപ്പോള്‍ അന്വേഷണഉദ്യോഗസ്ഥനായ ഡിവൈഎസ്പിയെ അറിയിച്ചുവെന്നും പറഞ്ഞു. കോടതിയിലാണ് ഇക്കാര്യം ആദ്യമായി രേഖപ്പെടുത്തുന്നത്.
പല ചോദ്യത്തിനും അറിയില്ലെന്ന ഉത്തരമാണ് എസ്ഐ നല്‍കിയത്. സാക്ഷികളായ പ്രസീതും രാമചന്ദ്രനും സംഭവസമയത്ത് അവിടെ ഉണ്ടായിരുന്നതായി അന്വേഷണ ഉദ്യോഗസ്ഥന് മൊഴി നല്‍കിയതായി ഓര്‍മയില്ല. ചന്ദ്രശേഖരന്റെ മൃതദേഹം സംസ്കരിച്ചത് 2012 മെയ് അഞ്ചിന് രാത്രിയാണോ എന്നറിയില്ല. എന്നാല്‍, അഞ്ചിന് രാത്രി ഏഴിന് വടകര പുതിയ ബസ്സ്റ്റാന്‍ഡില്‍ മൃതദേഹം പൊതുദര്‍ശനത്തിനു വച്ചപ്പോള്‍ അവിടെ ഡ്യൂട്ടിയുണ്ടായിരുന്നു. പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചത് എപ്പോഴാണെന്ന് അറിയില്ല. ഒരുതവണ മാത്രമാണ് തന്നെ സംഘം ചോദ്യം ചെയ്തത്. സംഭവം സ്റ്റേഷനില്‍ വിളിച്ചറിയിച്ചതാരാണെന്ന് അന്വേഷിച്ചിട്ടില്ലെന്നും എസ്ഐ പറഞ്ഞു. ചന്ദ്രശേഖരന്‍ സഞ്ചരിച്ച ബൈക്ക് ഒന്നാം സാക്ഷി തിരിച്ചറിഞ്ഞു. ചന്ദ്രശേഖരന്റെ ഷര്‍ട്ടിന്റെ കീശയില്‍ 500 രൂപയുടെ 12 നോട്ട്, 100ന്റെ അഞ്ച്, പത്തിന്റെ നാല് നോട്ടുകള്‍ ഉണ്ടായിരുന്നു. കൂടാതെ ഡ്രൈവിങ് ലൈസന്‍സ്, ഇലക്ഷന്‍ ഐഡന്റിറ്റി കാര്‍ഡ്, എടിഎം കാര്‍ഡ്, ഡെബിറ്റ് കാര്‍ഡ്, പാന്‍കാര്‍ഡ്, രണ്ട് ട്രെയിന്‍ ടിക്കറ്റ്, റെയില്‍വേ സീസണ്‍ ടിക്കറ്റിന്റെ ഐഡന്റിറ്റി കാര്‍ഡ്, വീടുപണിയുടെ സാധനങ്ങളുടെ ലിസ്റ്റ് എഴുതിയ വെള്ളപേപ്പര്‍ എന്നിവയും സാക്ഷി തിരിച്ചറിഞ്ഞു. ഒന്നാം സാക്ഷിയുടെ വിസ്താരം ശനിയാഴ്ചയും തുടരും. പ്രതികള്‍ക്കായി അഭിഭാഷകരായ എം അശോകന്‍, പി വി ഹരി, ഗോപാലകൃഷ്ണക്കുറുപ്പ്, സി ശ്രീധരന്‍നായര്‍ എന്നിവരും പ്രോസിക്യൂഷനുവേണ്ടി സി കെ ശ്രീധരന്‍, പി കുമാരന്‍കുട്ടി എന്നിവരും ഹാജരായി.
deshabhimani 230213
No comments:
Post a Comment