Thursday, February 28, 2013
സമഗ്ര കുടിയേറ്റനിയമം വേണം: കാരാട്ട്
വിദേശത്ത് തൊഴില്‍ ചെയ്യുന്ന ഇന്ത്യക്കാരുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ സമഗ്ര കുടിയേറ്റനിയമം കൊണ്ടുവരണമെന്ന് സിപിഐ എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് ആവശ്യപ്പെട്ടു. പ്രവാസികളെ അവഗണിക്കുന്ന കേന്ദ്രസര്‍ക്കാര്‍ നയത്തിനെതിരെ കേരള പ്രവാസി സംഘത്തിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച പാര്‍ലമെന്റ് മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാര്‍ കേരളത്തില് പ്രവാസി ക്ഷേമനിധി രൂപീകരിച്ചു. ഇതിന് സമാനമായി ദേശീയതലത്തിലും ക്ഷേമനിധി രൂപീകരിക്കണം. നെടുമ്പാശേരി വിമാനത്താവളത്തിന് "ഗേറ്റ് വേ" പദവി നല്‍കി എയര്‍ ഇന്ത്യയുടെ ചൂഷണം അവസാനിപ്പിക്കണമെന്നും കാരാട്ട് ആവശ്യപ്പെട്ടു. പ്രവാസികള്‍ ഉയര്‍ത്തുന്ന ആവശ്യങ്ങള്‍ക്ക് സിപിഐ എം പൂര്‍ണ പിന്തുണ നല്‍കുമെന്നും കാരാട്ട് പറഞ്ഞു. എംപിമാരായ പി കരുണാകരന്‍, പി രാജീവ്, കെ എന്‍ ബാലഗോപാല്‍, എ സമ്പത്ത് എന്നിവരും സംസാരിച്ചു.
സമഗ്ര കുടിയേറ്റനിയമം കൊണ്ടുവരിക, ഗള്‍ഫ് മേഖലയിലേക്ക് വിമാന യാത്രക്കൂലി ദൂരത്തിന് ആനുപാതികമായി ക്രമീകരിക്കുക എന്നീ ആവശ്യങ്ങള്‍ മാര്‍ച്ചില്‍ ഉന്നയിച്ചു.വിദേശങ്ങളില്‍നിന്ന് തിരിച്ചുവരുന്നവരുടെ പുനരധിവാസം ഉറപ്പാക്കുക, 60 വയസ്സ് കഴിഞ്ഞ പ്രവാസികള്‍ക്ക് പെന്‍ഷന്‍ നല്‍കുക, വിദേശ ജയിലുകളിലുള്ള ഇന്ത്യക്കാര്‍ക്ക് നിയമസഹായം നല്‍കുക, വിദേശത്ത് തൊഴിലെടുക്കുന്ന സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കുക, കേരള പ്രവാസിനിധിയിലേക്ക് കേന്ദ്രം ധനസഹായം നല്‍കുക എന്നിവയാണ് മാര്‍ച്ച് ഉയര്‍ത്തിയ മറ്റ് ആവശ്യങ്ങള്‍. കേരള പ്രവാസിസംഘം പ്രസിഡന്റ് പി ടി കുഞ്ഞുമുഹമ്മദ് അധ്യക്ഷനായി. ജനറല്‍ സെക്രട്ടറി കെ വി അബ്ദുള്‍ഖാദര്‍ എംഎല്‍എ സ്വാഗതം പറഞ്ഞു. സെക്രട്ടറിമാരായ ആര്‍ ശ്രീകൃഷ്ണപിള്ള, എ സി ആനന്ദന്‍, ബാദുഷ കടലുണ്ടി, പി സെയ്താലിക്കുട്ടി എന്നിവര്‍ പങ്കെടുത്തു.
deshabhimani 280213
Subscribe to:
Post Comments (Atom)
No comments:
Post a Comment