Thursday, February 28, 2013
ഏകപക്ഷീയമായി ജെപിസി അന്വേഷണം പ്രഖ്യാപിച്ചു
രാജ്യത്തിന് അപമാനമായ ഹെലികോപ്റ്റര്‍ കുംഭകോണക്കേസ് മുഖ്യപ്രതിപക്ഷത്തിന്റെ സഹകരണമില്ലാതെ കേന്ദ്രസര്‍ക്കാര്‍ ജെപിസി അന്വേഷണത്തിനു വിട്ടു. ബുധനാഴ്ച രാജ്യസഭയില്‍ നടന്ന ചര്‍ച്ചയ്ക്കുശേഷം 30 അംഗ ജെപിസിയെ നിര്‍ദേശിക്കുന്നതായി പാര്‍ലമെന്ററികാര്യ മന്ത്രി കമല്‍നാഥ് അറിയിക്കുകയായിരുന്നു. അഴിമതി ഇടപാടില്‍ എഫ്ഐആര്‍പോലും രജിസ്റ്റര്‍ചെയ്യാതെ ജെപിസിയെ വയ്ക്കുന്നതില്‍ പ്രയോജനമില്ലെന്ന് പ്രതിപക്ഷനേതാവ് അരുണ്‍ ജെയ്റ്റ്ലി പറഞ്ഞു. അതല്ലെങ്കില്‍ പ്രതിപക്ഷത്തുനിന്നൊരാളെ ജെപിസി അധ്യക്ഷനായി വയ്ക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് ജെയ്റ്റ്ലി ആവശ്യപ്പെട്ടു. ജെയ്റ്റ്ലിയുടെ ആവശ്യം സര്‍ക്കാര്‍ അംഗീകരിച്ചില്ല. തുടര്‍ന്ന് എന്‍ഡിഎ അംഗങ്ങളും തൃണമൂലും സഭയില്‍നിന്ന് ഇറങ്ങിപ്പോയി. സുപ്രീംകോടതിയുടെ മേല്‍നോട്ടത്തില്‍ സിബിഐ അന്വേഷണമാണ് താല്‍പ്പര്യപ്പെടുന്നതെങ്കിലും ജെപിസിയുടെ കാര്യത്തില്‍ സര്‍ക്കാര്‍ ഉറച്ചുനില്‍ക്കുകയാണെങ്കില്‍ അതുമായി സഹകരിക്കുമെന്ന് സിപിഐ എം ഉപനേതാവ് പ്രശാന്ത ചാറ്റര്‍ജി പറഞ്ഞു. ജെപിസിയുടെ കാര്യത്തില്‍ പല പ്രതിപക്ഷ പാര്‍ടികളും വിയോജിപ്പ് പ്രകടിപ്പിച്ച സാഹചര്യത്തില്‍ സര്‍ക്കാര്‍ പുനരാലോചന നടത്തണമെന്നും കൂടുതല്‍ കൂടിയാലോചനകള്‍ക്ക് തയ്യാറാകണമെന്നും സിപിഐ നേതാവ് ഡി രാജ ആവശ്യപ്പെട്ടു. സ്പെക്ട്രം ഇടപാടില്‍ ജെപിസി അന്വേഷണം ആവശ്യപ്പെട്ട് ഒരു മാസത്തോളം സഭ സ്തംഭിപ്പിച്ചവര്‍ ഇപ്പോള്‍ ജെപിസി വേണ്ടെന്നുപറഞ്ഞ് ഇറങ്ങിപ്പോകുന്നത് ഇരട്ടത്താപ്പാണെന്ന് കമല്‍നാഥ് പറഞ്ഞു. രാജ്യസഭയില്‍ നിന്ന് 10 അംഗങ്ങളും ലോക്സഭയില്‍ നിന്ന് 20 അംഗങ്ങളും ജെപിസിയില്‍ ഉണ്ടാകുമെന്നും കമല്‍നാഥ് പറഞ്ഞു. സിപിഐ എം അംഗം ടി കെ രംഗരാജന്‍ ഉള്‍പ്പെടെ രാജ്യസഭയില്‍നിന്നുള്ള ഏഴ് അംഗങ്ങളുടെ പേര് കമല്‍നാഥ് വായിച്ചു. ബിജെപി അംഗങ്ങള്‍ പേര് നിര്‍ദേശിക്കാത്തതിനാലാണ് മൂന്ന് പേരുകള്‍ ഒഴിച്ചിട്ടിരിക്കുന്നത്. ലോക്സഭയില്‍നിന്ന് 20 പേരുകള്‍ നിര്‍ദേശിക്കാന്‍ സ്പീക്കറോട് അഭ്യര്‍ഥിക്കുമെന്ന് കമല്‍നാഥ് പറഞ്ഞു.
രാജ്യസഭയില്‍ നടന്ന ഹ്രസ്വചര്‍ച്ചയില്‍ പ്രതിരോധമന്ത്രി ആന്റണിക്കെതിരെ രൂക്ഷവിമര്‍ശമുയര്‍ന്നു. മന്ത്രി അഴിമതിക്കാരനാണെന്ന് പറയുന്നില്ലെങ്കിലും അഴിമതി തടയുന്നതിന് പൂര്‍ണ പരാജയമാണെന്ന് പ്രതിപക്ഷത്തുനിന്ന് ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ കുറ്റപ്പെടുത്തി. ഹെലികോപ്റ്റര്‍ ഇടപാടില്‍ കോഴ കൈമാറ്റം നടന്നുവെന്ന് ഒരു വര്‍ഷംമുമ്പ് മാധ്യമങ്ങളില്‍ വാര്‍ത്ത വന്നിട്ടും മന്ത്രി അനങ്ങിയില്ല. ഫിന്‍മെക്കാനിക്ക കമ്പനി മേധാവി ഇറ്റലിയില്‍ അറസ്റ്റിലായപ്പോള്‍മാത്രമാണ് സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടത്. കോഴ നല്‍കിയത് ഇറ്റാലിയന്‍ കമ്പനിയാണെങ്കിലും പണം കൈപ്പറ്റിയത് ഇന്ത്യയിലെ ഉന്നതരാണ്. ഇവര്‍ ആരെന്നാണ് കണ്ടെത്തേണ്ടത്- പ്രതിപക്ഷ അംഗങ്ങള്‍ ചര്‍ച്ചയില്‍ പറഞ്ഞു. ആന്റണി രാജിവയ്ക്കണമെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. അഴിമതി തടയുന്നതിനുള്ള നടപടികള്‍ മന്ത്രിയുടെ ഭാഗത്തുനിന്നുണ്ടാകണമെന്ന് സിപിഐ എമ്മിന്റെ ടി കെ രംഗരാജന്‍ പറഞ്ഞു.
അഴിമതിക്കെതിരെ താന്‍ എക്കാലവും കര്‍ക്കശ നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് ആന്റണി മറുപടി പറഞ്ഞു. പ്രാഥമിക അന്വേഷണത്തിലുള്ള കേസായതിനാല്‍ വിശദാംശങ്ങള്‍ നല്‍കാനാവില്ലെന്ന നിലപാടാണ് ഇറ്റലി സ്വീകരിച്ചത്. അതുകൊണ്ടാണ് നടപടികള്‍ സാധ്യമാകാതെ വന്നത്. ഇപ്പോള്‍ സിബിഐ പ്രാഥമിക അന്വേഷണം ആരംഭിച്ചു. അഴിമതിയുടെ അടിത്തട്ടുവരെ പോകും. യാഥാര്‍ഥ്യം കണ്ടെത്തണമെന്ന് വാശിയുള്ളതുകൊണ്ടാണ് രാജിവയ്ക്കാതിരുന്നത്. ജെപിസി അന്വേഷണത്തിന് സര്‍ക്കാര്‍ തയ്യാറാണ്. അഴിമതി ആരോപണം ഉയര്‍ന്നതില്‍ മന്ത്രിയെന്ന നിലയില്‍ തനിക്ക് നാണക്കേടുണ്ടാക്കിയെന്നും ആന്റണി പറഞ്ഞു. മന്ത്രി തന്റെ നിസ്സഹായാവസ്ഥ പ്രകടിപ്പിക്കുകമാത്രമാണ് ചെയ്തിരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് അരുണ്‍ ജെയ്റ്റ്ലി പറഞ്ഞു. ഇതുവരെ എഫ്ഐആര്‍പോലും എടുത്തിട്ടില്ല. ഇപ്പോള്‍ കോഴ കൈപ്പറ്റിയവര്‍ക്ക് തെളിവുകള്‍ നശിപ്പിക്കാന്‍ ആവശ്യത്തിന് സമയം നല്‍കുകയാണ് മന്ത്രി ചെയ്തിരിക്കുന്നത്- ജെയ്റ്റ്ലി കുറ്റപ്പെടുത്തി. തുടര്‍ന്നാണ് മന്ത്രി കമല്‍നാഥ് നാടകീയമായി ജെപിസി അന്വേഷണം നിര്‍ദേശിച്ചത്.
(എം പ്രശാന്ത്)
deshabhimani 280213
Subscribe to:
Post Comments (Atom)
No comments:
Post a Comment