Sunday, May 15, 2011

11 മാസം 11 തവണ; കൂടിയത് 30 ശതമാനം

ഒരുവര്‍ഷത്തിനിടെ രാജ്യത്ത് പെട്രോള്‍വില വര്‍ധിച്ചത് 30 ശതമാനത്തിലേറെ. വിലനിയന്ത്രണം കമ്പനികള്‍ക്ക് വിടാന്‍ കേന്ദ്രമന്ത്രിസഭ തീരുമാനിച്ച ജൂണ്‍ 25നു 47.93 രൂപയായിരുന്നു (ഡല്‍ഹി വില) പെട്രോളിന്. തുടര്‍ന്നുള്ള 11 മാസക്കാലയളവില്‍ പത്തുതവണയായി 14 രൂപയോളമാണ് വിലകൂട്ടിയത്. കഴിഞ്ഞ ബജറ്റില്‍ സര്‍ക്കാര്‍ നികുതിനിരക്കില്‍ വരുത്തിയ മാറ്റം 1.54 രൂപയുടെ വര്‍ധനയ്ക്കും വഴിയൊരുക്കി. ചുരുക്കത്തില്‍ ഒരു വര്‍ഷത്തിനിടെ 15.42 രൂപയാണ് പെട്രോളിന് കൂടിയത്. വിലനിയന്ത്രണത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറിയശേഷമുള്ള ഏറ്റവുമുയര്‍ന്ന വിലക്കയറ്റമാണ് ഇപ്പോഴത്തെ അഞ്ചു രൂപ വര്‍ധന, അതായത് ഒമ്പതു ശതമാനത്തോളം.

ഡിസംബര്‍ മുതലുള്ള ആറുമാസത്തില്‍ 14 രൂപയോളമാണ് എണ്ണക്കമ്പനികള്‍ വില കൂട്ടിയത്. അന്താരാഷ്ട്ര വിപണിക്കനുസരിച്ച് വില നിശ്ചയിക്കാനുള്ള അധികാരം എണ്ണക്കമ്പനികള്‍ക്ക് വിട്ടുകൊടുത്തതിന് പിറ്റേന്ന് തന്നെ മൂന്നരരൂപ കൂട്ടി 47.93 രൂപയില്‍ നിന്ന് 51.43 രൂപയാക്കി. ഇതോടൊപ്പം ഡീസല്‍ വിലയും 38.10 രൂപയില്‍ നിന്ന് 40.10 രൂപയായി കുതിച്ചുയര്‍ന്നു. തോന്നുംപോലെ വിലകൂട്ടാന്‍ "ലൈസന്‍സ്" ലഭിച്ച എണ്ണക്കമ്പനികള്‍ അവസരം മുതലെടുത്തു. ജൂണ്‍ 25 മുതല്‍ ജനുവരി 15 വരെ പല കാരണം പറഞ്ഞ് ഇന്ധനവില ഒമ്പതു വട്ടം കൂട്ടി. സെപ്തംബറില്‍ മൂന്നുതവണ 66 പൈസ വര്‍ധിപ്പിച്ചു. ഒക്ടോബര്‍ 17നു72 പൈസ കൂട്ടി. നവംബറില്‍ 32 പൈസ വര്‍ധിപ്പിച്ചു. 2010 ഡിസംബറിലും 2011 ജനുവരിയിലുമാണ് വലിയ വര്‍ധന വരുത്തിയത്. ഡിസംബര്‍ 15നു 3.18 രൂപ കൂട്ടി. സ്പെക്ട്രം അഴിമതി പ്രശ്നത്തിലുണ്ടായ ബഹളത്തില്‍ നടപടികളിലേക്ക് കടക്കാനാകാതെ പാര്‍ലമെന്റ് പിരിഞ്ഞതിന് തൊട്ടുപിന്നാലെയായിരുന്നു ഈ വര്‍ധന. തുടര്‍ന്ന് ജനുവരിയില്‍ രണ്ടുതവണയായി 5.50 രൂപ കൂട്ടി.

കേരളമടക്കമുള്ള സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് മുന്‍നിര്‍ത്തിയാണ് പെട്രോള്‍ വിലവര്‍ധന മാറ്റിവച്ചത്. പൊതുബജറ്റിലൂടെ ഇന്ധനവില വര്‍ധിപ്പിച്ച ആദ്യ സര്‍ക്കാരെന്ന കുപ്രസിദ്ധിയും രണ്ടാം യുപിഎക്കുണ്ട്. പൊതുബജറ്റില്‍ ഇറക്കുമതി തീരുവ വര്‍ധിപ്പിച്ചതിനെ തുടര്‍ന്ന് ഫെബ്രുവരി 27ന് പെട്രോള്‍ വില ആറു ശതമാനവും ഡീസല്‍ വില 7.75 ശതമാനവും ഉയര്‍ന്നു. ഇന്ധനവില കുത്തനെ കൂട്ടാന്‍ എണ്ണക്കമ്പനികളെ അനുവദിച്ച സര്‍ക്കാര്‍ നടപടി വിലക്കയറ്റം കൂടുതല്‍ ദുഷ്കരമാക്കും. പത്തുശതമാനത്തില്‍ നിന്ന് അടുത്തിടെ താഴ്ന്ന ഭക്ഷ്യപണപ്പെരുപ്പം വീണ്ടും രണ്ടക്ക സംഖ്യയിലേക്ക് കുതിക്കുമെന്ന് തീര്‍ച്ചയാണ്. പെട്രോള്‍ വിലവര്‍ധനയ്ക്കു പിന്നാലെ ഡീസല്‍ , പാചകവാതക വിലയും വര്‍ധിപ്പിക്കും. ഇതിനായി കേന്ദ്രസര്‍ക്കാരിന്റെ പ്രത്യേക മന്ത്രിതലസമിതി ഉടന്‍ യോഗം ചേരും.

ദേശാഭിമാനി 150511

1 comment:

  1. ഒരുവര്‍ഷത്തിനിടെ രാജ്യത്ത് പെട്രോള്‍വില വര്‍ധിച്ചത് 30 ശതമാനത്തിലേറെ. വിലനിയന്ത്രണം കമ്പനികള്‍ക്ക് വിടാന്‍ കേന്ദ്രമന്ത്രിസഭ തീരുമാനിച്ച ജൂണ്‍ 25നു 47.93 രൂപയായിരുന്നു (ഡല്‍ഹി വില) പെട്രോളിന്. തുടര്‍ന്നുള്ള 11 മാസക്കാലയളവില്‍ പത്തുതവണയായി 14 രൂപയോളമാണ് വിലകൂട്ടിയത്. കഴിഞ്ഞ ബജറ്റില്‍ സര്‍ക്കാര്‍ നികുതിനിരക്കില്‍ വരുത്തിയ മാറ്റം 1.54 രൂപയുടെ വര്‍ധനയ്ക്കും വഴിയൊരുക്കി. ചുരുക്കത്തില്‍ ഒരു വര്‍ഷത്തിനിടെ 15.42 രൂപയാണ് പെട്രോളിന് കൂടിയത്. വിലനിയന്ത്രണത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറിയശേഷമുള്ള ഏറ്റവുമുയര്‍ന്ന വിലക്കയറ്റമാണ് ഇപ്പോഴത്തെ അഞ്ചു രൂപ വര്‍ധന, അതായത് ഒമ്പതു ശതമാനത്തോളം.

    ReplyDelete