Sunday, May 15, 2011

വടകരയിലെ തോല്‍വി വീരന് കനത്ത പ്രഹരം

ഇടതുപക്ഷ ജനാധിപത്യമുന്നണിയെ തകര്‍ത്തെന്ന് കൂവിയാര്‍ത്തുനടന്ന എം പി വീരേന്ദ്രകുമാറിനേറ്റ കനത്ത പ്രഹരമായി വടകരയിലെ തോല്‍വി. വീരന്റെ സോഷ്യലിസ്റ്റ് ജനത വലതു മുന്നണിയില്‍ ചേര്‍ന്നതോടെ വടകരയിലും കോഴിക്കോടുമെല്ലാം എല്‍ഡിഎഫ് ദുര്‍ബലമായെന്നായിരുന്നു അവകാശവാദം. എന്നാല്‍ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം വന്നതോടെ ഈ വാദമെല്ലാം തകര്‍ന്നു നിലംപരിശായി. വീരനെയും സംഘത്തെയും ഞെട്ടിച്ച് എല്‍ഡിഎഫ് സ്ഥാനാര്‍ഥി സി കെ നാണു വിജയിച്ചു. എല്‍ഡിഎഫില്‍ വിജയാരവം ഉയരുമ്പോള്‍ തന്നെ യുഡിഎഫിലും വീരന്റെ പാര്‍ടിയിലും അസ്വാരസ്യം പടര്‍ന്നുകഴിഞ്ഞു. തര്‍ക്കവും ചേരിപ്പോരും തെരുവിലുമെത്തി. തോല്‍വി കാലുവാരല്‍മൂലമാണെന്ന ആക്ഷേപമാണ് സ്ഥാനാര്‍ഥി എം കെ പ്രേംനാഥിന്. ഇതിന്റെ തുടര്‍ച്ചയായി വീരന്റെ സ്വന്തക്കാരനായ ജില്ലാപ്രസിഡന്റ് മനയത്ത്ചന്ദ്രന്റെ കോലം പ്രേംനാഥ് വിഭാഗം കത്തിച്ചു. എന്നാല്‍ തോല്‍വിയെക്കുറിച്ച് ഇപ്പോള്‍ അഭിപ്രായമൊന്നും പറയുന്നില്ലെന്ന് പ്രേംനാഥ് "ദേശാഭിമാനി"യോട് പറഞ്ഞു.

അതേസമയം സീറ്റ് നഷ്ടപ്പെട്ടതിന് പിന്നില്‍ കോണ്‍ഗ്രസ് നടത്തിയ അട്ടിമറിയാണെന്നാണ് വീരന്‍വിഭാഗത്തിന്റെ കണ്ടെത്തല്‍ . പലയിടത്തും മുസ്ലിംലീഗും സജീവമായില്ലെന്ന പരാതിയുണ്ട്. വടകര മണ്ഡലത്തിലെ ഏറാമല, അഴിയൂര്‍ പഞ്ചായത്തുകള്‍ തങ്ങളുടെ കോട്ടയായാണ് വീരേന്ദ്രകുമാര്‍ അവകാശപ്പെടാറ്. ഇതൊക്കെ പ്രസംഗവേദിയില്‍ മാത്രം പറയുന്നതാണെന്നും യാഥാര്‍ഥ്യം വ്യക്തമാക്കുന്നതാണ് ഫലമെന്നും ഡിസിസി ഭാരവാഹിയായ കോണ്‍ഗ്രസ് നേതാവ് പറഞ്ഞു. അതിനിടെ ഫലം വിലയിരുത്തല്‍ വീരന്‍ദളില്‍ വലിയ പൊട്ടിത്തെറിയുണ്ടാക്കുമെന്നാണ് സൂചന.

സോഷ്യലിസ്റ്റ് ജനത പ്രതിസന്ധിയില്‍
നിയമസഭാ തെരഞ്ഞെടുപ്പ് ഫലം എം പി വീരേന്ദ്രകുമാറിന്റെ നേതൃത്വത്തിലുള്ള സോഷ്യലിസ്റ്റ് ജനതയെ വന്‍ പ്രതിസന്ധിയിലാക്കി. എല്‍ഡിഎഫ് വിട്ട് യുഡിഎഫില്‍ ചേക്കേറിയശേഷം തുടര്‍ച്ചയായുണ്ടാവുന്ന തിരിച്ചടികള്‍ നേതൃത്വത്തെ കടുത്ത സമ്മര്‍ദത്തിലാക്കിയിരിക്കുകയാണ്. യുഡിഎഫും കോണ്‍ഗ്രസ് നേതൃത്വവും തുടര്‍ച്ചയായി അവഗണിക്കുന്നതിലുള്ള അമര്‍ഷം അണികളില്‍ ശക്തമാണ്. എല്‍ഡിഎഫില്‍ ഉണ്ടായിരുന്നപ്പോള്‍ എട്ട് നിയമസഭാ സീറ്റില്‍ മത്സരിക്കുകയും നാലെണ്ണത്തില്‍ വിജയിക്കുകയും ചെയ്തിരുന്നു. ഇക്കുറി കടുത്ത സമ്മര്‍ദത്തെത്തുടര്‍ന്ന് ആറ് സീറ്റാണ് സോഷ്യലിസ്റ്റ് ജനതയ്ക്ക് യുഡിഎഫ് നല്‍കിയത്. ഇതില്‍ നാല് സീറ്റുകള്‍ പരാജയപ്പെടുമെന്ന് ഉറപ്പുള്ളതും. കല്‍പ്പറ്റ, കൂത്തുപറമ്പ് എന്നിവിടങ്ങളിലാണ് വിജയിച്ചത്. നേമത്ത് മൂന്നാം സ്ഥാനത്തായത് കോണ്‍ഗ്രസ് കാലുവാരിയതുകൊണ്ടാണെന്നാണ് സോഷ്യലിസ്റ്റ് ജനത നേതൃത്വം വിലയിരുത്തുന്നത്. ബിജെപി സ്ഥാനാര്‍ഥി ഒ രാജഗോപാലിന് കോണ്‍ഗ്രസ് വോട്ട് നല്‍കിയെന്ന ആരോപണം ശക്തമായിരിക്കുകയാണ്. ഇത് തെക്കന്‍ കേരളത്തില്‍ സോഷ്യലിസ്റ്റ് ജനതയുടെ അടിവേര്തന്നെ ഇല്ലാതാക്കി.

വടകരയിലെ പ്രേംനാഥിന്റെ തോല്‍വിയും കോണ്‍ഗ്രസ് കാലുവാരിയതുകൊണ്ടാണെന്ന് പറയുന്നു. നിയമസഭാ തെരഞ്ഞെടുപ്പിലെ പാര്‍ടിയുടെ ദയനീയ പ്രകടനത്തിനുശേഷം സോഷ്യലിസ്റ്റ് ജനതയുടെ രണ്ടാം നിര നേതാക്കളും പ്രവര്‍ത്തകരും യുഡിഎഫ് ബന്ധം പുനഃപരിശോധിക്കണമെന്ന് ശക്തിയായി ആവശ്യപ്പെടുകയാണ്. എല്‍ഡിഎഫിനൊപ്പമുള്ള മാത്യു ടി തോമസിന്റെ നേതൃത്വത്തിലുള്ള ജനതാദളിന് ലഭിക്കുന്ന പരിഗണനയും ഇവര്‍ ചൂണ്ടിക്കാട്ടുന്നു. നാല് എംഎല്‍എമാരെ വീണ്ടും വിജയിപ്പിക്കാന്‍ എല്‍ഡിഎഫിനൊപ്പമുള്ള വിഭാഗത്തിനായിട്ടുണ്ട്. യുഡിഎഫ് സഖ്യവുമായി അധികകാലം മുന്നോട്ട് പോവാനാവില്ലെന്ന അഭിപ്രായമാണ് ഭൂരിഭാഗത്തിനും. ശ്രേയാംസ്കുമാറിനെ മന്ത്രിയാക്കാന്‍ സമ്മതിക്കില്ലെന്നും കെ പി മോഹനനെയാണ് പരിഗണിക്കേണ്ടതെന്നും അഭിപ്രായമുണ്ട്.

ദേശാഭിമാനി 150511

1 comment:

  1. ഇടതുപക്ഷ ജനാധിപത്യമുന്നണിയെ തകര്‍ത്തെന്ന് കൂവിയാര്‍ത്തുനടന്ന എം പി വീരേന്ദ്രകുമാറിനേറ്റ കനത്ത പ്രഹരമായി വടകരയിലെ തോല്‍വി. വീരന്റെ സോഷ്യലിസ്റ്റ് ജനത വലതു മുന്നണിയില്‍ ചേര്‍ന്നതോടെ വടകരയിലും കോഴിക്കോടുമെല്ലാം എല്‍ഡിഎഫ് ദുര്‍ബലമായെന്നായിരുന്നു അവകാശവാദം. എന്നാല്‍ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം വന്നതോടെ ഈ വാദമെല്ലാം തകര്‍ന്നു നിലംപരിശായി. വീരനെയും സംഘത്തെയും ഞെട്ടിച്ച് എല്‍ഡിഎഫ് സ്ഥാനാര്‍ഥി സി കെ നാണു വിജയിച്ചു. എല്‍ഡിഎഫില്‍ വിജയാരവം ഉയരുമ്പോള്‍ തന്നെ യുഡിഎഫിലും വീരന്റെ പാര്‍ടിയിലും അസ്വാരസ്യം പടര്‍ന്നുകഴിഞ്ഞു.

    ReplyDelete