Saturday, May 21, 2011

125 കോടി നഷ്ടപരിഹാരം നല്‍കിയതിനു പിന്നില്‍ വന്‍ ഗൂഢാലോചന

തിരുവനന്തപുരം നഗര റോഡ് വികസനപദ്ധതി കരാറെടുത്ത കമ്പനിക്ക് 124.947കോടി നഷ്ടപരിഹാരം നല്‍കിയതിനു പിന്നില്‍ നടന്നത് വന്‍ ഗൂഢാലോചന. മന്ത്രിസഭയെയും ബന്ധപ്പെട്ട വകുപ്പുകളെയും യഥാസമയം വസ്തുത അറിയിക്കാതെ കമ്പനിക്ക് വന്‍തുക നഷ്ടപരിഹാരമായി നല്‍കാന്‍ പൊതുമരാമത്ത് വകുപ്പിലെ ഉന്നതര്‍ ഒത്തുകളിച്ചതായി രേഖകള്‍ വ്യക്തമാക്കുന്നു. ഇതുമായി ബന്ധപ്പെട്ട് എല്‍ഡിഎഫ് സര്‍ക്കാര്‍ പ്രഖ്യാപിച്ച വിജിലന്‍സ് അന്വേഷണം യുഡിഎഫ് അധികാരമേറ്റ ഉടന്‍ അട്ടിമറിച്ചതും ഗൂഢാലോചനയുടെ തുടര്‍ച്ചയാണ്. കരാര്‍ നല്‍കിയ മുന്‍ യുഡിഎഫ് സര്‍ക്കാറിലേക്കും നഷ്ടപരിഹാരം നല്‍കാനുള്ള നീക്കങ്ങള്‍ അരങ്ങേറിയ കാലത്ത് പൊതുമരാമത്ത് വകുപ്പ് ചുമതല വഹിച്ച പി ജെ ജോസഫ്, മോന്‍സ് ജോസഫ് എന്നിവരിലേക്കും അന്വേഷണം നീളുന്നത് ഒഴിവാക്കാനാണ് ഉമ്മന്‍ചാണ്ടി ഗവണ്‍മെന്റ് അധികാരമേറ്റ് മണിക്കൂറുകള്‍ക്കുള്ളില്‍ വിജിലന്‍സ് അന്വേഷണതീരുമാനം തടഞ്ഞത്.

നഗര റോഡ് വികസനപദ്ധതി ഏറ്റെടുത്ത ടിആര്‍ഡിസിഎല്‍ കമ്പനിക്ക് ആര്‍ബിട്രേഷന്‍ ഇനത്തില്‍ 124.947 കോടി നല്‍കേണ്ടിവന്നതില്‍ നടന്ന ഗൂഢാലോചന പൊതുമരാമത്ത് വകുപ്പിലെ രേഖകളില്‍ വ്യക്തമാണ്. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ പദ്ധതിയിലെ നിര്‍മാണപ്രവൃത്തികള്‍ നിലച്ചിരുന്നു. 2004ല്‍ യുഡിഎഫ് സര്‍ക്കാരാണ് സ്ഥലം ഏറ്റെടുക്കുന്നതിനുമുമ്പെ കരാര്‍ നല്‍കിയത്. 30 ശതമാനം ഭൂമി പോലും ഏറ്റെടുത്തിരുന്നില്ല. സ്ഥലം കിട്ടിയില്ലെന്നു പറഞ്ഞ് കമ്പനി നിര്‍മാണ ജോലികള്‍ അവസാനിപ്പിക്കുകയും സര്‍ക്കാര്‍ വീഴ്ചയുടെ പേരില്‍ നഷ്ടപരിഹാരം ആവശ്യപ്പെടുകയുംചെയ്തു. തുടര്‍ന്ന് എല്‍ഡിഎഫ് അധികാരത്തിലെത്തിയ ശേഷം പ്രവൃത്തി തുടങ്ങുന്നതിന് കമ്പനിയുമായി വീണ്ടും ചര്‍ച്ചയ്ക്ക് തയ്യാറായി. ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ 2008 ജനുവരി ഒന്നിന് കമ്പനിയുമായി ഉപകരാര്‍ ഉണ്ടാക്കി. നഷ്ടപരിഹാരം സംബന്ധിച്ച കമ്പനിയുടെ അവകാശവാദം ആര്‍ബിട്രേഷന് വിടാനും തീരുമാനിച്ചു. എന്നാല്‍ , ആര്‍ബിട്രേഷന്‍ തുക 80 കോടി രൂപയ്ക്കുള്ളില്‍ പരിമിതപ്പെടുത്തണമെന്ന് ഉപകരാറില്‍ വ്യവസ്ഥ ചെയ്തിരുന്നു. ആര്‍ബിട്രേഷന്‍ തിരുവനന്തപുരത്ത് നടത്തണമെന്നും വ്യവസ്ഥ ചെയ്തു. ഈ വ്യവസ്ഥകളെല്ലാം ഗൂഢമായി അട്ടിമറിച്ചു. ആര്‍ബിട്രേഷന്‍ മുംബൈയില്‍ നടത്തി.

സര്‍ക്കാര്‍ കക്ഷിയാകുന്ന എല്ലാ ആര്‍ബിട്രേഷന്‍ കേസിലും സര്‍ക്കാരിനുവേണ്ടി അഡ്വക്കേറ്റ് ജനറല്‍ ഹാജരാകാറുണ്ട്. ഈ കേസിന്റെ വിവരം എജിയെ അറിയിച്ചില്ല. റോഡ് ഫണ്ട് ബോര്‍ഡ് നിയോഗിച്ച സ്റ്റാന്‍ഡിങ് കൗണ്‍സില്‍ മാത്രമാണ് ഹാജരായത്. 80 കോടിക്കുള്ളില്‍ പരിമിതപ്പെടുത്തണമെന്ന വ്യവസ്ഥ തള്ളി 124.947 കോടി നഷ്ടപരിഹാരം നല്‍കാനും തീരുമാനമായി. ആര്‍ബിട്രേഷന്‍ നിയമപ്രകാരം തീര്‍പ്പുകള്‍ സ്റ്റേ ചെയ്യുന്നതിന് കോടതിയെ സമീപിക്കാന്‍ കക്ഷികള്‍ക്ക് അവകാശമുണ്ട്. എന്നാല്‍ , ഈ പദ്ധതിയില്‍ അതും ഉണ്ടായില്ല. വകുപ്പ് ചുമതലക്കാര്‍ ബോധപൂര്‍വം ഒഴിഞ്ഞുമാറി. അപ്പീല്‍ നല്‍കാനുള്ള സര്‍ക്കാരിന്റെ അവകാശമാണ് ഇവിടെ ഇല്ലാതായത്. ഇക്കാര്യത്തില്‍ ധന-നിയമവകുപ്പുകളുടെയൊന്നും അഭിപ്രായം പൊതുമരാമത്ത് വകുപ്പ് തേടിയതുമില്ല. കമ്പനിക്ക് ആര്‍ബിട്രേഷന്‍ തുക അനുവദിക്കുന്നതു സംബന്ധിച്ച് 2009 ഫെബ്രുവരി ഒമ്പതിന് മന്ത്രിസഭായോഗത്തില്‍ പൊതുമരാമത്ത് വകുപ്പ് സമര്‍പ്പിച്ച കുറിപ്പില്‍ ക്രമക്കേടുകള്‍ സംബന്ധിച്ച സൂചനയൊന്നും ഉണ്ടായില്ല.

അട്ടിമറിച്ചത് ഉന്നതര്‍ : വിജയകുമാര്‍

തിരുവനന്തപുരം നഗര റോഡ് വികസനപദ്ധതിയിലെ ക്രമക്കേടുകളെക്കുറിച്ച് വിജിലന്‍സ് അന്വേഷണം നടത്താനുള്ള തീരുമാനം അട്ടിമറിച്ചതിനുപിന്നില്‍ ഉന്നതതല രാഷ്ട്രീയ ഇടപെടല്‍ ഉണ്ടെന്ന് മുന്‍ പൊതുമരാമത്തുമന്ത്രി എം വിജയകുമാര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. സംസ്ഥാനത്തിന് വന്‍ സാമ്പത്തികനഷ്ടമുണ്ടാക്കിയ പകല്‍കൊള്ളയെക്കുറിച്ച് അന്വേഷണം വേണ്ടെന്ന് ചീഫ് സെക്രട്ടറി വ്യക്തിപരമായ തീരുമാനമെടുക്കാന്‍ സാധ്യതയില്ല. ഭരണമാറ്റം ഉണ്ടായ ഉടന്‍ അന്വേഷണം അട്ടിമറിച്ചു. ഇത് എങ്ങനെ സംഭവിച്ചെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണം.

അഴിമതിക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടി സ്വീകരിക്കുമെന്നാണ് ഉമ്മന്‍ചാണ്ടി പ്രഖ്യാപിച്ചത്. എന്നാല്‍ , പുതിയ സര്‍ക്കാര്‍ വന്നയുടന്‍ നഗര റോഡ് വികസനപദ്ധതിയിലെ അഴിമതി സംബന്ധിച്ച അന്വേഷണം എങ്ങനെ അട്ടിമറിക്കപ്പെട്ടുവെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. സംസ്ഥാനത്തിന് വന്‍ സാമ്പത്തിക നഷ്ടമുണ്ടാക്കിയതിനുള്ള സാഹചര്യം എങ്ങനെയുണ്ടായി എന്ന് അന്വേഷിക്കാനാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ തീരുമാനിച്ചത്. യുഡിഎഫ് ഭരിച്ച 2004ല്‍ കരാര്‍ ഒപ്പിട്ട പദ്ധതിയുടെ രണ്ടാംഘട്ടം ഇനിയും പൂര്‍ത്തിയായിട്ടില്ല. മൂന്നാംഘട്ടത്തിന്റെ സ്ഥിതിയും ഇതുതന്നെയാണ്. പദ്ധതിയുടെ ആദ്യംമുതലുള്ള എല്ലാ കാര്യങ്ങളെക്കുറിച്ചും അന്വേഷണം വേണമെന്നും വിജയകുമാര്‍ ആവശ്യപ്പെട്ടു.

ദേശാഭിമാനി 210511

1 comment:

  1. തിരുവനന്തപുരം നഗര റോഡ് വികസനപദ്ധതി കരാറെടുത്ത കമ്പനിക്ക് 124.947കോടി നഷ്ടപരിഹാരം നല്‍കിയതിനു പിന്നില്‍ നടന്നത് വന്‍ ഗൂഢാലോചന. മന്ത്രിസഭയെയും ബന്ധപ്പെട്ട വകുപ്പുകളെയും യഥാസമയം വസ്തുത അറിയിക്കാതെ കമ്പനിക്ക് വന്‍തുക നഷ്ടപരിഹാരമായി നല്‍കാന്‍ പൊതുമരാമത്ത് വകുപ്പിലെ ഉന്നതര്‍ ഒത്തുകളിച്ചതായി രേഖകള്‍ വ്യക്തമാക്കുന്നു. ഇതുമായി ബന്ധപ്പെട്ട് എല്‍ഡിഎഫ് സര്‍ക്കാര്‍ പ്രഖ്യാപിച്ച വിജിലന്‍സ് അന്വേഷണം യുഡിഎഫ് അധികാരമേറ്റ ഉടന്‍ അട്ടിമറിച്ചതും ഗൂഢാലോചനയുടെ തുടര്‍ച്ചയാണ്. കരാര്‍ നല്‍കിയ മുന്‍ യുഡിഎഫ് സര്‍ക്കാറിലേക്കും നഷ്ടപരിഹാരം നല്‍കാനുള്ള നീക്കങ്ങള്‍ അരങ്ങേറിയ കാലത്ത് പൊതുമരാമത്ത് വകുപ്പ് ചുമതല വഹിച്ച പി ജെ ജോസഫ്, മോന്‍സ് ജോസഫ് എന്നിവരിലേക്കും അന്വേഷണം നീളുന്നത് ഒഴിവാക്കാനാണ് ഉമ്മന്‍ചാണ്ടി ഗവണ്‍മെന്റ് അധികാരമേറ്റ് മണിക്കൂറുകള്‍ക്കുള്ളില്‍ വിജിലന്‍സ് അന്വേഷണതീരുമാനം തടഞ്ഞത്.

    ReplyDelete