Saturday, May 21, 2011

കോണ്‍ഗ്രസിന്റെ തോക്കുരാഷ്ട്രീയം

കാസര്‍കോട് ജില്ലയിലെ ദേലമ്പാടി പഞ്ചായത്തില്‍ സിപിഐ എമ്മിന്റെ മുന്നേറ്റത്തില്‍ പരിഭ്രാന്തരായ കോണ്‍ഗ്രസ് ഐ വീണ്ടും തോക്കിന്റെ രാഷ്ട്രീയത്തിന്റെ വഴി തെരഞ്ഞെടുത്തിരിക്കുന്നു. ദേലമ്പാടി പഞ്ചായത്തിലെ അഡൂര്‍ ലോക്കലിലെ ബാലനടുക്ക ബ്രാഞ്ച് അംഗവും സിപിഐ എമ്മിന്റെ ഉശിരന്‍ പ്രവര്‍ത്തകനുമായിരുന്ന രവീന്ദ്രറാവുവിനെ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനദിവസം ഒരു കോണ്‍ഗ്രസ് ക്രിമിനല്‍ വെടിവച്ച് കൊലപ്പെടുത്തിയത് നാടിനെ ഞെട്ടിച്ചു. സംസ്ഥാന ഭരണം യുഡിഎഫിന്റെ കൈകളിലെത്തുമെന്നുറപ്പിച്ച ദിവസംതന്നെയായിരുന്നു ഈ കൊടുംക്രൂരത അരങ്ങേറിയത്. അഴിമതിയും അക്രമവും നിറഞ്ഞതായിരിക്കും കോണ്‍ഗ്രസ് ഭരണം എന്നതിന്റെ സൂചനകൂടിയാണ് ഈ സംഭവം.

ഉദുമ അസംബ്ലി നിയോജകമണ്ഡലത്തില്‍ എല്‍ഡിഎഫ് നേടിയ വിജയത്തില്‍ ആഹ്ലാദപ്രകടനം നടത്തുകയായിരുന്ന സിപിഐ എം പ്രവര്‍ത്തകരെ കോണ്‍ഗ്രസ് ക്രിമിനല്‍ തടയുകയും അക്രമ ഭീഷണി മുഴക്കുകയും ചെയ്തെങ്കിലും രവീന്ദ്രറാവു ഉള്‍പ്പെടെയുള്ള പ്രവര്‍ത്തകര്‍ മുന്‍കൈയെടുത്ത് മറ്റു പ്രശ്നങ്ങള്‍ ഒഴിവാക്കി പിരിഞ്ഞുപോകുകയായിരുന്നു. എന്നാല്‍ , അല്‍പ്പസമയത്തിനകം കള്ളത്തോക്കുമായെത്തിയ കോണ്‍ഗ്രസ് ക്രിമിനല്‍ രവീന്ദ്രറാവു ഉള്‍പ്പെടെയുള്ളവരുടെ നേര്‍ക്ക് വെടിയുതിര്‍ക്കുകയാണുണ്ടായത്. മാരകമായി പരിക്കേറ്റ രവീന്ദ്രറാവു ആശുപത്രിയില്‍ കൊണ്ടുപോകുംവഴി മരിച്ചു. മറ്റൊരു പ്രവര്‍ത്തകനായ ഹസൈനാര്‍ കഴുത്തില്‍ പരിക്കേറ്റ് ചികിത്സയിലാണ്. കോണ്‍ഗ്രസിന്റെ അക്രമവിരുദ്ധ പൊയ്മുഖം ഒരിക്കല്‍ക്കൂടി അനാവരണം ചെയ്യപ്പെടുകയാണ് ഈ സംഭവത്തിലൂടെ. ആട്ടിന്‍തോലണിഞ്ഞ ചെന്നായ്ക്കള്‍ അവസരം കിട്ടിയപ്പോള്‍ തങ്ങളുടെ ക്രൂരത നിരപരാധികള്‍ക്കുനേരെ പ്രയോഗിക്കുകയാണ്. ദേലമ്പാടിയിലെ ജനത കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ പിന്‍ബലത്തോടെ തോക്കിന്റെ രാഷ്ട്രീയത്തെ അതിജീവിക്കും എന്നതില്‍ സംശയമില്ല. കമ്യൂണിസ്റ്റ്, ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ പൊതുവില്‍ ദുര്‍ബലമായ കാസര്‍കോട് ജില്ലയുടെ വടക്കന്‍മേഖലയില്‍ കര്‍ണാടക അതിര്‍ത്തിയോട് ചേര്‍ന്ന് സ്ഥിതിചെയ്യുന്ന ദേലമ്പാടി പഞ്ചായത്ത് ഏതാനും വര്‍ഷങ്ങള്‍മുമ്പുവരെ തങ്ങളുടെ ദുഷ്ചെയ്തികളെ എതിര്‍ക്കുന്നവരോട് എന്തുംചെയ്യാന്‍ മടി കാണിക്കാത്ത ഭൂവുടമകളായ ജന്മി പ്രമാണിമാരുടെ വിഹാരഭൂമിയായിരുന്നു. ഈ പഞ്ചായത്തിലെ ബഹുഭൂരിപക്ഷം വരുന്ന പിന്നോക്കവിഭാഗത്തില്‍പ്പെടുന്നവര്‍ ഉള്‍പ്പെടെയുള്ള സാധാരണക്കാര്‍ കോണ്‍ഗ്രസ് പിന്തുണയുള്ള ഭൂപ്രമാണിമാരുടെ കടുത്ത പീഡനങ്ങള്‍ക്കിരയായി ജീവിക്കാന്‍ വിധിക്കപ്പെട്ടവരായിരുന്നു.

കര്‍ഷക പ്രസ്ഥാനത്തിന്റെ നേതൃത്വത്തില്‍ ജനമുന്നേറ്റം ക്രമേണ ശക്തിപ്പെട്ടു. 1980ന് ശേഷം സിപിഐ എം ഇവിടെ നടത്തിയ മുന്നേറ്റം ആവേശകരമായിരുന്നു. കാസര്‍കോട് താലൂക്കില്‍ സിപിഐ എമ്മിന്റെ ഏറ്റവും പ്രധാനപ്പെട്ട സ്വാധീനകേന്ദ്രങ്ങളിലൊന്നായി 1980കളുടെ അവസാനത്തോടെ ദേലമ്പാടി പഞ്ചായത്ത് മാറുകയായിരുന്നു. സാധാരണ ജനങ്ങളുടെ ജീവിതപ്രശ്നങ്ങള്‍ ഏറ്റെടുത്തുകൊണ്ട് സിപിഐ എമ്മും വര്‍ഗ ബഹുജന പ്രസ്ഥാനങ്ങളും നടത്തിവന്ന പ്രവര്‍ത്തനങ്ങളിലൂടെ ജാതിമതഭാഷാ വ്യത്യാസമില്ലാതെ ജനങ്ങള്‍ സിപിഐ എമ്മില്‍ അണിനിരക്കുന്ന ആവേശകരമായ അനുഭവമാണ് ദേലമ്പാടി പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളില്‍ കാണാന്‍ കഴിഞ്ഞത്. തങ്ങളുടെ സ്വാധീനം നഷ്ടപ്പെടുകയാണെന്നു മനസ്സിലാക്കിയ കോണ്‍ഗസ് പിന്തുണയുള്ള ഭൂപ്രമാണിമാര്‍ കടുത്ത ആക്രമണമാണ് ഈ കാലയളവില്‍ സിപിഐ എമ്മിനെതിരെ നടത്തിയത്. ഇതിനുമുമ്പും കോണ്‍ഗ്രസ് ഐ ക്രിമിനലുകള്‍ ഈ പഞ്ചായത്തില്‍ തോക്കിന്റെ രാഷ്ട്രീയത്തെ സിപിഐ എമ്മിനെതിരെ ഉപയോഗപ്പെടുത്തിയിട്ടുണ്ട്. ദേലമ്പാടിയിലെ പാര്‍ടിയുടെ ഊര്‍ജസ്വലനായ പ്രവര്‍ത്തകനും ഡിവൈഎഫ്ഐ വില്ലേജ് സെക്രട്ടറിയുമായിരുന്ന പാണ്ടിയിലെ ദാമോദരനെ 1985 ഒക്ടോബര്‍ 22ന് പട്ടാപ്പകല്‍ അമ്മയുടെ മുന്നില്‍വച്ച് കോണ്‍ഗ്രസ് ക്രിമിനലുകള്‍ കൊലപ്പെടുത്തി. ഈ പഞ്ചായത്തിലെ സിപിഐ എം നേതാക്കളായ ജനാര്‍ദന നായ്ക്കും സി കെ കുമാരനും വിവിധ സംഭവങ്ങളില്‍ കോണ്‍ഗ്രസ് ക്രിമിനലുകളുടെ വെടിയേറ്റ് ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ കഴിയേണ്ടി വന്നിട്ടുണ്ട്. 2000ല്‍ പാര്‍ടിയുടെ മറ്റൊരു ഉശിരന്‍ പ്രവര്‍ത്തകനായ നാരായണ നായ്ക് കോണ്‍ഗ്രസുകാരുടെ വെടിയേറ്റ് മരിച്ചു. ദാമോദരന്റെയും നാരായണ നായ്ക്കിന്റെയും രക്തസാക്ഷിത്വമുള്‍പ്പെടെ സിപിഐ എമ്മിനെതിരെ അരങ്ങേറിയ അക്രമ പരമ്പരകള്‍ക്കൊന്നും ഈ പഞ്ചായത്തില്‍ പാര്‍ടിയുടെ മുന്നേറ്റത്തെ തടസ്സപ്പെടുത്താന്‍ കഴിഞ്ഞിട്ടില്ല. അക്രമങ്ങളെ ജനങ്ങളുടെ സഹായത്തോടെ ചെറുത്തുതോല്‍പ്പിച്ചും ജനകീയപ്രശ്നങ്ങള്‍ ഏറ്റെടുത്തും സിപിഐ എം ദേലമ്പാടി പഞ്ചായത്തിലെ നിര്‍ണായക ശക്തിയായി മാറുകയായിരുന്നു.

1995ല്‍ നടന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ സിപിഐ എം നേതൃത്വത്തിലുള്ള മുന്നണി ആദ്യമായി ഈ പഞ്ചായത്തിന്റെ ഭരണ സാരഥ്യത്തിലെത്തി. 2005ല്‍ കോണ്‍ഗ്രസ് ഐ ക്രിമിനലുകള്‍ വെടിവച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച ജനാര്‍ദന നായ്ക്കിനെ പഞ്ചായത്തിന്റെ പ്രസിഡന്റായി തെരഞ്ഞെടുത്തുകൊണ്ടാണ് ജനങ്ങള്‍ കോണ്‍ഗ്രസ് ക്രിമിനല്‍രാഷ്ട്രീയത്തിന് തിരിച്ചടി നല്‍കിയത്. 1991 മുതല്‍ ഉദുമ അസംബ്ലി നിയോജകമണ്ഡലത്തില്‍ എല്‍ഡിഎഫിന് രണ്ടായിരത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷം നല്‍കുന്ന നിലയില്‍ പഞ്ചായത്തിലെ ജനങ്ങളുടെ ഇടതുപക്ഷ ആഭിമുഖ്യം ഉയര്‍ന്നു. യുഡിഎഫ് വീണ്ടും അധികാരത്തില്‍ വന്ന ദിവസം കോണ്‍ഗ്രസ് ഐ കാര്‍മികത്വത്തില്‍ അരങ്ങേറിയ മനുഷ്യത്വരഹിതമായ ഈ കൊലപാതകത്തിനെതിരെ ദേലമ്പാടി പഞ്ചായത്തിലും ജില്ലയിലും വന്‍ ജനരോഷമാണ് ഉയര്‍ന്നുവന്നിട്ടുള്ളത്. നാട്ടുകാര്‍ "ബാവ" എന്ന് സ്നേഹപൂര്‍വം വിളിക്കുന്ന 32 വയസ്സുള്ള രവീന്ദ്രറാവു രണ്ടുവര്‍ഷംമുമ്പാണ് വിവാഹിതനായത്. വൃദ്ധയായ അമ്മയും ഭാര്യയും 18 ദിവസംമാത്രം പ്രായമുള്ള ആണ്‍കുട്ടിയുമടങ്ങുന്ന രവീന്ദ്രയുടെ കുടുംബം പൈശാചികമായ ഈ കൊലപാതകത്തിന്റെ ആഘാതത്തില്‍നിന്ന് ഇനിയും മോചിതരായിട്ടില്ല. സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ , പൊളിറ്റ്ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍ , സംസ്ഥാന സെക്രട്ടറിയറ്റംഗം എം വി ഗോവിന്ദന്‍ എന്നിവര്‍ രവീന്ദ്രയുടെ വീട്ടിലെത്തിയത് കുടുംബാംഗങ്ങള്‍ക്കും നാട്ടുകാര്‍ക്കും ആശ്വാസവും സാന്ത്വനവുമായി. രവീന്ദ്രറാവുവിന്റെ നിരാലംബകുടുംബത്തെ സഹായിക്കാനും പരിക്കേറ്റവര്‍ക്ക് വിദഗ്ധ ചികിത്സ നല്‍കുന്നതിനും കേസ് നടത്തിപ്പിനുമായി 29നും 30നും ഫണ്ട് ശേഖരിക്കാന്‍ സിപിഐ എം ജില്ലാകമ്മിറ്റി തീരുമാനിച്ചിട്ടുണ്ട്. പാര്‍ടിക്കും ജനങ്ങള്‍ക്കും വേണ്ടി ജീവിതം സമര്‍പ്പിച്ച രക്തസാക്ഷി രവീന്ദ്രറാവുവിന്റെ കുടുംബം അനാഥമാകില്ലെന്ന കാര്യം സുനിശ്ചിതമാണ്. ശത്രുവര്‍ഗത്തിന്റെ തോക്കിന്റെ രാഷ്ട്രീയത്തെ അതിജീവിച്ച് വളര്‍ന്നുവന്ന ദേലമ്പാടിയിലെ പാര്‍ടിക്ക് ജില്ലയിലെ ജനങ്ങള്‍ നല്‍കുന്ന ഐക്യദാര്‍ഢ്യവും പിന്തുണയും പുതിയ മുന്നേറ്റങ്ങള്‍ സൃഷ്ടിക്കാന്‍ കരുത്ത് പകരുകതന്നെ ചെയ്യും.

കെ പി സതീഷ്ചന്ദ്രന്‍ deshabhimani 210511

1 comment:

  1. കാസര്‍കോട് ജില്ലയിലെ ദേലമ്പാടി പഞ്ചായത്തില്‍ സിപിഐ എമ്മിന്റെ മുന്നേറ്റത്തില്‍ പരിഭ്രാന്തരായ കോണ്‍ഗ്രസ് ഐ വീണ്ടും തോക്കിന്റെ രാഷ്ട്രീയത്തിന്റെ വഴി തെരഞ്ഞെടുത്തിരിക്കുന്നു. ദേലമ്പാടി പഞ്ചായത്തിലെ അഡൂര്‍ ലോക്കലിലെ ബാലനടുക്ക ബ്രാഞ്ച് അംഗവും സിപിഐ എമ്മിന്റെ ഉശിരന്‍ പ്രവര്‍ത്തകനുമായിരുന്ന രവീന്ദ്രറാവുവിനെ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനദിവസം ഒരു കോണ്‍ഗ്രസ് ക്രിമിനല്‍ വെടിവച്ച് കൊലപ്പെടുത്തിയത് നാടിനെ ഞെട്ടിച്ചു. സംസ്ഥാന ഭരണം യുഡിഎഫിന്റെ കൈകളിലെത്തുമെന്നുറപ്പിച്ച ദിവസംതന്നെയായിരുന്നു ഈ കൊടുംക്രൂരത അരങ്ങേറിയത്. അഴിമതിയും അക്രമവും നിറഞ്ഞതായിരിക്കും കോണ്‍ഗ്രസ് ഭരണം എന്നതിന്റെ സൂചനകൂടിയാണ് ഈ സംഭവം.

    ReplyDelete