Saturday, May 21, 2011

മികച്ച ജയം; പൊതുവിദ്യാലയങ്ങള്‍ക്ക് അഭിമാനിക്കാം

പ്ലസ് ടു, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷയില്‍ പൊതുവിദ്യാലയങ്ങള്‍ക്ക് മുന്നേറ്റം. സര്‍ക്കാര്‍ സ്കൂളുകള്‍ മികച്ച വിജയം നേടിയപ്പോള്‍ അണ്‍എയ്ഡഡ് മേഖല പിന്നോക്കമായി. മൂന്നുതവണവരെ മൂല്യനിര്‍ണയം നടത്തിയിട്ടും കാലതാമസമില്ലാതെ ഫലം പ്രഖ്യാപിക്കാനായതും ഇത്തവണത്തെ പ്രത്യേകതയാണ്. തെരഞ്ഞെടുപ്പ്, സെന്‍സസ്, ഒന്നാംവര്‍ഷ പരീക്ഷയിലെ ഉത്തരക്കടലാസുകളുടെ മൂല്യനിര്‍ണയം തുടങ്ങിയ കടമ്പകളും കടന്നാണ് വിദ്യാര്‍ഥികള്‍ക്ക് പ്രയാസമുണ്ടാകാത്ത രീതിയില്‍ ഫലപ്രഖ്യാപനം നടത്താനായത്.

ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ സര്‍ക്കാര്‍ സ്കൂളുകളുടെ വിജയശതമാനം 80.39. എയ്ഡഡ് സ്കൂളുകളുടെ വിജയശതമാനം 86.33. അണ്‍എയ്ഡഡ് മേഖലയില്‍ 75.36ഉം. സര്‍ക്കാര്‍ സ്കൂളുകളിലെ വിദ്യാര്‍ഥികളില്‍ 1,32,213ല്‍ 1,06,286 പേര്‍ ഉന്നത പഠനത്തിന് യോഗ്യത നേടി. എയ്ഡഡ് മേഖലയില്‍ 1,12,538ല്‍ 97155, അണ്‍എയ്ഡഡ് മേഖലയില്‍ 31,199ല്‍ 23,513 എന്നിങ്ങനെയാണ് വിജയികള്‍ . പിന്നോക്ക വിഭാഗങ്ങളിലെ വിദ്യാര്‍ഥികളുടെ വിജയശതമാനവും മികച്ചതായി. പട്ടികജാതി വിഭാഗത്തില്‍ 60.46, പട്ടികവര്‍ഗ വിഭാഗത്തില്‍ 52.31, ഒഇസി വിഭാഗത്തില്‍ 72.41, ഒബിസി വിഭാഗത്തില്‍ 83.84 എന്നിങ്ങനെയാണ് വിജയശതമാനം.

വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറിയില്‍ അമ്പത് ശതമാനത്തിലേറെ വിജയം നേടിയ 41 സ്കൂളില്‍ മുപ്പതും സര്‍ക്കാര്‍ സ്കൂളുകളാണ്. 42 സര്‍ക്കാര്‍ സ്കൂളും 12 എയ്ഡഡ് സ്കൂളും പാര്‍ട്ട് ഒന്നിലും രണ്ടിലും 100 ശതമാനം വിജയം നേടി. കഴിഞ്ഞ വര്‍ഷം ഇത് 35, 15 ക്രമത്തിലായിരുന്നു. കഴിഞ്ഞ തവണ ആറ് സര്‍ക്കാര്‍ സ്കൂളും രണ്ട് എയ്ഡഡ് സ്കൂളുമാണ് മൂന്ന് പാര്‍ട്ടിലും 100 ശതമാനം വിജയം നേടിയത്. ഇത്തവണ യഥാക്രമം ഒമ്പതും ഒന്നും. അട്ടപ്പാടി ഗവ. ട്രൈബല്‍ സ്കൂളിലെ വിദ്യാര്‍ഥികളില്‍ പാര്‍ട്ട് ഒന്നിനും രണ്ടിനും 47.83 ശതമാനവും മൂന്നു പാര്‍ട്ടിനുംകൂടി 21.74 ശതമാനവും വിജയിച്ചു. പട്ടികവിഭാഗത്തില്‍ 61.87, പട്ടികവര്‍ഗ വിഭാഗത്തില്‍ 58.33 എന്നിങ്ങനെയാണ് വിജയ ശതമാനം.

പൊതുവിദ്യാഭ്യാസ മേഖലയുടെ ശാക്തീകരണത്തിന് എല്‍ഡിഎഫ് സര്‍ക്കാര്‍ സ്വീകരിച്ച നടപടികളുടെ പ്രയോജനം പരീക്ഷാഫലത്തില്‍ ദൃശ്യമായി. ഇരട്ട മൂല്യനിര്‍ണയം നടത്തിയിട്ടും വിജയശതമാനത്തിലെ വര്‍ധന പഠന നിലവാരത്തിലെ ഉയര്‍ച്ച വെളിപ്പെടുത്തുന്നു. ഹൈസ്കൂള്‍ പഠന മേഖലയിലെ നിലവാര വര്‍ധനയ്ക്ക് ആനുപാതികമായി ഹയര്‍ സെക്കന്‍ഡറി മേഖലയിലുണ്ടായ മാറ്റവും പരീക്ഷാ ഫലത്തില്‍ പ്രകടമാണ്. പ്ലസ് വണ്‍ പ്രവേശനത്തിന് ഏകജാലക സംവിധാനം നടപ്പാക്കുക വഴി പിന്നോക്ക വിഭാഗത്തിലെ കുട്ടികള്‍ക്കും സ്കൂളുകളില്‍ പ്രവേശനം നേടാനായി. ഇവര്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷയിലും മികവ് കാട്ടി. ദേശീയ നിലവാരത്തിലുള്ള പാഠപുസ്തകം വര്‍ഷാദ്യംതന്നെ കുട്ടികള്‍ക്ക് ലഭ്യമാക്കി. ജില്ലാ പഞ്ചായത്തുകളുടെ സഹകരണത്തോടെ സര്‍ക്കാര്‍ നടപ്പാക്കിയ പദ്ധതിയില്‍ സ്കൂളുകളുടെ ഭൗതികസാഹചര്യം ഉയര്‍ത്തി. നാലുവര്‍ഷത്തിനുള്ളില്‍ ഇരുപതിനായിരത്തില്‍പ്പരം അധ്യാപകരെ നിയമിച്ചു. വേനല്‍ക്കാല അവധിയില്‍തന്നെ പ്ലസ്ടു ക്ലാസുകള്‍ തുടങ്ങി. ഇക്കാര്യത്തില്‍ അധ്യാപകരും പിന്തുണ നല്‍കി. പിന്നോക്ക വിഭാഗത്തില്‍പ്പെട്ട കുട്ടികള്‍ക്ക് പഠനത്തിന് പ്രത്യേക പരിഗണനയും ലഭിച്ചു.

മൂല്യനിര്‍ണയത്തിലെ സംഘാടനവും ശ്രദ്ധേയമായി. തെരഞ്ഞെടുപ്പ്, സെന്‍സസ്, ഒന്നാംവര്‍ഷ ഉത്തരക്കടലാസ് പരിശോധന തുടങ്ങിയ ജോലികള്‍ക്കിടയിലാണ് പ്ലസ്ടൂ മൂല്യനിര്‍ണയവും സമയബന്ധിതമായി പൂര്‍ത്തിയാക്കിയത്. കഴിഞ്ഞ രണ്ട് വര്‍ഷങ്ങളില്‍ മെയ് 12ന് ഫലം പ്രഖ്യാപിച്ചിരുന്നു. പരീക്ഷാഫലം ചോരുന്ന ഏര്‍പ്പാട് അവസാനിപ്പിച്ചതിലും ചുമതല ഒഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന് അഭിമാനിക്കാം.

deshabhimani 210511

1 comment:

  1. പ്ലസ് ടു, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷയില്‍ പൊതുവിദ്യാലയങ്ങള്‍ക്ക് മുന്നേറ്റം. സര്‍ക്കാര്‍ സ്കൂളുകള്‍ മികച്ച വിജയം നേടിയപ്പോള്‍ അണ്‍എയ്ഡഡ് മേഖല പിന്നോക്കമായി. മൂന്നുതവണവരെ മൂല്യനിര്‍ണയം നടത്തിയിട്ടും കാലതാമസമില്ലാതെ ഫലം പ്രഖ്യാപിക്കാനായതും ഇത്തവണത്തെ പ്രത്യേകതയാണ്. തെരഞ്ഞെടുപ്പ്, സെന്‍സസ്, ഒന്നാംവര്‍ഷ പരീക്ഷയിലെ ഉത്തരക്കടലാസുകളുടെ മൂല്യനിര്‍ണയം തുടങ്ങിയ കടമ്പകളും കടന്നാണ് വിദ്യാര്‍ഥികള്‍ക്ക് പ്രയാസമുണ്ടാകാത്ത രീതിയില്‍ ഫലപ്രഖ്യാപനം നടത്താനായത്.

    ReplyDelete