കൊന്നു കടലില്‍ തള്ളി
ഇസ്ലാമാബാദ്/വാഷിങ്ടണ്‍ : പാകിസ്ഥാനിലെ തന്ത്രപ്രധാന മേഖലയില്‍ അമേരിക്ക നടത്തിയ കമാന്‍ഡോ ആക്രമണത്തില്‍ അല്‍ ഖായ്ദ തലവന്‍ ഒസാമ ബിന്‍ ലാദന്‍ (54) കൊല്ലപ്പെട്ടു. അമേരിക്കന്‍ സാമ്രാജ്യത്വം പ്രഖ്യാപിച്ച ഭീകരവിരുദ്ധയുദ്ധത്തിന്റെ പത്താംവര്‍ഷത്തിലാണ് ഭീകരനേതാവിന്റെ അന്ത്യം. ഇസ്ലാമാബാദില്‍നിന്ന് 120 കിലോമീറ്റര്‍മാത്രം അകലെ, സൈനികകേന്ദ്രങ്ങള്‍ സ്ഥിതിചെയ്യുന്ന അബോട്ടാബാദ് നഗരത്തിലെ ബഹുനിലമന്ദിരത്തില്‍ കുടുംബസമേതം കഴിയവെയാണ് ലാദന്‍ കൊല്ലപ്പെട്ടത്. ഞായറാഴ്ച അര്‍ധരാത്രിയോടെ ലാദനെ വധിച്ചതായി അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമ വൈറ്റ് ഹൗസില്‍ വാര്‍ത്താസമ്മേളനത്തില്‍ പ്രഖ്യാപിച്ചു. ലാദന്റെ മൃതദേഹം ഇസ്ലാം ആചാരപ്രകാരം സംസ്കരിക്കുമെന്ന് ഒബാമ അറിയിച്ചെങ്കിലും കടലില്‍ തള്ളുകയായിരുന്നെന്ന് "ന്യൂയോര്‍ക്ക് ടൈംസ്" റിപ്പോര്‍ട്ട് ചെയ്തു. തലയ്ക്ക് വെടിയേറ്റ നിലയില്‍ ലാദന്റെ ചിത്രങ്ങളും അമേരിക്ക പുറത്തുവിട്ടു. എന്നാല്‍ , ഇത് യഥാര്‍ഥ ചിത്രങ്ങളല്ലെന്ന് റിപ്പോര്‍ട്ടുണ്ട്.
3000 പേരുടെ മരണത്തിന് ഇടയാക്കിയ 2001 സെപ്തംബര്‍ 11ന്റെ വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണക്കേസില്‍ അമേരിക്ക പ്രഖ്യാപിച്ച ഒന്നാം പ്രതിയാണ് സൗദി പൗരനായ ലാദന്‍ . ഭീകരവിരുദ്ധ പോരാട്ടത്തിലെ ചരിത്രമുഹൂര്‍ത്തമായി ലാദന്റെ അന്ത്യത്തെ ഒബാമ വിലയിരുത്തി. അതേസമയം, അല്‍ ഖായ്ദ തിരിച്ചടിക്കാനുള്ള സാധ്യത കണക്കിലെടുത്ത് ലോകമെങ്ങും അമേരിക്കന്‍കേന്ദ്രങ്ങളില്‍ അതീവസുരക്ഷ ഏര്‍പ്പെടുത്തി. സ്വതന്ത്ര പരമാധികാരരാജ്യമായ പാകിസ്ഥാനില്‍ അമേരിക്ക നടത്തിയ സൈനികനടപടി പ്രതിഷേധം ഉയര്‍ത്തിയിട്ടുണ്ട്. ശ്രീനഗറില്‍നിന്ന് നൂറില്‍പരം കിലോമീറ്റര്‍ ദൂരമേ അബോട്ടാബാദിലേക്കുള്ളൂ. ലാദന്റെ ഒരു മകന്‍ ഉള്‍പ്പെടെ മറ്റ് നാല് പേരും ആക്രമണത്തില്‍ കൊല്ലപ്പെട്ടു. അമേരിക്കന്‍ പക്ഷത്ത് ആള്‍നാശമില്ലെന്ന് ഒബാമ അവകാശപ്പെട്ടു.
തൊട്ടടുത്ത അമേരിക്കന്‍ സേനാതാവളത്തില്‍നിന്ന് നാല് ഹെലികോപ്റ്ററിലായി എത്തിയ അമേരിക്കന്‍ സ്പെഷ്യല്‍ കമാന്‍ഡോകളാണ് ആക്രമണം നടത്തിയത്. 40 മിനിറ്റിനുള്ളില്‍ എല്ലാം അവസാനിച്ചു. കെട്ടിടത്തിനുമുന്നില്‍ ഹെലികോപ്റ്ററുകള്‍ നിര്‍ത്തിയശേഷം കമാന്‍ഡോകള്‍ ഉള്ളിലേക്ക് പാഞ്ഞുകയറുകയായിരുന്നു. ഹെലികോപ്റ്ററുകള്‍ക്കുനേരെ ലാദന്റെ കൂട്ടാളികള്‍ വെടിവച്ചെങ്കിലും ഫലമുണ്ടായില്ല. അംഗരക്ഷകരുടെ സഹായത്തോടെ ലാദന്‍ ചെറുക്കാന്‍ ശ്രമിച്ചെങ്കിലും ഏറ്റുമുട്ടല്‍ അധികം നീണ്ടില്ലെന്ന് അമേരിക്കന്‍ വക്താവ് പറഞ്ഞു. പ്രദേശമാകെ പാക്സേന നിലയുറപ്പിച്ചതായി ദൃക്സാക്ഷികളെ ഉദ്ധരിച്ച് ബിബിസി റിപ്പോര്‍ട്ട് ചെയ്തു. ലാദന്റെ മരണത്തിന് പ്രതികാരംചെയ്യുമെന്ന് അല്‍ ഖായ്ദ പ്രതികരിച്ചു. "ഇസ്ലാമിന്റെ രാജാവിനെ" വധിച്ചവരോട് പകരംവീട്ടുമെന്ന് അല്‍ ഖായ്ദ ഇന്റര്‍നെറ്റില്‍ പ്രസിദ്ധീകരിച്ച പ്രസ്താവനയില്‍ പറഞ്ഞു. ഈജിപ്ത് പൗരന്‍ അയ്മന്‍ അല്‍ സവാഹരിയാണ് ഇനി അല്‍ ഖായ്ദയെ നയിക്കുക. പാക് പ്രസിഡന്റ് ആസിഫ് അലി സര്‍ദാരിയോടും അമേരിക്കയോടും പ്രതികാരം വീട്ടുമെന്ന് പാക് താലിബാനും പ്രഖ്യാപിച്ചു. ലാദന്റെ മരണത്തില്‍ ആഹ്ലാദം പ്രകടിപ്പിച്ച് അമേരിക്കയില്‍ പ്രകടനങ്ങള്‍ നടക്കുന്നു. എത്ര നീണ്ടുപോയാലും നീതി നടപ്പാക്കുകതന്നെ ചെയ്യുമെന്ന സന്ദേശമാണ് അമേരിക്ക ലോകത്തിന് നല്‍കിയിരിക്കുന്നതെന്ന് മുന്‍ പ്രസിഡന്റ് ജോര്‍ജ് ബുഷ് പറഞ്ഞു. എന്നാല്‍ , തിരിച്ചടി ഉണ്ടാകുമെന്ന ആശങ്കയും ശക്തമാണ്. ലാദനെ വധിക്കുകയോ ജീവനോടെ പിടികൂടുകയോ ചെയ്താല്‍ യൂറോപ്പില്‍ ആണവാക്രമണം നടത്തുമെന്ന അല്‍ ഖായ്ദ ഭീഷണി നിലവിലുണ്ട്.
വര്‍ഷങ്ങളുടെ ആസൂത്രണം; 40 മിനിറ്റ് ദൗത്യം
വര്‍ഷങ്ങള്‍ നീണ്ട ആസൂത്രണത്തിനൊടുവില്‍ 40 മിനിറ്റ് നീണ്ട ദൗത്യം. അമേരിക്കയുടെ ഉറക്കം കെടുത്തിയ ബിന്‍ലാദനെ കീഴ്പ്പെടുത്തിയത് 40 മിനിറ്റ് നീണ്ട ഹെലികോപ്ടര്‍ ആക്രമണത്തിലൂടെയാണെന്ന് യുഎസ് അധികൃതര്‍ വിശദീകരിച്ചു. വര്‍ഷങ്ങള്‍ക്കു മുമ്പ് ലാദന്റെ ദൂതനെന്നു കരുതുന്ന ഒരാളെക്കുറിച്ചാണ് ആദ്യം സിഐഎക്ക് സൂചന ലഭിച്ചത്. നാലു വര്‍ഷം മുമ്പ് അയാളെ കൃത്യമായി തിരിച്ചറിഞ്ഞു. രണ്ടു വര്‍ഷം മുമ്പ് അയാള്‍ പതിവായി സന്ദര്‍ശിക്കുന്നയിടങ്ങള്‍ കണ്ടെത്തി. ഒടുവില്‍ കഴിഞ്ഞ ആഗസ്റ്റിലാണ് അബോട്ടാബാദില്‍ ഈ ദൂതനും അയാളുടെ സഹോദരന്‍കൂടിയായ മറ്റൊരു ദൂതനും താമസിക്കുന്ന സ്ഥലം കണ്ടെത്തിയത്. പാകിസ്ഥാനിലെ റിട്ടയേഡ് സൈനിക മേധാവികള്‍ പാര്‍ക്കുന്ന മേഖലയാണിത്.
സമീപത്തുള്ള മറ്റു കെട്ടിടങ്ങളേക്കാള്‍ എട്ടിരട്ടി വലിപ്പമുള്ളതാണ് പ്രധാന വീട്. 18 അടി പൊക്കമുള്ള മതിലിനുള്ളിലെ വളപ്പില്‍ മറ്റു രണ്ട് ചെറിയകെട്ടിടങ്ങളുമുണ്ട്. ഇത്രയും വലിയ കെട്ടിടം വയ്ക്കാനുള്ള സാമ്പത്തിക സ്ഥിതി ഇവര്‍ക്കില്ല. ഏറെക്കാലത്തെ നിരീക്ഷണത്തിനുശേഷമാണ് ഇവിടെ മൂന്നാമതൊരു കുടുംബം - ലാദന്‍ കുടുംബം- ഉണ്ടെന്ന് സ്ഥിരീകരിച്ചത്. വീടിന് രണ്ട് സുരക്ഷാ ഗേറ്റുണ്ട്. സ്ഥലം തിരിച്ചറിഞ്ഞതോടെ മാസങ്ങളായി കമാന്‍ഡോകള്‍ ലാദനെ കീഴ്പെടുത്തുന്നതിന്റെ സാധ്യത പഠിക്കുകയായിരുന്നുവെന്ന് അമേരിക്കന്‍ അധികൃതര്‍ പറഞ്ഞു. ആളില്ലാ വിമാനത്തില്‍ ആക്രമണമാണ് ആദ്യം ഉദ്ദേശിച്ചത്. പിന്നീട് ഹെലികോപ്ടര്‍ ആക്രമണത്തിന് നിശ്ചയിച്ചു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഓപ്പറേഷന്‍ നടത്താനുള്ള തീരുമാനമെടുത്തത്. നാവിക സേനയിലെ സ്പെഷല്‍ ഗ്രൂപ്പായ സീല്‍(സീ, എയര്‍ , ലാന്‍ഡ്) യൂണിറ്റിലെ ചെറിയ സംഘം കമാന്‍ഡോകളാണ് ദൗത്യം നിര്‍വഹിച്ചതെന്ന് യുഎസ് അധികൃതര്‍ പറഞ്ഞു.
മരണവാറന്റ് ഒപ്പിട്ടത് ഏപ്രില്‍ 29ന്
വാഷിങ്ടണ്‍ : ഒസാമ ബിന്‍ ലാദന്റെ മരണവാറന്റ് അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമ ഒപ്പുവച്ചത് ഏപ്രില്‍ 29ന്. മാസങ്ങള്‍ നീണ്ട വിശദമായ കൂടിയാലോചനകള്‍ക്കും തയ്യാറെടുപ്പിനും ശേഷമാണ് തങ്ങള്‍ തേടിയ ഏറ്റവും ഭീകരനായ കുറ്റവാളിയെ അമേരിക്ക ഇല്ലായ്മ ചെയ്തത്. ലാദനെ വധിക്കാനുള്ള പദ്ധതി എല്ലാ ഘട്ടത്തിലും ഒബാമ നേരിട്ട് വിശകലനംചെയ്തു.
ഏപ്രില്‍ 29ന് അലബാമയ്ക്ക് പോകും മുമ്പ് നയതന്ത്ര മുറിയില്‍വച്ചാണ് രാവിലെ 8.20ന് ഒസാമയെ വധിക്കാനുള്ള ഉത്തരവില്‍ ഒപ്പിട്ടത്. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ടോം ഡോണിലന്‍ സന്നിഹിതനായിരുന്നു. ഒബാമയെ പിടികൂടാനുള്ള പദ്ധതിയുടെ അന്തിമഘട്ടത്തില്‍ സാഹചര്യങ്ങളും സാധ്യതകളും കൃത്യമായി വിലയിരുത്താന്‍ വൈറ്റ് ഹൗസ് വൃത്തങ്ങള്‍ ഞായറാഴ്ച നിരവധി തവണ യോഗം ചേര്‍ന്നു. അന്തിമ ഉത്തരവ് വിശകലനത്തിനായി അമേരിക്കന്‍ സമയം ഉച്ചയ്ക്ക് രണ്ടു മണിയോടെ ഒബാമ ഉപദേഷ്ടാക്കളുമായി ചര്‍ച്ച നടത്തി. ലാദനെ ഏറെക്കുറെ തിരിച്ചറിഞ്ഞതായി വൈകിട്ട് 3.50ന് ഒബാമയ്ക്ക് വിവരം ലഭിച്ചു. ഏഴ് മണിയോടെ ഒബാമയ്ക്ക് ഇക്കാര്യം ഉറപ്പിക്കാനായി. രാത്രി എട്ടരയോടെ ലാദനെ വധിച്ചുവെന്ന വാര്‍ത്ത ഒബാമയുടെ ചെവിയിലെത്തി. അതിനുശേഷമാണ് മാധ്യമപ്രവര്‍ത്തകര്‍ക്കു മുന്നില്‍ ഇക്കാര്യം വിശദീകരിച്ചത്.
ലാദനെ പിടികൂടുന്നതിന് പ്രഥമപരിഗണന നല്‍കണമെന്ന് ഭരണത്തിന്റെ ആദ്യഘട്ടത്തില്‍തന്നെ ഒബാമ രഹസ്യാന്വേഷണ വിഭാഗത്തിനു നിര്‍ദേശം നല്‍കിയിരുന്നു. ലാദനെ പിടികൂടുന്നതുമായി ബന്ധപ്പെട്ട് ദേശീയ സുരക്ഷാ സംഘവുമായി ഒമ്പതോളം തവണ ഒബാമ കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്. ദേശീയ സുരക്ഷാ കൗണ്‍സില്‍ , സിഐഎ, പ്രതിരോധ വകുപ്പ് എന്നിവയുടെ യോഗങ്ങളിലെല്ലാം ഒബാമ ഇക്കാര്യം പതിവായി പരാമര്‍ശിച്ചിരുന്നു. ലാദനെ പിടികൂടുന്നതുമായി ബന്ധപ്പെട്ട് ദേശീയ സുരക്ഷാ സംഘവുമായി ഈ വര്‍ഷം മാര്‍ച്ചിനുശേഷം അഞ്ചു തവണ ഒബാമ യോഗം ചേര്‍ന്നു.
അലഞ്ഞത് 10 വര്‍ഷം
വാഷിങ്ടണ്‍ : അമേരിക്കയുടെ അഭിമാനസ്തംഭമായിരുന്ന വേള്‍ഡ് ട്രേഡ് സെന്റര്‍ തകര്‍ന്ന് ഒരാഴ്ച പിന്നിടുന്ന സമയം. "ഒസാമ ബിന്‍ ലാദനെ ജീവനോടെയോ അല്ലാതെയോ എനിക്കു വേണം"- അമേരിക്കയുടെ അന്നത്തെ പ്രസിഡന്റ് ജോര്‍ജ് ഡബ്ല്യു ബുഷ് പറഞ്ഞു. എന്നാല്‍ , ലാദനെന്ന ആറടി നാലിഞ്ചുകാരനെ പിടികൂടാന്‍ ലോകത്തെ ഏറ്റവും വലിയ ചാരശൃംഖലയുള്ള അമേരിക്കക്ക് പത്തുവര്‍ഷത്തോളം വേണ്ടിവന്നു. ലാദനെ കൈയില്‍ കിട്ടാതെ നാണംകെട്ടാണ് ബുഷ് പടിയിറങ്ങിയത്. എന്നാല്‍ , ഇതിനിടെ, അമേരിക്കക്കെതിരെ ഭീഷണിയുമായി നിരവധി തവണ ലാദന്‍ വിഡിയോ ടേപ്പുകളില്‍ പ്രത്യക്ഷപ്പെട്ടു. ഓപ്പറേഷന്‍ എന്‍ഡുറിങ് ഫ്രീഡം എന്നു പേരിട്ട സൈനിക നടപടിയിലൂടെ ലാദന് സുരക്ഷിത താവളമൊരുക്കിയ അഫ്ഗാനിസ്ഥാനിലെ താലിബാനെ അമേരിക്ക അധികാരത്തില്‍ നിന്ന് തുരത്തി. എന്നാല്‍ , താലിബാനെ ഉന്മൂലനം ചെയ്യാന്‍ നാറ്റോയുടെയും അമേരിക്കയുടെയും സൈനികര്‍ വര്‍ഷങ്ങള്‍ പ്രയത്നിച്ചിട്ടും സാധിച്ചില്ല. ലോകം മുഴുവന്‍ തങ്ങളുടെ നിരീക്ഷണത്തിലാണെന്ന് അഹങ്കരിച്ച അമേരിക്കക്ക് ലാദന്റെ അടുത്തുപോലും എത്താനായില്ല. ലാദന്റെ തലയ്ക്ക് രണ്ടരക്കോടി ഡോളര്‍ (111 കോടി രൂപ) വിലയിട്ടിരുന്നു. ഫലം കാണാഞ്ഞ് 2007ല്‍ ഈ തുക ഇരട്ടിയാക്കി. എന്നാല്‍ , അപ്പോഴെല്ലാം വിഡിയോ ടേപ്പുകള്‍ വഴി ലാദന്‍ സാന്നിധ്യം അറിയിച്ചു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ തീവ്രവാദി സംഘടനകളുമായി ചേര്‍ന്ന് തന്റെ ആശയങ്ങള്‍ക്ക് കൂടുതല്‍ പിന്തുടര്‍ച്ചക്കാരെ സൃഷ്ടിച്ചുകൊണ്ടിരുന്നു.
ലാദന്‍ പിടികിട്ടാപ്പുള്ളിയായി തുടര്‍ന്നത് അമേരിക്കയില്‍ അധികാരമേറിയ ബറാക് ഒബാമയെയും കടുത്ത സമ്മര്‍ദത്തിലാക്കി. അഫ്ഗാനിസ്ഥാനില്‍ നിരവധി അമേരിക്കന്‍ ഭടന്മാര്‍ മരിച്ചുവീഴുന്നതും സാമ്പത്തിക പ്രതിസന്ധിയില്‍ മുങ്ങിത്താഴവെ അഫ്ഗാനില്‍ കൂടുതല്‍ പണം ചെലവിടുന്നതും അമേരിക്കക്കാരില്‍ വലിയ പ്രതിഷേധം ക്ഷണിച്ചുവരുത്തി. ഇതിനിടെ, ലാദന്‍ അഫ്ഗാനിസ്ഥാനില്‍നിന്ന് പുറത്തുകടന്നു. പാകിസ്ഥാനിലേക്കു കടന്നെന്നാണ് അമേരിക്ക വിശ്വസിച്ചിരുന്നത്. എന്നാല്‍ , ഇക്കാര്യം 100 ശതമാനം ഉറപ്പിക്കാന്‍ അവര്‍ക്കായില്ല. അഫ്ഗാന്‍ -ഇറാന്‍ അതിര്‍ത്തിയിലേക്കോ യമനിലേക്കോ കടന്നിരിക്കാമെന്നും കണക്കുകൂട്ടി. അതുകൊണ്ടു തന്നെ ലാദനെ കുറിച്ച് കഴിഞ്ഞവര്‍ഷം ഓഗസ്തില്‍ തന്നെ കൃത്യമായ വിവരം ലഭിച്ചെന്ന അമേരിക്കയുടെ വാദം വിശ്വസനീയമല്ല. പാക് സൈനിക അക്കാദമിക്ക് തൊട്ടടുത്ത് ലാദന്‍ താമസിച്ചതും അമേരിക്കയുടെ ലാദന്‍ വധവും ഒട്ടേറെ ചോദ്യം ബാക്കിവയ്ക്കുന്നുണ്ട്.
വികൃതമാക്കിയ മുഖം വ്യാജഫോട്ടോ
ലണ്ടന്‍ : കൊല്ലപ്പെട്ട ലാദന്റെ വികൃതമായ മുഖം എന്ന പേരില്‍ ടെലിവിഷനുകളില്‍ കാണിച്ച ഫോട്ടോകള്‍ രണ്ട് വര്‍ഷമായി ഇന്റര്‍നെറ്റില്‍ പ്രചരിക്കുന്ന വ്യാജചിത്രം. പശ്ചിമേഷ്യ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഒരു ഓണ്‍ലൈന്‍ പത്രമാണ് 2009 ഏപ്രില്‍ 29ന് ഈ ഫോട്ടോകള്‍ ആദ്യമായി പ്രസിദ്ധീകരിച്ചത്. 1998ല്‍ റോയിട്ടര്‍ വാര്‍ത്തഏജന്‍സി പുറത്തുവിട്ട ലാദന്റെ യഥാര്‍ഥ ചിത്രം അടിസ്ഥാനമാക്കി ചമച്ചതായിരുന്നു ഇവ. പിന്നീട് പ്രമുഖ ബ്രിട്ടീഷ് പത്രങ്ങള്‍ ഇത് പ്രസിദ്ധീകരിച്ചു. എന്നാല്‍ ഗാര്‍ഡിയന്‍ പത്രം ഈ പിശക് ചൂണ്ടിക്കാട്ടി.
താമസിച്ചത് നഗരത്തിലെ ബംഗ്ലാവില്‍
ഇസ്ലാമാബാദ്: അഫ്ഗാന്‍ -പാക് അതിര്‍ത്തിയിലെ മലനിരകളിലാണ് കഴിഞ്ഞതെന്നു കരുതിയിരുന്ന അല്‍ ഖായ്ദ തലവന്‍ ഒസാമ ബിന്‍ ലാദനെ വധിച്ചത് നഗരത്തിലെ ബംഗ്ലാവില്‍ വച്ച്. അതും ലാദനുവേണ്ടിയുള്ള തെരച്ചിലില്‍ അമേരിക്കയെ സഹായിക്കുന്ന പാകിസ്ഥാന്റെ സൈനിക അക്കാദമിക്ക് 800 വാരമാത്രം അകലെ. രാജ്യത്തിന്റെ വടക്കുപടിഞ്ഞാറന്‍ മേഖലയായ ഖൈബര്‍ പഖ്തൂന്‍ഖ്വാ പ്രവിശ്യയിലെ അബോട്ടാബാദിലാണ് ലാദന്‍ കഴിഞ്ഞിരുന്നത്. തലസ്ഥാനമായ ഇസ്ലാമാബാദില്‍നിന്ന് 120 കിലോ മീറ്റര്‍മാത്രം അകലെയാണ് ഈ ചരിത്രനഗരം. പാകിസ്ഥാനെ ചൈനയുമായി ബന്ധിപ്പിക്കുന്ന കാരക്കോറം ദേശീയപാത ഇതുവഴി കടന്നുപോകുന്നു. മികച്ച കാലാവസ്ഥയ്ക്ക് പേരുകേട്ട ഈ പ്രദേശത്തിന് ഭീകരതയും പ്രകൃതിദുരന്തങ്ങളും അന്യമായിരുന്നു. മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളും സൈനിക സ്ഥാപനങ്ങളും അബോട്ടാബാദിന്റെ പ്രത്യേകതയാണ്. മേഖലയിലെ പ്രധാന വിനോദസഞ്ചാരകേന്ദ്രംകൂടിയാണിത്. 1853ല്‍ നഗരം സ്ഥാപിച്ച മേജര്‍ ജെയിംസ് അബോട്ട് എന്ന ബ്രിട്ടീഷ് സൈനിക ഉദ്യോഗസ്ഥന്റെ പേരാണ് നഗരത്തിനു ലഭിച്ചത്.
ഖൈബര്‍ പഖ്തൂന്‍ഖ്വായിലെ ചര്‍സാദയില്‍നിന്നുള്ള അര്‍ഷാദ് ഖാന്‍ എന്നയാളാണ് അബോട്ടാബാദില്‍ ലാദന്‍ താമസിച്ച കെട്ടിടംനിന്ന സ്ഥലം നേരത്തെ വാങ്ങിയതെന്ന് പരിസരവാസികള്‍ പറയുന്നു. ഇവിടെ 2005ലാണ് ഇരുനിലവീട് പണിതത്. കൃഷിയിടത്തിനു നടുവില്‍ 12 അടിയോളം വരുന്ന മതില്‍ക്കെട്ടിനകത്താണ് പ്രദേശത്തെ മറ്റു വീടുകളേക്കാള്‍ എട്ടു മടങ്ങ് വലുപ്പമുള്ള ബംഗ്ലാവ്. താമസക്കാര്‍ക്ക് പരിസരവാസികളുമായി ബന്ധം ഉണ്ടായിരുന്നില്ല. വിപുലമായ സുരക്ഷ ഉണ്ടായിരുന്നതിനാല്‍ ആര്‍ക്കും അകത്തു കടക്കാനാകുമായിരുന്നില്ല. ഉയര്‍ന്ന മതിലിനു മുകളില്‍ കമ്പിവേലിയും ഉണ്ടായിരുന്നു. ഫോണോ ടെലിവിഷനോ കെട്ടിടത്തില്‍ ഉണ്ടായിരുന്നില്ല. പ്രധാനകെട്ടിടം ഏഴടിയുള്ള മതിലുകൊണ്ട് വേര്‍തിരിച്ചിരുന്നു. ലാദന്‍ എപ്പോഴാണ് ഇവിടെ എത്തിയതെന്ന് അറിവായിട്ടില്ല. പാക് രഹസ്യാന്വേഷണ ഏജന്‍സി ജനുവരിയില്‍ ഇന്തോനേഷ്യയിലെ അല്‍ ഖായ്ദ പ്രവര്‍ത്തകനെ നഗരത്തില്‍വച്ച് പിടികൂടിയിരുന്നു.
ലാദന്റെ ഭാര്യമാരും കുട്ടികളും കസ്റ്റഡിയില്‍
ഇസ്ലാമാബാദ്: പാകിസ്ഥാനില്‍ കൊല്ലപ്പെട്ട അല്‍ഖായ്ദ നേതാവ് ലാദന്റെ രണ്ടു ഭാര്യമാരെയും നാലു കുട്ടികളെയും അമേരിക്കന്‍ സേന കസ്റ്റഡിയിലെടുത്തതായി സൂചന. അബോട്ടാബാദില്‍ ലാദന്‍ കൊല്ലപ്പെട്ടതിനു തൊട്ടു പിന്നാലെയാണ്ഇവരെ കസ്റ്റഡിയിലെടുത്തത്. പ്രാദേശിക മാധ്യമങ്ങളാണ് വിവരം പുറത്തുവിട്ടത്. എന്നാല്‍ , ഇവര്‍ ഇപ്പോള്‍ എവിടെയാണെന്ന് വ്യക്തമല്ല. ലാദന്റെ ഒരു മകന്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു.
"കൊല്ലപ്പെട്ടത്" പലതവണ
ഇസ്ലാമാബാദ്: ബിന്‍ ലാദന്‍ "കൊല്ലപ്പെട്ടത്" പലതവണ. ലാദന്‍ കൊല്ലപ്പെട്ടതായി 2001 സെപ്തംബര്‍ 11നുശേഷം പലതവണ വാര്‍ത്ത പ്രചരിച്ചിരുന്നു. പാക് അധികൃതര്‍തന്നെ ഇക്കാര്യം പ്രഖ്യാപിച്ച സന്ദര്‍ഭങ്ങളുണ്ടായി. ലാദന്‍ ലോകത്തോട് വിട വാങ്ങിയിട്ടുണ്ടെന്നാണ് താന്‍ കരുതുന്നതെന്ന് 2009 സെപ്തംബറില്‍ ബിബിസിക്ക് നല്‍കിയ അഭിമുഖത്തില്‍ പാക് പ്രസിഡന്റ് ആസിഫ് അലി സര്‍ദാരി പറഞ്ഞു. എന്നാല്‍ , ഇതിനുള്ള തെളിവ് ചോദിച്ചപ്പോള്‍ സര്‍ദാരി മൗനം പാലിച്ചു. അക്കൊല്ലംതന്നെ പാക് ആഭ്യന്തരമന്ത്രി റഹ്മാന്‍ മാലിക്കും ലാദന്റെ മരണം സംഭവിച്ചതായി അവകാശപ്പെട്ടു. അമേരിക്കയാകട്ടെ, ലാദന്‍ അഫ്ഗാനിലും ഇറാനിലും സൗദിയിലുമൊക്കെ ഒളിവില്‍ കഴിയുകയാണെന്നാണ് അവകാശപ്പെട്ടത്. എന്നാല്‍ , പാകിസ്ഥാനിലെ തന്ത്രപ്രധാനമേഖലയിലെ ആഡംബരവസതിയില്‍ കഴിയുകയായിരുന്നു ലാദന്‍ . ഭീകരവിരുദ്ധ പോരാട്ടത്തിലെ വിശ്വസ്തനായ കൂട്ടാളിയായി പാകിസ്ഥാനെ പ്രഖ്യാപിച്ച അമേരിക്കയ്ക്ക് ഇത് ക്ഷീണമായി.
deshabhimani 030511
പാകിസ്ഥാനിലെ തന്ത്രപ്രധാന മേഖലയില്‍ അമേരിക്ക നടത്തിയ കമാന്‍ഡോ ആക്രമണത്തില്‍ അല്‍ ഖായ്ദ തലവന്‍ ഒസാമ ബിന്‍ ലാദന്‍ (54) കൊല്ലപ്പെട്ടു. അമേരിക്കന്‍ സാമ്രാജ്യത്വം പ്രഖ്യാപിച്ച ഭീകരവിരുദ്ധയുദ്ധത്തിന്റെ പത്താംവര്‍ഷത്തിലാണ് ഭീകരനേതാവിന്റെ അന്ത്യം. ഇസ്ലാമാബാദില്‍നിന്ന് 120 കിലോമീറ്റര്‍മാത്രം അകലെ, സൈനികകേന്ദ്രങ്ങള്‍ സ്ഥിതിചെയ്യുന്ന അബോട്ടാബാദ് നഗരത്തിലെ ബഹുനിലമന്ദിരത്തില്‍ കുടുംബസമേതം കഴിയവെയാണ് ലാദന്‍ കൊല്ലപ്പെട്ടത്. ഞായറാഴ്ച അര്‍ധരാത്രിയോടെ ലാദനെ വധിച്ചതായി അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമ വൈറ്റ് ഹൗസില്‍ വാര്‍ത്താസമ്മേളനത്തില്‍ പ്രഖ്യാപിച്ചു. ലാദന്റെ മൃതദേഹം ഇസ്ലാം ആചാരപ്രകാരം സംസ്കരിക്കുമെന്ന് ഒബാമ അറിയിച്ചെങ്കിലും കടലില്‍ തള്ളുകയായിരുന്നെന്ന് "ന്യൂയോര്‍ക്ക് ടൈംസ്" റിപ്പോര്‍ട്ട് ചെയ്തു. തലയ്ക്ക് വെടിയേറ്റ നിലയില്‍ ലാദന്റെ ചിത്രങ്ങളും അമേരിക്ക പുറത്തുവിട്ടു. എന്നാല്‍ , ഇത് യഥാര്‍ഥ ചിത്രങ്ങളല്ലെന്ന് റിപ്പോര്‍ട്ടുണ്ട്.
ReplyDelete