Tuesday, May 3, 2011

അനിവാര്യമായ പ്രതിപ്രവര്‍ത്തനം

നീണ്ട പത്തുകൊല്ലത്തെ പ്രയത്നത്തിനുശേഷം അമേരിക്കയ്ക്ക് അത് സാധിച്ചിരിക്കുന്നു-ഒസാമ ബിന്‍ ലാദന്‍ എന്ന സൗദി വംശജനായ ഭീകരനേതാവിന്റെ തല അവര്‍ തകര്‍ത്തിരിക്കുന്നു. കണ്ണുകള്‍ പോയി വികൃതമാക്കപ്പെട്ട മൃതദേഹം കടലില്‍ അടക്കം ചെയ്തതായാണ് വാര്‍ത്ത. അമേരിക്കയില്‍ ആഹ്ലാദപ്രകടനങ്ങള്‍ നടക്കുന്നു. ലോകത്താകെ സുരക്ഷാസേനകള്‍ ജാഗ്രത പാലിക്കുന്നു. ഒസാമയുടെ മരണവാറന്റില്‍ ഒപ്പിട്ട ഒബാമ പറയുന്നു-ഇത് ചരിത്രമുഹൂര്‍ത്തമെന്ന്. സെപ്തംബര്‍ 11ന്റെ ഭീകരാക്രമണത്തിനുശേഷം ഒരുപക്ഷേ അമേരിക്ക നെടുവീര്‍പ്പിടുന്ന വേളയാണ് ഇത്. അടുത്ത പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ബറാക് ഒബാമയുടെ റേറ്റിങ് വര്‍ധിക്കാനുള്ള ഇന്ധനവും ഇതില്‍നിന്നു ലഭിച്ചേക്കും.

മനുഷ്യ ചരിത്രത്തിലെ ഏറ്റവും ക്രൂരമായ കൂട്ടക്കൊലകളാണ് ബിന്‍ ലാദന്റെ നേതൃത്വത്തില്‍ നടന്നത്. മതത്തിന് രാഷ്ട്രീയത്തിന്റെയും ഭീകരതയുടെയും രൂപമാറ്റം വരുത്തിച്ച് നിരപരാധികളെ മരണഗര്‍ത്തത്തിലേക്ക് തള്ളിവിട്ടുകൊണ്ടിരുന്ന കൊടുംഭീകരന്റെ അന്ത്യം ആ അര്‍ഥത്തില്‍ മനുഷ്യരാശിക്കാകെ ആശ്വാസമാണ്. എന്നാല്‍ , ബിന്‍ ലാദന്റെ മൃതദേഹം കടലില്‍ ലയിച്ച് ഇല്ലാതാകുന്നതോടെ അവസാനിക്കുന്നതാണ് ഭീകരവാദത്തിന്റെ നിലനില്‍പ്പ് എന്നു കരുതുന്നത് ഭോഷ്കാണ്. അമേരിക്കന്‍ സാമ്രാജ്യത്വം അതിന്റെ രാഷ്ട്രീയ-സാമ്പത്തിക-അധിനിവേശ താല്‍പ്പര്യങ്ങള്‍ക്കായി സൃഷ്ടിച്ചുവിട്ട ഒരു വിഷവിത്ത് മുളച്ചുവളര്‍ന്ന് വടവൃക്ഷമായി സ്രഷ്ടാവിനെത്തന്നെ നശിപ്പിക്കാനൊരുങ്ങിയപ്പോള്‍ നടത്തിയ അനിവാര്യമായ പ്രതിപ്രവര്‍ത്തനം എന്നതില്‍ കവിഞ്ഞ പ്രാധാന്യം ലാദനെ കൊന്ന അമേരിക്കന്‍ നടപടിക്കില്ല. പാകിസ്ഥാനില്‍ തലസ്ഥാനത്തിനടുത്ത് താവളമുണ്ടാക്കി ആധുനിക വിവരവിനിമയ ഉപകരണങ്ങളുടെയോ സംവിധാനങ്ങളുടെയോ സഹായമില്ലാതെ ഒളിച്ചുജീവിച്ച ലാദനില്‍ നിന്ന് ഭീകരപ്രവര്‍ത്തനത്തിന്റെ നേതൃത്വം എത്രയോ ഉയര്‍ന്നുപോയിട്ടുണ്ടാകാനാണ് സാധ്യത. ലോകാധിപത്യത്തിന്റെ നെറുകെയിലാണെന്ന് അഹങ്കരിക്കുന്ന അമേരിക്കയ്ക്ക് പത്തുവര്‍ഷത്തെ കഠിനാധ്വാനം വേണ്ടിവന്നു ലാദനെ കണ്ടെത്തി വധിക്കാനെങ്കില്‍ , ലാദന്‍ എന്ന ഒരു ട്രാന്‍സ്ഫോര്‍മര്‍ തകര്‍ന്നതുകൊണ്ട് ഭീകരപ്രവര്‍ത്തനത്തിന്റെ ഊര്‍ജലഭ്യത ഇല്ലാതാകുമെന്നു കരുതുന്നത് മൗഢ്യമാണ്. വ്യക്തിപരമായതല്ല പ്രശ്നം.

2003ലെ ഇറാഖിലെ അമേരിക്കന്‍ സൈനിക അധിനിവേശം പത്തുലക്ഷത്തിലേറെ സാധാരണ ജനങ്ങളുടെ ജീവനാണ് നഷ്ടപ്പെടുത്തിയത്. ഇപ്പോള്‍ എണ്ണ സമ്പന്ന രാജ്യമായ ഇറാനുമായി സംഘര്‍ഷത്തിലാണ് അമേരിക്ക. മധ്യപൂര്‍വ ദേശത്താകെയുള്ള എണ്ണ-പ്രകൃതി വാതക സ്രോതസ്സുകളുടെ സാമ്പത്തിക നിയന്ത്രണം കൈക്കലാക്കുന്നതിനുള്ള അമേരിക്കന്‍ തന്ത്രമാണ് ജനലക്ഷങ്ങളുടെ ജീവന്‍ നഷ്ടപ്പെടുന്നതിന് ഇടയായ യുദ്ധങ്ങള്‍ സൃഷ്ടിച്ചത്. അതിന്റെ വലിയ തുടക്കമായിരുന്നു അഫ്ഗാനിസ്ഥാനിലെ ജോ. നജീബുള്ള സര്‍ക്കാരിനെ തകര്‍ക്കാന്‍ നടത്തിയ ഇടപെടല്‍ . അന്ന് അമേരിക്കയുടെ കൂട്ടാളിയായിരുന്നു ഒസാമ ബിന്‍ ലാദന്‍ . സോവിയറ്റ് യൂണിയന്‍ പിന്തുണ നല്‍കിയിരുന്ന പുരോഗമനശക്തികളുടെ സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള അമേരിക്കയുടെ നീക്കമാണ് മുജാഹിദ്ദീന്‍ -താലിബാന്‍ -ഒസാമ ബിന്‍ ലാദന്‍ കൂട്ടുകെട്ടിനെ രൂപപ്പെടുത്തിയത്.

ഒബാമ സര്‍ക്കാരിന്റെ അഫ്-പാക് നയത്തിന്റെ കേന്ദ്രബിന്ദു അമേരിക്കന്‍ വന്‍കിട എണ്ണ കമ്പനികളുടെ താല്‍പ്പര്യങ്ങളാണ്; ആ മേഖലയിലെ എണ്ണ സ്രോതസ്സുകള്‍ക്കുമേല്‍ നിയന്ത്രണം സ്ഥാപിക്കലാണ്. തങ്ങളുടെ താല്‍പ്പര്യത്തിനായി "ഭരണമാറ്റം" നടപ്പാക്കാന്‍ ഇടതുപക്ഷ പുരോഗമനശക്തികളുടെ സ്ഥാനത്ത് തീവ്രവലതുപക്ഷത്തെയും മതതീവ്രവാദ ശക്തികളെയും അവരോധിക്കുകയാണ് അമേരിക്ക ചെയ്തിട്ടുള്ളത്. ഭീകരവാദികളെ മുന്നില്‍നിര്‍ത്തി ജോ. നജീബുള്ള സര്‍ക്കാരിനെ അട്ടിമറിച്ച് അഫ്ഗാനിസ്ഥാനില്‍ ചെയ്തത് അതാണ്. ആ രാജ്യത്ത് പുരോഗമനശക്തികളെ നശിപ്പിച്ചവര്‍ താലിബാനെ പകരംവച്ചു. ഇറാഖില്‍ അധിനിവേശത്തിലൂടെ ഷിയ-സുന്നി ഭിന്നത മൂര്‍ഛിപ്പിക്കുകയും ആ സമൂഹത്തില്‍ നിലനിന്ന മതനിരപേക്ഷ അടിത്തറ തകര്‍ക്കുകയും ചെയ്തു. ഇറാനില്‍ എണ്ണയ്ക്കുമേലുള്ള നിയന്ത്രണം കൈക്കലാക്കാനുള്ള വ്യഗ്രതയിലാണ് മുമ്പ് അമേരിക്ക ഷാ ഭരണത്തെ കുടിയിരുത്തിയത്. അവിടെ കമ്യൂണിസ്റ്റുകാരെയും മറ്റു പുരോഗമന ദേശീയവാദികളെയും പീഡിപ്പിക്കുന്നതും തുടച്ചുനീക്കുന്നതുമാണ് പിന്നീടു കണ്ടത്. അവിടെ ഇസ്ലാമിക മതപുരോഹിതന്മാര്‍ പ്രതിപക്ഷ നേതൃത്വത്തിലും ഭരണത്തിലുമെത്തി. ഒസാമ വധത്തെ അമേരിക്കന്‍ വിജയമെന്നു വാഴ്ത്തിപ്പാടുമ്പോള്‍ പലരും കാണാതെയോ പറയാതെയോ പോകുന്നത് ഇത്തരം പ്രശ്നങ്ങളാണ്. ഈ താല്‍പ്പര്യങ്ങള്‍ അമേരിക്കയ്ക്ക് ഉള്ളിടത്തോളം ലോകത്ത് സമാധാനമുണ്ടാകില്ല; ഭീകരപ്രവര്‍ത്തനം തുടച്ചുനീക്കപ്പെടില്ല.

അമേരിക്കന്‍ പ്രസിഡന്റാണ് ബിന്‍ ലാദന്റെ മരണ വാറന്റില്‍ ഒപ്പിട്ടതായി സ്വയംപറയുന്നത്. ലാദന്‍ കൊല്ലപ്പെട്ടത് പാകിസ്ഥാനിലാണ്. പാകിസ്ഥാന്‍ സ്വതന്ത്ര പരമാധികാര രാജ്യമാണ്. അവിടത്തെ പട്ടാളത്തിനോ പൊലീസിനോ ലാദനെ കൊന്നതില്‍ പങ്കില്ലെന്നും വാര്‍ത്തയുണ്ട്. മറ്റൊരു രാജ്യത്ത് കടന്നുചെന്ന് ഒരാളെ പിടിച്ച് വിചാരണയോ തെളിവെടുപ്പോ ഇല്ലാതെ കൊന്നു എന്നത് അമേരിക്കയുടെ അപ്രമാദിത്ത സ്വഭാവം വെളിപ്പെടുത്തുക മാത്രമല്ല, സാമാന്യ നീതിയുടെയും മനുഷ്യാവകാശങ്ങളുടെയും ലംഘനം സംബന്ധിച്ച ചോദ്യങ്ങളും ഉയര്‍ത്തുന്നുണ്ട്. ലോക ഭീകരതയുടെ പ്രതീകമെന്ന നിലയില്‍ ലാദന്‍ ഇതിനേക്കാള്‍ കടുത്ത ശിക്ഷ അര്‍ഹിക്കുന്നുണ്ട്. എന്നാല്‍ , നാളെ ഇന്ത്യയില്‍ കടന്നുവന്നും അമേരിക്കയ്ക്ക് ഇത്തരമൊരു കൃത്യം നടത്താനുള്ള ന്യായീകരണം കൂടി ഇതില്‍ അടങ്ങിയിട്ടില്ലേ എന്നത് ചര്‍ച്ചചെയ്യേണ്ടതുമുണ്ട്. ഇറാഖില്‍ സദ്ദാമിനെ കൊന്നതും ലിബിയയില്‍ മു അമ്മര്‍ ഗദ്ദാഫിയെ കൊല്ലാന്‍ നോക്കുന്നതും ഇതിന്റെ മറുവശങ്ങള്‍ തന്നെ.

ലാദന്‍ ദയ അര്‍ഹിക്കുന്നില്ല. അയാള്‍ പ്രതിനിധാനം ചെയ്യുന്ന ഭീകരവാദത്തിന്റെ സരണി ഒരുതരത്തിലുമുള്ള അനുഭാവത്തിനും അര്‍ഹമല്ല. അതുകൊണ്ടുതന്നെ, ലാദനു വേണ്ടി വീഴ്ത്താന്‍ ഒരിറ്റു കണ്ണീര്‍ മനുഷ്യസ്നേഹികള്‍ക്കില്ല. അതേസമയം, ലാദന്റേതില്‍നിന്ന് ഒട്ടും ഭേദപ്പെട്ടതല്ല അമേരിക്ക പ്രതിനിധാനം ചെയ്യുന്ന അധിനിവേശരാഷ്ട്രീയവും അതിന്റെ താല്‍പ്പര്യങ്ങളുമെന്ന് മനസ്സിലാക്കാതെയുള്ള ആഘോഷം അപകടകരമാണ്.

ലാദന്‍ വധത്തോടെ പാകിസ്ഥാനിലെ രാഷ്ട്രീയം പുതിയ ദിശയിലേക്ക് പോകുന്നു. പട്ടാളത്തിന്റെ പുതിയ രംഗപ്രവേശമായി ഇതിനെ വിലയിരുത്തുന്നവരുണ്ട്. അമേരിക്കയുടെയും പാകിസ്ഥാന്റെയും ചരിത്രദിനമാണ് ഇതെന്ന ഒബാമയുടെ വാക്കുകള്‍ പാക്-യുഎസ് കൂട്ടുകെട്ടിന്റെ പുതിയ അര്‍ഥതലങ്ങളിലേക്കാണ് വിരല്‍ചൂണ്ടുന്നത്. ലാദന്റെ നഷ്ടത്തില്‍ ഭീകരവാദികള്‍ എങ്ങനെ പ്രതികരിക്കുമെന്നത് മറ്റൊരു പ്രശ്നമാണ്. ചുരുക്കത്തില്‍ കൂടുതല്‍ ചൂടുപിടിച്ച നാളുകളിലേക്കാണ് ലോക രാഷ്ട്രീയം കടക്കുന്നത്. അമേരിക്കയുടെ സൃഷ്ടി മാത്രമല്ല ഉച്ചിഷ്ടവുമാണ് ലാദന്‍ . ലാദന്‍ വധത്തെ വിജയാഹ്ലാദമാക്കി മാറ്റുന്നതോ പ്രതികാരഹേതുവാക്കി കത്തിക്കുന്നതോ ആയ സമീപനങ്ങള്‍ക്കെതിരായ ജനവികാരമാണ് ഉയരേണ്ടത്. സാമ്രാജ്യത്വ വിരുദ്ധസമരവും ഭീകരതയ്ക്കെതിരായ നിലപാടും അവിടെയാണ് യോജിക്കുക.

ദേശാഭിമാനി മുഖപ്രസംഗം 030511

1 comment:

  1. നീണ്ട പത്തുകൊല്ലത്തെ പ്രയത്നത്തിനുശേഷം അമേരിക്കയ്ക്ക് അത് സാധിച്ചിരിക്കുന്നു-ഒസാമ ബിന്‍ ലാദന്‍ എന്ന സൗദി വംശജനായ ഭീകരനേതാവിന്റെ തല അവര്‍ തകര്‍ത്തിരിക്കുന്നു. കണ്ണുകള്‍ പോയി വികൃതമാക്കപ്പെട്ട മൃതദേഹം കടലില്‍ അടക്കം ചെയ്തതായാണ് വാര്‍ത്ത. അമേരിക്കയില്‍ ആഹ്ലാദപ്രകടനങ്ങള്‍ നടക്കുന്നു. ലോകത്താകെ സുരക്ഷാസേനകള്‍ ജാഗ്രത പാലിക്കുന്നു. ഒസാമയുടെ മരണവാറന്റില്‍ ഒപ്പിട്ട ഒബാമ പറയുന്നു-ഇത് ചരിത്രമുഹൂര്‍ത്തമെന്ന്. സെപ്തംബര്‍ 11ന്റെ ഭീകരാക്രമണത്തിനുശേഷം ഒരുപക്ഷേ അമേരിക്ക നെടുവീര്‍പ്പിടുന്ന വേളയാണ് ഇത്. അടുത്ത പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ബറാക് ഒബാമയുടെ റേറ്റിങ് വര്‍ധിക്കാനുള്ള ഇന്ധനവും ഇതില്‍നിന്നു ലഭിച്ചേക്കും.

    ReplyDelete