Tuesday, May 3, 2011

എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ക്ക് കേന്ദ്രം പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണം

എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ക്ക് പ്രത്യേക പാക്കേജ് പ്രഖ്യാപിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാകണമെന്ന് എല്‍ ഡി എഫ് സംസ്ഥാനസമിതിയോഗം ആവശ്യപ്പെട്ടു. ഇക്കാര്യം കേരളത്തില്‍ നിന്നുള്ള സര്‍വകക്ഷി പ്രതിനിധി സംഘം പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു. സംസ്ഥാന സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ആവശ്യമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.അര്‍ഹതപ്പെട്ട മുഴവുന്‍ ദുരിതബാധിതര്‍ക്കും ആനുകൂല്യം ലഭിക്കുന്നുവെന്ന് ഉറപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ജാഗ്രത കാട്ടണമെന്നും യോഗതീരുമാനങ്ങള്‍ വിശദീകരിച്ചുകൊണ്ട് കണ്‍വീനര്‍ വൈക്കം വിശ്വന്‍ പറഞ്ഞു. എന്‍ഡോസള്‍ഫാന്‍ ആഗോളതലത്തില്‍ നിരോധിച്ചുവെങ്കിലും 23 കാര്‍ഷിക വിളകളില്‍ ഈ കീടനാശിനി ഉപയോഗിക്കാമെന്ന നിലപാട് സൃഷ്ടിച്ചെടുത്ത കേന്ദ്രസര്‍ക്കാരിന്റെ നീക്കം നിരോധനം അട്ടിമറിക്കുന്നതിനാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഇത് അംഗീകരിക്കാന്‍ കഴിയില്ലെന്നും ഇക്കാര്യത്തില്‍ കേന്ദ്രം ഉരുണ്ടുകളി അവസാനിപ്പിക്കണമെന്നും വൈക്കം വിശ്വന്‍ പറഞ്ഞു. കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ എച്ച് ഐ എല്ലില്‍ എന്‍ഡോസള്‍ഫാന്‍ ഉല്‍പാദനം തടയുന്നതിന് അടിയന്തര ഇടപെടല്‍ നടത്തണമെന്നും എല്‍ ഡി എഫ് യോഗം ആവശ്യപ്പെട്ടു.

എന്‍ഡോസള്‍ഫാന്‍ നിരോധിക്കാനുള്ള സ്റ്റോക്ക് ഹോം സമ്മേളന തീരുമാനം എല്‍ ഡി എഫ് സ്വാഗതം ചെയ്യുന്നു. എന്‍ഡോസള്‍ഫാന്‍ കുത്തക കമ്പനികളുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതിനാണ് കേന്ദ്രസര്‍ക്കാരും കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കളും പരിശ്രമിച്ചത്. എന്‍ഡോസള്‍ഫാന്‍ വിരുദ്ധ പ്രക്ഷോഭത്തെ ദുര്‍ബലപ്പെടുത്തുന്നതിനാണ് ഇവര്‍ ശ്രമിച്ചത്. കഴിഞ്ഞ സ്റ്റോക്ക് ഹോം സമ്മേളനത്തില്‍ എന്‍ഡോസള്‍ഫാന്‍ അനുകൂലനിലപാട് സ്വീകരിച്ച പ്രതിനിധികളെ തന്നെയാണ് ജനവീയയിലേക്ക് കേന്ദ്രസര്‍ക്കാര്‍ അയച്ചത്. അവസാനം വരെ എന്‍ഡോസള്‍ഫാനുവേണ്ടി വാദിക്കുകയും, ഒടുവില്‍ വോട്ടെടുപ്പ് വേണ്ടിവന്നാല്‍ മഹാഭൂരിപക്ഷം രാജ്യങ്ങളുടെ മുന്നില്‍ ഇന്ത്യ ഒറ്റപ്പെടുമെന്ന സാഹചര്യമുണ്ടായ വേളയിലാണ്‌നിരോധനത്തെ അനുകൂലിക്കുന്ന സമീപനം കേന്ദ്രം സ്വീകരിച്ചത്. ഗത്യന്തരമില്ലാതെ എന്‍ഡോസള്‍ഫാന്‍ നിരോധനത്തെ പിന്തുണയ്ക്കാന്‍ ഇന്ത്യ നിര്‍ബന്ധിതരാകുകയായിരുന്നു. എന്നാല്‍ ഈ ഘട്ടത്തില്‍പോലും കീടനാശിനി കമ്പനികളെ സംരക്ഷിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ വഴികണ്ടെത്തി. അഞ്ചു മുതല്‍ പത്തു വര്‍ഷക്കാലത്തേക്ക് എന്‍ഡോസള്‍ഫാന്‍ കമ്പികള്‍ക്ക് പിടിച്ചുനില്‍ക്കാന്‍ അവസരം ലഭ്യമാക്കുകയാണ് കേന്ദ്രസര്‍ക്കാര്‍ ചെയ്തത്. ഈ സമപരിധി ചൂണ്ടിക്കാട്ടി എന്‍ഡോസള്‍ഫാന്‍ നിരോധനത്തെ അട്ടിമറിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ശ്രമിച്ചാല്‍ എല്‍ ഡി എഫിന്റെ നേതൃത്വത്തില്‍ ശക്തമായ ബഹുജനപ്രക്ഷോഭം ഉയര്‍ത്തിക്കൊണ്ടുവരുമെന്നും വൈക്കം വിശ്വന്‍ പറഞ്ഞു.

ജനവീയിലെ സ്റ്റോക്ക് ഹോം സമ്മേളനം അവസാനിച്ച 29ന് എല്‍ ഡി എഫ് നടത്തിയ ഹര്‍ത്താല്‍ ജനകീയ പ്രതിഷേധത്തിന്റെ ഉയര്‍ന്ന രൂപമായി മാറി. കേരള ജനതയ്ക്കാകെ സ്വീകാര്യമായ ഹര്‍ത്താലായി അത് അംഗീകരിക്കപ്പെട്ടു. തൊഴിലാളികളും കര്‍ഷകരും പരിസ്ഥിതി പ്രവര്‍ത്തകരും സാംസ്‌കാരിക നായകന്മാരും മതമേലധ്യക്ഷന്‍മാരും എന്‍ഡോസള്‍ഫാനെതിരായ പ്രക്ഷോഭത്തില്‍ അണിനിരന്നു. കേരളത്തിന്റെ ജനകീയ മുന്നേറ്റ ചരിത്രത്തില്‍ മുമ്പെങ്ങുമില്ലാത്ത സമരമാണ് ദൃശ്യമായത്. ഹര്‍ത്താല്‍ ജനദ്രോഹവും എന്‍ഡോസള്‍ഫാന്‍ ജനോപകാരപ്രവുമാണെന്ന വാദമാണ് ഒരു വിഭാഗം കോണ്‍ഗ്രസ് നേതാക്കള്‍ ഉയര്‍ത്തിയത്. ഭരണാധികാരികാളുടെ തെറ്റായ നടപടികള്‍ക്കെതിരെ ശബ്ദമുയര്‍ത്താന്‍ പാടില്ല എന്ന ഫാസിസ്റ്റ് വാദം ജനാധിപത്യത്തിന്റെ തകര്‍ച്ചയ്ക്ക് ഇടയാക്കും. എന്‍ഡോസള്‍ഫാന്‍ കര്‍ഷകര്‍ക്ക് നേട്ടമുണ്ടാക്കുന്നുവെന്ന പ്രചരണം അഴിച്ചുവിടാനും ശ്രമം നടന്നു. എന്നാല്‍ എന്‍ഡോസള്‍ഫാന്‍ മണ്ണിനും മനുഷ്യനും നാശം വിതയ്ക്കുമെന്നും കര്‍ഷകരുടെ സുഹൃത്തല്ല, ശത്രുവാണെന്നും ഇതിനോടകം തെളിഞ്ഞിട്ടുണ്ട്.

സംസ്ഥാനത്ത് നിലവിലുള്ളത് കാവല്‍ മന്ത്രിസഭയാണെന്നും അതിനാല്‍ ഭരണപരമായ ഇടപെടല്‍ നടത്താന്‍ അവകാശമില്ലെന്നുമുള്ള യു ഡി എഫിന്റെ നിലപാട് വസ്തുതാപരമല്ല. സര്‍ക്കാര്‍ രാജിവെച്ച് തിരഞ്ഞെടുപ്പിനെ നേരിടുകയായിരുന്നില്ല. തിരഞ്ഞെടുപ്പ് കമ്മിഷന്റെ തീരുമാനപ്രകാരമാണ് തിരഞ്ഞെടുപ്പ് നടന്നത്. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തില്‍ ഇളവ് അനുവദിച്ചത് സര്‍ക്കാരിന് ഭരണകാ്‌ര്യങ്ങള്‍ക്ക്് സ്വാതന്ത്ര്യം നല്‍കുന്നതിനുവേണ്ടിയാണ്. യു ഡി എഫിന്റെ ഇത്തരം കാര്യങ്ങളിലുള്ള ഇടപെടല്‍ ജനാധിപത്യ വിരുദ്ധമാണ്. തങ്ങള്‍ അധികാരത്തില്‍ വന്നാല്‍ തകര്‍ത്തുകളയും എന്ന് ഭീഷണിപ്പെടുത്തി ഉദ്യോഗസ്ഥരെ വരുതിയില്‍ നിര്‍ത്താനുള്ള ശ്രമം വിലപ്പോവില്ല. ജനകീയ സമരത്തിന്റെ കരുത്തുവര്‍ധിച്ച് വിജയത്തിലെത്തി ചേരുമ്പോള്‍ ജനകീയ താല്‍പര്യങ്ങളെ ചാലുകീറിവിടാനുള്ള ശ്രമമാണ് വലതുപക്ഷ ശക്തികള്‍ നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് എല്‍ ഡി എഫ് ഭരണം തുടരുന്നതിനുള്ള പൊതുവായ സാഹചര്യമാണ് നിലവിലുള്ളതെന്നും വൈക്കം വിശ്വന്‍ പറഞ്ഞു. ആര്‍ എസ് പി സംസ്ഥാന സെക്രട്ടറി വി പി രാമകൃഷ്ണപിള്ള യോഗത്തില്‍ അധ്യക്ഷത വഹിച്ചു. 
 
കേന്ദ്ര സര്‍ക്കാരിന് സുപ്രിംകോടതി നോട്ടീസ്

ന്യൂഡല്‍ഹി: എന്‍ഡോസള്‍ഫാന്‍ ദേശ വ്യാപകമായി നിരോധിക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിക്കപ്പെട്ട ഹര്‍ജിയില്‍ സുപ്രിംകോടതി കേന്ദ്ര സര്‍ക്കാരിന് നോട്ടീസയച്ചു. മെയ് 11ന് തുടര്‍വാദം കേള്‍ക്കുമ്പോള്‍ കേന്ദ്ര നിലപാട് വ്യക്തമാക്കണമെന്ന് സോളിസിറ്റര്‍ ജനറല്‍ ഗോപാല്‍ സുബ്രഹ്മണ്യത്തോട് ആവശ്യപ്പെട്ടുകൊണ്ടാണ് ചീഫ് ജസ്റ്റിസ് എസ് എച്ച് കപാഡിയയും ജസ്റ്റിസുമാരായ കെ എസ് രാധാകൃഷ്ണനും എസ് കുമാറും അടങ്ങുന്ന ബെഞ്ച് നോട്ടീസ് അയച്ചത്. ഡി വൈ എഫ് ഐ നല്‍കിയ ഹര്‍ജിയിലാണ് നോട്ടീസ്.

ജനയുഗം 030511

1 comment:

  1. എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ക്ക് പ്രത്യേക പാക്കേജ് പ്രഖ്യാപിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാകണമെന്ന് എല്‍ ഡി എഫ് സംസ്ഥാനസമിതിയോഗം ആവശ്യപ്പെട്ടു. ഇക്കാര്യം കേരളത്തില്‍ നിന്നുള്ള സര്‍വകക്ഷി പ്രതിനിധി സംഘം പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു. സംസ്ഥാന സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ആവശ്യമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.അര്‍ഹതപ്പെട്ട മുഴവുന്‍ ദുരിതബാധിതര്‍ക്കും ആനുകൂല്യം ലഭിക്കുന്നുവെന്ന് ഉറപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ജാഗ്രത കാട്ടണമെന്നും യോഗതീരുമാനങ്ങള്‍ വിശദീകരിച്ചുകൊണ്ട് കണ്‍വീനര്‍ വൈക്കം വിശ്വന്‍ പറഞ്ഞു. എന്‍ഡോസള്‍ഫാന്‍ ആഗോളതലത്തില്‍ നിരോധിച്ചുവെങ്കിലും 23 കാര്‍ഷിക വിളകളില്‍ ഈ കീടനാശിനി ഉപയോഗിക്കാമെന്ന നിലപാട് സൃഷ്ടിച്ചെടുത്ത കേന്ദ്രസര്‍ക്കാരിന്റെ നീക്കം നിരോധനം അട്ടിമറിക്കുന്നതിനാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഇത് അംഗീകരിക്കാന്‍ കഴിയില്ലെന്നും ഇക്കാര്യത്തില്‍ കേന്ദ്രം ഉരുണ്ടുകളി അവസാനിപ്പിക്കണമെന്നും വൈക്കം വിശ്വന്‍ പറഞ്ഞു. കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ എച്ച് ഐ എല്ലില്‍ എന്‍ഡോസള്‍ഫാന്‍ ഉല്‍പാദനം തടയുന്നതിന് അടിയന്തര ഇടപെടല്‍ നടത്തണമെന്നും എല്‍ ഡി എഫ് യോഗം ആവശ്യപ്പെട്ടു.

    ReplyDelete