Sunday, May 22, 2011

5 മന്ത്രിമാരെന്ന് ലീഗ്; അറിയില്ലെന്ന് ഉമ്മന്‍ചാണ്ടി

യുഡിഎഫ് മന്ത്രിസഭയുടെ രണ്ടാംഘട്ട സത്യപ്രതിജ്ഞ തിങ്കളാഴ്ച നടക്കാനിരിക്കെ അഞ്ചുമന്ത്രിമാരുടെ പേരും വകുപ്പും മുസ്ലിംലീഗ് ഏകപക്ഷീയമായി പ്രഖ്യാപിച്ചു. എന്നാല്‍ , ലീഗിന്റെ തീരുമാനം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തള്ളി. ഇത് അംഗീകരിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. കേരള കോണ്‍ഗ്രസ് എം നേതാവ് കെ എം മാണിയും ലീഗ് നിലപാടിനോടു വിയോജിച്ചു. അതോടൊപ്പം മൂന്നാംമന്ത്രി സ്ഥാനത്തിനുള്ള അവകാശത്തില്‍ പാര്‍ടി ഉറച്ചുനില്‍ക്കുമെന്ന് മാണി വ്യക്തമാക്കി. ഇതോടെ യുഡിഎഫില്‍ പ്രതിസന്ധി രൂക്ഷമായി.

13 മന്ത്രിമാര്‍കൂടി തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്യുമെന്നും സ്പീക്കര്‍ , ഡെപ്യൂട്ടി സ്പീക്കര്‍ , പാര്‍ലമെന്ററി കാര്യവകുപ്പ് തുടങ്ങിയ കാര്യങ്ങളില്‍ പിന്നീടേ തീരുമാനമുണ്ടാകുവെന്നും യുപിഎ സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികാഘോഷവിരുന്നിന് ഡല്‍ഹിയിലെത്തിയ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. ലീഗ് പറഞ്ഞ കാര്യങ്ങളെക്കുറിച്ച് തനിക്ക് അറിയില്ല. പാര്‍ലമെന്ററികാര്യ വകുപ്പിന്റെ കാര്യം നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. അതു നിയമസഭയുമായി ബന്ധപ്പെട്ട വകുപ്പാണ്. അത് പിന്നീട് തീരുമാനിക്കും. മന്ത്രിമാരുടെ എണ്ണത്തിന്റെ കാര്യത്തില്‍ മാറ്റമില്ലെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

അഞ്ചാം മന്ത്രിയെ യുഡിഎഫ് നേതൃത്വം അറിയാതെയും വകുപ്പുകള്‍ മുഖ്യമന്ത്രി അറിയാതെയും ലീഗ് പ്രഖ്യാപിച്ചതില്‍ കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല ലീഗ് നേതാക്കളെ അതൃപ്തി അറിയിച്ചു. എന്നാല്‍ , അഞ്ചാം മന്ത്രിസ്ഥാനം ലീഗ് പ്രഖ്യാപിച്ചത് പ്രഖ്യാപിച്ചതുതന്നെ എന്ന പ്രതികരണമാണ് പി കെ കുഞ്ഞാലിക്കുട്ടി നടത്തിയത്. മന്ത്രിസഭയുടെ രണ്ടാംഘട്ട സത്യപ്രതിജ്ഞ തിങ്കളാഴ്ച നടക്കാനിരിക്കെ സംസ്ഥാന ഭരണചരിത്രത്തില്‍ ഇതുവരെ കാണാത്ത പരിഹാസ്യമായ സംഭവങ്ങളാണ് അരങ്ങേറുന്നത്. കുഞ്ഞാലിക്കുട്ടിയെ കൂടാതെ പി കെ അബ്ദുറബ്, എം കെ മുനീര്‍ , വി കെ ഇബ്രാഹിംകുഞ്ഞ്, മഞ്ഞളാംകുഴി അലി എന്നിവര്‍ മന്ത്രിമാരാകുമെന്ന് ലീഗ് അധ്യക്ഷന്‍ പാണക്കാട് ഹൈദരാലി ശിഹാബ്തങ്ങളാണ് അറിയിച്ചത്. അലിയുടെ സത്യപ്രതിജ്ഞ പിന്നീട് നടക്കുമെന്ന് ലീഗ് അധ്യക്ഷന്‍ വ്യക്തമാക്കി.

ഇതു മുഖ്യമന്ത്രിയെയും ഘടകകക്ഷി നേതാക്കളെയും സ്തബ്ദരാക്കി. ലീഗ് നിലപാടിനോടു വിയോജിച്ച കെ എം മാണി മൂന്നു മന്ത്രിമാര്‍ കേരള കോണ്‍ഗ്രസ് എമ്മിന് വേണമെന്ന ആവശ്യവും ഉന്നയിച്ചു. സ്പീക്കര്‍ , ഡെപ്യൂട്ടി സ്പീക്കര്‍ , പാര്‍ലമെന്ററികാര്യ വകുപ്പ് എന്നിവയെപ്പറ്റി പിന്നീട് തീരുമാനിക്കാമെന്നായിരുന്നു യുഡിഎഫിലെ ധാരണയെന്നും ഇതിനു വിരുദ്ധമായ ലീഗ് പ്രഖ്യാപനത്തെപ്പറ്റി തിങ്കളാഴ്ച യുഡിഎഫ് നേതാക്കളുമായി ചര്‍ച്ച നടത്തുമെന്നും മാണി പറഞ്ഞു. ചീഫ് വിപ്പിന് മന്ത്രിപദവി നല്‍കുക എന്നതാണ് യുഡിഎഫ് ഉദ്ദേശിക്കുന്നതെന്ന് കോണ്‍ഗ്രസ് നേതൃത്വം വ്യക്തമാക്കി. ഇതിന് മാറ്റംവരുത്തില്ല. മന്ത്രിമാരെ നിര്‍ദേശിക്കാനും വകുപ്പുകള്‍ ഏതെന്ന് പറയാനുള്ള അവകാശം ലീഗിനുണ്ട്. എന്നാല്‍ , പരസ്യമായി അത് പ്രകടിപ്പിക്കുന്നതില്‍ ചില പരിധികളുണ്ടെന്ന് രമേശ് ചെന്നിത്തല ലീഗ് നേതാക്കളുമായി ഞായറാഴ്ച വൈകിട്ട് നടത്തിയ കൂടിക്കാഴ്ച്ചയില്‍ വ്യക്തമാക്കി.

ലീഗ് മന്ത്രിമാരുടെ വകുപ്പ് വിഭജനത്തില്‍ കുഞ്ഞാലിക്കുട്ടിയുടെ അമിത മേധാവിത്വമാണ് തെളിഞ്ഞത്. പരിണിതപ്രഞ്ജരായ ലീഗ് എംഎല്‍എമാരെ തഴഞ്ഞ് പുത്തന്‍കൂറ്റുകാരനായ മഞ്ഞളാംകുഴി അലിയെ അഞ്ചാം മന്ത്രിയാക്കാന്‍ ലീഗ് നേതൃത്വംകാട്ടിയ താല്‍പ്പര്യത്തിനുപിന്നില്‍ ഗള്‍ഫിലെ ചില സാമ്പത്തികശക്തികളുടെ ഇടപെടലാണെന്ന ആക്ഷേപവും ശക്തമാണ്.

മുനീറിനെ ഒതുക്കി ലീഗ് പട്ടിക


മുസ്ലിംലീഗ് മന്ത്രിമാരെ പ്രഖ്യാപിച്ചപ്പോള്‍ പി കെ കുഞ്ഞാലിക്കുട്ടിക്ക് സര്‍വാധിപത്യം. വിശ്വസ്തരായ വി കെ ഇബ്രാഹിംകുഞ്ഞിനും പി കെ അബ്ദുറബ്ബിനും പ്രധാന വകുപ്പുകള്‍ നല്‍കിയപ്പോള്‍ എം കെ മുനീറിനെ പേരിന് മന്ത്രിയാക്കി. യുഡിഎഫിനെ പ്രതിസന്ധിയിലാക്കി അഞ്ചാമനായി മഞ്ഞളാംകുഴി അലിയുടെ പേരും ഉള്‍പ്പെടുത്തിയാണ് ലീഗ് മന്ത്രിമാരുടെ പേരും വകുപ്പും ഞായറാഴ്ച പ്രഖ്യാപിച്ചത്. ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളും ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടിയും വാര്‍ത്താസമ്മേളനത്തിലാണ് പ്രഖ്യാപനം നടത്തിയത്. മുനീറിന് പഞ്ചായത്തും സാമൂഹ്യക്ഷേമവുമാണ് വകുപ്പുകള്‍ . തദ്ദേശവകുപ്പിനു കീഴിലുള്ള കോര്‍പറേഷന്‍ -മുനിസിപ്പല്‍ ഭരണം കുഞ്ഞാലിക്കുട്ടി ഏറ്റെടുത്തു. ഇബ്രാഹിംകുഞ്ഞിന് പൊതുമരാമത്ത്. അബ്ദുറബ്ബിന് വിദ്യാഭ്യാസം. നേരത്തേ വ്യവസായമന്ത്രിയായി ചുമതലയേറ്റ പി കെ കുഞ്ഞാലിക്കുട്ടിക്ക് ഐ ടി, മുനിസിപ്പല്‍ -കോര്‍പ്പറേഷന്‍ ഭരണം, ന്യൂനപക്ഷക്ഷേമം തുടങ്ങിയ വകുപ്പുകള്‍കൂടി നല്‍കിയതായും മഞ്ഞളാംകുഴി അലി പാര്‍ലമെന്ററികാര്യ മന്ത്രിയായിരിക്കുമെന്നും ഹൈദരലി ശിഹാബ് തങ്ങള്‍ പറഞ്ഞു. എന്നാല്‍ അലി തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്യില്ല.

യുഡിഎഫ് നേതാക്കളുമായുള്ള ധാരണയുടെ അടിസ്ഥാനത്തിലാണ് അഞ്ചാമത്തെ മന്ത്രിയെ പ്രഖ്യാപിക്കുന്നതെന്ന് കുഞ്ഞാലിക്കുട്ടി അവകാശപ്പെട്ടു. 20 അംഗ മന്ത്രിസഭഭഎന്നത് ശനിയാഴ്ച വരെയുള്ള തീരുമാനമായിരുന്നു. ഇനി ഇത് മാറിക്കൂടെന്നില്ലെന്നും ചോദ്യങ്ങള്‍ക്ക് മറുപടിയായി അദ്ദേഹം പറഞ്ഞു. മന്ത്രിയാകാന്‍ മുനീര്‍ ഇന്ത്യാവിഷന്‍ ചെയര്‍മാന്‍ സ്ഥാനം രാജിവെച്ച് കത്ത് തന്നതായി ശിഹാബ് തങ്ങള്‍ അറിയിച്ചു. ലീഗ് മന്ത്രിമാരില്‍ കുഞ്ഞാലിക്കുട്ടി കഴിഞ്ഞാല്‍ രണ്ടാമനായാണ് മുന്‍ യുഡിഎഫ് ഭരണത്തില്‍ മുനീര്‍ അറിയപ്പെട്ടിരുന്നത്. ഇത്തവണ വിദ്യാഭ്യാസവകുപ്പ് കിട്ടുമെന്ന ഉറച്ച പ്രതീക്ഷയിലായിരുന്നു സംസ്ഥാന സെക്രട്ടറി കൂടിയായ മുനീര്‍ . വിദ്യാഭ്യാസമില്ലെങ്കില്‍ പഴയ പൊതുമരാമത്തിനായി വാശിപിടിച്ചുനോക്കി. എന്നാല്‍ അതും ഫലിച്ചില്ല. മന്ത്രിപദമോഹികളായ മറ്റ് എംഎല്‍എ മാരെ ഉപയോഗിച്ചാണ് മുനീറിനെ ഒതുക്കല്‍ തന്ത്രം നടപ്പാക്കിയത്. ഇതിലൂടെ വലിയ ലക്ഷ്യമാണ് കുഞ്ഞാലിക്കുട്ടി നേടിയത്. മന്ത്രിസ്ഥാനം വെച്ചുനീട്ടി തന്റെ ടാര്‍ജറ്റായ ഇന്ത്യാവിഷന്‍ ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് മുനീറിനെ രാജിവെപ്പിക്കാനായി. ഇനി ഒരാള്‍ക്ക് ഒരു പദവിയുടെ പേരില്‍ സംസ്ഥാന സെക്രട്ടറി സ്ഥാനത്തുനിന്നും മാറ്റാം. ഇബ്രാഹിംകുഞ്ഞിന് ലഭിച്ച പൊതുമരാമത്തിന്റെയും അബ്ദുറബ്ബിന് കിട്ടിയ വിദ്യാഭ്യാസ വകുപ്പിന്റെയും നിയന്ത്രണവും കുഞ്ഞാലിക്കുട്ടിക്കായിരിക്കും.

കോണ്‍ഗ്രസ് ലത്തീന്‍ സമുദായത്തെ വഞ്ചിച്ചുവെന്ന്

കൊച്ചി: മന്ത്രിമാരെ നിശ്ചയിച്ചപ്പോള്‍ കോണ്‍ഗ്രസ് ലത്തീന്‍ സമുദായത്തോടു നന്ദികേടുകാണിച്ചുവെന്ന് സമുദായസംഘടനകളായ കെഎല്‍സിഎയും സിഎസ്എസും വാര്‍ത്താസമ്മേളനത്തില്‍ കുറ്റപ്പെടുത്തി. വോട്ടുവാങ്ങി വിജയിച്ച ശേഷം കോണ്‍ഗ്രസ് ലത്തീന്‍ സമുദായത്തെ വഞ്ചിക്കുകയായിരുന്നുവെന്ന് സംസ്ഥാനഭാരവാഹികളായ റാഫേല്‍ ആന്റണിയും വിജെ മാനുവലും പറഞ്ഞു. ലത്തീന്‍സമുദായത്തെ ഒഴിവാക്കിയതില്‍ ശക്തമായ പ്രതിഷേധവും അമര്‍ഷവുമുണ്ട്.ഈ സാഹചര്യത്തില്‍ ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരിനെ സംശയത്തോടെ മാത്രമേ കാണാനാവൂ. സമുദായത്തിന് ഈ സര്‍ക്കാരില്‍ നിന്നും നീതി ലഭിക്കുമോയെന്ന് സംശയിക്കണം.അത്യന്തം ജാഗ്രതയോടെ മാത്രമേ ഇനി സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെ നോക്കിക്കാണാനാവൂയെന്നും സംഘടനകള്‍ വലയിരുത്തി.

ദേശാഭിമാനി 230511

1 comment:

  1. യുഡിഎഫ് മന്ത്രിസഭയുടെ രണ്ടാംഘട്ട സത്യപ്രതിജ്ഞ തിങ്കളാഴ്ച നടക്കാനിരിക്കെ അഞ്ചുമന്ത്രിമാരുടെ പേരും വകുപ്പും മുസ്ലിംലീഗ് ഏകപക്ഷീയമായി പ്രഖ്യാപിച്ചു. എന്നാല്‍ , ലീഗിന്റെ തീരുമാനം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തള്ളി. ഇത് അംഗീകരിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. കേരള കോണ്‍ഗ്രസ് എം നേതാവ് കെ എം മാണിയും ലീഗ് നിലപാടിനോടു വിയോജിച്ചു. അതോടൊപ്പം മൂന്നാംമന്ത്രി സ്ഥാനത്തിനുള്ള അവകാശത്തില്‍ പാര്‍ടി ഉറച്ചുനില്‍ക്കുമെന്ന് മാണി വ്യക്തമാക്കി. ഇതോടെ യുഡിഎഫില്‍ പ്രതിസന്ധി രൂക്ഷമായി.

    ReplyDelete