മദ്ബന്‍ (മഹാരാഷ്ട്ര): രത്നഗിരി ജില്ലയിലെ മദ്ബന്‍ ഗ്രാമത്തിലെ പ്രവീണ്‍ ഗാവ്ലങ്കര്‍ വീട് പുതുക്കിപ്പണിയുന്ന തിരക്കിലാണ്. വീട് വെറുതെ പുതുക്കിപ്പണിയുകയല്ല ഗാവ്ലങ്കര്‍ . അതൊരു പ്രതിഷേധത്തിന്റെ സൂചകമാണ്. വീടിനടുത്തുള്ള കുന്നിനുമുകളില്‍ വരാന്‍ പോകുന്ന ജെയ്താപുര്‍ ആണവനിലയം എന്തുവിലകൊടുത്തും തടയുമെന്ന പ്രഖ്യാപനം. ആണവനിലയം വരുന്നതോടെ ഗാവ്ലങ്കര്‍ ഉള്‍പ്പെടെ ഉദ്ദേശം 800 കുടുംബം ഗ്രാമം വിട്ടുപോകണം. അതിന് തയ്യാറല്ലെന്ന് സ്വന്തം വീടുപണിയിലൂടെ ഉറക്കെ പ്രഖ്യാപിക്കുകയാണ് ഗാവ്ലങ്കര്‍ . ആണവനിലയത്തിനെതിരെ പ്രക്ഷോഭം നടത്തുന്ന ജനഹിത് സേവാസമിതിയുടെ നേതാവുകൂടിയാണ് പ്രവീണ്‍ ഗാവ്ലങ്കര്‍ .
164 ഏക്കര്‍ ഭൂമിയാണ് ഗാവ്ലങ്കര്ക്കുമാത്രം നഷ്ടമാകുന്നത്. ഭൂമി ഏറ്റെടുക്കല്‍നിയമം അനുസരിച്ച് ഗാവ്ലങ്കറുടേത് ഉള്‍പ്പെടെ 2300 ഏക്കറാണ് സര്‍ക്കാര്‍ ഏറ്റെടുത്തത്. ബലംപ്രയോഗിച്ച് ഏറ്റെടുത്ത ഭൂമിക്കു ചുറ്റും പൊലീസുണ്ട്. ഗ്രാമീണരെ വിശ്വാസത്തിലെടുക്കാതെ തീര്‍ത്തും ഏകപക്ഷീയമായിരുന്നു ഏറ്റെടുക്കലെന്ന് ഗാവ്ലങ്കര്‍ ആരോപിക്കുന്നു. പൊലീസിന്റെ അകമ്പടിയോടെയായിരുന്നു സര്‍വേ. കര്‍ഷകര്‍ പ്രതിഷേധിച്ചപ്പോള്‍ സ്ഥലത്തിന്റെ വില നിശ്ചയിച്ചിട്ടില്ലെന്നും അതിനുശേഷം മാത്രമേ സ്ഥലം ഏറ്റെടുക്കൂ എന്നും പറഞ്ഞിരുന്നു. എന്നാല്‍ , പൊടുന്നനെ സ്ഥലം ഏറ്റെടുത്തു. ഒട്ടും സുതാര്യമല്ലാത്ത മാര്‍ഗത്തിലൂടെ. കൊള്ളക്കാരെപ്പോലെയാണ് സര്‍ക്കാര്‍ പെരുമാറിയത്. സ്ഥലത്തിന്റെ രേഖ ആരും സര്‍ക്കാരിന് കൈമാറിയിട്ടില്ല. ദീര്‍ഘകാലമായി ഗ്രാമത്തിനുപുറത്തുള്ള 122 പേര്‍മാത്രമാണ് നഷ്ടപരിഹാരം കൈപ്പറ്റിയത്. ക്വിറ്റ് ഇന്ത്യ സമരകാലത്ത് 13 രക്തസാക്ഷികളെ സൃഷ്ടിച്ച ചരിത്രമുള്ള ഈ ഗ്രാമം ആണവനിലയത്തിനെതിരെയുള്ള പ്രക്ഷോഭത്തിലും കീഴടങ്ങുന്ന പ്രശ്നമില്ലെന്ന് ഗാവ്ലങ്കര്‍ പറഞ്ഞു. ഗാവ്ലങ്കര്‍ ഉള്‍പ്പെടെ 55 പേരെ മദ്ബനില്നിന്നുമാത്രം ഇതിനകം അറസ്റ്റുചെയ്തിട്ടുണ്ട്. ഒമ്പതു ദിവസമാണ് ഗാവ്ലങ്കര്‍ രത്നഗിരി ജയിലില്‍ കിടന്നത്.
ആണവനിലയത്തിനെതിരെ അഞ്ചുവര്‍ഷമായി ഗ്രാമീണര്‍ പ്രക്ഷോഭത്തിലാണ്. ഹിരോഷിമ, നാഗസാക്കി, ചെര്‍ണോബില്‍ ദുരന്തങ്ങളുടെ സിഡികള്‍ മദ്ബനിലും സമീപഗ്രാമങ്ങളിലും വ്യാപകമായി പ്രദര്‍ശിപ്പിച്ചു. ഫുകുഷിമ ദുരന്തം ഈ പ്രചാരണത്തിന് ആക്കംകൂട്ടി. ഫുകുഷിമയുടെ ദൃശ്യങ്ങള്‍ ടെലിവിഷന്‍ ചാനലിലൂടെ ഗ്രാമീണര്‍ നേരിട്ടുകണ്ടു. സുരക്ഷ ഉറപ്പാക്കുമെന്നു പറയുന്ന കേന്ദ്രം ആദ്യം ഫുകുഷിമയില്‍ പോയി തെളിയിക്കട്ടെ എന്നാണ് ഗ്രാമീണരുടെ വാദം. ഗാവ്ലങ്കറും കൂട്ടരും മുംബൈയിലെ താരാപുര്‍ ഗ്രാമീണരുടെ സ്ഥിതിഗതി നേരിട്ട് മനസ്സിലാക്കി. ആണവവികിരണം ഗുരുതരപ്രശ്നമാണെന്ന് ബോധ്യപ്പെട്ടു. സര്‍ക്കാര്‍ മുന്നോട്ടുവയ്ക്കുന്ന വാഗ്ദാനങ്ങള്‍ പൊള്ളയാണെന്ന സത്യവും താരാപുര്‍ സന്ദര്‍ശനത്തിലൂടെ ബോധ്യമായി. താരാപുരില്‍ ആശുപത്രി സ്ഥാപിച്ചെങ്കിലും അതിന്നും പ്രവര്‍ത്തനരഹിതമാണെന്നു കണ്ട് ജെയ്താപുര്‍ നിവാസികള്‍ ഞെട്ടി. താരാപുര്‍ നിലയത്തില്‍നിന്നുള്ള അണുവികിരണത്തെക്കുറിച്ച് 40 വര്‍ഷമായി ഒരു റിപ്പോര്‍ട്ടും പ്രസിദ്ധീകരിക്കാന്‍ ആണവോര്‍ജ കോര്പറേഷന് തയ്യാറായില്ലെന്നും അവര്‍ മനസ്സിലാക്കി. ജെയ്താപുര്‍ ആണവനിലയത്തിനെതിരെ എല്ലാ രാഷ്ട്രീയപാര്‍ടികളുടെയും സഹായം തേടുന്ന ഗാവ്ലങ്കര്‍ എന്നാല്‍ , അതിന്റെ നേതൃത്വം ഏറ്റെടുക്കാന്‍ ആരെയും അനുവദിക്കില്ലെന്നും ഉറപ്പിച്ചു പറയുന്നു. ഗ്രാമീണര്‍ക്ക് പുറകിലാകും പാര്‍ടികളുടെ സ്ഥാനം. രത്നഗിരി ജില്ലയില്‍തന്നെയുള്ള എന്റോണ്‍ പദ്ധതിയെ ആദ്യം എതിര്‍ക്കുകയും പിന്നീട് അംഗീകരിക്കുകയും ചെയ്ത ശിവസേനയുടെ നടപടിയാണ് ഇത്തരമൊരു നിബന്ധന മുന്നോട്ടുവയ്ക്കാന്‍ ഗാവ്ലങ്കറെ പ്രേരിപ്പിച്ചത്. എന്റോണ്‍ ആവര്‍ത്തിക്കാന്‍ അനുവദിക്കില്ലെന്ന നിശ്ചയദാര്‍ഢ്യം മദ്ബന്‍ ഗ്രാമത്തിനുണ്ട്.
ആണവനിലയത്തില്‍ നഷ്ടപ്പെടുന്നത് ഉപജീവനമാര്‍ഗം
സാഖ്റിനാട്ടെ(മഹാരാഷ്ട്ര): ആണവനിലയത്തെ എതിര്‍ക്കാന്‍ ജയ്താപുര്‍ നിവാസികള്‍ക്ക് കാരണങ്ങള്‍ പലതാണ്. ആണവനിലയം സൃഷ്ടിക്കുന്ന പരിസ്ഥിതിപ്രശ്നങ്ങളെപ്പോലെതന്നെ ജീവനോപാധി നഷ്ടപ്പെടുന്ന സ്ഥിതിയും ഇവരെ ആശങ്കാകുലരാക്കുന്നു. ആണവനിലയം സ്ഥാപിക്കുന്നതോടെ മീന്‍പിടിത്തം എന്ന ഏക ജീവനോപാധി ഇല്ലാതാവുമെന്ന ഭീതിയാണ് സാഖ്റിനാട്ടെ ഗ്രാമത്തെ പ്രക്ഷോഭത്തിന് സജ്ജമാക്കുന്നത്. "സര്‍ക്കാര്‍ നല്കുന്ന നഷ്ടപരിഹാരംകൊണ്ട് ഞങ്ങള്‍ക്കൊരു വീട് വയ്ക്കാനാവും. എന്നാല്‍ , സ്ഥിരമായ ഉപജീവനമാര്‍ഗം ഉപേക്ഷിച്ച് എങ്ങോട്ട് പോകും"-ജയ്താപുരിലെ നിര്‍ദിഷ്ട ആണവനിലയത്തിനടുത്തുള്ള സാഖ്റിനാട്ടെ ഗ്രാമത്തിലെ മന്‍സൂര്‍ സോള്‍ക്കര്‍ ചോദിക്കുന്നു. ഗ്രാമത്തിന്റെയാകെ ആകുലതകള്‍ മന്‍സൂര്‍ സോള്ക്കറിന്റെ വാക്കുകളില്‍ മുഴങ്ങുന്നുണ്ട്.
മന്‍സൂറിന്റെ വീടിന് എതിര്‍വശത്തെ കുന്നാണ് പദ്ധതിപ്രദേശം. ആണവനിലയം സ്ഥാപിക്കുന്നതോടെ സാഖ്റിനാട്ടെ ഗ്രാമത്തിന്റെ പ്രധാന വരുമാനമാര്‍ഗം ഇല്ലാതാകും. ആണവനിലയത്തിനടുത്തുള്ള അഴിമുഖം വഴിയാണ് സാഖ്റി നാട്ടെയിലെ മുക്കുവര്‍ മീന്‍പിടിക്കാന്‍ പോകുന്നത്. ആണവനിലയം വരുന്നതോടെ സുരക്ഷാ കാരണങ്ങളാല്‍ അടയും ഈ മാര്‍ഗം. ഒപ്പം ഉപജീവനമാര്‍ഗവും. സാഖ്റിനാട്ടെക്ക് അടുത്തുള്ള തുള്സുണ്ടെ, അംബോള്ഗാഡ്, സഗ്വ, കഥാഡി, ജംബാലി, നാന ഇംഗുള്വാഡി എന്നീ ഗ്രാമങ്ങളുടെ പ്രധാന വരുമാനമാര്‍ഗവും ഇതോടെ മുട്ടും. തൊട്ടടുത്ത ഗുഹാഗറിലെ താപവൈദ്യുത നിലയത്തിന് അഞ്ച് കിലോമീറ്റര്‍ ചുറ്റളവില്‍ മീന്പിടിത്തത്തിലേര്പ്പെട്ടാല് വെടിവച്ചിടുമെന്ന സര്‍ക്കാര്‍ ഉത്തരവ് ജയ്താപുരിലും ആവര്‍ത്തിക്കുമെന്ന് ഗ്രാമീണര്‍ ഭയക്കുന്നു. പതിനായിരം പേര് ജീവിക്കുന്ന ഇവിടെ ഗ്രാമവാസികളില്‍ വലിയൊരു പങ്കും മീന്‍പിടിത്തക്കാര്‍ . മുന്നൂറ്റമ്പതോളം ബോട്ടുകള്‍ ഇവിടെയുണ്ട്. തൊഴിലാളികള്‍ക്ക് പ്രതിദിനം 250-500 രൂപ വരുമാനം. മത്സ്യക്കയറ്റുമതികൂടി ഉള്ളതിനാല്‍ വരുമാനം കൂടും. സ്കൂള്‍ വിദ്യാര്‍ഥികള്‍പോലും ഒഴിവുസമയങ്ങളില്‍ മീന്‍പിടിച്ച് നൂറുരൂപ സമ്പാദിക്കും. സന്തുഷ്ടമായ ഈ ജീവിതത്തെയാണ് അമേരിക്കയുമായുള്ള ആണവക്കരാറിന്റെ പേരില്‍ കേന്ദ്രസര്‍ക്കാര്‍ തകര്‍ക്കുന്നതെന്ന് മന്‍സൂര്‍ സോള്‍ക്കര്‍ പറഞ്ഞു. "ആണവനിലയം ഞങ്ങളുടെ ഉപജീവനം ഇല്ലാതാക്കും"-അതിനെതിരെ മരണം വരെയും പോരാടും-ഇംതിയാസ് ഭാട്കര് പറഞ്ഞു.
ഫുകുഷിമയിലെ ദുരന്തം ഗ്രാമീണരെ കൂടുതല്‍ ഭയവിഹ്വലരാക്കിയിട്ടുണ്ട്. അപകടമുണ്ടായാല്‍ ആദ്യം വികിരണത്തിനിരയാവുക സാഖ്റിനാട്ടെയാവും. ആണവറിയാക്ടര്‍ തണുപ്പിക്കാന്‍ ദിനംപ്രതി 5200 കോടി ലിറ്റര്‍ വെള്ളം കടലില്‍നിന്ന് ഉപയോഗിക്കും. അത്രയും അളവില്‍ ചൂടുള്ള വെള്ളം കടലില്‍ തള്ളും. ഇത് മത്സ്യസമ്പത്ത് നശിപ്പിക്കും. ചെമ്മീന്‍ , നെയ്മീന് , ആവോലി എന്നിവയാണ് പ്രധാന മത്സ്യങ്ങള്‍ . രത്നഗിരി ജില്ലയില്‍ നിന്നുമാത്രം 1.25 ലക്ഷം ടണ്‍ മീനാണ് പിടിക്കുന്നത്. ഇതില്‍ 40,000 ടണ്ണും സാഖ്റിനാട്ടെയില്നിന്ന്. മൊത്തം 15 കോടിയാണ് മത്സ്യബന്ധനം വഴിയുള്ള വാര്‍ഷിക വരുമാനം. പത്തോളം ഗ്രാമങ്ങളുടെ സമ്പദ്വ്യവസ്ഥ മീന്‍പിടിത്തവുമായി മാത്രം ബന്ധപ്പെട്ടാണ്. ഒരോ ഗ്രാമത്തിലും ഒരോ ബോട്ട് ജെട്ടിയുണ്ട്. സാഖ്റിനാട്ടെയില് നൂറുകണക്കിനാളുകള്‍ ബോട്ട് നിര്‍മാണമേഖലയുമായി ബന്ധപ്പെട്ട് ജീവിക്കുന്നു. ഒരു ബോട്ട് നിര്‍മിക്കാന്‍ ശരാശരി ഒരു വര്‍ഷമെടുക്കും. മത്സ്യം ഉണക്കി വില്‍ക്കുന്നതും ഗ്രാമീണരുടെ പ്രധാന തൊഴിലാണ്. ആണവ നിലയം വന്നാല്‍ അരലക്ഷത്തോളം പേര്‍ക്കാണ് ഉപജീവനമാര്‍ഗം ഇല്ലാതാകുന്നത്.
ആണവനിലയത്തില്‍ മായും മാമ്പഴമധുരം
ജയ്താപുര്‍ (മഹാരാഷ്ട്ര): അല്‍ഫോണ്‍സോ മാമ്പഴം ലോകപ്രസിദ്ധം. യൂറോപ്പിനും അമേരിക്കയ്ക്കും ഗള്‍ഫിനും ഏറെ പ്രിയപ്പെട്ട മാമ്പഴം. "മഹാരാഷ്ട്രയിലെ കശ്മീര്‍" എന്നറിയപ്പെടുന്ന രത്നഗിരി ജില്ലയാണ് ഈ മാമ്പഴത്തിന്റെ പ്രധാന കേന്ദ്രം. ഒപ്പം അയല്‍ജില്ലയായ സിംഹ്ദുര്ഗിലും "ഹാപൂസ്" എന്ന് പ്രാദേശികമായി അറിയപ്പെടുന്ന മാമ്പഴം വന്‍തോതില്‍ കൃഷി ചെയ്യുന്നു. തരിശുനിലമായതുകൊണ്ടാണ് ആണവനിലയത്തിന് രത്നഗിരിയിലെ ജയ്താപുര്‍ തെരഞ്ഞെടുത്തതെന്ന കേന്ദ്രസര്‍ക്കാരിന്റെ വാദം തീര്‍ത്തും തെറ്റാണെന്നു തെളിയിക്കുന്നു ഇവിടത്തെ മാമ്പഴക്കൃഷിയുടെയും കശുവണ്ടി കൃഷിയുടെയും സമൃദ്ധി.
രത്നഗിരി ജില്ലയില്‍മാത്രം 15,233 ഹെക്ടറില്‍ മാമ്പഴക്കൃഷിയുണ്ടെന്നാണ് കണക്ക്. മാമ്പഴക്കൃഷി രത്നഗിരി ജില്ലയ്ക്ക് നല്കുന്ന വാര്‍ഷികവരുമാനം 2200 കോടി രൂപ. ഒരു മാവില്‍നിന്ന് ശരാശരി ലഭിക്കുന്ന വരുമാനം 15,000 രൂപ. തീര്‍ത്തും ചെലവ് കുറഞ്ഞ കൃഷിയാണിത്. തൈ നട്ട് 10 വര്‍ഷംകൊണ്ട് കായ്ക്കും. എന്നാല്‍ , ആണവനിലയം വരുന്നതോടെ ഈ വരുമാനം ഇല്ലാതാകുമെന്ന് കര്‍ഷകര്‍ ഭയക്കുന്നു. നിലവിലുള്ള താപവൈദ്യുത നിലയങ്ങള്തന്നെ മാങ്ങയുടെ കയറ്റുമതിയെ ബാധിച്ചിട്ടുണ്ട്. കല്‍ക്കരികൊണ്ട് പ്രവര്‍ത്തിക്കുന്ന ഈ നിലയങ്ങളില്‍നിന്ന് ഉയരുന്ന കറുത്തപൊടി വീണ് മാങ്ങയില്‍ വിഷാംശം കലരുന്നെന്നു പറഞ്ഞ് വിദേശികള്‍ മാങ്ങ വാങ്ങുന്നില്ലെന്ന് മാമ്പഴക്കൃഷിക്കാരനായ റഫീഖ് മഖര്ണ പറഞ്ഞു. 70 ഏക്കറില്‍ കൃഷിയുള്ള റഫീഖ് പ്രതിവര്‍ഷം 25,000 പെട്ടി മാങ്ങ വില്‍ക്കുന്നു. ഇതില്‍ പകുതിയും കയറ്റുമതി. അമ്പതോളം മാങ്ങയുള്ള ഒരു പെട്ടി വിദേശത്തേക്ക് അയച്ചാല്‍ 3000 രൂപ ലഭിക്കും. അതായത്, വര്‍ഷത്തില്‍ മൂന്നരക്കോടി രൂപ. ദുബായ്, ബഹ്റൈന്‍ , ബ്രിട്ടണ് എന്നിവിടങ്ങളിലേക്കാണ് കയറ്റുമതി. ആഭ്യന്തരകമ്പോളത്തില്‍ ഡസന്‍ 250-300 രൂപ ലഭിക്കുമ്പോള്‍ കയറ്റുമതി ചെയ്യുമ്പോള്‍ കിട്ടുന്നത് 600 രൂപ. എന്നാല്‍ , ഈ സീസണില്‍ കയറ്റുമതി ഓര്‍ഡര്‍ ഒന്നുപോലും ലഭിച്ചിട്ടില്ലെന്ന് റഫീഖ് പറയുന്നു.
ഫിനോലക്സിന്റെ താപനിലയം ഗ്രാമത്തില്‍ തുടങ്ങിയതോടെയാണ് ഓര്‍ഡര്‍ ഇല്ലാതായത്. ആണവനിലയം വന്നാല്‍ കയറ്റുമതി പൂര്‍ണമായും നിലയ്ക്കും. അണുവികിരണ ഭീഷണിയുള്ളതിനാല്‍ അതിനടുത്തുനിന്നുള്ള മാമ്പഴം വിദേശികള്‍ വാങ്ങില്ല. യൂറോപ്യന്‍ രാജ്യങ്ങള്‍ ഇറക്കുമതിയില്‍നിന്ന് പൂര്‍ണമായും പിന്‍വാങ്ങും. റഫീഖിന്റെ കീഴില്‍ 120 പേരാണ് തൊഴിലെടുക്കുന്നത്. മാങ്ങയ്ക്കു പുറമെ തേങ്ങയും കശുവണ്ടിയും അടയ്ക്കയും കൈതച്ചക്കയും, സപ്പോട്ടയും മറ്റും ധാരളമായി രത്നഗിരിയില്‍ വിളയുന്നു. ലോകത്തിലെതന്നെ അപൂര്‍വ ജൈവവൈവിധ്യമുള്ള 10 സ്ഥലങ്ങളില്‍ ഒന്നാണ് രത്നഗിരി. പുഷ്പിക്കുന്ന ജനുസ്സില്‍പ്പെട്ട 5000 ചെടി ഇവിടെയുണ്ട്. 133 സസ്തനികളുടെയും 508 പക്ഷികളുടെയും പ്രത്യേക ജനുസ്സുകളും ഇവിടെയുണ്ട്. ഇതുകൊണ്ടാണ് 2003ല്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ പശ്ചിമഘട്ടത്തിനോടു ചേര്‍ന്ന രത്നഗിരി, സിംഹദുര്ഗ് ജില്ലകളെ പുഷ്പഫലകൃഷി ജില്ലയായി പ്രഖ്യാപിച്ചത്. അതിന് തൊട്ടുപുറകെയാണ് ജെയ്താപുരില്‍ ആണവനിലയം സ്ഥാപിക്കുമെന്ന പ്രഖ്യാപനവും ഉണ്ടായത്. ഇത് കര്‍ഷകരുടെ പ്രതീക്ഷകളെ തകര്‍ക്കുന്നതാണ്. സ്വന്തം നിലനില്‍പ്പുതന്നെ ചോദ്യംചെയ്യപ്പെടുമെന്ന ഭീതിയാണ് അവരെ ആണവനിലയത്തിനെതിരെ സമരരംഗത്തേക്ക് വരാന്‍ പ്രേരിപ്പിച്ചത്.
വി ബി പരമേശ്വരന് deshabhimani
രത്നഗിരി ജില്ലയിലെ മദ്ബന്‍ ഗ്രാമത്തിലെ പ്രവീണ്‍ ഗാവ്ലങ്കര്‍ വീട് പുതുക്കിപ്പണിയുന്ന തിരക്കിലാണ്. വീട് വെറുതെ പുതുക്കിപ്പണിയുകയല്ല ഗാവ്ലങ്കര്‍ . അതൊരു പ്രതിഷേധത്തിന്റെ സൂചകമാണ്. വീടിനടുത്തുള്ള കുന്നിനുമുകളില്‍ വരാന്‍ പോകുന്ന ജെയ്താപുര്‍ ആണവനിലയം എന്തുവിലകൊടുത്തും തടയുമെന്ന പ്രഖ്യാപനം. ആണവനിലയം വരുന്നതോടെ ഗാവ്ലങ്കര്‍ ഉള്‍പ്പെടെ ഉദ്ദേശം 800 കുടുംബം ഗ്രാമം വിട്ടുപോകണം. അതിന് തയ്യാറല്ലെന്ന് സ്വന്തം വീടുപണിയിലൂടെ ഉറക്കെ പ്രഖ്യാപിക്കുകയാണ് ഗാവ്ലങ്കര്‍ . ആണവനിലയത്തിനെതിരെ പ്രക്ഷോഭം നടത്തുന്ന ജനഹിത് സേവാസമിതിയുടെ നേതാവുകൂടിയാണ് പ്രവീണ്‍ ഗാവ്ലങ്കര്‍ .
ReplyDelete