Wednesday, May 18, 2011

ആരോഗ്യരംഗത്ത് ഇന്ത്യ ചെലവഴിക്കുന്നത് ദരിദ്ര രാജ്യങ്ങള്‍ക്ക് തുല്യമായ തുക

ജനീവ: ജനങ്ങളുടെ ആരോഗ്യ സംരക്ഷണത്തിനുവേണ്ടി ഇന്ത്യ ചെലവഴിക്കുന്ന തുക വളരെ കുറവാണെന്നും ഇത് ദരിദ്രരാജ്യങ്ങളുടേതിന് തുല്യമാണെന്നും ലോകാരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ട്. ഇക്കാരണത്താല്‍തന്നെ ഇന്ത്യയിലെ ദരിദ്രരും സമ്പന്നരും ഒരുപോലെ രോഗബാധിതരായി തീരുമൈന്നും ഇത് ഇരട്ട ബാധ്യതയുണ്ടാക്കുമെന്നും ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കുന്നുമുണ്ട്.

ഇന്ത്യക്കാരുടെ ആയുര്‍ ദൈര്‍ഘ്യം 2000ല്‍ 61 വര്‍ഷമായിരുന്നത് 2009ല്‍ 65 വര്‍ഷമായി ഉയര്‍ന്നിട്ടുണ്ട്. എന്നാല്‍ ആഗോള ആയുര്‍ ദൈര്‍ഘ്യം 1990ല്‍ 64ഉം 2009ല്‍ 68 വര്‍ഷവുമായി ഉയര്‍ന്നു നില്‍ക്കുകയാണ്.

ഇന്ത്യയുടെ പ്രതീശീര്‍ഷ അരോഗ്യ ചെലവുകള്‍ ഒരാള്‍ക്ക് വെറും 32 ഡോളര്‍വച്ചാണ് ചെലവഴിക്കുന്നത്. ഇത് ദരിദ്രരാജ്യങ്ങളുടേതിന് തുല്യമാണ്. സമ്പന്ന രാജ്യങ്ങള്‍ ഒരാളുടെ ആരോഗ്യത്തിനായി പ്രതിവര്‍ഷം ചെലവഴിക്കുന്നത് 4590 ഡോളറാണ്. ഇത് ദരിദ്രരാജ്യങ്ങള്‍ ചെലവഴിക്കുന്നതില്‍നിന്നും 140 മടങ്ങ് കൂടുതലാണ്. മാത്രമല്ല ദരിദ്രാരജ്യങ്ങളെ അപേക്ഷിച്ച് സമ്പന്ന രാജ്യങ്ങളില്‍ 10 ഇരട്ടി ഡോക്ടര്‍മാരും 12 ഇരട്ടി നഴ്‌സുമാരും 30 ഇരട്ടി ദന്തഡോക്ടര്‍മാരും കൂടുതലാണെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

ആരോഗ്യ മേഖലയിലെ ചെലവുകളില്‍ വന്‍കുറവുവരുത്തി ഉണ്ടാക്കുന്ന അസന്തുലിതാവസ്ഥയിലൂടെ ഇന്ത്യ ഇരട്ട ബാധ്യതയാണ് ഉണ്ടാക്കുന്നത്. ദരിദ്രര്‍ക്ക് സാങ്ക്രമിക രോഗങ്ങള്‍ പിടിപെടുമ്പോള്‍ മറുവശത്ത് സമ്പന്നര്‍ക്ക് നാഗരികവല്‍ക്കരണത്തിലൂടെയുള്ള പകരാത്ത രോഗങ്ങളും പിടിപെടും. ഇന്ത്യയില്‍ പുരുഷന്‍മാരുടെ ആയുര്‍ ദൈര്‍ഘ്യം 10 വര്‍ഷം മുന്‍പ് 60 ആയിരുന്നത് ഇപ്പോള്‍ 63 ആയി ഉയര്‍ന്നിട്ടുണ്ട്. സ്ത്രീകളുടെ കാര്യത്തില്‍ ഇത് 66 വര്‍ഷവുമാണെന്ന് 64-ാമത് ലോകാരോഗ്യ അസംബ്ലയോടനുബന്ധിച്ച് ലോകാരോഗ്യ സംഘടന പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.

അതേസമയം ചൈനയുടെ കാര്യത്തില്‍ വന്‍ പുരോഗതിയാണ് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ 10 വര്‍ഷത്തിനിടെ ചൈനക്കാരുടെ ആയുര്‍ ദൈര്‍ഘ്യം 74 ആയാണ് ഉയര്‍ന്നത്. ആരോഗ്യ ചെലവുകളില്‍ വരുത്തിയ വര്‍ധനയും ആരോഗ്യ ഇന്‍ഷ്വറന്‍സില്‍ പങ്കാളികളായതിലൂടെ ജനങ്ങള്‍ക്ക് കൂടുതലായി അശ്വാസം ലഭിക്കുന്നതും 2003 മുതല്‍ ചൈനയുടെ ആരോഗ്യ മേഖലയില്‍ മികച്ച പ്രതിഫലനമാണ് ഉണ്ടാക്കുന്നതെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

ഇന്ത്യയിലെ ദരിദ്രര്‍ക്കിടയില്‍ സാങ്ക്രമിക രോഗങ്ങളുടെ ആക്രമണം വര്‍ധിക്കുന്നതുമൂലും ശിശു മരണനിരക്ക് ഉയര്‍ന്ന നിരക്കിലാകുമെന്നും മധ്യവര്‍ത്തി കുടുംബങ്ങള്‍ക്കിടയില്‍ പകരാത്ത രോഗങ്ങളായ ഹൃദ്‌രോഗങ്ങള്‍, കാന്‍സര്‍, പക്ഷാഘാതം, പ്രമേഹം തുടങ്ങിയവ ഉയര്‍ന്നുകൊണ്ടിരിക്കുമെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

ലോകാരോഗ്യ സംഘടനയുടെ 2011ലെ ലോകാരോഗ്യ സ്റ്റാറ്റിറ്റിക്‌സിലൂടെ എങ്ങനെയാണ് രാജ്യങ്ങള്‍ അവരുടെ ഫണ്ടുകള്‍ ചെലവഴിക്കുന്നതെന്നും എങ്ങനെയാണ് പ്രധാന രോഗങ്ങളെ അഭിമുഖീകരിക്കുന്നതെന്നും വ്യക്തമായി വിവരിക്കുന്നുണ്ട്. സാങ്ക്രമിക രോഗങ്ങള്‍മൂലം ദരിദ്രരുടെ മരണനിരക്ക് കുറയ്ക്കുന്നതിനും കൂടുതല്‍ ശ്രദ്ധയോടെ പ്രവര്‍ത്തിച്ച് കൂടുതല്‍ പണം ചെലവഴിക്കുന്നതിനും സര്‍ക്കാരുകളോട്  ലോകാരോഗ്യ സംഘടന നിര്‍ദേശിക്കുന്നു.

ആരോഗ്യമേഖലയ്ക്കുവേണ്ടി വന്‍കിട രാജ്യങ്ങളും ദരിദ്രരാജ്യങ്ങളും ചെലവഴിക്കുന്ന പണത്തിന്റെ അനുപാതത്തിലുള്ള വന്‍ വ്യത്യാസം ഒരു പ്രധാന പ്രശ്‌നമാണ്. അതുകൊണ്ടുതന്നെ ഇന്ത്യയിലെ ഉള്‍പ്പടെയുള്ള സര്‍ക്കാരുകളോട് നിങ്ങള്‍ നേരിടാന്‍ പോകുന്നത് രോഗങ്ങളുടെ ഇരട്ട ഭാരമായിരിക്കുമെന്നുള്ള മുന്നറിയിപ്പാണ് ലോകാരോഗ്യ സംഘടന നല്‍കുന്നത്.

കഴിഞ്ഞ പത്തുവര്‍ഷത്തിനിടെ വന്‍ സാമ്പത്തിക വളര്‍ച്ച നേടാനായെങ്കിലും രോഗങ്ങള്‍ ബാധ്യതയാകുന്ന ലോക രാജ്യങ്ങളുടെ പട്ടികയില്‍ മുന്‍പന്തിയിലാണ് ഇന്ത്യയുടെ സ്ഥാനം.

പുകയില ഉപയോഗം, ആരോഗ്യകരമല്ലാത്ത ഭക്ഷണക്രമം, മദ്യത്തിന്റെ അമിത ഉപയോഗം എന്നിവകാരണം ഇന്ത്യക്കാരില്‍ പ്രായമേറുന്തോറും പകരാത്ത രോഗങ്ങള്‍ക്കുള്ള സാധ്യത വര്‍ധിപ്പിക്കുന്നുണ്ടെന്നും ലോകാരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.

ജനയുഗം 180511

1 comment:

  1. ജനങ്ങളുടെ ആരോഗ്യ സംരക്ഷണത്തിനുവേണ്ടി ഇന്ത്യ ചെലവഴിക്കുന്ന തുക വളരെ കുറവാണെന്നും ഇത് ദരിദ്രരാജ്യങ്ങളുടേതിന് തുല്യമാണെന്നും ലോകാരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ട്. ഇക്കാരണത്താല്‍തന്നെ ഇന്ത്യയിലെ ദരിദ്രരും സമ്പന്നരും ഒരുപോലെ രോഗബാധിതരായി തീരുമൈന്നും ഇത് ഇരട്ട ബാധ്യതയുണ്ടാക്കുമെന്നും ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കുന്നുമുണ്ട്.

    ReplyDelete