Wednesday, May 18, 2011

ചില വിദേശ വാര്‍ത്തകള്‍

റുവാണ്ടന്‍ വംശഹത്യ: മുന്‍ പട്ടാള മേധാവിക്ക് 30 വര്‍ഷം തടവ്

കിവാലി: റുവാണ്ടയിലെ മുന്‍ കരസേനാ മേധാവിയെ വംശഹത്യക്ക് ചുക്കാന്‍ പിടിച്ചു എന്ന് തെളിഞ്ഞതിനെ തുടര്‍ന്ന് 30 വര്‍ഷത്തേക്ക് തടവുശിക്ഷയ്ക്ക് വിധിച്ചു. 1994 ലെ വംശഹത്യയെക്കുറിച്ചന്വേഷിക്കുന്ന റുവാണ്ടന്‍ അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയാണ് അഗസ്റ്റിന്‍ ബിസിമുന്‍ഗുവിനെ തടവുശിക്ഷയ്ക്ക് വിധേയനാക്കിയത്. മുന്‍ അര്‍ധസൈനിക വിഭാഗം മേധാവി അഗസ്റ്റിന്‍ ദിന്‍ദിലിമാനയേയും കോടതി കുറ്റക്കാരനായി കണ്ടെത്തി. എന്നാല്‍ ശിക്ഷാകാലാവധി പൂര്‍ത്തിയാക്കിയതിനാല്‍ ഇദ്ദേഹത്തെ സ്വതന്ത്രനാക്കാന്‍ കോടതി ഉത്തരവിട്ടു.

 മറ്റു മുതിര്‍ന്ന രണ്ടു പട്ടാള ജനറല്‍മാരേയും 20 വര്‍ഷം തടവുശിക്ഷയ്ക്ക് കോടതി വിധിച്ചിരുന്നു. നൂറു ദിവസം നീണ്ടുനിന്ന വംശഹത്യക്കിടെ 800,000 വരുന്ന പരമ്പരാഗത ടുട്‌സി വംശജരും പുതുതലമുറയിലെ ഹുതൂസ് വംശജരും കൊല്ലപ്പെട്ടിരുന്നു. വംശഹത്യയുമായി ബന്ധപ്പെട്ടുളള എല്ലാ നടപടികള്‍ക്കും നേതൃത്വം നല്‍കിയത് ബിസിമുന്‍ഗുവും ദിന്‍ദിലിമാനയും ചേര്‍ന്നാണെന്ന് കോടതി കണ്ടെത്തിയിരുന്നു.

2002ല്‍ അംഗോളയില്‍ നിന്നും ബിസിമുന്‍ഗുവിനെ അറസ്റ്റ് ചെയ്തിരുന്നു. 1994 വരെ റുവാണ്ടന്‍ സൈന്യത്തിന്റെ പൂര്‍ണനിയന്ത്രണം ഇദ്ദേഹത്തിന്റെ കൈയിലായിരുന്നു. സൈന്യത്തിനുമേല്‍ നിയന്ത്രിതമായ അധികാരം മാത്രമേ തനിക്കുണ്ടായിരുന്നുളളൂവെന്നും താന്‍ കൂട്ടക്കൊലയ്ക്ക് എതിരായ നിലപാടുകളാണ് സ്വീകരിച്ചിട്ടുളളതെന്നും ദിന്‍ ദിലിമാന പറഞ്ഞു. എന്നാല്‍ ആരോപണവിധേയരായ ഇരുവരും വംശഹത്യയിലും മനുഷ്യത്വരഹിതമായ ക്രൂരകൃത്യങ്ങളിലും പങ്കാളികളായിരുന്നതായി സംശയാതീതമായി തെളിഞ്ഞതായി കോടതി വിലയിരുത്തി. മേജര്‍ ഫ്രാങ്കോയിസ് സേവ്യര്‍ സുവോണിമേയെ അദ്ദേഹത്തിന്റെ രണ്ടാം കമാന്‍ഡന്റായ ക്യാപ്റ്റന്‍ ഇന്നസെന്റ് സഗാഹുതു എന്നിവര്‍ക്കെതിരെ മനുഷ്യത്വത്തിനെതിരെയുളള കുറ്റകൃത്യങ്ങളുടെ പേരില്‍ 20 വര്‍ഷത്തെ തടവിന് ശിക്ഷിച്ചിട്ടുണ്ട്.

ഐ എം എഫ് മേധാവി സ്‌ട്രോസ് കാന്‍ ബലാത്സംഗ കേസില്‍ അറസ്റ്റില്‍

ന്യൂയോര്‍ക്ക്: രാജ്യാന്തര നാണ്യ നിധി (ഐ എം എഫ്) മേധാവി ഡൊമിനിക് സ്‌ട്രോസ് കാന്‍ ബലാത്സംഗ കേസില്‍ അറസ്റ്റിലായി. അമേരിക്കയില്‍വച്ച് ഹോട്ടല്‍ പരിചാരികയെ ലൈംഗികമായി പീഡിപ്പിച്ചതിനാണ് ഫ്രഞ്ചുകാരനായ കാന്‍ അറസ്റ്റിലായത്. പാരീസിലേയ്ക്കുള്ള എയര്‍ ഫ്രാന്‍സ് വിമാനത്തില്‍നിന്ന് പിടിച്ചിറക്കിയാണ് ഐ എം എഫ് മേധാവിയെ ന്യൂയോര്‍ക്ക് പൊലീസ് അറസ്റ്റ് ചെയ്തത്. അടുത്ത വര്‍ഷം നടക്കുന്ന ഫ്രഞ്ച് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയാവുമെന്ന് കരുതപ്പെടുന്നയാളാണ്, 62കാരനായ കാന്‍.

അമേരിക്കന്‍ സമയം ഞായറാഴ്ച പുലര്‍ച്ചെ രണ്ടേകാലോടെയാണ് കാനെ അറസ്റ്റ് ചെയ്തതെന്ന് ന്യൂയോര്‍ക്ക് പൊലീസിന്റെ മുഖ്യവക്താവ് പോള്‍ ജെ ബ്രൗണ്‍ പറഞ്ഞു.  ഇതിന് ഏതാണ്ട് ഒരു മണിക്കൂര്‍ മുമ്പാണ് ഹോട്ടല്‍ പരിചാരികയ്ക്കു നേരെ കാന്‍ അക്രമം നടത്തിയത്. മാന്‍ഹാട്ടനില്‍ ഒരു രാത്രിയിലെ താമസത്തിന് മൂവായിരം ഡോളര്‍ വാടക വരുന്ന ഹോട്ടലിലാണ് കാന്‍ താമസിച്ചിരുന്നത്. ആളില്ലെന്നു കരുതി മുറിയില്‍ കയറിയ, 32കാരിയായ പരിചാരികയെ കാന്‍ പീഡിപ്പിക്കുകയായിരുന്നു. പരിചാരിക മുറിയില്‍ കയറിയപ്പോള്‍ കുളിച്ചുകൊണ്ടിരിക്കുകയായിരുന്ന കാന്‍ നഗ്നനായി പുറത്തുവരികയും ബലപ്രയോഗത്തിലൂടെ പരിചാരികയെ കീഴടക്കുകയുമായിരുന്നെന്ന് അമേരിക്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഇടയ്ക്കു വച്ച് കുതറിയോടിയ പരിചാരിക ഹോട്ടലിലെ മറ്റു ജീവനക്കാരെ വിവരം അറിയിക്കുകയായിരുന്നു. ഇവരാണ് പൊലീസിന്റെ അടിയന്തര സേവന വിഭാഗത്തിലേയ്ക്ക് വിളിച്ചറിയിച്ചത്. ഇതിനിടെ ഹോട്ടലിലെ സ്യൂട്ട് ഒഴിഞ്ഞ കാന്‍ ജോണ്‍ എഫ് കെന്നഡി വിമാനത്താവളത്തിലെത്തി. എപ്പോള്‍ വേണമെങ്കിലും ടിക്കറ്റ് ലഭ്യമാക്കാമെന്ന എയര്‍ ഫ്രാന്‍സുമായുള്ള ധാരണ അനുസരിച്ച് പാരീസിലേയ്ക്കുള്ള വിമാനം കയറിയ കാനിനെ ഫസ്റ്റ് ക്ലാസ് കാബിനില്‍നിന്ന് പൊലീസ് പിടിച്ചിറക്കുകയായിരുന്നു. വിമാനം ടേക്ക് ഓഫ് ചെയ്യുന്നതിനു മിനിറ്റുകള്‍ക്കു മുമ്പാണ് കാന്‍ പിടിയിലായതെന്നും രണ്ടു രഹസ്യാന്വേഷകര്‍ കാബിനില്‍നിന്ന് കാനിനെ പുറത്തിറക്കുകയായിരുന്നെന്നും പൊലീസ് വക്താവ് അറിയിച്ചു. ജര്‍മന്‍ ചാന്‍സലര്‍ ആഞ്ജല മെര്‍ക്കലുമായി കൂടിക്കാഴ്ച നിശ്ചയിച്ചിരുന്ന കാന്‍ ഹോട്ടലിലെ പ്രശ്‌നത്തെ തുടര്‍ന്ന് ധൃതിയില്‍ ന്യൂയോര്‍ക്ക് വിടാന്‍ ശ്രമിക്കുകയായിരുന്നെന്നാണ് പൊലീസ് കരുതുന്നത്.

തനിക്കെതിരായ ആരോപണങ്ങള്‍ അടിസ്ഥാനമില്ലാത്തവയാണെന്ന് സ്‌ട്രോസ് കാന്‍ പ്രതികരിച്ചു. പൊലീസ് കസ്റ്റഡിയിലുള്ള കാനിനെ ന്യൂയോര്‍ക്കിലെ സ്‌പെഷല്‍ വിക്ടിംസ് യൂണിറ്റില്‍ പാര്‍പ്പിച്ചിരിക്കുകയാണ്. കാന്‍ അറസ്റ്റിലായതിനെക്കുറിച്ച് ഐ എം എഫ് പ്രതികരിച്ചിട്ടില്ല.

രണ്ടു വര്‍ഷം മുമ്പ് ഐ എം എഫിന്റെ ആഫ്രിക്ക ഡിപ്പാര്‍മെന്റിലെ ജീവനക്കാരിയുമായുള്ള സ്‌ട്രോസ് കാനിന്റെ ബന്ധം ഏറെ വിവാദത്തിനു വഴിവച്ചിരുന്നു. ഇതിനെക്കുറിച്ച് ഐ എം എഫ് നടത്തിയ ആഭ്യന്തര അന്വേഷണത്തില്‍ കാനിന്റെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായതായി കണ്ടെത്തുകയും ചെയ്തു. ഐ എം എഫ് ജീവനക്കാരോടും കുടുംബത്തോടും ക്ഷമാപണം നടത്തിയാണ് കാന്‍ അന്ന് വിവാദം അവസാനിപ്പിച്ചത്. ഫ്രഞ്ച് ടി വി അവതാരകയായ ആനി സിംക്ലയറാണ് കാനിന്റെ ഭാര്യ. ഫ്രഞ്ച് ധനമന്ത്രിയായിരുന്ന കാനിന്റെ മൂന്നാം ഭാര്യയാണ് ആനി. മുന്‍ രണ്ടു ഭാര്യമാരിലായി നാലു മക്കളുണ്ട്, കാനിന്.

സ്ട്രോസ് കാനിന്റെ ഹോട്ടല്‍ ബില്‍ അടയ്ക്കില്ലെന്ന് ഐഎംഎഫ്

ന്യൂയോര്‍ക്ക്: നക്ഷത്രഹോട്ടലിലെ തൂപ്പുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ റിമാന്‍ഡിലായ അന്താരാഷ്ട്ര നാണ്യനിധി മാനേജിങ് ഡയറക്ടര്‍ ഡൊമിനിക് സ്ട്രോസ് കാനിന്റെ ഹോട്ടല്‍ ബില്‍ അടയ്ക്കില്ലെന്ന് ഐഎംഎഫ്. കാന്‍ താമസിച്ചിരുന്ന "സോഫിടെല്‍" എന്ന ഹോട്ടലിലെ ആഡംബര സ്യൂട്ടിന്റെ വാടക നല്‍കാനാകില്ലെന്നാണ് ഐഎംഎഫ് വൃത്തങ്ങള്‍ അറിയിച്ചിട്ടുള്ളത്. സ്വകാര്യ ആവശ്യത്തിനാണ് കാന്‍ ഹോട്ടലില്‍ താമസിച്ചത്. ഔദ്യോഗിക ആവശ്യത്തിന് ഹോട്ടലില്‍ താമസിക്കുന്നതിന് 386 ഡോളര്‍ വരെയാണ് ഐഎംഎഫ് അനുവദിച്ചിരിക്കുന്ന പരിധി. എന്നാല്‍ , കാന്‍ താമസിച്ച ഹോട്ടലിലെ മുറിയുടെ വാടക 3000 ഡോളറായിരുന്നു. "സോഫിടെല്‍" ബിസിനസ് ഹോട്ടലുകളുടെ പട്ടികയില്‍ പെടില്ലെന്നും ഐഎംഎഫ് പറയുന്നു.

അഞ്ചു ലക്ഷത്തിലധികം ഡോളര്‍ വാര്‍ഷിക ശമ്പളത്തോടെ 2007ലാണ് കാനിനെ ഐഎംഎഫ് എംഡിയായി നിയമിച്ചത്. കാനിനു പകരക്കാരനായി ഫ്രഞ്ച് ധനമന്ത്രി ക്രിസ്റ്റീന്‍ ലഗാര്‍ദേ ചുമതലയേല്‍ക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ . യൂറോപ്യന്‍ കമീഷന്‍ തലവന്‍ ജോസ് മാന്വല്‍ ബറോസോയാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്. ജാമ്യം നിഷേധിക്കപ്പെട്ട സട്രോസ് കാന്‍ ന്യൂയോര്‍ക്കിലെ റൈക്കേഴ്സ് ദ്വീപിലെ ജയിലിലാണ് ഇപ്പോള്‍ . കാനിനെതിരായ ആരോപണം തെളിഞ്ഞാല്‍ കടുത്ത നടപടിയുണ്ടാകുമെന്ന് ഫ്രഞ്ച് പ്രധാനമന്ത്രി ഫാന്‍സ്വാന്‍ ഫിയാ അറിയിച്ചു. അടുത്തവര്‍ഷം ഫ്രഞ്ച് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഒരുങ്ങവെയാണ് കാന്‍ ലൈംഗികപീഡനക്കേസില്‍ കുടുങ്ങിയത്. ലൈംഗിക അതിക്രമം, ബലാത്സംഗശ്രമം, മുറിയില്‍ പൂട്ടിയിടല്‍ തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. ന്യൂയോര്‍ക്കിലെ മാന്‍ഹാട്ടനിലുള്ള ഹോട്ടലിലെ തൂപ്പുകാരിയാണ് പരാതി നല്‍കിയത്.

പാക് സേനാ താവളത്തില്‍ നാറ്റോ വ്യോമാക്രമണം

ദേരാ ഇസ്മയില്‍ ഖാന്‍ : അഫ്ഗാനിസ്ഥാനിലെ നാറ്റോ സേന അതിര്‍ത്തി ലംഘിച്ച് വടക്കന്‍ വസീറിസ്ഥാനിലെ പാക് സേനാ താവളത്തില്‍ വ്യോമാക്രമണം നടത്തി. രണ്ടു പാക് സൈനികര്‍ക്ക് പരിക്കേറ്റു. ഇതില്‍ പ്രതിഷേധിച്ച പാക് സേന പ്രശ്നം ചര്‍ച്ച ചെയ്യാന്‍ ഫ്ളാഗ് മീറ്റിങ് നടത്തണമെന്ന് നാറ്റോ സേനാ അധികൃതരോടു ആവശ്യപ്പെട്ടു. ഒസാമ ബിന്‍ ലാദന്‍ വധത്തെ തുടര്‍ന്ന് മോശമായ പാക്-അമേരിക്ക ബന്ധം കൂടുതല്‍ വഷളാക്കുന്നതാണ് ചൊവ്വാഴ്ച പുലര്‍ച്ചെ ദത്താ ഖേല്‍ മേഖലയിലെ ആദ്മി കോട്ട് അതിര്‍ത്തി താവളത്തിലുണ്ടായ നാറ്റോ ആക്രമണം. കഴിഞ്ഞ സെപ്തംബറില്‍ നാറ്റോ നടത്തിയ സമാന ആക്രമണത്തില്‍ രണ്ടു പാക് സൈനികര്‍ കൊല്ലപ്പെട്ടിരുന്നു. ഇതില്‍ പ്രതിഷേധിച്ച് അഫ്ഗാനിസ്ഥാനിലെ നാറ്റോ സേനയ്ക്കുള്ള സാമഗ്രികള്‍ കൊണ്ടുപോകുന്ന പാത പാകിസ്ഥാന്‍ 11 ദിവസം അടച്ചിട്ടു. അമേരിക്കന്‍ ക്ഷമാപണത്തെ തുടര്‍ന്നാണ് തുറന്നത്. ഇത്തവണയും വിഷയം പരിശോധിക്കാമെന്ന് നാറ്റോ സേനാ വക്താവ് പറഞ്ഞിട്ടുണ്ട്.

അഫ്ഗാനിസ്ഥാനിലെ നാറ്റോ സേനാ കേന്ദ്രത്തില്‍ അതിര്‍ത്തിക്കപ്പുറത്ത് പാക് ഭാഗത്തുനിന്ന് തുടരെ വെടിവയ്പുണ്ടായതിനെത്തുടര്‍ന്നാണ് രണ്ട് ഹെലികോപ്റ്ററുകള്‍ പ്രദേശത്തേക്ക് അയച്ചതെന്നും അവയ്ക്ക് നേരെയും പാകിസ്ഥാനില്‍നിന്ന് വെടിവയ്പുണ്ടായപ്പോള്‍ ഒരു കോപ്റ്ററില്‍നിന്ന് തിരിച്ചുവെടിവച്ചതായുമാണ് നാറ്റോ വക്താവിന്റെ വാദം. എന്നാല്‍ , നാറ്റോ കോപ്റ്റര്‍ പാക് അതിര്‍ത്തി ലംഘിച്ചോ എന്നറിയില്ലെന്നും വക്താവ് പറഞ്ഞു. നാറ്റോ കോപ്റ്ററുകള്‍ വ്യോമാതിര്‍ത്തി ലംഘിച്ചപ്പോഴാണ് വെടിവച്ചതെന്നാണ് പാക് സേനാ പ്രസ്താവനയില്‍ പറയുന്നത്. പാകിസ്ഥാനുമായുള്ള ബന്ധം മെച്ചപ്പെടുത്താന്‍ അവിടം സന്ദര്‍ശിച്ച അമേരിക്കന്‍ സെനറ്റര്‍ ജോണ്‍ കെറി മടങ്ങിയതിന് തൊട്ടുപിന്നാലെയാണ് പുതിയ സംഭവം. പരിക്കേറ്റ സൈനികരെ ചികിത്സയ്ക്കായി വിമാനത്തില്‍ മിരാന്‍ഷായിലേക്കു കൊണ്ടുപോയി.

ജനയുഗം/ദേശാഭിമാനി വാര്‍ത്തകള്‍

2 comments:

  1. റുവാണ്ടയിലെ മുന്‍ കരസേനാ മേധാവിയെ വംശഹത്യക്ക് ചുക്കാന്‍ പിടിച്ചു എന്ന് തെളിഞ്ഞതിനെ തുടര്‍ന്ന് 30 വര്‍ഷത്തേക്ക് തടവുശിക്ഷയ്ക്ക് വിധിച്ചു. 1994 ലെ വംശഹത്യയെക്കുറിച്ചന്വേഷിക്കുന്ന റുവാണ്ടന്‍ അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയാണ് അഗസ്റ്റിന്‍ ബിസിമുന്‍ഗുവിനെ തടവുശിക്ഷയ്ക്ക് വിധേയനാക്കിയത്. മുന്‍ അര്‍ധസൈനിക വിഭാഗം മേധാവി അഗസ്റ്റിന്‍ ദിന്‍ദിലിമാനയേയും കോടതി കുറ്റക്കാരനായി കണ്ടെത്തി. എന്നാല്‍ ശിക്ഷാകാലാവധി പൂര്‍ത്തിയാക്കിയതിനാല്‍ ഇദ്ദേഹത്തെ സ്വതന്ത്രനാക്കാന്‍ കോടതി ഉത്തരവിട്ടു.

    ReplyDelete
  2. ലൈംഗിക വിവാദത്തില്‍പ്പെട്ട ഐഎംഎഫ് മേധാവി ഡൊമിനിക് സ്ട്രോസ്കാന്‍ രാജിവച്ചു. ആരോപണം നഇഷേിക്കുന്നുവെങ്കിലും കുടുംബത്തിനും ഐഎംഎഫിനും വേണ്ടി രാജിവയ്ക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. റിക്കേഴ്സ് ഐലന്‍ഡിലുള്ള ജയിലില്‍ കഴിയുന്ന സ്ട്രോസ്കാന്‍ ജാമ്യത്തിന് രണ്ടാം തവണയും അപേക്ഷ നല്‍കി.

    ReplyDelete