Saturday, May 21, 2011

ഐ എം എഫ് മേധാവി സ്ഥാനം: യൂറോപ്യന്‍ യൂണിയന്‍ പിടിമുറുക്കുന്നു

അന്തര്‍ദേശീയ നാണയനിധി (ഐ എം എഫ്)യുടെ മാനേജിംഗ് ഡയറക്ടര്‍ ഡൊമിനിക് സ്‌ട്രോസ്‌കാന്‍ ലൈംഗിക പീഡന കേസില്‍ കുടുങ്ങി രാജിവച്ചത് ഐ എം എഫിന്റെ നേതൃത്വത്തില്‍ പ്രതിസന്ധി സൃഷ്ടിച്ചിട്ടുണ്ട്. ഐ എം എഫിന്റെ 65 വര്‍ഷത്തെ ചരിത്രത്തില്‍ ഇത്തരത്തിലുള്ള ഒരു സംഭവം ഇത് ആദ്യമാണ്. ആഗോള സാമ്പത്തിക മാന്ദ്യത്തില്‍ നിന്നും പുറത്തുകടക്കാന്‍ അംഗരാജ്യങ്ങളെ സഹായിക്കുന്നതിന് ഐ എം എഫ് ശ്രമം നടത്തിവരുന്നതിനിടയില്‍ കാന്‍ സ്ഥാനമൊഴിയുന്നത് പല രാജ്യങ്ങള്‍ക്കും തിരിച്ചടിയാണ്.

187 അംഗരാജ്യങ്ങളുള്ള ഐ എം എഫില്‍ അധികാരം കേന്ദ്രീകരിച്ചിട്ടുള്ളത് 24 അംഗ എക്‌സിക്യൂട്ടീവ് ബോര്‍ഡിലാണ്. മാനേജിംഗ് ഡയറക്‌റെ തിരഞ്ഞെടുക്കുന്നതും എക്‌സിക്യൂട്ടീവ് ബോര്‍ഡാണ്. കാന്‍ പീഡന കേസില്‍ അറസ്റ്റുചെയ്യപ്പെട്ടതിനെ തുടര്‍ന്ന് എക്‌സിക്യൂട്ടീവ് ബോര്‍ഡ് യോഗം ചേര്‍ന്ന് ഒന്നാം ഡപ്യൂട്ടി മാനേജിംഗ് ഡയറക്ടറായ ജോണ്‍ ലിപ്‌സ്‌കിക്ക് മാനേജിംഗ് ഡയറക്ടറുടെ താല്‍ക്കാലിക ചുമതല നല്‍കി. ലിപ്‌സ്‌കി ഓഗസ്റ്റില്‍ റിട്ടയര്‍ ചെയ്യും. ഐ എം എഫിന്റെ പ്രവര്‍ത്തനത്തില്‍ സ്വാഗതാര്‍ഹമായ ചില മാറ്റങ്ങള്‍ വരുത്താന്‍ കാന്‍ ശ്രമിച്ചിരുന്നു. വികസ്വര രാജ്യങ്ങള്‍ക്ക് കൂടുതല്‍ പരിഗണന നല്‍കാന്‍ കാന്‍ നടത്തിയ ശ്രമങ്ങള്‍, മൂന്നാം ലോക രാജ്യങ്ങളുടെ അനുഭാവം നേടിയിരുന്നു.

ഗ്രീസിലെ സാമ്പത്തിക പ്രതിസന്ധി തരണംചെയ്യുന്നതില്‍ യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളെ സഹായിക്കാനുള്ള ചര്‍ച്ചകളില്‍ പങ്കെടുക്കുന്നതിന് ജര്‍മ്മനിയിലേക്ക് പോകാന്‍ വിമാനത്തില്‍ കയറിയപ്പോഴാണ് കാന്‍ അറസ്റ്റുചെയ്യപ്പെട്ടത്. ഗ്രീസിന്റെ കടബാധ്യതയും രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയും യൂറോപ്യന്‍ യൂണിയനെയാകെ പിടിച്ചുലയ്ക്കുന്നുണ്ട്. ഗ്രീസിന് കഴിഞ്ഞവര്‍ഷം മെയ് മാസത്തില്‍ ഐ എം എഫ് 16,000 കോടി ഡോളറിന്റെ രക്ഷാ പാക്കേജ് പ്രഖ്യാപിച്ചിരുന്നു. ഈ സഹായം നല്‍കുന്നതിന് ഐ എം എഫ് മുന്നോട്ടുവച്ച ഉപാധികള്‍ ഗ്രീസില്‍ വമ്പിച്ച പ്രതിഷേധത്തിനു വഴിവയ്ക്കുകയും ചെയ്തു. സര്‍ക്കാരിന്റെ ചെലവില്‍ ഗണ്യമായ വെട്ടിക്കുറവ് വരുത്തണമെന്നതാണ് ഒരു ഉപാധി. സാമ്പത്തിക പരിഷ്‌കരണത്തിന്റെ പേരില്‍ തൊഴിലാളികളുടെ ആനുകൂല്യങ്ങള്‍ ഗണ്യമായി വെട്ടിക്കുറച്ചു. പൊതുമേഖലാ വ്യവസായങ്ങള്‍ സ്വകാര്യവല്‍ക്കരിച്ചു.

ഐ എം എഫ് നല്‍കിയ വായ്പകൊണ്ടും ഗ്രീസ് പ്രതിസന്ധിയില്‍ നിന്നും കരകയറിയില്ല. ഈ സാഹചര്യത്തില്‍ കൂടുതല്‍ സഹായം ഗ്രീസിനു ലഭ്യമാക്കുന്നതിനുള്ള ചര്‍ച്ചകള്‍ കാന്‍ നടത്തിവരികയായിരുന്നു. ഫ്രഞ്ച് സോഷ്യലിസ്റ്റ് പാര്‍ട്ടി നേതാവായ കാന്‍ ഫ്രാന്‍സിലെ മുന്‍ധനകാര്യ മന്ത്രിയായിരുന്നു. ഈ അനുഭവത്തിന്റെ അടിസ്ഥാനത്തില്‍ ഐ എം എഫിന്റെ ചില നയങ്ങളില്‍ മാറ്റം വരുത്താന്‍ കാന്‍ ശ്രമിച്ചിരുന്നു. ഐ എം എഫ് വായ്പ നല്‍കുന്നതിനു വിദേശ മൂലധനത്തിന്റെമേല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ പാടില്ലെന്ന വ്യവസ്ഥ വായ്പ ലഭിക്കുന്ന രാജ്യം അംഗീകരിക്കണമെന്നായിരുന്നു നേരത്തെ ഉണ്ടായിരുന്ന ഒരു വ്യവസ്ഥ. കാന്‍ ഇതുമാറ്റി, ഒരു രാജ്യത്തിന്റെ ആഭ്യന്തര സാഹചര്യത്തിനനുസൃതമായി ചില നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താമെന്ന് അദ്ദേഹം നിര്‍ദേശിച്ചു. സാമ്പത്തിക വളര്‍ച്ചയോടൊപ്പം കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുന്നതിനു മുന്‍ഗണന നല്‍കണമെന്ന് അദ്ദേഹം ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിരുന്നു. സാമ്പത്തിക വളര്‍ച്ചയെ വികസനത്തിന്റെ ഏക അളവുകോലായി കാണുന്ന രീതിയില്‍ നിന്നുള്ള വ്യതിയാനമായിരുന്നു കാനിന്റെ നിലപാട്.

കാന്‍ സ്ഥാനമൊഴിഞ്ഞതോടെ ഐ എം എഫിന്റെ അടുത്ത മേധാവി ആരാണെന്നതിനെക്കുറിച്ച് ചര്‍ച്ചകള്‍ തുടങ്ങിയിട്ടുണ്ട്. ഐ എം എഫിന്റെ മേധാവിയായി യൂറോപ്പില്‍ നിന്നുള്ള ഒരാള്‍ തന്നെ വരണമെന്ന് ജര്‍മന്‍ ചാന്‍സലര്‍ ആഞ്ചല മര്‍ക്കല്‍ പരസ്യമായി ആവശ്യപ്പെട്ടു കഴിഞ്ഞു. യൂറോപ്പില്‍ നിന്ന് ഈ സ്ഥാനത്തേയ്ക്ക് പരിഗണിക്കപ്പെടുന്നവരില്‍ പ്രധാനി ഫ്രഞ്ച് ധനകാര്യമന്ത്രി ക്രിസ്റ്റിന ലാഗാര്‍ഡയാണ്. തിരഞ്ഞെടുക്കപ്പെടുകയാണെങ്കില്‍ ഐ എം എഫിന്റെ തലപ്പത്ത് എത്തുന്ന ആദ്യ വനിതയായിരിക്കും ക്രിസ്റ്റിന.

ചൈന, ഇന്ത്യ തുടങ്ങിയ അതിവേഗം വളരുന്ന രാജ്യങ്ങള്‍ ഐ എം എഫില്‍ അര്‍ഹമായ പ്രാതിനിധ്യം ലഭിക്കണമെന്ന് ആവശ്യപ്പെടുന്നുണ്ട്. ഡപ്യൂട്ടി മാനേജിംഗ് ഡയറക്ടര്‍ സ്ഥാനം ലഭിക്കണമെന്നാണ് ചൈനയുടെ നിര്‍ദേശം. ഇന്ത്യയില്‍ നിന്നും ആസൂത്രണ കമ്മിഷന്‍ ഉപാധ്യക്ഷനായ മൊണ്ടേക്‌സിംഗ് അലുവാലിയയുടെ പേരാണ് ഐ എം എഫ് നേതൃത്വത്തിലേയ്ക്ക് ഉയര്‍ന്നുകേള്‍ക്കുന്നത്, ഐ എം എഫില്‍ ഇന്ത്യയുടെ പ്രതിനിധിയായിരുന്ന അലുവാലിയ അമേരിക്കയുടെ ഇഷ്ടക്കാരനാണ്. സിങ്കപ്പൂര്‍ ഡപ്യൂട്ടി പ്രധാനമന്ത്രി തര്‍മാന്‍ ഷണ്‍മുഖവേലുവിന്റെ പേരാണ് ഇന്തോനേഷ്യ നിര്‍ദേശിക്കുന്നത്. തുര്‍ക്കിയിലെ മുന്‍ ധനകാര്യമന്ത്രി കെമല്‍ ദെര്‍വിസാണ് ഐ എം എഫിന്റെ തലവനാകാന്‍ രംഗത്തുള്ള മറ്റൊരാള്‍, യൂറോപ്പില്‍ നിന്നുള്ള സ്ഥാനമോഹികളില്‍ മുന്‍നിരയിലുള്ളത് മുന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ഗോര്‍ഡന്‍ ബ്രൗണാണ്. ഐ എം എഫിന്റെ നയരൂപീകരണസമിതിക്ക് മുമ്പ് നേതൃത്വം നല്‍കിയത് ബ്രൗണായിരുന്നു.
ഐ എം എഫ് എക്‌സിക്യുട്ടീവ് ബോര്‍ഡ് സമവായത്തിലൂടെയാണ് ഐ എം എഫ് മേധാവിയെ തിരഞ്ഞെടുക്കാറ്. വോട്ടെടുപ്പ് ഒഴിവാക്കുന്ന പതിവ് ഇത്തവണയും തെറ്റിക്കില്ലെന്നാണ് പ്രതീക്ഷ.
(എസ് സേതുരാമന്‍)

janayugam 210511

1 comment:

  1. അന്തര്‍ദേശീയ നാണയനിധി (ഐ എം എഫ്)യുടെ മാനേജിംഗ് ഡയറക്ടര്‍ ഡൊമിനിക് സ്‌ട്രോസ്‌കാന്‍ ലൈംഗിക പീഡന കേസില്‍ കുടുങ്ങി രാജിവച്ചത് ഐ എം എഫിന്റെ നേതൃത്വത്തില്‍ പ്രതിസന്ധി സൃഷ്ടിച്ചിട്ടുണ്ട്. ഐ എം എഫിന്റെ 65 വര്‍ഷത്തെ ചരിത്രത്തില്‍ ഇത്തരത്തിലുള്ള ഒരു സംഭവം ഇത് ആദ്യമാണ്. ആഗോള സാമ്പത്തിക മാന്ദ്യത്തില്‍ നിന്നും പുറത്തുകടക്കാന്‍ അംഗരാജ്യങ്ങളെ സഹായിക്കുന്നതിന് ഐ എം എഫ് ശ്രമം നടത്തിവരുന്നതിനിടയില്‍ കാന്‍ സ്ഥാനമൊഴിയുന്നത് പല രാജ്യങ്ങള്‍ക്കും തിരിച്ചടിയാണ്.

    ReplyDelete