Monday, May 16, 2011

പാചകവാതകം, ഡീസല്‍ വിലവര്‍ധന ഈയാഴ്ചതന്നെ

പെട്രോള്‍വില കുത്തനെ കൂട്ടിയതിനു പുറകെ ഡീസലിന്റെയും പാചകവാതകത്തിന്റെയും വിലയും ഈയാഴ്ച വര്‍ധിപ്പിക്കും. ഇന്ധനവില സംബന്ധിച്ച മന്ത്രിസഭാ സമിതി ഈയാഴ്ച യോഗം ചേര്‍ന്ന് ഇക്കാര്യം തീരുമാനിക്കുമെന്ന് ധനമന്ത്രി പ്രണബ് മുഖര്‍ജി പറഞ്ഞു. മണ്ണെണ്ണ വില വര്‍ധിപ്പിക്കുന്നതും സമിതിയുടെ പരിഗണനയിലുണ്ട്. പെട്രോള്‍ വില അഞ്ചു രൂപ കൂടി ഉടന്‍ കൂട്ടുമെന്ന് ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ ചെയര്‍മാന്‍ ആര്‍ എസ് ബുട്ടോലയും അറിയിച്ചു. ഡീസല്‍ വില ലിറ്ററിന് നാലുരൂപയും പാചകവാത സിലിണ്ടറിന് 25 രൂപ മുതല്‍ 50 രൂപ വരെയും കൂട്ടാനുമാണ് നീക്കം. അന്താരാഷ്ട്ര കമ്പോളത്തിലെ വിലയുമായി താരതമ്യപ്പെടുത്തുമ്പോള്‍ കുറഞ്ഞ വിലയ്ക്കാണ് ഡീസലും പാചകവാതകവും വില്‍ക്കുന്നതെന്നും ഇത് അധികകാലം തുടരാനാവില്ലെന്നും മുഖര്‍ജി കൊല്‍ക്കത്തയില്‍ പറഞ്ഞു. പെട്രോള്‍ വില വര്‍ധിപ്പിച്ചതില്‍ കേന്ദ്രസര്‍ക്കാരിന് പങ്കില്ലെന്നും എണ്ണക്കമ്പനികളാണ് വില വര്‍ധിപ്പിച്ചതെനും മുഖര്‍ജി കൂട്ടിച്ചേര്‍ത്തു.

2009ല്‍ രണ്ടാം യുപിഎ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം പെട്രോള്‍വില 50 ശതമാനത്തോളം വര്‍ധിപ്പിച്ചു. ഒരു വര്‍ഷത്തിനകം 30 ശതമാനം വിലവര്‍ധന അടിച്ചേല്‍പ്പിച്ചു. അന്താരാഷ്ട്ര വിലയുമായി താരതമ്യപ്പെടുത്തുമ്പോള്‍ പെട്രോളിന് 10.50 രൂപയെങ്കിലും വര്‍ധിപ്പിക്കണമെന്ന് ഐഒസി ചെയര്‍മാന്‍ ബുട്ടോല പറഞ്ഞു. നിലവില്‍ അഞ്ച് രൂപ മാത്രമാണ് വര്‍ധിപ്പിച്ചത്. ബാക്കി വരുന്ന തുകയും ഉടന്‍ വര്‍ധിപ്പിക്കും അദ്ദേഹം അറിയിച്ചു. അന്തരാഷ്ട്ര കമ്പോളത്തില്‍ അസംസ്കൃത എണ്ണയുടെ വില കുത്തനെ കുറയുമ്പോഴാണ് വില വര്‍ധിച്ചുവെന്ന് പറഞ്ഞ് എണ്ണക്കമ്പനികള്‍ വില ഉയര്‍ത്തിയത്. നീമെക്സ് അസംസ്കൃത എണ്ണയ്ക്ക് വീപ്പയ്ക്ക് 113 ഡോളറില്‍നിന്ന് 99 ഡോളറായി വില കുറഞ്ഞു. ബ്രെന്റ് അസംസ്കൃത എണ്ണയ്ക്കാകട്ടെ 126 ഡോളറില്‍ നിന്ന് 113 ഡോളറായി കുറഞ്ഞു. ഇന്ത്യ ഉപയോഗിക്കുന്ന അസംസ്കൃത എണ്ണയുടെ വിലയും 119.40 ഡോളറില്‍നിന്ന് 113.09 ഡോളറായി കുറഞ്ഞപ്പോഴാണ് വില വര്‍ധിപ്പിച്ചത്.

ക്രൂരമായ പ്രഹരം: ഇടതുപക്ഷം

ന്യൂഡല്‍ഹി: വിലക്കയറ്റത്തില്‍ പൊറുതിമുട്ടുന്ന ജനങ്ങള്‍ക്ക് യുപിഎ സര്‍ക്കാര്‍ നല്‍കിയ ക്രൂരമായ പ്രഹരമാണ് പെട്രോള്‍ വില വര്‍ധനയെന്ന് നാല് ഇടതുപക്ഷ പാര്‍ടികള്‍ അഭിപ്രായപ്പെട്ടു. വിലനിയന്ത്രണം എടുത്ത് കളഞ്ഞ നടപടി ഉടന്‍ പിന്‍വലിക്കണമെന്ന് സിപിഐ എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്, സിപിഐ ജനറല്‍ സെക്രട്ടറി എ ബി ബര്‍ദന്‍ , ഫോര്‍വേഡ് ബ്ലോക്ക് ജനറല്‍ സെക്രട്ടറി ദേവബ്രത ബിശ്വാസ്, ആര്‍എസ്പി സെക്രട്ടറി അബനിറോയ് എന്നിവര്‍ സംയുക്തപ്രസ്താവനയില്‍ ആവശ്യപ്പെട്ടു. വിലവര്‍ധനക്കെതിരെ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കാനും പ്രസ്താവന ജനങ്ങളോടഭ്യര്‍ഥിച്ചു.

പെട്രോളിന് ലിറ്ററിന് അഞ്ചു രൂപയടെ വര്‍ധനവാണ് സര്‍ക്കാര്‍ വരുത്തിയത്. പെട്രോളിന്റെ വില നിയന്ത്രണം എടുത്ത് കളഞ്ഞ ശേഷം എല്ലാ മാസവും വില വര്‍ധിപ്പിക്കുകയാണ്. എന്നാല്‍ , ഈ വര്‍ഷം ജനുവരിമുതല്‍ എണ്ണക്കമ്പനികള്‍ വിലകൂട്ടിയിട്ടില്ല. അഞ്ചു സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശമനുസരിച്ചായിരിക്കണം നടപടി. തെരഞ്ഞെടുപ്പ് കഴിഞ്ഞയുടനാണ് വില വര്‍ധിപ്പിച്ചതും. ഇതു തെളിയിക്കുന്നത് പെട്രോളിയം വില വര്‍ധന രാഷ്ട്രീയമുതലെടുപ്പിന് ഉപയോഗിച്ചുവെന്നാണ്. ഇറക്കുമതി ചെയ്യുന്ന പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ മൂല്യാധിഷ്ഠിത നികുതി ഘടനയില്‍ മാറ്റം വരുത്താന്‍ യുപിഎ സര്‍ക്കാര്‍ തയ്യാറാവുന്നില്ല. അന്താരാഷ്ട്രക്കമ്പോളത്തില്‍ വില കൂടുന്നതിനനുസരിച്ച് സര്‍ക്കാരിന് അധികമായി ലഭിക്കുന്ന സെസ് വരുമാനം എണ്ണക്കമ്പനികള്‍ക്ക് നല്‍കിയാല്‍ വില വര്‍ധിപ്പിക്കേണ്ടിവരില്ല. അത് ജനങ്ങള്‍ക്ക് ആശ്വാസമാകുകയും ചെയ്യും. വര്‍ധിച്ച പണപ്പെരുപ്പവും വിലക്കയറ്റവും സൃഷ്ടിക്കുന്ന സര്‍ക്കാര്‍ നയം ജനങ്ങള്‍ക്ക് സ്വീകാര്യമാകില്ല- പ്രസ്താവനയില്‍ പറഞ്ഞു.

തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ യുപിഎ സര്‍ക്കാരിന്റെ യഥാര്‍ഥ നിറം വ്യക്തമായതായി സിഐടിയു കേന്ദ്ര സെക്രട്ടറിയറ്റ് അഭിപ്രായപ്പെട്ടു. വില വര്‍ധനവ് പിന്‍വലിക്കാനും നികുതിഘടന യുക്തിപരമാക്കാനും സര്‍ക്കാര്‍ തയ്യാറാകണം. വില വര്‍ധനവിനെതിരെ പ്രക്ഷോഭം സംഘടിപ്പിക്കാനും സിഐടിയു തൊഴിലാളികളോട് അഭ്യര്‍ഥിച്ചു. അന്താരാഷ്ട്രക്കമ്പോളത്തില്‍ അസംസ്കൃത എണ്ണയ്ക്ക് 113.7 ഡോളറായി ഉയര്‍ന്ന സാഹചര്യത്തിലാണ് വില വര്‍ധിപ്പിച്ചതെന്ന സര്‍ക്കാരിന്റെ വാദം അംഗീകരിക്കാനാകില്ല. പെട്രോളിയം വിലയുടെ പകുതിയിലധികവും നികുതിയിനത്തില്‍ സര്‍ക്കാര്‍ ഖജനാവിലേക്കാണ് പോകുന്നത്. മാത്രമല്ല എണ്ണ ശുദ്ധീകരണത്തിന് ഇന്ത്യയില്‍ ചെലവു കുറവാണ്. എന്നാല്‍ , അതിന്റെ ഇളവ് ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്നില്ല. അന്താരാഷ്ട്രക്കമ്പോളത്തിലെ വിലവര്‍ധന ചൂണ്ടിക്കാട്ടി ആഭ്യന്തരകമ്പോളത്തില്‍ വില വര്‍ധിപ്പിക്കുന്നത് ന്യായീകരിക്കാനാകില്ല-സിഐടിയു പറഞ്ഞു.

ദേശാഭിമാനി 160511

1 comment:

  1. പെട്രോള്‍വില കുത്തനെ കൂട്ടിയതിനു പുറകെ ഡീസലിന്റെയും പാചകവാതകത്തിന്റെയും വിലയും ഈയാഴ്ച വര്‍ധിപ്പിക്കും. ഇന്ധനവില സംബന്ധിച്ച മന്ത്രിസഭാ സമിതി ഈയാഴ്ച യോഗം ചേര്‍ന്ന് ഇക്കാര്യം തീരുമാനിക്കുമെന്ന് ധനമന്ത്രി പ്രണബ് മുഖര്‍ജി പറഞ്ഞു. മണ്ണെണ്ണ വില വര്‍ധിപ്പിക്കുന്നതും സമിതിയുടെ പരിഗണനയിലുണ്ട്. പെട്രോള്‍ വില അഞ്ചു രൂപ കൂടി ഉടന്‍ കൂട്ടുമെന്ന് ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ ചെയര്‍മാന്‍ ആര്‍ എസ് ബുട്ടോലയും അറിയിച്ചു. ഡീസല്‍ വില ലിറ്ററിന് നാലുരൂപയും പാചകവാത സിലിണ്ടറിന് 25 രൂപ മുതല്‍ 50 രൂപ വരെയും കൂട്ടാനുമാണ് നീക്കം. അന്താരാഷ്ട്ര കമ്പോളത്തിലെ വിലയുമായി താരതമ്യപ്പെടുത്തുമ്പോള്‍ കുറഞ്ഞ വിലയ്ക്കാണ് ഡീസലും പാചകവാതകവും വില്‍ക്കുന്നതെന്നും ഇത് അധികകാലം തുടരാനാവില്ലെന്നും മുഖര്‍ജി കൊല്‍ക്കത്തയില്‍ പറഞ്ഞു. പെട്രോള്‍ വില വര്‍ധിപ്പിച്ചതില്‍ കേന്ദ്രസര്‍ക്കാരിന് പങ്കില്ലെന്നും എണ്ണക്കമ്പനികളാണ് വില വര്‍ധിപ്പിച്ചതെനും മുഖര്‍ജി കൂട്ടിച്ചേര്‍ത്തു.

    ReplyDelete