ചാലക്കുടിയില്‍ കാലുവാരിയെന്ന് ബെന്നി
തൃശൂര്‍ : ചാലക്കുടിയില്‍ രാഹുല്‍ഗാന്ധിയുടെ നോമിനിയായ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി കെ ടി ബെന്നിയുടെ പരാജയം കോണ്‍ഗ്രസിന് തലവേദനയാകുന്നു. തന്റെ തോല്‍വി കാലുവാരല്‍മൂലമാണെന്ന് ബെന്നി രാഹുലിനെ അറിയിച്ചു. കോണ്‍ഗ്രസ് ഭരിക്കുന്ന പഞ്ചായത്തുകളില്‍ തനിക്ക് വോട്ടു കുറഞ്ഞത് ഇതിനു തെളിവാണെന്നും ബെന്നി ചൂണ്ടിക്കാട്ടി. തന്റെ പരാജയത്തെക്കുറിച്ച് എഐസിസിക്കും കെപിസിസിക്കും പരാതി നല്‍കുമെന്നും ബെന്നി വാര്‍ത്താലേഖകരോടു പറഞ്ഞു.
തോല്‍വി അപ്രതീക്ഷിതമാണ്. സ്വപ്നത്തില്‍പോലും ഇത്രയും കനത്തപരാജയം പ്രതീക്ഷിച്ചില്ല. എന്നാല്‍ , താന്‍ ഇതോടുകൂടി ചാലക്കുടി വിടുമെന്ന് കരുതേണ്ട. ചാലക്കുടി കേന്ദ്രമാക്കി പ്രവര്‍ത്തിക്കാന്‍തന്നെയാണ് തീരുമാനം. രാഹുല്‍ നേരിട്ട് എത്തി പ്രചാരണം നടത്തിയിട്ടും സ്വന്തം നോമിനി പരാജയപ്പെട്ടതിനെത്തുടര്‍ന്ന് പ്രാദേശികനേതാക്കളില്‍ പലരുടെയും തല ഉരുളും എന്ന പ്രചാരണവും ശക്തമാണ്.
എന്നാല്‍ , ബെന്നിയുടെ വാദങ്ങളില്‍ കഴമ്പില്ലെന്നാണ് ചാലക്കുടിയിലെയും ജില്ലയിലെയും ഒരു വിഭാഗം കോണ്‍ഗ്രസുകാര്‍ പറയുന്നത്. എറണാകുളം ജില്ലക്കാരനായ ബെന്നി മണ്ഡലത്തിന് തീരെ പരിചയമില്ലാത്തയാളാണ്. യൂത്ത് കോണ്‍ഗ്രസിലടക്കം പലരുടേയും സാധ്യത ഇല്ലാതാക്കിയാണ് ബെന്നിയെ ഇവിടേക്ക് കെട്ടിയിറക്കിയത്. ഇത് പ്രവര്‍ത്തകര്‍ക്ക് ഇഷ്ടമായില്ലെന്നും ഈ വിഭാഗം പറയുന്നു. രാഹുല്‍ഗാന്ധി നേരിട്ടെത്തി പ്രചാരണം നടത്തിയിട്ടും ഏശാത്തതിനു പിന്നില്‍ ഇതും കാരണമാണ്. വന്‍ തോതില്‍ പണവും ആളെയും ഇറക്കിയുള്ള പ്രചാരണവും ജനം വെറുത്തു. മണ്ഡലത്തില്‍ എല്‍ഡിഎഫ് നടത്തിയ വികസനപ്രവര്‍ത്തനവും ബി ഡി ദേവസിയുടെ സ്വീകാര്യതയും ബെന്നിയുടെ തോല്‍വിക്കു കാരണമായെന്ന് കോണ്‍ഗ്രസിനകത്തുതന്നെ അഭിപ്രായവും ഉയര്‍ന്നിട്ടുണ്ട്. സ്ഥാനാര്‍ഥിനിര്‍ണയത്തിന്റെ അവസാനനിമിഷം രാഹുല്‍ഗാന്ധി അടിച്ചേല്‍പ്പിച്ച ആശ്രിതപ്പട്ടികയാണ് കോണ്‍ഗ്രസിന്റെ തിരിച്ചടിക്ക് ആക്കം കൂട്ടിയത് എന്ന അഭിപ്രായം മുതിര്‍ന്ന നേതാക്കള്‍ക്കിടയില്‍ ശക്തമാണ്. 2549 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് പനമ്പിള്ളിയുടെ തട്ടകത്തില്‍ ബി ഡി ദേവസി രണ്ടാം വിജയം നേടിയത്.
പാരവച്ചെന്ന് അനില്‍കുമാര്‍
കോഴിക്കോട്: തോല്‍വിക്ക് കാരണം പാലംവലിയും പാരവയ്പുമാണെന്ന് കാട്ടി കൊയിലാണ്ടിയിലെ യുഡിഎഫ് സ്ഥാനാര്‍ഥി കെ പി അനില്‍കുമാര്‍ രാഹുല്‍ഗാന്ധിക്ക് പരാതി അയച്ചു. ഒരുവിഭാഗം പാര്‍ടി നേതാക്കളും പ്രവര്‍ത്തകരും നടത്തിയ വിഭാഗീയ പ്രവര്‍ത്തനമാണ് തോല്‍വിക്ക് കാരണമെന്നാണ് പരാതി. പ്രാദേശിക നേതൃത്വത്തെ മുതല്‍ ഡിസിസി നേതാക്കളെയടക്കം കുറ്റപ്പെടുത്തിയുള്ള പരാതി കേരളത്തിന്റെ ചുമതലയുള്ള എഐസിസിസെക്രട്ടറി മധുസൂദനന് മിസ്ത്രിക്കും അയച്ചു.
വിജയസാധ്യത ഉറപ്പുള്ള മണ്ഡലത്തില്‍ വ്യാപകമായി കാലുവാരിയതായാണ് അനില്‍കുമാറിന്റെ ആക്ഷേപം. വോട്ട്കിട്ടേണ്ടിയിരുന്ന പയ്യോളി, തിക്കോടി പഞ്ചായത്തുകളില്‍ ചോര്‍ച്ചയുണ്ടായി. ചെങ്ങോട്ടുകാവില്‍ കനത്ത അടിവലിയുമുണ്ടായി. അവിടെ പിറകോട്ടുപോയത് ഗ്രൂപ്പുതിരിഞ്ഞ് എതിര്‍ത്തതിനാലാണ്. എ ഗ്രൂപ്പാണ് വ്യാപകമായ അട്ടിമറിക്ക് പിന്നിലെന്നും രാഹുലിന്റെ സ്ഥാനാര്‍ഥി പട്ടികയില്‍പ്പെട്ട അനില്‍കുമാര്‍ പരാതിയില്‍ ഉന്നയിച്ചിട്ടുണ്ട്. തുടക്കത്തിലേ ഒരുപറ്റം നേതാക്കള്‍ മുഖംതിരിച്ചും പ്രതിഷേധിച്ചും നിന്നു. ഇവരെ ഇണക്കാനും പ്രവര്‍ത്തനം സജീവമാക്കാനും ഡിസിസിയുടെ ഭാഗത്തുനിന്ന് കാര്യമായ ഇടപെടലുണ്ടായില്ല. രാഹുല്‍ഗാന്ധി പോലും പ്രചാരണത്തിന് പയ്യോളിയിലെത്തിയിട്ടും ഒരുവിഭാഗം കടുത്ത എതിര്‍പ്പുമായെത്തി. ഹൈക്കമാന്‍ഡ് അയച്ച ഫണ്ട് വിഴുങ്ങിയതല്ലാതെ വോട്ട് കിട്ടാന്‍ യാതൊരു സഹായവുമുണ്ടായില്ലെന്നാണ് പരാതിയില്‍ പറഞ്ഞു.
നടന്നത് വന്‍ ചതി: ജോണി നെല്ലൂര്‍
കൊച്ചി: അങ്കമാലിയില്‍ പാളയത്തില്‍നിന്നുതന്നെ വന്‍ ചതിയാണ് തനിക്ക് നേരിടേണ്ടിവന്നതെന്ന് പരാജയപ്പെട്ട യുഡിഎഫ് സ്ഥാനാര്‍ഥിയും കേരള കോണ്‍ഗ്രസ് ജേക്കബ് വിഭാഗം ചെയര്‍മാനുമായ ജോണി നെല്ലൂര്‍ പറഞ്ഞു. ജയിക്കുമെന്ന് ഉറപ്പിച്ചിരുന്ന ഇവിടെ വോട്ടുകളുടെ അടിയൊഴുക്കാണ് തന്നെ പരാജയപ്പെടുത്തിയതെന്നും ഇതുസംബന്ധിച്ച് അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് യുഡിഎഫ് നേതൃത്വത്തിന് പരാതി നല്‍കിയതായും അദ്ദേഹം പറഞ്ഞു.
സ്വന്തം സ്ഥലമായ മൂവാറ്റുപുഴയില്‍നിന്ന് ഒഴിവാക്കി അങ്കമാലി അടിച്ചേല്‍പ്പിക്കുമ്പോള്‍ ഇത്തരമൊരു ചതി ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. പോളിങ്ദിവസംമുതല്തന്നെ ഉറച്ച വിജയപ്രതീക്ഷയിലായിരുന്നു. മണ്ഡലത്തിലെ യുഡിഎഫ് നേതൃത്വം 15,000 വരെ ഭൂരിപക്ഷം പറഞ്ഞിരുന്നെങ്കിലും തെരഞ്ഞെടുപ്പ് അനുഭവവച്ച് 5000നും 8000നും ഇടയില്‍ പ്രതീക്ഷിച്ചിരുന്നു. ചില സിപിഐ എം നേതാക്കള്‍പോലും താന്‍ വിജയിക്കുമെന്ന് വ്യക്തമാക്കിയിരുന്നു. വിജയാഹ്ലാദപ്രകടനത്തിനായി തലേന്നാള്‍ വാഹനവുമൊരുക്കി. എന്നാല്‍ , വോട്ടെണ്ണിത്തുടങ്ങിയപ്പോഴാണ് ചതി വ്യക്തമായത്. വോട്ട് മറിഞ്ഞതായി തികച്ചും ബോധ്യപ്പെട്ടു. എറണാകുളം ജില്ലയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ മത്സരിച്ച ഭൂരിപക്ഷം സീറ്റുകളിലും ഉണ്ടായ യുഡിഎഫ് തരംഗം എന്തുകൊണ്ട് ഘടകകക്ഷികള്‍ മത്സരിച്ച അങ്കമാലി, പിറവം, കളമശേരി തുടങ്ങിയ മണ്ഡലങ്ങളില്‍ ഉണ്ടായില്ല എന്നത് പരിശോധിക്കണമെന്നും അദ്ദേഹം ദേശാഭിമാനിയോട് പറഞ്ഞു.
ദേശാഭിമാനി
ചാലക്കുടിയില്‍ രാഹുല്‍ഗാന്ധിയുടെ നോമിനിയായ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി കെ ടി ബെന്നിയുടെ പരാജയം കോണ്‍ഗ്രസിന് തലവേദനയാകുന്നു. തന്റെ തോല്‍വി കാലുവാരല്‍മൂലമാണെന്ന് ബെന്നി രാഹുലിനെ അറിയിച്ചു. കോണ്‍ഗ്രസ് ഭരിക്കുന്ന പഞ്ചായത്തുകളില്‍ തനിക്ക് വോട്ടു കുറഞ്ഞത് ഇതിനു തെളിവാണെന്നും ബെന്നി ചൂണ്ടിക്കാട്ടി. തന്റെ പരാജയത്തെക്കുറിച്ച് എഐസിസിക്കും കെപിസിസിക്കും പരാതി നല്‍കുമെന്നും ബെന്നി വാര്‍ത്താലേഖകരോടു പറഞ്ഞു.
ReplyDelete