അഴിമതിയില്‍ മുങ്ങിക്കുളിച്ച ഡി എം കെ തിരഞ്ഞെടുപ്പില്‍ തോറ്റമ്പുമെന്ന് പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവ് ദയാനിധി മാരന്‍ നേരത്തെ തന്നെ പറഞ്ഞിരുന്നതായി വിക്കി ലീക്ക്‌സ് രേഖകള്‍. 2008ല്‍ അമേരിക്കന്‍ ഉദ്യോഗസ്ഥരുമായുള്ള സ്വകാര്യ സംഭാഷണത്തിനിടയ്ക്ക് മാരന്‍ ഇക്കാര്യം പറഞ്ഞിരുന്നതായാണ്, വിക്കി ലീക്ക്‌സിനെ ഉദ്ധരിച്ച് ദ ഹിന്ദു പത്രം റിപ്പോര്‍ട്ടു ചെയ്യുന്നത്. കരുണാനിധിയുമായുള്ള അഭിപ്രായ ഭിന്നതെ തുടര്‍ന്ന് മാരന്‍ കേന്ദ്രമന്ത്രിപദം രാജിവച്ചതിനു പിന്നാലെയായിരുന്നു കൂടിക്കാഴ്ച.
അധികാരത്തില്‍ എത്തിയതോടെ നേതാക്കള്‍ പണമുണ്ടാക്കാന്‍ തുടങ്ങുകയാണെന്നും അഴിമതിയില്‍ മുങ്ങിയ പാര്‍ട്ടിയെന്ന പ്രതിച്ഛായ ഡി എം കെയ്ക്ക് തിരിച്ചടിയുണ്ടാക്കുമെന്നുമാണ് അമേരിക്കന്‍ കോണ്‍സുല്‍ ജനറലുമായുള്ള കൂടിക്കാഴ്ചയില്‍ ദയാനിധി മാരന്‍ പറഞ്ഞത്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഡി എം കെ സഖ്യത്തിന് പകുതി സീറ്റുകള്‍ നഷ്ടപ്പെടുമെന്നാണ് 2008 ഫെബ്രുവരി 23ന് ഡേവിഡ് ടി ഹോപ്പറുമായി നടത്തിയ സംഭാഷണത്തില്‍ മാരന്‍ പ്രവചിച്ചത്. ''അധികാരത്തിലെത്തുമ്പോള്‍ ആളുകള്‍ക്ക് എന്തു ചെയ്യണമെന്ന് പിടിയില്ലാത്ത അവസ്ഥയാണ്. അവര്‍ കഴിയും വിധമെല്ലാം പണമുണ്ടാക്കാനാണ് നോക്കുന്നത്'' മാരനെ ഉദ്ധരിച്ചുകൊണ്ട് വിക്കിലീക്ക്‌സ് രേഖകള്‍ പറയുന്നു.
കളര്‍ ടി വിയും മറ്റും വാഗ്ദാനം ചെയ്ത് വോട്ടുപിടിക്കുന്ന ഡി എം കെയുടെ രീതിയെയും മാരന്‍ കുറ്റപ്പെടുത്തിയതായി, ചെന്നൈയില്‍ വച്ച് കോണ്‍സല്‍ ജനറലുമായി ഫെബ്രുവരി 15ന് നടത്തിയ കൂടിക്കാഴ്ചയുമായി ബന്ധപ്പെട്ട രേഖകള്‍ പറയുന്നു. ''ടി വിയെല്ലാം ജനങ്ങള്‍ വളരെ വേഗം മറന്നുപോവുമെന്നും ഞങ്ങള്‍ക്കു വേണ്ടി സര്‍ക്കാര്‍ എന്താണ് ചെയ്തതെന്നായിരിക്കും പിന്നീട് അവര്‍ ചോദിക്കുകയെന്നു''മാണ് സംഭാഷണത്തില്‍ മാരന്‍ ചൂണ്ടിക്കാട്ടിയത്. ആന്ധ്രയിലും തമിഴ്‌നാട്ടിലും യു പി എയ്ക്ക് തിരഞ്ഞെടുപ്പില്‍ തിരിച്ചടിയുണ്ടാവുമെന്നാണ് സംഭാഷണത്തില്‍ മാരന്‍ അഭിപ്രായപ്പെടുന്നത്. അധികാരത്തില്‍ തിരിച്ചെത്താന്‍ യു പി എയ്ക്കുമുന്നിലുള്ള മാര്‍ഗം രാഹുല്‍ ഗാന്ധിയെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി പ്രഖ്യാപിക്കുകയാണെന്നാണ് മാരന്‍ അമേരിക്കന്‍ പ്രതിനിധിയുമായുള്ള സംഭാഷണത്തില്‍ ചൂണ്ടിക്കാട്ടിയത്.
ഉപവാസ സമരം നടത്തിയതിലൂടെ കേന്ദ്ര സര്‍ക്കാരിനെ ബ്ലാക്ക് മെയില്‍ ചെയ്ത് കാര്യം നേടാമെന്ന കരുണാനിധിയുടെ തന്ത്രമാണ് പുറത്തായതെന്നും മാരന്‍ സംഭാഷണത്തിനിടെ സമ്മതിക്കുന്നുണ്ട്.
ജനയുഗം 230511

ReplyDelete