Friday, May 20, 2011

ജീവനക്കാര്‍ക്ക് കൂട്ട സ്ഥലംമാറ്റം

യുഡിഎഫ് സര്‍ക്കാര്‍ അധികാരമേറ്റ് 24 മണിക്കൂര്‍ തികയുംമുമ്പ് കോണ്‍ഗ്രസ് അനുകൂലസംഘടനയുടെ കത്തിന്റെ അടിസ്ഥാനത്തില്‍ ജീവനക്കാര്‍ക്ക് വ്യാപക സ്ഥലംമാറ്റം. സെക്രട്ടറിയറ്റ് നിയമവകുപ്പ്, മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറേറ്റ്, സാങ്കേതിക വിദ്യാഭ്യാസവകുപ്പ് ഡയറക്ടറേറ്റ്, ലോക്കല്‍ ഫണ്ട് ഓഡിറ്റ് തുടങ്ങിയ വകുപ്പുകളില്‍ നിരവധി ജീവനക്കാരെ മാനദണ്ഡങ്ങള്‍ കാറ്റില്‍ പറത്തി സ്ഥലംമാറ്റുകയായിരുന്നു. ലീഗിന് നല്‍കിയ വിദ്യാഭ്യാസം ഉള്‍പ്പെടെ ഘടക കക്ഷികളുടെ വകുപ്പുകളിലും കോണ്‍ഗ്രസ് സംഘടനയുടെ ഇടപെടലിനെ തുടര്‍ന്ന് സ്ഥലംമാറ്റം നടന്നു. പൊലീസ്, ഫയര്‍ഫോഴ്സ്, ജയില്‍ തുടങ്ങിയ വകുപ്പുകളില്‍ കൂട്ട സ്ഥലംമാറ്റത്തിനുള്ള പട്ടിക തയ്യാറായി.

എന്‍ജിഒ അസോസിയേഷന്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ബ്രാഞ്ച് പ്രസിഡന്റ് അലി അക്ബര്‍ നല്‍കിയ കത്ത് പ്രകാരം മെഡിക്കല്‍ വിദ്യാഭ്യാസവകുപ്പ് ഡയറക്ടര്‍ ഡോ. വി ഗീത 18 പേരെയാണ് വ്യാഴാഴ്ച ഒറ്റയടിക്ക് സ്ഥലംമാറ്റിയത്. അലി അക്ബര്‍ കത്ത് നല്‍കിയ ലെറ്റര്‍പാഡില്‍ തന്നെയാണ് ഡിഎംഇ സ്ഥലം മാറ്റ ഉത്തരവ് പുറപ്പെടുവിച്ചത്. അസോസിയേഷന്റെ ലെറ്റര്‍പാഡില്‍ "സ്ഥലം മാറ്റ-നിയമന ഉത്തരവ് ഇന്നുതന്നെ പുറപ്പെടുവിക്കണമെന്ന് " അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ക്ക് ഡിഎംഇ ഉത്തരവിറക്കി. സിവില്‍ സര്‍വീസ് നടപടിക്രമങ്ങളില്‍ കേള്‍ട്ടുകേള്‍വി പോലുമില്ലാത്ത വിധമാണ് ഡിഎംഇയുടെ ഉത്തരവ്. വ്യാഴാഴ്ചയാണ് അലി അക്ബര്‍ കത്ത് നല്‍കിയത്. അപ്പോള്‍ത്തന്നെ കത്തില്‍ ഡിഎംഇ ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്തു. സ്ഥലംമാറ്റ ഉത്തരവില്‍ പ്രതിഷേധിച്ച് ജീവനക്കാര്‍ ഡിഎംഇയെ തടഞ്ഞുവച്ചു. തുടര്‍ന്ന് നടത്തിയ ചര്‍ച്ചയില്‍ ഉത്തരവ് മരവിപ്പിക്കാമെന്ന് ഗത്യന്തരമില്ലാതെ ഡിഎംഇ സമ്മതിച്ചു.
ആരോഗ്യമന്ത്രി ആരാണെന്നുപോലും തീരുമാനിക്കുന്നതിനുമുമ്പാണ് ഡിഎംഇ വിചിത്രമായ ഉത്തരവ് പുറപ്പെടുവിച്ചത്. സമാനമായ രീതിയില്‍ ലോക്കല്‍ ഫണ്ട് ഓഡിറ്റ് ഡയറക്ടറേറ്റില്‍ 14 പേരെയാണ് സ്ഥലം മാറ്റിയത്. ഇതും എന്‍ജിഒ അസോസിയേഷന്‍ പ്രാദേശികനേതൃത്വം നല്‍കിയ കത്തിന്റെ അടിസ്ഥാനത്തില്‍ . ഈ കത്തില്‍ ഉത്തരവിറക്കാന്‍ ഡയറക്ടര്‍ മടി കാണിച്ചപ്പോള്‍ റോഷി അഗസ്റ്റിന്‍ എംഎല്‍എ ഡയറക്ടറെ വിളിച്ച് ഭീഷണിപ്പെടുത്തി. ധനവകുപ്പ് കെ എം മാണിക്കാണെന്ന അധികാരംവച്ചാണ് മാണിഗ്രൂപ്പുകാരനായ എംഎല്‍എ ഭീഷണി മുഴക്കി സ്ഥലം മാറ്റ ഉത്തരവ് ഇറക്കിപ്പിച്ചത്.

സെക്രട്ടറിയറ്റ് നിയമവകുപ്പില്‍ ആകെയുള്ള 50 ലീഗല്‍ അസിസ്റ്റന്റുമാരില്‍ 35 പേരെയും ഒറ്റയടിക്ക് സ്ഥലം മാറ്റി. ഈ വകുപ്പിന്റെ ചരിത്രത്തില്‍ ഇതാദ്യമായാണ് ഇത്തരത്തില്‍ സ്ഥലംമാറ്റം. കോണ്‍ഗ്രസ് അനുകൂല സംഘടന നല്‍കിയ കത്ത് പ്രകാരമാണ് ഇവിടെയും സ്ഥലംമാറ്റം. സാങ്കേതിക വിദ്യാഭ്യാസ വകുപ്പിലെ 22 ജീവനക്കാരെ മാറ്റുന്നതിന് എന്‍ജിഒ അസോസിയേഷന്‍ തിരുവനന്തപുരം സൗത്ത് ജില്ലാ കമ്മിറ്റിയാണ് ഡയറക്ടര്‍ക്ക് കത്ത് നല്‍കിയത്. ലീഗിനാണ് വിദ്യാഭ്യാസവകുപ്പ്. ലീഗ് മന്ത്രി അധികാരമേല്‍ക്കുന്നതിനുമുമ്പ് സ്ഥലംമാറ്റം ഏര്‍പ്പാടാക്കി പ്രധാന സീറ്റുകളില്‍ സ്വന്തക്കാരെ തിരുകിക്കയറ്റാനാണ് അസോസിയേഷന്റെ ശ്രമം.

എം രഘുനാഥ് ദേശാഭിമാനി 200511

1 comment:

  1. യുഡിഎഫ് സര്‍ക്കാര്‍ അധികാരമേറ്റ് 24 മണിക്കൂര്‍ തികയുംമുമ്പ് കോണ്‍ഗ്രസ് അനുകൂലസംഘടനയുടെ കത്തിന്റെ അടിസ്ഥാനത്തില്‍ ജീവനക്കാര്‍ക്ക് വ്യാപക സ്ഥലംമാറ്റം. സെക്രട്ടറിയറ്റ് നിയമവകുപ്പ്, മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറേറ്റ്, സാങ്കേതിക വിദ്യാഭ്യാസവകുപ്പ് ഡയറക്ടറേറ്റ്, ലോക്കല്‍ ഫണ്ട് ഓഡിറ്റ് തുടങ്ങിയ വകുപ്പുകളില്‍ നിരവധി ജീവനക്കാരെ മാനദണ്ഡങ്ങള്‍ കാറ്റില്‍ പറത്തി സ്ഥലംമാറ്റുകയായിരുന്നു. ലീഗിന് നല്‍കിയ വിദ്യാഭ്യാസം ഉള്‍പ്പെടെ ഘടക കക്ഷികളുടെ വകുപ്പുകളിലും കോണ്‍ഗ്രസ് സംഘടനയുടെ ഇടപെടലിനെ തുടര്‍ന്ന് സ്ഥലംമാറ്റം നടന്നു. പൊലീസ്, ഫയര്‍ഫോഴ്സ്, ജയില്‍ തുടങ്ങിയ വകുപ്പുകളില്‍ കൂട്ട സ്ഥലംമാറ്റത്തിനുള്ള പട്ടിക തയ്യാറായി.

    ReplyDelete