Friday, May 20, 2011

ആത്മകഥയില്‍ എഴുതിയതെല്ലാം സത്യമാണെന്ന് ബാലകൃഷ്ണപിള്ള

ആത്മകഥയില്‍ എഴുതിയതെല്ലാം സത്യമാണെന്ന് പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ നിന്ന് പരോള്‍ നേടി പുറത്തിറങ്ങിയ കേരള കോണ്‍ഗ്രസ്(ബി) നേതാവ് ആര്‍ ബാലകൃഷ്ണപിള്ള പറഞ്ഞു. മാധ്യമം ആഴ്ചപതിപ്പിന്റെ ഒടുവിലത്തെ ലക്കത്തില്‍ പ്രസിദ്ധീകരിച്ച ആത്മകഥയില്‍ ഉമ്മന്‍ചാണ്ടിക്കെതിരെ നടത്തിയ രൂക്ഷവിമര്‍ശനങ്ങളെ സംബന്ധിച്ച മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു ബാലകൃഷ്ണപിള്ള. ആത്മകഥയില്‍ സത്യമല്ലാതെ, ഇല്ലാത്ത കാര്യങ്ങള്‍ ഒന്നും എഴുതാനാകില്ലെന്നും ബാലകൃഷ്ണപിള്ള പറഞ്ഞു. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളില്‍ യു ഡി എഫ് വോട്ടുകളിലുണ്ടായ അടിയൊഴുക്ക് കൊട്ടാരക്കരയിലെ പരാജയത്തിനു കാരണമായി. ഇക്കാര്യം പരിശോധിക്കും. യു ഡി എഫ് മന്ത്രിസഭയുടെ ആദ്യ തീരുമാനങ്ങള്‍ ശ്ലാഘനീയമാണ്. എല്‍ ഡി എഫ് സര്‍ക്കാര്‍ ഒരിക്കലും ചെയ്യാത്ത കാര്യങ്ങളാണ് ഇവയെന്നും അദ്ദേഹം പറഞ്ഞു. സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കാന്‍ കഴിയാത്തതില്‍ വിഷമമുണ്ടെന്നും പിള്ള മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

ഇടമലയാര്‍ കേസില്‍ ശിക്ഷിക്കപ്പെട്ട് പൂജപ്പുര സെന്‍ട്രല്‍ ജയിലിലായ ബാലകൃഷ്ണപിള്ള ഇത് രണ്ടാം തവണയാണ് പരോളിലിറങ്ങുന്നത്. ഇന്നലെ രാവിലെ 8.30 നാണ് പിള്ള ജയിലില്‍നിന്നും പുറത്തിറങ്ങിയത്. ഉപാധികളില്ലാതെ പത്തുദിവസത്തെ പരോള്‍ പിള്ളയ്ക്ക് ബുധനാഴ്ച ലഭിച്ചുവെങ്കിലും അദ്ദേഹം പുറത്തിറങ്ങാന്‍ കൂട്ടാക്കിയിരുന്നില്ല. 2.30 നാണ് പരോള്‍ ഉത്തരവ് തന്റെ കൈയില്‍ ലഭിച്ചതെന്നും 2.20 നു യു ഡി എഫ് മന്ത്രിസഭയുടെ സത്യപ്രതിജ്ഞ കഴിഞ്ഞതിനാല്‍ പുറത്തിറങ്ങുന്നില്ലെന്നും പിള്ള അറിയിക്കുകയായിരുന്നു. ഭാര്യയുടെ അസുഖം കണക്കിലെടുത്ത് പത്ത് ദിവസത്തേക്കാണ് പിള്ളയ്ക്ക് പരോള്‍ അനുവദിച്ചിരിക്കുന്നത്.

പിള്ളയുടെ പരോള്‍ അപേക്ഷയില്‍ തിങ്കളാഴ്ച തന്നെ തീരുമാനമായിരുന്നുവെങ്കിലും വ്യവസ്ഥകള്‍ക്കു വിധേയമായി മാത്രമേ പരോള്‍ അനുവദിക്കാനാവൂ എന്ന ജയില്‍ അധികൃതരുടെ നിലപാടില്‍ പ്രതിഷേധിച്ചു പിള്ള പരോള്‍ നിരസിക്കുകയായിരുന്നു. തിങ്കളാഴ്ച രാത്രി എട്ടുമണിയോടെ മുദ്രപത്രത്തില്‍ എഴുതിയ വ്യവസ്ഥകളുമായി ജയിലധികൃതര്‍ പിള്ളയുടെ മുന്നിലെത്തിയിരുന്നെങ്കിലും അദ്ദേഹം ഒപ്പിടാന്‍ തയ്യാറായിരുന്നില്ല. ഇതിനിടെ മകന്‍ ഗണേഷ്‌കുമാറിന്റെ പ്രതിനിധി ജയിലിലെത്തി വ്യവസ്ഥയില്‍ ഒപ്പുവെച്ച സംഭവം വിവാദമായിരുന്നു.  അതേസമയം ഉപാധികളില്ലാതെ പരോള്‍ അനുവദിക്കാന്‍ സര്‍ക്കാരിനാണ് അധികാരമെന്ന് കാണിച്ച് ഫയല്‍ ജയില്‍ അധികൃതര്‍ സര്‍ക്കാരിന് സമര്‍പ്പിക്കുകയും ചെയ്തു. തുടര്‍ന്നാണ് പിള്ളയ്ക്ക് ഉപാധികളില്ലാതെ പരോള്‍ അനുവദിക്കാന്‍ ആഭ്യന്തര വകുപ്പ് തീരുമാനിച്ചത്. ആദ്യതവണ പുറത്തിറങ്ങിയപ്പോള്‍ പിള്ള പരോള്‍ വ്യവസ്ഥകള്‍ ലംഘിച്ചുവെന്ന് പരാതികള്‍ ഉയരുകയും ജയിലധികൃതര്‍ പിള്ളയ്ക്ക് നോട്ടീസ് നല്‍കുകയും തുടര്‍ന്ന് പരോള്‍ ജയില്‍ വകുപ്പ് മരവിപ്പിക്കുകയും ചെയ്തിരുന്നു.
(ജനയുഗം 200511)

പിള്ളയുടെ പരാതി മന്ത്രിസഭയില്‍ എടുക്കാത്തതുകൊണ്ടാകാം: ഉമ്മന്‍ചാണ്ടി

തന്റെ നേതൃത്വത്തിലുണ്ടായിരുന്ന മുന്‍ യുഡിഎഫ് മന്ത്രിസഭയില്‍ ഉള്‍പ്പെടുത്താത്തത് കൊണ്ടാകാം ആര്‍ ബാലകൃഷ്ണപിള്ള തനിക്കെതിരെ പരാതി ഉയര്‍ത്തിയതെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ആത്മകഥയില്‍ ഉമ്മന്‍ചാണ്ടിക്കെതിരെ പിള്ള ഉന്നയിച്ച കടുത്ത ആക്ഷേപങ്ങളെക്കുറിച്ചുള്ള വാര്‍ത്താലേഖകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഇനി ആരുടെയൊക്കെ ആത്മകഥ വരാനിരിക്കുന്നു എന്നറിയില്ല. അന്നത്തെ സാഹചര്യങ്ങളില്‍ ബാലകൃഷ്ണപിള്ളയെ മന്ത്രിസഭയില്‍ എടുക്കാന്‍ കഴിഞ്ഞില്ല.

രമേശ് ചെന്നിത്തല മന്ത്രിസഭയില്‍ ഉണ്ടാകണമെന്നാണ് തന്റെ ആഗ്രഹമെന്ന് ഉമ്മന്‍ചാണ്ടി ആവര്‍ത്തിച്ചു. എന്നാല്‍ ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് കെപിസിസി പ്രസിഡന്റ് തന്നെയാണ്. കോണ്‍ഗ്രസിന് സീറ്റ് കുറഞ്ഞതില്‍ ഉമ്മന്‍ചാണ്ടിക്കും തനിക്കും തുല്യ ഉത്തരവാദിത്തമാണെന്ന രമേശിന്റെ പരാമര്‍ശത്തെക്കുറിച്ചു ചോദിച്ചപ്പോള്‍ പകുതിയാക്കുന്നതില്‍ ദുഃഖമുണ്ടെന്നായിരുന്നു മറുപടി. യുഡിഎഫ് ചെയര്‍മാന്‍ എന്ന നിലയില്‍ യുഡിഎഫിനുണ്ടായ തോല്‍വിയുടെ പൂര്‍ണ ഉത്തരവാദിത്തം തനിക്കാണ്. കോണ്‍ഗ്രസിന്റെ കാര്യമാണ് കെപിസിസി പ്രസിഡന്റ് പറഞ്ഞതെങ്കില്‍ പകുതി ഉത്തരവാദിത്തം നല്‍കുന്നതില്‍ തെറ്റില്ലെന്നും അദ്ദേഹം പറഞ്ഞു.

കേന്ദ്രസഹമന്ത്രി ഇ അഹമ്മദിന് ക്യാബിനറ്റ് പദവി ലഭിക്കുമെന്ന വാര്‍ത്തകളെക്കുറിച്ച് ചോദിച്ചപ്പോള്‍ നിങ്ങള്‍ പറയുന്നു, എഴുതുന്നു, നിങ്ങള്‍ തന്നെ തിരുത്തുന്നു എന്നായിരുന്നു മറുപടി. തിങ്കളാഴ്ച താന്‍ സത്യപ്രതിജ്ഞ ചെയ്യുന്നു എന്നാണ് നിയമസഭാ കക്ഷിയോഗം പോലും ചേരുംമുമ്പ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു

ദേശാഭിമാനി

1 comment:

  1. ആത്മകഥയില്‍ എഴുതിയതെല്ലാം സത്യമാണെന്ന് പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ നിന്ന് പരോള്‍ നേടി പുറത്തിറങ്ങിയ കേരള കോണ്‍ഗ്രസ്(ബി) നേതാവ് ആര്‍ ബാലകൃഷ്ണപിള്ള പറഞ്ഞു. മാധ്യമം ആഴ്ചപതിപ്പിന്റെ ഒടുവിലത്തെ ലക്കത്തില്‍ പ്രസിദ്ധീകരിച്ച ആത്മകഥയില്‍ ഉമ്മന്‍ചാണ്ടിക്കെതിരെ നടത്തിയ രൂക്ഷവിമര്‍ശനങ്ങളെ സംബന്ധിച്ച മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു ബാലകൃഷ്ണപിള്ള. ആത്മകഥയില്‍ സത്യമല്ലാതെ, ഇല്ലാത്ത കാര്യങ്ങള്‍ ഒന്നും എഴുതാനാകില്ലെന്നും ബാലകൃഷ്ണപിള്ള പറഞ്ഞു. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളില്‍ യു ഡി എഫ് വോട്ടുകളിലുണ്ടായ അടിയൊഴുക്ക് കൊട്ടാരക്കരയിലെ പരാജയത്തിനു കാരണമായി. ഇക്കാര്യം പരിശോധിക്കും. യു ഡി എഫ് മന്ത്രിസഭയുടെ ആദ്യ തീരുമാനങ്ങള്‍ ശ്ലാഘനീയമാണ്. എല്‍ ഡി എഫ് സര്‍ക്കാര്‍ ഒരിക്കലും ചെയ്യാത്ത കാര്യങ്ങളാണ് ഇവയെന്നും അദ്ദേഹം പറഞ്ഞു. സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കാന്‍ കഴിയാത്തതില്‍ വിഷമമുണ്ടെന്നും പിള്ള മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

    ReplyDelete