Sunday, May 15, 2011

തൃശൂരിന്റെ ഓര്‍മകളില്‍ മേഘവര്‍ഷമായി ബാദല്‍

അന്താരാഷ്ട്ര നാടകോത്സവത്തിന്റെ ഉദ്ഘാടന വേദിയിലേക്ക് വിറയാര്‍ന്ന ശരീരവുമായി കടന്നുവന്ന വംഗനാട്ടിലെ വിപ്ലവ നാടക കലാകാരനെ സാംസ്കാരിക നഗരിക്ക് മറക്കാനാവില്ല. ബാദല്‍ സര്‍ക്കാരിന്റെ സാന്നിധ്യം ഉറപ്പാക്കാന്‍ അന്ന് ചടങ്ങ് ക്രമീകരിച്ചു. വൈകിയെത്തിയ അദ്ദേഹത്തെ ഹര്‍ഷാരവത്തോടെയാണ് തൃശൂരിലെ നാടകപ്രേമികള്‍ വരവേറ്റത്. ഇന്ത്യന്‍ നാടക വേദിയുടെ ഇടിമുഴക്കമായ മഹാന്റെ വേര്‍പാട് സാംസ്കാരിക നഗരിയും ജില്ലയിലെ നാടക പ്രസ്ഥാനവും വേദനയോടെയാണ് ശ്രവിച്ചത്. ബാദലിന്റെ നാടകങ്ങള്‍ക്ക് തൃശൂരില്‍ എന്നും നിറഞ്ഞ സദസ്സായിരുന്നു. തൃശൂരില്‍ മൂന്ന് തവണ അദ്ദേഹം എത്തി. ഇന്ത്യന്‍ നാടക പ്രസ്ഥാനത്തിന് സമഗ്ര സംഭാവന നല്‍കിയ നാടക പ്രതിഭകള്‍ക്ക് പുരസ്കാരം നല്‍കാന്‍ കേരള സംഗീത നാടക അക്കാദമി തീരുമാനിച്ചപ്പോള്‍ ആദ്യമായി തെരഞ്ഞെടുത്തത് അദ്ദേഹത്തെയായിരുന്നു. മൂന്നുലക്ഷം രൂപയും ശില്‍പ്പവും പ്രശസ്തി പത്രവും അടങ്ങുന്ന പുരസ്കാരത്തിനായി മറ്റൊരുപേര് നിര്‍ദേശിക്കാന്‍ ഇന്ത്യന്‍ തിയറ്റര്‍ ലോകത്തിനുമാകുമായില്ല. അമ്മന്നൂര്‍ മാധവച്ചാക്യാര്‍ പുരസ്കാരം ഏറ്റുവാങ്ങാനായി കഴിഞ്ഞ ഡിസംബര്‍ 22നാണ് ബാദല്‍ സര്‍ക്കാര്‍ അവസാനമായി തൃശൂരിലെത്തിയത്. ഇറ്റ്ഫോക്കിന്റെ ഉദ്ഘാടന വേദിയില്‍ അദ്ദേഹത്തിന്റെ സാന്നിധ്യം ഉറപ്പുവരുത്തുന്നതിന് അധ്യക്ഷനായ മന്ത്രി എം എ ബേബി ചടങ്ങ് ക്രമീകരിച്ചു.

ഇന്ത്യയിലെ ആധുനിക രംഗകലയുടെ ആചാര്യനും പൊതുജനത്തെ വിപ്ലവവല്‍ക്കരിക്കാന്‍ ഉതകുംവിധം സംവേദനക്ഷമതയുള്ള നാടകങ്ങള്‍ ഒരുക്കുകയും ചെയ്ത ആചാര്യനാണ് ബാദല്‍ . "ഏവം ഇന്ദ്രജിത്ത്, സുഖ പടേര്‍ ഭാരതീര്‍ ഇതിഹാസ്, ഭോമ, വാശി ഖബര്‍ , ബാകി ഇതിഹാസ്" തുടങ്ങിയ നാടകങ്ങള്‍ ഇന്ത്യയിലുടനീളം ജനസദസ്സുകളെ ആകര്‍ഷിച്ചു. ഘോഷയാത്രയാണ് ഏറ്റവും അധികം കേരളത്തില്‍ അവതരിപ്പിച്ച നാടകം. ഗ്രോട്ടോവ്സ്കിയുടെ ദരിദ്ര നാടക വേദി(പുവര്‍ തിയറ്റര്‍), ജുലിയന്‍ ബക്കിന്റെ ലൈവ് തിയറ്റര്‍ എന്നിവയുമായി സഹകരിച്ച് പ്രവര്‍ത്തിച്ചിരുന്നു. മൂന്നാം നാടക വേദി എന്ന പ്രസ്ഥാനത്തിനും രൂപം നല്‍കുകയും തേഡ് തിയറ്റര്‍ എന്ന കൃതി പ്രസിദ്ധീകരിക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ ഭോമ എന്ന നാടകം, ജോസ് ചിറമ്മലിന്റെ "റൂട്ടിന്റെ ആഭിമുഖ്യത്തില്‍ കേരളത്തിന്റെ പലഭാഗങ്ങളിലും അവതരിപ്പിച്ചു. തൊണ്ണൂറുകളുടെ ആരംഭത്തില്‍ തിയറ്റര്‍ ഐയുടെ ആഭിമുഖ്യത്തില്‍ ബാദലിന്റെ "ഹത്താ മലകള്‍ക്ക് അപ്പുറത്ത് എന്ന നാടകവും അവതരിപ്പിച്ചു. ശില്‍പ്പത്തിന്റെ അഴകല്ല ഉള്ളടക്കത്തിന്റെ ശക്തിതന്നെയാണ് അദ്ദേഹത്തിന്റെ നാടകങ്ങളുടെ കരുത്ത് എന്ന് സംഗീത നാടക അക്കാദമി സെക്രട്ടറി രാവുണ്ണി അനുസ്മരിച്ചു. തൃശൂരിലെ വിവിധ നാടക പ്രസ്ഥാനങ്ങളും പ്രവര്‍ത്തകരും 18ന് വൈകിട്ട് അഞ്ചിന് റീജണല്‍ തിയറ്ററില്‍ ബാദല്‍ സര്‍ക്കാരിനെ അനുസ്മരിക്കും. ഘോഷയാത്ര എന്ന അദ്ദേഹത്തിന്റെ നാടകവും അവതരിപ്പിക്കും.
(ജോബിന്‍സ് ഐസക്ക് )

ദേശാഭിമാനി 150511

1 comment:

  1. അന്താരാഷ്ട്ര നാടകോത്സവത്തിന്റെ ഉദ്ഘാടന വേദിയിലേക്ക് വിറയാര്‍ന്ന ശരീരവുമായി കടന്നുവന്ന വംഗനാട്ടിലെ വിപ്ലവ നാടക കലാകാരനെ സാംസ്കാരിക നഗരിക്ക് മറക്കാനാവില്ല. ബാദല്‍ സര്‍ക്കാരിന്റെ സാന്നിധ്യം ഉറപ്പാക്കാന്‍ അന്ന് ചടങ്ങ് ക്രമീകരിച്ചു. വൈകിയെത്തിയ അദ്ദേഹത്തെ ഹര്‍ഷാരവത്തോടെയാണ് തൃശൂരിലെ നാടകപ്രേമികള്‍ വരവേറ്റത്. ഇന്ത്യന്‍ നാടക വേദിയുടെ ഇടിമുഴക്കമായ മഹാന്റെ വേര്‍പാട് സാംസ്കാരിക നഗരിയും ജില്ലയിലെ നാടക പ്രസ്ഥാനവും വേദനയോടെയാണ് ശ്രവിച്ചത്. ബാദലിന്റെ നാടകങ്ങള്‍ക്ക് തൃശൂരില്‍ എന്നും നിറഞ്ഞ സദസ്സായിരുന്നു.

    ReplyDelete