Monday, May 9, 2011

ആദിവാസികള്‍ക്ക് നല്‍കാന്‍ ഭൂമി ഏറ്റെടുക്കല്‍ നടപടി തുടങ്ങി

കല്‍പ്പറ്റ: ആദിവാസികള്‍ക്ക് വിതരണംചെയ്യുന്നതിനുള്ള ഭൂമി ഏറ്റെടുക്കുന്നതിനുള്ള നടപടികള്‍ക്ക് സര്‍ക്കാര്‍ തുടക്കം കുറിച്ചു. ഏറ്റെടുക്കല്‍ നടപടികളുടെ മുന്നോടിയായി ഐടിഡിപി ഓഫീസറെ റിക്വിസഷന്‍ ഓഫീസറായി നിയമിച്ചു. ആദിവാസികള്‍ക്ക് നല്‍കാന്‍ മേപ്പാടി എളമ്പിലേരി എസ്റ്റേറ്റ് ഏറ്റെടുക്കാന്‍ നേരത്തെ പ്രാഥമിക ഉത്തരവിറങ്ങിയിരുന്നു. ആദിവാസികള്‍ക്ക് ഭൂമി വിലക്കെടുത്ത് വിതരണംചെയ്യുന്നതിന് സംസ്ഥാനസര്‍ക്കാര്‍ 50 കോടി രൂപ വയനാടിന് അനുവദിച്ചിരുന്നു. ആയിരം ഏക്കറെങ്കിലും ഏറ്റെടുക്കാനാണ് സര്‍ക്കാരും ജില്ലാഅധികൃതരും ഉദ്ദേശിക്കുന്നത്. ജില്ലയില്‍ ആദിവാസികള്‍ക്ക് വിലകൊടുത്ത് വാങ്ങുന്നതിന് മാനന്തവാടി താലൂക്കിലെ ബ്രഹ്മഗിരി എസ്റ്റേറ്റ് ഏറ്റെടുക്കാനായിരുന്നു ആദ്യംകണ്ടെത്തിയിരുന്നത്. ഇവിടെ 152 ഏക്കറുണ്ടെങ്കിലും അവയില്‍ പകുതിയോളം ഭൂമിക്ക് വനംവകുപ്പുമായി കേസും ഉണ്ട്. പകുതിഭൂമി ലഭ്യമായിരുന്നുവെങ്കിലും അടിസ്ഥാനസൗകര്യം ഏര്‍പ്പെടുത്തുക പ്രയാസമായിരിക്കും. ഈ സ്ഥലം അനുയോജ്യമല്ല എന്ന് പട്ടികവര്‍ഗ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി സുബ്ബയ്യയും ഡയറക്ടര്‍ പി പി ഗോപിയും നടത്തിയ പരിശോധനയില്‍ കണ്ടെത്തി. തുടര്‍ന്നാണ് ഇത് ഏറ്റെടുക്കേണ്ട എന്ന് തീരുമാനിച്ചത്.

ഏപ്രില്‍ 24ന് പട്ടികവര്‍ഗ പ്രിന്‍സിപ്പല്‍ സെക്രട്ടറി സുബ്ബയ്യ എളമ്പിലേരി എസ്റ്റേറ്റ് സന്ദര്‍ശിച്ചു. സ്ഥലം അനുയോജ്യമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. തുടര്‍ന്ന് കലക്ടറുടെയും പട്ടികവര്‍ഗ ഡയറക്ടറുടെയും നിര്‍ദേശവുംകൂടി പരിഗണിച്ചാണ് എളമ്പിലേരി എസ്റ്റേറ്റ് വാങ്ങാന്‍ തീരുമാനിച്ചത്. 72 ഏക്കറാണ് ഇവിടെ ലഭ്യമാകുക. വിലകൊടുത്ത് വാങ്ങാനായിരുന്നു തീരുമാനമെങ്കിലും എസ്റ്റേറ്റുടമകള്‍ കൂടിയവില ചോദിക്കുന്ന സാഹചര്യത്തിലാണ് സര്‍ക്കാര്‍ നടപടികളിലൂടെ ഏറ്റെടുക്കുന്നത്. ഈ എസ്റ്റേറ്റ് ഏറ്റെടുത്താല്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനും ബുദ്ധിമുട്ടുണ്ടാകുകയില്ല. സ്ഥലം ഏറ്റെടുക്കല്‍ നടപടികളെ സഹായിക്കാനാണ് റിക്വസിഷന്‍ ഓഫീസറെ സര്‍ക്കാര്‍ ചുമതലപ്പെടുത്തിയത്. ആദിവാസികള്‍ക്ക് വിതരണംചെയ്യാനുള്ള ഭൂമി ഏറ്റെടുക്കുന്നതിന് പട്ടികവര്‍ഗ കമീഷനാണ് സര്‍ക്കാര്‍ ഫണ്ട് അനുവദിച്ചത്. അതിനാലാണ് ഐടിഡിപി ഓഫീസര്‍ ജെസ്സിമോളെ റിക്വിസിഷന്‍ ഓഫീസറായി നിയമിച്ചത്. കലക്ടറാണ് ഭൂമി ഏറ്റെടുത്ത് സര്‍ക്കാരിന് നല്‍കേണ്ടത്. സ്ഥലം ഏറ്റെടുക്കല്‍ എത്രയുംപെട്ടെന്ന് പൂര്‍ത്തീകരിക്കാനാണ് അധികൃതര്‍ ഉദ്ദേശിക്കുന്നത്. ഏറ്റെടുക്കുന്ന സ്ഥലത്ത് ആദിവാസികള്‍ക്ക് വീട് നിര്‍മിച്ചുനല്‍കും. സര്‍ക്കാറിന്റെയും ഗോത്രവിഭാഗത്തിന്റെയും പ്രതിനിധികള്‍ ഉള്‍പ്പെടുന്ന പ്രത്യേകം കമ്പനി രൂപീകരിച്ച് അവരെയാണ് ഭൂമിയുടെ ചുമതല ഏല്‍പ്പിക്കുക.

എല്‍സ്റ്റണ്‍ : റിപ്പോര്‍ട്ട് ഇന്ന് തയ്യാറാക്കും

കല്‍പ്പറ്റ: മേപ്പാടിയിലെ എല്‍സ്റ്റണ്‍ ഉള്‍പ്പെടെയുള്ള തോട്ടങ്ങള്‍ അനധികൃതമായി മുറിച്ചുവിറ്റതും തോട്ടത്തിന്റെ തരംമാറ്റലും നടത്തിയവര്‍ക്കെതിരെ നടപടിവരും. തോട്ടങ്ങള്‍ അല്ലാതായി മാറിയതോടെ ഇവ സര്‍ക്കാരിന് ഏറ്റെടുക്കാം. അതിനുള്ള നടപടികളിലേക്കാണ് ജില്ലാഅധികൃതര്‍ പോകുന്നത്. എല്‍സ്റ്റണ്‍ എസ്റ്റേറ്റ് ഉള്‍പ്പെടുന്ന ഭൂമിയുടെ രേഖകള്‍ തിങ്കളാഴ്ച കലക്ട്രേറ്റില്‍ പരിശോധിക്കും. ഭൂമാഫിയയ്ക്കുവേണ്ടിയാണ് ഭൂമിയുടെ തരം മാറ്റുന്നതെന്ന നിഗമനത്തിലാണ് അധികൃതര്‍ . തോട്ടങ്ങള്‍ അനധികൃതമായി മുറിച്ചുവില്‍ക്കുന്നതും തരം മാറ്റലും ജില്ലയില്‍ വ്യാപകമായി നടക്കുന്നതായി ദേശാഭിമാനി കഴിഞ്ഞദിവസം റിപ്പോര്‍ട്ടുചെയ്തിരുന്നു. വിവിധസംഘടനകളും വ്യക്തികളും സര്‍ക്കാരിനും കലക്ടര്‍ക്കും പരാതിയും നല്‍കി. ഇതിന്റെയെല്ലാം അടിസ്ഥാനത്തിലാണ് ശനിയാഴ്ച കലക്ടറും എഡിഎമ്മും മേപ്പാടി എസ്റ്റേറ്റും കല്‍പ്പറ്റയില്‍ ഫ്ളവര്‍ഷാ നടത്തിയ സ്ഥലവും കൈനാട്ടിയില്‍ മുറിച്ചുവില്‍പ്പന നടത്തികൊണ്ടിരിക്കുന്ന ഭൂമിയും പരിശോധിച്ചത്. പ്രത്യക്ഷത്തില്‍ നിയമവിരുദ്ധ നടപടികളാണ് ഉണ്ടായിട്ടുള്ളതെന്ന് ഉന്നതോദ്യോഗസ്ഥര്‍ക്ക് ബോധ്യപ്പെട്ടിട്ടുണ്ട്. പ്രദേശവാസികളും മേപ്പാടി പൗരസമിതിയുള്‍പ്പെടെയുള്ള സംഘടനകളും കലക്ടര്‍ക്കുമുന്നില്‍ പരാതിയുമായെത്തി. ഹിറ്റാച്ചി ഉപയോഗിച്ച് മണ്ണ് നീക്കിയത് ബോധ്യപ്പെട്ട കലക്ടര്‍ ഹിറ്റാച്ചിയുടെ ഉടമസ്ഥര്‍ക്കും അവരെ അതിന് നിയോഗിച്ചവര്‍ക്കും എതിരെ കേസെടുക്കാന്‍ നിര്‍ദേശിച്ചിരുന്നു. ഹിറ്റാച്ചി കസ്റ്റഡിയിലെടുത്ത മേപ്പാടി എസ്ഐ അഗസ്റ്റിന്‍ ബന്ധപ്പെട്ടവര്‍ക്കെതിരെ കേസുമെടുത്തു. തോട്ടത്തില്‍ ഇരുപതേക്കറിലേറെ സ്ഥലത്തെ തേയിലച്ചെടി വെട്ടിനശിപ്പിച്ചതിനുപുറമേ ഹിറ്റാച്ചി ഉപയോഗിച്ച് പിഴുത് മാറ്റിയിട്ടുമുണ്ട്. സില്‍വര്‍ഓക്ക് മരങ്ങളും വെട്ടി.

മിച്ചഭൂമിയായി മാറുന്നത് ഒഴിവാക്കാനാണ് തോട്ടങ്ങള്‍ക്ക് ഭൂപരിഷ്കരണനിയമമനുസരിച്ച് ഇളവ് ലഭിച്ചത്. എന്നാല്‍ അവ തോട്ടമല്ലാതായി മാറുന്നതോടെ ഈ ഇളവ് ഒഴിവാകും. ഭൂമി മിച്ചഭൂമിയായി മാറുകയുംചെയ്യും. മിച്ചഭൂമിയായി ഏറ്റെടുക്കുന്നതിന് താലൂക്ക് ലാന്‍ഡ് ബോര്‍ഡില്‍ കേസ് നല്‍കണം. ഇതിനുള്ള അനുമതി സംസ്ഥാന ലാന്‍ഡ് ബോര്‍ഡാണ് നല്‍കേണ്ടത്. ബന്ധപ്പെട്ടവര്‍ക്ക് നോട്ടീസും നല്‍കും. ആവശ്യമായ നടപടികള്‍ സ്വീകരിക്കുന്നതിന് കലക്ട്രേറ്റില്‍ പ്രത്യേകം ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്താനും ആലോചനയുണ്ട്. എത്രയും പെട്ടെന്ന് നടപടികള്‍ പൂര്‍ത്തിയാക്കി ഭൂമി സര്‍ക്കാരിലേക്ക് ഏറ്റെടുക്കാനാണ് അധികൃതരുടെ നീക്കം. കേരള ലാന്‍ഡ് യൂട്ടിലൈസേഷന്‍ ആക്ട്, ഭൂപരിഷ്കരണ നിയമം എന്നിവയനുസരിച്ചായിരിക്കും നടപടി. കല്‍പ്പറ്റ ബൈപ്പാസില്‍ കാപ്പിച്ചെടികള്‍ വെട്ടിമാറ്റിയ തോട്ടവും ഇതേനടപടികളിലൂടെയാവും ഏറ്റെടുക്കുക. ഈ സ്ഥലത്താണ് ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ അഗ്രി ഹോടികള്‍ച്ചറല്‍ സൊസൈറ്റി ഫ്ളവര്‍ഷോ നടത്തിയിരുന്നത്. അത് അന്നുതന്നെ വിവാദമായിരുന്നു. സൊസൈറ്റിയുടെ ചെയര്‍മാന്‍ കലക്ടറാണ്. എന്നാല്‍ സൊസൈറ്റിക്ക് കാപ്പിച്ചെടികള്‍ വെട്ടിനശിപ്പിച്ചതില്‍ ബന്ധമില്ല. തോട്ടം നശിപ്പിച്ചതും ഫ്ളവര്‍ഷോയും തമ്മില്‍ ബന്ധമില്ല എന്ന് കലക്ടര്‍ വി രതീശന്‍ പറഞ്ഞു. കൈനാട്ടിയില്‍ എസ്റ്റേറ്റ് വെട്ടിമുറിച്ച് കെട്ടിടങ്ങള്‍ ഉയരുകയാണ്. ഈ തോട്ടങ്ങളുടെ തരംമാറ്റല്‍ സംബന്ധിച്ചും തിങ്കളാഴ്ച ബന്ധപ്പെട്ട വില്ലേജ് ഓഫീസുകളിലെ രേഖകള്‍ പരിശോധിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കും.

ദേശാഭിമാനി 090511

1 comment:

  1. ആദിവാസികള്‍ക്ക് വിതരണംചെയ്യുന്നതിനുള്ള ഭൂമി ഏറ്റെടുക്കുന്നതിനുള്ള നടപടികള്‍ക്ക് സര്‍ക്കാര്‍ തുടക്കം കുറിച്ചു. ഏറ്റെടുക്കല്‍ നടപടികളുടെ മുന്നോടിയായി ഐടിഡിപി ഓഫീസറെ റിക്വിസഷന്‍ ഓഫീസറായി നിയമിച്ചു. ആദിവാസികള്‍ക്ക് നല്‍കാന്‍ മേപ്പാടി എളമ്പിലേരി എസ്റ്റേറ്റ് ഏറ്റെടുക്കാന്‍ നേരത്തെ പ്രാഥമിക ഉത്തരവിറങ്ങിയിരുന്നു. ആദിവാസികള്‍ക്ക് ഭൂമി വിലക്കെടുത്ത് വിതരണംചെയ്യുന്നതിന് സംസ്ഥാനസര്‍ക്കാര്‍ 50 കോടി രൂപ വയനാടിന് അനുവദിച്ചിരുന്നു. ആയിരം ഏക്കറെങ്കിലും ഏറ്റെടുക്കാനാണ് സര്‍ക്കാരും ജില്ലാഅധികൃതരും ഉദ്ദേശിക്കുന്നത്

    ReplyDelete