Monday, May 16, 2011

തമിഴ്നാട്ടിലെ പരാജയം: ഡിഎംകെ പ്രതിസന്ധിയില്‍

തമിഴ്നാട്ടിലെ ദയനീയതകര്‍ച്ചയോടെ ഡിഎംകെയ്ക്ക് ഇനി പ്രതിസന്ധിയുടെ നാളുകള്‍ . 2ജി കുംഭകോണത്തില്‍ ആടിയുലയുന്ന പാര്‍ടിക്ക് കേന്ദ്രത്തില്‍ യുപിഎ സര്‍ക്കാരിന്റെ ഭാഗമായി തുടരേണ്ടത് നിലനില്‍പ്പിന്റെ ആവശ്യമാണ്. ഡിഎംകെയെ മുന്നണിയില്‍ നിലനിര്‍ത്തണോ എന്ന കാര്യത്തില്‍ കോണ്‍ഗ്രസും ആശയക്കുഴപ്പത്തിലാണ്.

എഐഎഡിഎംകെയുടെ ചരിത്രജയത്തിനുപിന്നാലെ പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങും സോണിയാഗാന്ധിയും ജയലളിതയെ ഫോണില്‍ വിളിച്ച് അഭിനന്ദിച്ചതിന് വലിയ പ്രാധാന്യമാണ് മാധ്യമങ്ങള്‍ നല്‍കിയത്. 2ജി അഴിമതിയില്‍ യുപിഎ പ്രതിസന്ധി നേരിട്ടപ്പോഴെല്ലാം ഡിഎംകെയെ തള്ളിയാല്‍ സര്‍ക്കാരിനെ പിന്തുണയ്ക്കാമെന്ന വാഗ്ദാനവുമായി എഐഎഡിഎംകെ മുന്നോട്ടുവന്നിരുന്നു. എന്നാല്‍ , കോണ്‍ഗ്രസ് അപ്പോഴെല്ലാം വിശ്വസ്ത ഘടകകക്ഷിയെന്നനിലയില്‍ ഡിഎംകെയെ ഒപ്പംനിര്‍ത്തി. ഇപ്പോള്‍ സ്പെക്ട്രം അഴിമതിക്കേസില്‍ രാജയും കനിമൊഴിയുമെല്ലാം കോടതി കയറുമ്പോള്‍ ഡിഎംകെ ബന്ധത്തിന്റെ കാര്യത്തില്‍ കോണ്‍ഗ്രസില്‍ ഒരു വിഭാഗത്തിനെങ്കിലും വീണ്ടുവിചാരമുണ്ട്. അഴിമതിയില്‍ കോണ്‍ഗ്രസും ഭാഗമാണെങ്കിലും ഈ ഘട്ടത്തില്‍ ഡിഎംകെയെ തള്ളിപ്പറഞ്ഞാല്‍ പ്രതിച്ഛായ മെച്ചപ്പെടുത്താമെന്നാണ് ചില മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളുടെ അഭിപ്രായം. കരുണാനിധിയുടെ കാലശേഷം തമിഴ്നാട്ടില്‍ ഡിഎംകെയ്ക്ക് ഭാവിയുണ്ടാകില്ലെന്ന ചിന്തയും കോണ്‍ഗ്രസിലെ ഒരു വിഭാഗത്തിന് മാറിച്ചിന്തിക്കാന്‍ പ്രേരണയാകുന്നു.

ഡിഎംകെയ്ക്ക് യുപിഎയില്‍ തുടരേണ്ടത് അനിവാര്യമാണ്. അല്ലെങ്കില്‍ കനിമൊഴിക്കുപിന്നാലെ ദയാലു അമ്മാള്‍മുതല്‍ കരുണാനിധിവരെ കോടതി കയറേണ്ട സ്ഥിതിയുണ്ടാകും. മൗറീഷ്യസിലേക്കും മറ്റും കേന്ദ്രമന്ത്രി അഴഗിരി നിരന്തരം നടത്തുന്ന യാത്ര അന്വേഷണവിധേയമാകും. മാത്രമല്ല തമിഴ്നാട്ടില്‍ ജയലളിത സര്‍ക്കാര്‍ ഉയര്‍ത്തിയേക്കാവുന്ന ഭീഷണികളെ അതിജീവിക്കണമെങ്കില്‍ കേന്ദ്രത്തിലെങ്കിലും ഒരു പിടി ആവശ്യമാണ്. ലോക്സഭയിലെ കണക്കുകളും കോണ്‍ഗ്രസ്-ഡിഎംകെ ബന്ധത്തിന്റെ ഭാവി നിര്‍ണയിക്കുന്നതില്‍ നിര്‍ണായകമാകും. ഡിഎംകെയ്ക്ക് 16 എംപിമാരാണ് ലോക്സഭയിലുള്ളത്. എഐഎഡിഎംകെയ്ക്കാകട്ടെ ഒമ്പത് എംപിമാരും. എഐഎഡിഎംകെയെ മുന്നണിയിലേക്ക് കൊണ്ടുവന്നാല്‍ കോണ്‍ഗ്രസിന് ലോക്സഭയില്‍ ഏഴ് എംപിമാരുടെ വിലപ്പെട്ട പിന്തുണ നഷ്ടമാകും. ഈ ഘട്ടത്തില്‍ മമത, മുലായം, മായാവതി തുടങ്ങിയവരുടെ സമ്മര്‍ദങ്ങള്‍ക്ക് കൂടുതല്‍ വഴങ്ങേണ്ട അവസ്ഥയുമുണ്ടാകും.

deshabhimani 160511

1 comment:

  1. തമിഴ്നാട്ടിലെ ദയനീയതകര്‍ച്ചയോടെ ഡിഎംകെയ്ക്ക് ഇനി പ്രതിസന്ധിയുടെ നാളുകള്‍ . 2ജി കുംഭകോണത്തില്‍ ആടിയുലയുന്ന പാര്‍ടിക്ക് കേന്ദ്രത്തില്‍ യുപിഎ സര്‍ക്കാരിന്റെ ഭാഗമായി തുടരേണ്ടത് നിലനില്‍പ്പിന്റെ ആവശ്യമാണ്. ഡിഎംകെയെ മുന്നണിയില്‍ നിലനിര്‍ത്തണോ എന്ന കാര്യത്തില്‍ കോണ്‍ഗ്രസും ആശയക്കുഴപ്പത്തിലാണ്.

    ReplyDelete