Wednesday, May 4, 2011

എയര്‍ ഇന്ത്യ നഷ്ടത്തിലേക്ക് മൂക്കുകുത്തുന്നു

പൈലറ്റുമാരുടെ സമരം എട്ടാംദിവസത്തിലേക്ക് കടന്നതോടെ എയര്‍ ഇന്ത്യ കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ . ജീവനക്കാര്‍ക്ക് ഏപ്രിലിലെ ശമ്പളം നല്‍കാന്‍ ബാങ്ക് വായ്പയടക്കമുള്ള വിഭവസമാഹരണശ്രമങ്ങള്‍ നടത്തുകയാണ് മാനേജ്മെന്റ്. സമരംചെയ്യുന്ന പൈലറ്റുമാര്‍ക്ക് ഏപ്രിലിലെ ശമ്പളം നല്‍കില്ലെന്ന് മാനേജ്മെന്റ് പ്രഖ്യാപിച്ചു. പണിമുടക്കിന്റെ പേരില്‍ സര്‍വീസില്‍നിന്ന് പുറത്താക്കപ്പെട്ട ഒമ്പത് പൈലറ്റുമാര്‍ക്കെതിരെ ഡല്‍ഹി ഹൈക്കോടതി കോടതിയലക്ഷ്യ നടപടി ആരംഭിച്ചു. വിട്ടുവീഴ്ചയ്ക്ക് തയ്യാറാകാത്ത എയര്‍ഇന്ത്യ മാനേജ്മെന്റിനെ കോടതി നിശിതമായി വിമര്‍ശിച്ചു. സമരം അവസാനിക്കാതെ പൈലറ്റുമാരുമായി ചര്‍ച്ചയ്ക്കില്ലെന്ന നിലപാട് കേന്ദ്രം ആവര്‍ത്തിച്ചു. വിട്ടുവീഴ്ചയ്ക്ക് തയ്യാറല്ലെന്ന് വ്യോമയാനമന്ത്രി വയലാര്‍ രവി പറഞ്ഞു. പ്രശ്നത്തില്‍ ഇടപെടണമെന്ന് അഭ്യര്‍ഥിച്ച് പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിന് പൈലറ്റുമാരുടെ സംഘടനയായ ഇന്ത്യന്‍ കൊമേഴ്സ്യല്‍ പൈലറ്റ്സ് അസോസിയേഷന്‍ കത്തയച്ചെങ്കിലും പ്രതികരണമില്ല. അതിനിടെ, പ്രധാനമന്ത്രി കാര്യാലയമാണ് പ്രശ്നം വഷളാക്കുന്നതെന്ന നിലപാടുമായി മുന്‍ വ്യോമയാനമന്ത്രി രാജീവ്പ്രതാപ് റൂഡി രംഗത്തെത്തി. എയര്‍ ഇന്ത്യ മാനേജിങ് ഡയറക്ടര്‍ അരവിന്ദ് ജാദവ് പ്രധാനമന്ത്രികാര്യാലയത്തില്‍നിന്നുള്ള നിര്‍ദേശപ്രകാരമാണ് പ്രവര്‍ത്തിക്കുന്നതെന്ന് റൂഡി ആരോപിച്ചു.

സമരത്തെതുടര്‍ന്ന് എയര്‍ ഇന്ത്യക്കുണ്ടായ നഷ്ടം 50 കോടിയോളം ആയെന്നാണ് അനൗദ്യോഗിക കണക്ക്. സമരത്തില്‍ മാനേജ്മെന്റ് നിലപാടിനെ ന്യായീകരിച്ച് എയര്‍ ഇന്ത്യയുടേതായി എല്ലാ ദേശീയ ദിനപത്രങ്ങളിലും പ്രധാന ഭാഷാദിനപത്രങ്ങളിലും ചൊവ്വാഴ്ച കോടികള്‍ ചെലവിട്ട് പരസ്യം നല്‍കിയിരുന്നു. ഇത്തരം അനാവശ്യചെലവ് ഒഴിവാക്കിയാല്‍ത്തന്നെ പൈലറ്റുമാരുടെ ശമ്പളം കൂട്ടാമെന്ന് വ്യോമായാനമേഖലയിലെ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. ഡല്‍ഹി ഹൈക്കോടതി ജഡ്ജി ബി പി അഹമ്മദാണ് ഐസിപിഎ ഭാരവാഹികളടക്കം പുറത്താക്കപ്പെട്ട ഒമ്പത് പൈലറ്റുമാര്‍ക്ക് നോട്ടീസ് അയച്ചത്. മെയ് 25ന് കേസ് പരിഗണിക്കുമ്പോള്‍ പൈലറ്റുമാര്‍ നേരിട്ട് ഹാജരാകണമെന്ന് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. മറുപടിക്ക് രണ്ടാഴ്ച സമയം കോടതി അനുവദിച്ചു. സമരം പരിഹരിക്കാന്‍ താല്‍പ്പര്യമില്ലാത്ത എയര്‍ ഇന്ത്യ മാനേജ്മെന്റിനെ കോടതി വിമര്‍ശിച്ചു. കേസില്‍ കോടതിയെ സഹായിക്കുന്നതിനായി മുതിര്‍ന്ന അഭിഭാഷകന്‍ സിദ്ധാര്‍ഥ് ലുത്രയെ അമിക്കസ് ക്യൂരെയായി നിയമിച്ചു. എയര്‍ ഇന്ത്യ അഭിഭാഷകനെ വിശ്വസിക്കാനാകില്ലെന്ന് കുറ്റപ്പെടുത്തിയാണ് ഈ തീരുമാനം. എയര്‍ ഇന്ത്യയുടെ 320 പ്രതിദിന സര്‍വീസില്‍ നാല്‍പ്പതെണ്ണം മാത്രമാണ് തടസ്സമില്ലാതെ പറക്കുന്നത്. 280 വിമാനം ഒരാഴ്ചയായി മുടങ്ങിയതോടെ സ്വകാര്യ കമ്പനികള്‍ നിരക്ക് കുത്തനെ കൂട്ടി. നിരക്ക് വര്‍ധിപ്പിക്കരുതെന്ന് വ്യോമയാനമന്ത്രി വയലാര്‍ രവി സ്വകാര്യകമ്പനികളോട് അഭ്യര്‍ഥിച്ചെങ്കിലും ഫലമുണ്ടായില്ല. തിരക്കേറിയ റൂട്ടുകളില്‍ മൂന്നുമടങ്ങുവരെയാണ് വര്‍ധന.

ദേശാഭിമാനി 040511

1 comment:

  1. പൈലറ്റുമാരുടെ സമരം എട്ടാംദിവസത്തിലേക്ക് കടന്നതോടെ എയര്‍ ഇന്ത്യ കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ . ജീവനക്കാര്‍ക്ക് ഏപ്രിലിലെ ശമ്പളം നല്‍കാന്‍ ബാങ്ക് വായ്പയടക്കമുള്ള വിഭവസമാഹരണശ്രമങ്ങള്‍ നടത്തുകയാണ് മാനേജ്മെന്റ്. സമരംചെയ്യുന്ന പൈലറ്റുമാര്‍ക്ക് ഏപ്രിലിലെ ശമ്പളം നല്‍കില്ലെന്ന് മാനേജ്മെന്റ് പ്രഖ്യാപിച്ചു. പണിമുടക്കിന്റെ പേരില്‍ സര്‍വീസില്‍നിന്ന് പുറത്താക്കപ്പെട്ട ഒമ്പത് പൈലറ്റുമാര്‍ക്കെതിരെ ഡല്‍ഹി ഹൈക്കോടതി കോടതിയലക്ഷ്യ നടപടി ആരംഭിച്ചു.

    ReplyDelete