Wednesday, May 4, 2011

എന്‍ഡോസള്‍ഫാന്‍ ഉല്‍പ്പാദനം കേന്ദ്രം നിര്‍ത്തണം: പിണറായി

ഇളവുനേടുക എളുപ്പമാകില്ല

എന്‍ഡോസള്‍ഫാന്‍ ആഗോളതലത്തില്‍ നിരോധിക്കപ്പെട്ട സാഹചര്യത്തില്‍ ഇന്ത്യക്ക് അതില്‍ ഇളവ് നേടുക എളുപ്പമാകില്ലെന്ന് ജനീവ കണ്‍വന്‍ഷനില്‍ നിരീക്ഷകരായി പങ്കെടുത്ത ഡോ. സി ജയകുമാറും ഡോ. മുഹമ്മദ് അഷീലും പറഞ്ഞു. ക്ലിഫ് ഹൗസില്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനെ സന്ദര്‍ശിച്ചശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അവര്‍ .

എന്‍ഡോസള്‍ഫാന്‍ ഉപയോഗം പൂര്‍ണമായി ഒഴിവാക്കുന്നത് പരമാവധി അഞ്ചു വര്‍ഷംവരെ നീട്ടിക്കൊണ്ടുപോകാന്‍ ഇന്ത്യക്ക് കഴിയും. എന്നാല്‍ , അതിനുശേഷം ഇളവു നേടുക ഏറക്കുറെ അസാധ്യമാണ്. ഇളവ് നീട്ടണമെങ്കില്‍ ഇപ്പോള്‍ ജനീവയില്‍ നടന്നതുപോലുള്ള കോണ്‍ഫറന്‍സ് ഓഫ് പാര്‍ടീസിനു മുന്നില്‍ ഇതു സംബന്ധിച്ച നിര്‍ദേശം വയ്ക്കണം. എന്‍ഡോസള്‍ഫാനു ബദലായി ഇപ്പോള്‍ ഉപയോഗിക്കപ്പെടുന്ന കീടനാശിനികളുടെ പട്ടിക അടുത്തവര്‍ഷം നിലവില്‍ വരും. ഈ പട്ടികയുള്ളപ്പോള്‍ എന്‍ഡോസള്‍ഫാന്‍ ഉപയോഗത്തിനുള്ള അനുമതി നീട്ടിവാങ്ങാനാവില്ല. ജനീവ സമ്മേളനത്തിന്റെ ആദ്യ രണ്ടു ദിനത്തിലും എന്‍ഡോസള്‍ഫാന്‍ നിരോധിക്കരുതെന്ന നിലപാടാണ് ഇന്ത്യ സ്വീകരിച്ചത്. അവിടെ അവതരിപ്പിച്ച കോണ്‍ഫറന്‍സ് റൂം പേപ്പറിലും മറ്റു രാജ്യങ്ങളുടെ പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചകളിലും ഇന്ത്യയുടെ നിലപാട് അതുതന്നെയായിരുന്നു. കണ്‍വന്‍ഷനില്‍ വോട്ടെടുപ്പ് വേണ്ടിവന്നാല്‍ ഇന്ത്യക്ക് അത് നാണക്കേടായേനെ. ഇത്തരം കണ്‍വന്‍ഷനുകളില്‍ വോട്ടെടുപ്പ് ഒഴിവാക്കുന്നതാണ് നയതന്ത്ര വിജയം. അന്താരാഷ്ട്ര സമ്മേളനങ്ങളില്‍ വോട്ടെടുപ്പ് ഒരു മോശം കാര്യമായി വിലയിരുത്തപ്പെടുന്നതിനാല്‍ അഭിപ്രായസമന്വയത്തിനുള്ള ശ്രമം തുടര്‍ന്നു. ഇതേത്തുടര്‍ന്ന് മൂന്നാം ദിവസം ഇന്ത്യന്‍ നിലപാടില്‍ മാറ്റമുണ്ടായി. എന്‍ഡോസള്‍ഫാന്‍ വിലകുറഞ്ഞ കീടനാശിനിയാണെന്നും അതിനാല്‍ നിരോധനത്തോട് യോജിക്കാനാവില്ലെന്നും അറിയിച്ചുവെങ്കിലും ആഗോള തീരുമാനത്തിന് എതിരുനില്‍ക്കുന്നില്ലെന്ന് ഇന്ത്യന്‍ പ്രതിനിധികള്‍ പറഞ്ഞു. വോട്ടെടുപ്പ് ഒഴിവായതോടെ രാജ്യത്തിന്റെ തലകുനിയാതെയുള്ള സമന്വയം സാധ്യമായി.

എന്‍ഡോസള്‍ഫാനു പകരമുള്ള കീടനാശിനി ഉപയോഗിക്കുമ്പോള്‍ ഉണ്ടാവുന്ന സാമ്പത്തികബാധ്യത സ്റ്റോക്ഹോം കണ്‍വന്‍ഷന്റെ ഗ്ലോബല്‍ എന്‍വയോണ്‍മെന്റ് ഫെസിലിറ്റിയെക്കൊണ്ട് വഹിപ്പിക്കാന്‍ കഴിഞ്ഞത് നേട്ടമാണ്. ഇന്ത്യയുടെ നിലപാടുമാറ്റത്തിന് കേരളത്തില്‍നിന്ന് ഉയര്‍ന്ന കടുത്ത സമ്മര്‍ദ്ദം കാരണമായി. മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ പേര് രണ്ടുവട്ടം കണ്‍വന്‍ഷനില്‍ പരാമര്‍ശിക്കപ്പെട്ടു. അച്യുതാനന്ദന്റെ ആരോഗ്യസ്ഥിതിയെപ്പറ്റി വിദേശപ്രതിനിധികള്‍ തങ്ങളോടു തിരക്കിയതായും സി ജയകുമാറും ഡോ. മുഹമ്മദ് അഷീലും പറഞ്ഞു.

എന്‍ഡോസള്‍ഫാന്‍ ഉല്‍പ്പാദനം കേന്ദ്രം നിര്‍ത്തണം: പിണറായി

മണ്ണാര്‍ക്കാട്: എന്‍ഡോസള്‍ഫാന്‍ ആഗോളതലത്തില്‍ നിരോധിച്ച പശ്ചാത്തലത്തില്‍ ഉല്‍പ്പാദനം നിര്‍ത്താന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാവണമെന്ന് സിപിഐ എം സംസ്ഥാനസെക്രട്ടറി പിണറായി വിജയന്‍ ആവശ്യപ്പെട്ടു. എന്‍ഡോസള്‍ഫാന്‍ അനുകൂലനയം തിരുത്താനും നിരോധനം ശക്തമായി നടപ്പാക്കാനും കേരളത്തിലെ കോണ്‍ഗ്രസുകാര്‍ കേന്ദ്രത്തോട് ആവശ്യപ്പെടണം. സിപിഐ എം മണ്ണാര്‍ക്കാട് ഏരിയകമ്മിറ്റി ഓഫീസിനുവേണ്ടി നിര്‍മിച്ച ഇ കെ നായനാര്‍ മന്ദിരം ഉദ്ഘാടനം ചെയ്യുകയായിരുന്നു പിണറായി.

മുലപ്പാലില്‍പോലും എന്‍ഡോസള്‍ഫാന്റെ വിഷം കലര്‍ന്നിട്ടുണ്ടെന്ന റിപ്പോര്‍ട്ട് പുറത്തുവന്നിട്ടും കേന്ദ്രസര്‍ക്കാര്‍ നിലകൊള്ളുന്നത് എന്‍ഡോസള്‍ഫാനുവേണ്ടിയാണ്. എന്‍ഡോസള്‍ഫാന്‍ ഉണ്ടാക്കിയ ദുരന്തത്തില്‍ കാസര്‍കോട് 400 പേര്‍ മരിച്ചു. നാലായിരത്തോളം പേര്‍ മാരകരോഗങ്ങള്‍ക്കടിമകളായി. മനുഷ്യക്കോലമില്ലാത്ത കുഞ്ഞുങ്ങള്‍ പിറക്കുന്നു. ജനിതകവൈകല്യം ബാധിച്ചവരും ക്യാന്‍സര്‍ രോഗികളുമായ കുട്ടികളും ഉള്ളതായി വിവിധ പരിശോധനയില്‍ കണ്ടെത്തി. എന്നിട്ടും എന്‍ഡോസള്‍ഫാന്‍ ഉല്‍പ്പാദിപ്പിക്കുന്ന കോര്‍പ്പറേറ്റുകള്‍ക്കുവേണ്ടിയാണ് കേന്ദ്രസര്‍ക്കാര്‍ നിലകൊള്ളുന്നത്. കേരളത്തില്‍ എന്‍ഡോസള്‍ഫാനെതിരായി മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ജനങ്ങള്‍ ഒറ്റക്കെട്ടായി അണിനിരന്നു. എന്നാല്‍ കോണ്‍ഗ്രസ് എന്‍ഡോസള്‍ഫാനുവേണ്ടി നിലകൊണ്ടു. ജനീവയില്‍ നിരോധനത്തിനെതിരായ നിലപാടാണ് കേന്ദ്രം കൈകൊണ്ടത്. ആഗോളനിരോധനം വന്നതോടെ കോണ്‍ഗ്രസ് നാണംകെട്ടു.

കേന്ദ്ര അഴിമതിക്കഥകള്‍ പുറത്തുവരുന്ന ഘട്ടത്തിലാണ് ഗാന്ധിയനായ അണ്ണാഹസാരെ അഴിമതിക്കെതിരെ ഉപവാസം നടത്തിയത്. പുറത്തുവന്ന എല്ലാ അഴിമതിയിലും പ്രധാനമന്ത്രിക്ക് സ്ഥാനമുണ്ട്. ലോക്പാല്‍ബില്‍ അപാകം പരിഹരിച്ച് നടപ്പാക്കണമെന്ന നിലപാടാണ് ഇടതുപക്ഷത്തിനും ഉള്ളത്. എന്നാല്‍ അണ്ണാഹസാരെ ഉപവാസം അവസാനിപ്പിച്ചശേഷം എടുത്തനിലപാട് ജനാധിപത്യവ്യവസ്ഥയെ അപഹസിക്കുന്നതായിരുന്നു. സിപിഐ എമ്മിനെ എതിര്‍ക്കാന്‍ ചിലര്‍ എല്ലാവഴിയും തേടുകയാണ്. ബംഗാളിലെ പുരുളിയയില്‍ ആകാശത്തുനിന്ന് ആയുധംവര്‍ഷിച്ചത് കേന്ദ്രസര്‍ക്കാരിന്റെ ഒത്താശയോടെയായിരുന്നുവെന്ന് കേസിലെ പ്രധാനപ്രതിയായ കിംഡേവി തന്നെ ചാനല്‍ അഭിമുഖത്തില്‍ വെളിപ്പെടുത്തി. വിക്കിലീക്സ് പുറത്തുകൊണ്ടുവന്ന രേഖകള്‍ വെളിപ്പെടുത്തുന്നത് അമേരിക്കന്‍ സാമ്രാജ്യത്വം സിപിഐ എമ്മിനെ തകര്‍ക്കാന്‍ പരസ്യമായി ഇന്ത്യന്‍ രാഷ്ട്രീയകാര്യങ്ങളില്‍ ഇടപെടുന്നുണ്ടെന്നാണെന്നും പിണറായി പറഞ്ഞു.

എന്‍ഡോസള്‍ഫാന്‍ ; തടിതപ്പാന്‍ കേന്ദ്രം ശ്രമിക്കുന്നു: മുഖ്യമന്ത്രി

എന്‍ഡോസള്‍ഫാന്‍ നിരോധനത്തില്‍ ഇളവുകള്‍ നേടാന്‍കഴിഞ്ഞെന്നു പറഞ്ഞ് കേന്ദ്രസര്‍ക്കാര്‍ ഇപ്പോള്‍ തടിതപ്പാന്‍ നോക്കുകയാണെന്ന് മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ പറഞ്ഞു. ജനീവ കണ്‍വന്‍ഷനില്‍ പങ്കെടുത്ത സി ജയകുമാര്‍ , ഡോ. മുഹമ്മദ് അഷീല്‍ എന്നിവരുമായി ചര്‍ച്ച നടത്തിയശേഷം ക്ലിഫ് ഹൗസില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

കേന്ദ്രസര്‍ക്കാരിന്റെ പരാജയം മറയ്ക്കാനാണ് ജയറാം രമേശിനെപ്പോലുള്ള മന്ത്രിമാര്‍ സംസ്ഥാന സര്‍ക്കാരിനെതിരെ ആരോപണങ്ങളുന്നയിക്കുന്നത്. പരിസ്ഥിതിവാദിയെന്ന് സ്വയം അഭിമാനിക്കുന്ന ജയറാം രമേശിന് ഒരു പരിസ്ഥിതിയുമില്ല. എല്ലാ കൊള്ളരുതായ്മയ്ക്കും കൂട്ടുനില്‍ക്കുന്ന അദ്ദേഹം നടത്തുന്ന പ്രസ്താവനകള്‍ മറുപടി അര്‍ഹിക്കുന്നില്ല. എന്‍ഡോസള്‍ഫാന്‍ നിരോധനം ലോകത്തിന്റെ വിജയമാണ്. ജനങ്ങള്‍ക്ക് അത് പ്രത്യാശ നല്‍കുന്നു. ജനങ്ങളുടെയാകെ പിന്തുണയോടെ പാളയം രക്തസാക്ഷി മണ്ഡപത്തില്‍ നടത്തിയ സത്യഗ്രഹം കണ്‍വന്‍ഷനില്‍ നിര്‍ണായക സ്വാധീനം ചെലുത്തി. സാമൂഹ്യ സാംസ്കാരിക സംഘടനകളുടെ പ്രതിനിധികളടക്കം പങ്കെടുത്ത സത്യഗ്രഹം വിഷജന്യമായ കീടനാശിനി നിരോധിക്കണമെന്ന ശക്തമായ അഭിപ്രായം കണ്‍വന്‍ഷനില്‍ ഉയര്‍ത്താന്‍ സഹായകമായി. കണ്‍വന്‍ഷനില്‍ പങ്കെടുത്ത സി ജയകുമാറിനെയും മുഹമ്മദ് അഷീലിനെയും മുഖ്യമന്ത്രി അഭിനന്ദിച്ചു. മന്ത്രിമാരായ പി കെ ശ്രീമതി, എം എ ബേബി, ബിനോയ് വിശ്വം, എം വിജയകുമാര്‍ എന്നിവര്‍ക്കു പുറമെ കവയിത്രി സുഗതകുമാരിയും പ്രതിനിധികളുമായി ചര്‍ച്ച നടത്താന്‍ ക്ലിഫ് ഹൗസില്‍ എത്തിയിരുന്നു.

ദേശാഭിമാനി 040511

1 comment:

  1. എന്‍ഡോസള്‍ഫാന്‍ ആഗോളതലത്തില്‍ നിരോധിച്ച പശ്ചാത്തലത്തില്‍ ഉല്‍പ്പാദനം നിര്‍ത്താന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാവണമെന്ന് സിപിഐ എം സംസ്ഥാനസെക്രട്ടറി പിണറായി വിജയന്‍ ആവശ്യപ്പെട്ടു. എന്‍ഡോസള്‍ഫാന്‍ അനുകൂലനയം തിരുത്താനും നിരോധനം ശക്തമായി നടപ്പാക്കാനും കേരളത്തിലെ കോണ്‍ഗ്രസുകാര്‍ കേന്ദ്രത്തോട് ആവശ്യപ്പെടണം. സിപിഐ എം മണ്ണാര്‍ക്കാട് ഏരിയകമ്മിറ്റി ഓഫീസിനുവേണ്ടി നിര്‍മിച്ച ഇ കെ നായനാര്‍ മന്ദിരം ഉദ്ഘാടനം ചെയ്യുകയായിരുന്നു പിണറായി.

    ReplyDelete