Tuesday, May 24, 2011

തദ്ദേശഭരണം, പെപ്സി, ഐസ്ക്രീം, മുനീര്‍, ചാണകവെള്ളം തളിക്കല്‍

തദ്ദേശഭരണം വിഭജിച്ചത് ശരിയായില്ല ഐസക്

തദ്ദേശഭരണം വിഭജിച്ച് പഞ്ചായത്തുകളുടെ ഭരണംമാത്രം പ്രത്യേകവകുപ്പിന്റെ കീഴിലാക്കിയത് ശരിയായ നടപടിയല്ലെന്ന് മുന്‍മന്ത്രി ടി എം തോമസ്ഐസക് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.1957 മുതല്‍ നിനിന്ന സംവിധാനമാണ് യുഡിഎഫ് മാറ്റുന്നത്. ഭരണതലത്തിലും ജനങ്ങള്‍ക്കും ഇത് ബുദ്ധിമുട്ടുണ്ടാക്കും.കേരളത്തില്‍ പഞ്ചായത്തും നഗരസഭയും കോര്‍പറേഷനുമെല്ലാം ഒറ്റ ഭരണത്തിന്‍കീഴിലാണ് തുടര്‍ന്നത്. പെട്ടെന്നുള്ള മാറ്റം വലിയപ്രതിസന്ധിയാകും. കഴിഞ്ഞ 5 വര്‍ഷക്കാലത്തെ ഭരണനടപടികള്‍ തകരാറിലാക്കും. സംയോജിതമായി പ്രവര്‍ത്തിക്കേണ്ട വകുപ്പുകള്‍ വേര്‍തിരിക്കുന്നതും ശരിയായ നടപടിയല്ല. ഉദ്യോഗസ്ഥരെ വിന്യസിക്കുന്നതിനും ഇത് തടസ്സമാകുമെന്ന് അദ്ദേഹം പറഞ്ഞു.

പെപ്സിയുടെ ജലമൂറ്റല്‍ : വിദഗ്ധസമിതിയെ നിയോഗിക്കണം


കൊച്ചി: പുതുശേരിയിലെ പെപ്സി കമ്പനിയുടെ ഭൂജല ഉപയോഗം സംബന്ധിച്ച് പഠനം നടത്താന്‍ വിദഗ്ധസമിതിയെ നിയോഗിക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. മൂന്നുമാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും ജ. പി ആര്‍ രാമചന്ദ്രമേനോന്‍ നിര്‍ദേശിച്ചു. ഭൂജല ഉപയോഗത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തിയ സര്‍ക്കാര്‍ ഉത്തരവ് ചോദ്യംചെയ്ത് പെപ്സി സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി ഉത്തരവ്. കമ്പനിയുടെ പ്രവര്‍ത്തനംമൂലം പ്രദേശത്ത് ഭൂജലംഗണ്യമായി കുറഞ്ഞതായി ചൂണ്ടിക്കാട്ടിയായിരുന്നു നിയന്ത്രണം. ഭൂജല ഉപയോഗക്കാര്യത്തില്‍ നിലവിലുള്ള സ്ഥിതി തുടരാനും കോടതി നിര്‍ദേശിച്ചു. പ്രതിദിനം ആറുലക്ഷം ലിറ്റര്‍ ഭൂജലം ഉപയോഗിക്കാനാണ് താല്‍ക്കാലിക അനുമതി.

ഐജിയുടെ ഓഫീസില്‍ ചാണകവെള്ളം തളിക്കല്‍ : തുടര്‍നടപടിക്ക് സ്റ്റേ

കൊച്ചി: തിരുവനന്തപുരത്ത് പട്ടികജാതിക്കാരനായ രജിസ്ട്രേഷന്‍ ഐജിയുടെ ഓഫീസില്‍ ചാണകവെള്ളം തളിച്ചതുമായി ബന്ധപ്പെട്ട് പൊലീസ് രജിസ്റ്റര്‍ചെയ്ത കേസിലെ തുടര്‍നടപടികള്‍ ഹൈക്കോടതി സ്റ്റേചെയ്തു. രജിസ്ട്രേഷന്‍ ഐജിയായിരുന്ന എ കെ രാമകൃഷ്ണന്‍ സര്‍വീസില്‍നിന്ന് വിരമിച്ച ശേഷമാണ് ഓഫീസില്‍ ചാണകംതളിച്ചതെന്നും ഇത് കുറ്റകരമല്ലെന്നും ചൂണ്ടിക്കാട്ടി രണ്ടും മൂന്നും പ്രതികളായ മലയിന്‍കീഴ് സബ് രജിസ്ട്രാര്‍ ഓഫീസ് യുഡി ക്ലര്‍ക്ക് ഗിരീഷ്കുമാര്‍ , ശിപായി സുബു എന്നിവര്‍ നല്‍കിയ ഹര്‍ജിയിലാണ് ജസ്റ്റിസ് പി ക്യു ബര്‍ക്കത്തലിയുടെ ഇടക്കാല ഉത്തരവ്. ചാണകം തളിക്കുന്നത് ശാസ്ത്രീയവും മതപരവും സാമൂഹ്യവുമായ ആചാരമാണെന്നിരിക്കെ ഇത് വിസര്‍ജ്യവസ്തുവായി കണക്കാക്കാനാവില്ലെന്നും ചൂണ്ടിക്കാട്ടിയായിരുന്നു പ്രതികളുടെ ഹര്‍ജി. പൊതുജനസാന്നിധ്യത്തില്‍ പട്ടികജാതി പട്ടികവര്‍ഗക്കാരെ അപമാനിക്കുന്ന പ്രവൃത്തികള്‍ മാത്രമേ പട്ടികജാതി-പട്ടികവര്‍ഗക്കാര്‍ക്കെതിരായ അതിക്രമങ്ങള്‍ തടയല്‍ നിയമപ്രകാരം കുറ്റകരമാകൂവെന്നും ഹര്‍ജിക്കാര്‍ വാദിച്ചു. ജൂണ്‍ 27 വരെയാണ് കേസിലെ തുടര്‍നടപടികള്‍ തടഞ്ഞത്.

ഐസ്ക്രീം: അന്വേഷണം തുടരുമെന്ന് ഉമ്മന്‍ചാണ്ടി

ഐസ്ക്രീംപാര്‍ലര്‍ കേസില്‍ പ്രത്യേകസംഘം അന്വേഷണം തുടരുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ഇതുസംബന്ധിച്ച കൂടുതല്‍ ചോദ്യങ്ങളോട് അദ്ദേഹം പതികരിക്കാന്‍ തയ്യാറായില്ല. അധികാരമേറ്റെടുത്തശേഷം സംസ്ഥാനത്തെ ഉന്നതപൊലീസ് ഉദ്യോഗസ്ഥരുടെ യോഗത്തിനു ശേഷമാണ് അദ്ദേഹം മാധ്യമപ്രവര്‍ത്തകരെ കണ്ടത്.ഐസ്ക്രീം പാര്‍ലര്‍ കേസില്‍ നിയമം അതിന്റെ വഴിക്കുപോകുമെന്നു പറഞ്ഞ മുഖ്യമന്ത്രി മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് ക്ഷുഭിതനായാണ് മുഖ്യമന്ത്രി പ്രതികരിച്ചത്്

സ്പീക്കര്‍സ്ഥാനം വേണമെന്ന് വീണ്ടും പി സി ജോര്‍ജ്


കോട്ടയം: സ്പീക്കര്‍സ്ഥാനം വേണമെന്ന ആവശ്യവുമായി പി സി ജോര്‍ജ് വീണ്ടും രംഗത്ത്. സ്പീക്കര്‍ സ്ഥാനം ആഗ്രഹമുണ്ടെന്നും എന്നാല്‍ ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനം വേണ്ടെന്നും പിസി ജോര്‍ജ് പറഞ്ഞു. ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനം കൊല്ലുന്നതിനു തുല്ല്യമാണ് -കേരളാകോണ്‍ഗ്രസ് എം സംസ്ഥാനകമ്മിറ്റി ഓഫീസില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പി ജെ ജോസഫിനെതിരെ പല തരം കേസുകളുണ്ട്. അത് കുത്തിപ്പൊക്കലല്ല തന്റെ ജോലി. ജോസഫിനെതിരായ കേസുകള്‍ക്ക് പിന്നില്‍ താനാണെന്നുള്ള അനുയായികളുടെ ആരോപണം അദ്ദേഹത്തിന്റെ കഷ്ടകാലത്തിന്റെ സൂചനയാണെന്ന് പി സി ജോര്‍ജ് പറഞ്ഞു.

മന്ത്രി മുനീര്‍ പ്രതിയായ അഴിമതിക്കേസ്: കൂട്ടുപ്രതികള്‍ക്ക് ജാമ്യം

തൃശൂര്‍ : റോഡ് നിര്‍മാണത്തില്‍ ടെന്‍ഡര്‍ വിളിക്കാതെ സര്‍ക്കാരിന് നഷ്ടമുണ്ടാക്കിയതിന് മന്ത്രി എം കെ മുനീര്‍ അടക്കം 11 പേര്‍ പ്രതികളായ കേസില്‍ കൂട്ടുപ്രതികളായ പത്തുപേര്‍ക്കും വിജിലന്‍സ് കോടതി ജാമ്യം അനുവദിച്ചു. മുനീര്‍ നേരത്തെ ജാമ്യമെടുത്തിരുന്നു. കരാറുകാരായ മലപ്പുറം കൊളപ്പാടന്‍ അലിയാര്‍ , ടി പി അബ്ദുള്ള, പി കെ മുഹമ്മദ് അഷ്റഫ്, പി അബ്ദുള്‍ മജീദ്, മേല്‍മുറിയിലെ അബ്ദുള്‍ റഫീക്, കെ എം അക്ബര്‍ , പൊതുമരാമത്ത് സൂപ്രണ്ടിങ് എന്‍ജിനിയറുടെ പേഴ്സണല്‍ അസിസ്റ്റന്റ് ബി എം പോള്‍സണ്‍ , എക്സി. എന്‍ജിനിയര്‍ കെ പി മുഹമ്മദ്, സുപ്രണ്ടിങ് എന്‍ജിനിയര്‍മാരായ കെ പി പ്രഭാകരന്‍ , പി എം മുഹമ്മദ് എന്നിവരാണ് മറ്റുപ്രതികള്‍ . പൊതുമരാമത്ത് വകുപ്പിന്റെ മഞ്ചേരി ഡിവിഷന്റെ കീഴില്‍ മൊറയൂരില്‍നിന്ന് വളാഞ്ചേരി-അരിമ്പ്ര - നെടിയിരുപ്പ് വഴി ഹരിജന്‍ കോളനിയിലേക്കുള്ള റോഡിന്റെ നിര്‍മാണത്തിന് ടെന്‍ഡര്‍ വിളിക്കാതെ പണി നല്‍കി 27 ലക്ഷം രൂപ നഷ്ടം വരുത്തിയെന്നാണ് കേസ്.

ദേശാഭിമാനി 240511

1 comment:

  1. ഐസ്ക്രീംപാര്‍ലര്‍ കേസില്‍ പ്രത്യേകസംഘം അന്വേഷണം തുടരുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ഇതുസംബന്ധിച്ച കൂടുതല്‍ ചോദ്യങ്ങളോട് അദ്ദേഹം പതികരിക്കാന്‍ തയ്യാറായില്ല. അധികാരമേറ്റെടുത്തശേഷം സംസ്ഥാനത്തെ ഉന്നതപൊലീസ് ഉദ്യോഗസ്ഥരുടെ യോഗത്തിനു ശേഷമാണ് അദ്ദേഹം മാധ്യമപ്രവര്‍ത്തകരെ കണ്ടത്.ഐസ്ക്രീം പാര്‍ലര്‍ കേസില്‍ നിയമം അതിന്റെ വഴിക്കുപോകുമെന്നു പറഞ്ഞ മുഖ്യമന്ത്രി മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് ക്ഷുഭിതനായാണ് മുഖ്യമന്ത്രി പ്രതികരിച്ചത്്

    ReplyDelete