പെട്രോള്‍ വിലവര്‍ധനയിലൂടെ കേന്ദ്രസര്‍ക്കാര്‍ ജനങ്ങളില്‍നിന്ന് ശതകോടികള്‍ കൊള്ളയടിക്കുന്നതില്‍ പ്രതിഷേധിക്കാതെ, കൈയടി നേടാന്‍ യുഡിഎഫ് സര്‍ക്കാരിന്റെ ശ്രമം. ഏറ്റവും ഒടുവിലത്തെ പെട്രോള്‍ വിലവര്‍ധനയില്‍നിന്ന് സംസ്ഥാനത്തിന് ലഭിക്കുമായിരുന്ന അധികവരുമാനം ഉപേക്ഷിച്ചതിനെ വാനോളം പുകഴ്ത്തുകയാണ് മാധ്യമങ്ങള്‍ . എന്നാല്‍ , പെട്രോള്‍വില വര്‍ധിക്കുമ്പോഴെല്ലാം യുഡിഎഫ് സര്‍ക്കാര്‍ അധികവരുമാനം ഉപേക്ഷിക്കുമോയെന്ന ചോദ്യം ബാക്കി.
കേരളത്തില്‍ പ്രതിദിനം 28,55,800 ലിറ്റര്‍ പെട്രോളാണ് ശരാശരി വില്‍ക്കുന്നത്. ഒരു ലിറ്റര്‍ പെട്രോള്‍ വില്‍ക്കുമ്പോള്‍ 14 രൂപ എക്സൈസ് തീരുവയും കസ്റ്റംസ് തീരുവയുമായി കേന്ദ്രത്തിന് ലഭിക്കുന്നുവെന്നാണ് ഏകദേശകണക്ക്. ഇതനുസരിച്ചുതന്നെ പ്രതിമാസം 120 കോടിയോളം രൂപ കേന്ദ്രസര്‍ക്കാര്‍ കേരളത്തില്‍നിന്ന് കൊണ്ടുപോകുന്നു. ഓരോതവണ വില വര്‍ധിപ്പിക്കുമ്പോഴും കോടികള്‍ വീണ്ടും കേന്ദ്രത്തിലേക്ക് ഒഴുകുന്നു. ഇതിന്റെയൊന്നും യഥാര്‍ഥ കണക്കുപോലും കേന്ദ്രം വ്യക്തമാക്കുന്നില്ല. പെട്രോള്‍വില നിര്‍ണയിക്കാനുള്ള അവകാശം എണ്ണക്കമ്പനികള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ വിട്ടുകൊടുത്തതോടെ അടിക്കടി വില കൂട്ടുകയാണ്. അന്താരാഷ്ട്രവിപണിയിലെ ക്രൂഡ് ഓയില്‍ വിലയുടെ പേരിലാണ് ഓരോതവണയും രാജ്യത്ത് എണ്ണവില വര്‍ധിപ്പിക്കുന്നത്. എന്നാല്‍ , ക്രൂഡ് ഓയിലിന്റെ വില കുറയുമ്പോള്‍ ആനുപാതികമായ വിലക്കുറവ് ഇന്ത്യയില്‍ വരുത്തുന്നില്ല.
എണ്ണക്കമ്പനികളുടെ കൊള്ളയ്ക്ക് ജനങ്ങളെ എറിഞ്ഞുകൊടുത്തശേഷം 11 മാസത്തിനിടെ 15.42 രൂപയാണ് പെടോള്‍വില വര്‍ധിച്ചത്. ഇതില്‍ കോണ്‍ഗ്രസും യുഡിഎഫും പ്രതിഷേധിക്കുന്നില്ല. കേന്ദ്രത്തിന്റെ നികുതി കുറച്ച് ഇന്ധനവിലയുടെ ആഘാതം കുറയ്ക്കാന്‍ ആവശ്യപ്പെടുന്നുമില്ല. പെട്രോള്‍ വില്‍പ്പനയിലൂടെ സംസ്ഥാന ഖജനാവിലേക്ക് വരുന്നത് വാറ്റ് നികുതിയിനത്തില്‍ വരുന്ന തുകയാണ്. കേരളത്തില്‍നിന്ന് സംസ്ഥാന സര്‍ക്കാരിന് ലഭിക്കുമായിരുന്ന അധികവരുമാനം ഉപേക്ഷിക്കുന്നതിനായി പെട്രോളിന്റെ നികുതി 29.01 ശതമാനത്തില്‍നിന്ന് 26.64 ശതമാനമായാണ് ഇപ്പോള്‍ കുറച്ചത്. 131.94 കോടി രൂപ ഇതിലൂടെ വേണ്ടെന്നുവച്ചതായി മന്ത്രിസഭയുടെ ആദ്യയോഗത്തിനുശേഷം ഉമ്മന്‍ചാണ്ടി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞിരുന്നു. ഇതോടെ സംസ്ഥാനത്തെ പെട്രോള്‍വിലയില്‍ ലിറ്ററിന് 1.22 രൂപയുടെ കുറവുണ്ടായി. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് 21 തവണ എണ്ണയുടെ വില വര്‍ധിപ്പിച്ചപ്പോള്‍ ഒറ്റത്തവണമാത്രമാണ് സംസ്ഥാനത്തിന്റെ അധികനികുതി വേണ്ടെന്നുവച്ചത്. ഇത്തരത്തില്‍ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്തും ഒറ്റത്തവണമാത്രമാണ് സംസ്ഥാനത്തിന്റെ അധികവരുമാനം വേണ്ടെന്നുവച്ചത്. എണ്ണവില വര്‍ധിക്കുമ്പോഴെല്ലാം സംസ്ഥാന സര്‍ക്കാരിന്റെ ബാധ്യതയും വര്‍ധിക്കും. വിലക്കയറ്റത്തിനനുസരിച്ച് സപ്ലൈകോയ്ക്കുള്ള സബ്സിഡിയും സര്‍ക്കാര്‍ജീവനക്കാരുടെ ബത്തയും വര്‍ധിക്കുന്നതാണ് ബാധ്യതയ്ക്ക് കാരണം.
deshabhimani 200511
കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് 21 തവണ എണ്ണയുടെ വില വര്‍ധിപ്പിച്ചപ്പോള്‍ ഒറ്റത്തവണമാത്രമാണ് സംസ്ഥാനത്തിന്റെ അധികനികുതി വേണ്ടെന്നുവച്ചത്.
ReplyDelete