Saturday, May 21, 2011

പണിമുടക്ക് വിജയിപ്പിച്ചവര്‍ക്ക് അനുമോദനം

കേരളത്തിലെ മോട്ടോര്‍ത്തൊഴിലാളികള്‍ സംയുക്തമായി ആഹ്വാനംചെയ്ത ഇന്നലത്തെ പണിമുടക്ക് പൂര്‍ണമായും വിജയിപ്പിച്ച തൊഴിലാളികളും മറ്റെല്ലാവരും അനുമോദനം അര്‍ഹിക്കുന്നു. യഥാര്‍ഥ ജനരോഷത്തിന്റെ പ്രതിഫലനമാണ് പണിമുടക്കില്‍ കാണാന്‍ കഴിഞ്ഞത്. സ്വകാര്യവാഹനങ്ങള്‍ തടയില്ലെന്ന് മുന്‍കൂട്ടി അറിയിച്ചിട്ടും പലരും സ്വയം യാത്ര ഉപേക്ഷിക്കുകയായിരുന്നു. വളരെ അത്യാവശ്യകാര്യത്തിനു മാത്രമേ റോഡിലിറങ്ങിയുള്ളൂ. പണിമുടക്കുമായി സഹകരിക്കാന്‍ ജനങ്ങള്‍ സ്വയമേവ തയ്യാറായി. തൊഴിലാളികളുടെ സാമ്പത്തികമായ ഏതെങ്കിലും ആവശ്യം നേടിയെടുക്കാനുള്ള സമരമല്ല നടന്നത്. പൊതുജനങ്ങളുടെ മേല്‍ അടിക്കടി, അന്യായമായി അധികഭാരം അടിച്ചേല്‍പ്പിച്ച് അവരുടെ ജീവിതം ക്ലേശപൂര്‍ണമാക്കുന്ന നയത്തിനെതിരെയായിരുന്നു സമരം.

സര്‍ക്കാരിന്റെയും സ്വകാര്യ എണ്ണക്കമ്പനികളുടെയും ജനദ്രോഹനയത്തിനെതിരെ അമര്‍ഷം പ്രകടിപ്പിക്കാനുള്ള അവസരമായാണ് ജനങ്ങള്‍ ഈ പണിമുടക്കിനെ കണ്ടത്. പെട്രോളിന്റെ വില ഒറ്റയടിക്ക് അഞ്ചു രൂപ വര്‍ധിപ്പിച്ച അനുഭവം മുമ്പൊരിക്കലുമുണ്ടായിട്ടില്ല. പെട്രോള്‍ ഒരു അവശ്യവസ്തുവാണ്. വില വര്‍ധിച്ചെന്നതുകൊണ്ടുമാത്രം അതിന്റെ ഉപയോഗം വേണ്ടെന്ന് വയ്ക്കാനാകില്ല. ഈ സാഹചര്യം മുതലെടുത്താണ് ഒരു നിയന്ത്രണവുമില്ലാതെ എണ്ണക്കമ്പനികള്‍ തോന്നിയതുപോലെ വില വര്‍ധിപ്പിച്ചത്. വര്‍ധിപ്പിച്ചത് സര്‍ക്കാരല്ല, എണ്ണക്കമ്പനികളാണ് എന്ന ന്യായവാദം പറഞ്ഞ് ഉത്തരവാദിത്തത്തില്‍നിന്ന് ഒഴിഞ്ഞുമാറാന്‍ കേന്ദ്രമന്ത്രി ചിദംബരം നടത്തിയ ശ്രമം പരിഹാസ്യമാണ്. പെട്രോളിന്റെ വില നിയന്ത്രിക്കാനുള്ള അധികാരം രണ്ടാം യുപിഎ സര്‍ക്കാര്‍ ഉപേക്ഷിച്ചതാണ് എണ്ണക്കമ്പനികള്‍ക്ക് യഥേഷ്ടം വില വര്‍ധിപ്പിക്കാനുള്ള അവസരം സൃഷ്ടിച്ചുകൊടുത്തത്. 11 മാസത്തിനകം 15.42 രൂപയാണ് പെട്രോളിന് വര്‍ധിപ്പിച്ചത്. ഡീസലിനും പാചകവാതകത്തിനും മണ്ണെണ്ണയ്ക്കും വില വര്‍ധിപ്പിക്കുന്നതില്‍ സര്‍ക്കാരിന് നിയന്ത്രണമുണ്ട്. അതും വൈകാതെ എടുത്തുകളയാനാണ് യുപിഎ സര്‍ക്കാര്‍ തീരുമാനിച്ചതെന്നറിയുന്നു. ആഗോളവല്‍ക്കരണനയം അംഗീകരിച്ചതിന്റെ ഫലംകൂടിയാണിത്.

ഉല്‍പ്പന്നത്തിന്റെ വില നിശ്ചയിക്കേണ്ടത് വിപണിയിലാണെന്നാണ് സിദ്ധാന്തം. സബ്സിഡി നല്‍കേണ്ടതില്ലെന്നും സര്‍ക്കാരിന് അഭിപ്രായമുണ്ട്. അതുകൂടി യാഥാര്‍ഥ്യമാകുന്നതോടെ വില വര്‍ധന അതിന്റെ പാരമ്യത്തിലെത്തുമെന്നുറപ്പാണ്. പെട്രോളിന്റെ വില അധികം താമസിയാതെ വീണ്ടും അഞ്ചു രൂപ വര്‍ധിപ്പിക്കുമെന്ന ഭീഷണിയും നിലവിലുണ്ട് എന്നോര്‍ക്കണം. ഇതുമൂലമുണ്ടാകുന്ന നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം തടയാനുള്ള ഫലപ്രദമായ ഒരു നടപടിയും യുപിഎ സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകുമെന്ന പ്രതീക്ഷയും വച്ചുപുലര്‍ത്തേണ്ടതില്ല. പണിമുടക്കില്‍ പ്രതിഫലിച്ച ജനരോഷം മുഖവിലയ്ക്കെടുക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറായില്ലെങ്കില്‍ അതുമൂലമുണ്ടാകുന്ന ഭവിഷ്യത്ത് ഗുരുതരമായിരിക്കും. പണിമുടക്ക് ഉപേക്ഷിക്കാന്‍ പുതുതായി കേരളത്തില്‍അധികാരമേറ്റ ചില മന്ത്രിമാര്‍ ഉപദേശിക്കുകയുണ്ടായി. ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ അധികാരമേറ്റെടുത്തയുടന്‍ പെട്രോളിന്റെ വില വര്‍ധനമൂലം സംസ്ഥാന സര്‍ക്കാരിന് ലഭിക്കുന്ന അധിക നികുതി വരുമാനം ഉപേക്ഷിക്കുമെന്ന് പ്രഖ്യാപിച്ചു. അതായത്, ഒരു ലിറ്റര്‍ പെട്രോളിന് 1.22 രൂപ വിലയില്‍ കുറവു വരും. സര്‍ക്കാരിനാണെങ്കില്‍ പ്രതിവര്‍ഷം 130 കോടിയിലേറെ രൂപ അധികവരുമാനം ഇല്ലാതാവുകയും ചെയ്യും.

ഈ സൗജന്യം നല്‍കുന്നതോടെ ജനരോഷത്തില്‍നിന്ന് സര്‍ക്കാരിന് രക്ഷപ്പെടാന്‍ കഴിയുമെന്നാണ് ഉമ്മന്‍ചാണ്ടിയുടെ കണക്കുകൂട്ടല്‍ . ഇതുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവരുന്ന ന്യായമായ ചില ചോദ്യങ്ങള്‍ക്ക് ഉമ്മന്‍ചാണ്ടിയില്‍നിന്ന് ഉത്തരം ലഭിക്കേണ്ടതുണ്ട്. അദ്ദേഹത്തിന്റെ കോണ്‍ഗ്രസ് ഒരു പ്രാദേശിക പാര്‍ടിയല്ല, ദേശീയ പാര്‍ടിയാണ്. 125 വര്‍ഷം പ്രായമുള്ള സംഘടനയാണ്. അതുകൊണ്ടുതന്നെ ആ സംഘടനയ്ക്ക് ഒരു ദേശീയനയവും ഉണ്ടായിരിക്കുമെന്നാണ് കരുതേണ്ടത്. പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വില വര്‍ധിക്കുമ്പോള്‍ കേന്ദ്രസര്‍ക്കാരിന് സ്വാഭാവികമായും ലഭിക്കുന്ന അധികനികുതി വരുമാനം ഉപേക്ഷിക്കണമെന്നത് ആ പാര്‍ടിയുടെ ദേശീയനയമാണോ? അതല്ല, ഉമ്മന്‍ചാണ്ടിയുടെ സൗജന്യമാണോ? തെരഞ്ഞെടുപ്പു ഫലം പുറത്തുവന്ന ഉടന്‍ വഞ്ചനാപരമായ രീതിയില്‍ പെട്രോളിന്റെ വില വര്‍ധിപ്പിച്ചത് ന്യായീകരിക്കുന്നുണ്ടോ? പെട്രോളിന്റെ വില നിയന്ത്രിക്കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ അധികാരം ഉപേക്ഷിച്ചത് ശരിയായ നിലപാടാണെന്ന് ഉമ്മന്‍ചാണ്ടി കരുതുന്നുണ്ടോ? കേരളത്തില്‍ പ്രതിദിനം 28,55,800 ലിറ്റര്‍ പെട്രോള്‍ വില്‍ക്കുമ്പോള്‍ ഒരു ലിറ്ററിന് 14 രൂപ തോതില്‍ കേന്ദ്രസര്‍ക്കാരിന് അധികവരുമാനം ലഭിക്കുന്നുണ്ട്. അതായത്, ഒരു മാസം 120 കോടി രൂപ. ഈ തുക ഉപേക്ഷിക്കാന്‍ യുപിഎ സര്‍ക്കാരിനോട് ആവശ്യപ്പെടാന്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ തയ്യാറാകുമോ?

ഇടതുപക്ഷം ദീര്‍ഘകാലമായി ഈ നിര്‍ദേശമാണ് കേന്ദ്രസര്‍ക്കാരിനു മുന്നില്‍ സമര്‍പ്പിച്ചിരുന്നത്. എന്നാല്‍ , ഇതിനു നേരെ മുഖംതിരിച്ചുനില്‍ക്കുന്ന സമീപനമാണ് അവര്‍ സ്വീകരിച്ചത്. പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വില കുതിച്ചുകയറിക്കൊണ്ടിരിക്കുമ്പോള്‍ കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഇത്തരത്തിലുള്ള ന്യായമായ വിട്ടുവീഴ്ച ജനങ്ങള്‍ പ്രതീക്ഷിക്കുന്നു. ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ സ്വീകരിച്ച ഇപ്പോഴത്തെ നിലപാട് അത്തരമൊരു തീരുമാനത്തിലേക്ക് നയിച്ചിരുന്നെങ്കില്‍ നല്ലത്. അതിനു മുതിരാതെ വെറും 1.22 രൂപ ഉപേക്ഷിച്ച് കൈയടി നേടാനുള്ള ചെപ്പടിവിദ്യ ജനങ്ങള്‍ തിരിച്ചറിയുകതന്നെ ചെയ്യും. ഡീസലിന്റെയും പാചകവാതകത്തിന്റെയും വില ഉടന്‍തന്നെ വര്‍ധിപ്പിക്കുമെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

അന്താരാഷ്ട്രവിപണിയില്‍ അസംസ്കൃത എണ്ണയുടെ വില വര്‍ധിക്കുന്നുവെന്നാണ് ന്യായീകരണമായി പറയുന്നത്. ഒരു ബാരല്‍ അസംസ്കൃത എണ്ണയ്ക്ക് 145 ഡോളറായി ഉയര്‍ന്ന ഘട്ടത്തില്‍ ഇതിനേക്കാളും എത്രയോ കുറവായിരുന്നു ആഭ്യന്തര വിപണിയിലെ എണ്ണവില എന്നുമോര്‍ക്കേണ്ടതാണ്. അസംസ്കൃത എണ്ണയുടെ വില 118 ഡോളറായി ഉയര്‍ന്നിരുന്നു എന്നത് ശരിയാണ്. ഉടന്‍തന്നെ 100 ഡോളറില്‍ താഴെയായി കുറയുകയും ചെയ്തു. എന്നിട്ടും പെട്രോളിന്റെ വിലയില്‍ കുറവുണ്ടായില്ല. അതിന്റെ അര്‍ഥം സ്വകാര്യ കമ്പനികള്‍ക്ക് അമിതലാഭം കൊയ്തെടുക്കാനുള്ള അവസരമായി എണ്ണവില ഉപയോഗപ്പെടുത്തുന്നു എന്നതാണ്. യുപിഎ സര്‍ക്കാര്‍ അതിന് പ്രോത്സാഹനം നല്‍കുകയും ചെയ്യുന്നു. ഈ നയം തിരുത്താനുള്ളതാണ് മോട്ടോര്‍ത്തൊഴിലാളികളുടെ സംഘടിത സമരം. അതുകൊണ്ടുതന്നെ സമൂഹത്തിന്റെ പൊതുആവശ്യം മുന്‍നിര്‍ത്തിയുള്ള ഈ പണിമുടക്ക് സമരം വിജയിപ്പിച്ച എല്ലാവരെയും ഞങ്ങള്‍ വീണ്ടും അനുമോദിക്കുന്നു.

deshabhimani editorial 210511

1 comment:

  1. കേരളത്തിലെ മോട്ടോര്‍ത്തൊഴിലാളികള്‍ സംയുക്തമായി ആഹ്വാനംചെയ്ത ഇന്നലത്തെ പണിമുടക്ക് പൂര്‍ണമായും വിജയിപ്പിച്ച തൊഴിലാളികളും മറ്റെല്ലാവരും അനുമോദനം അര്‍ഹിക്കുന്നു. യഥാര്‍ഥ ജനരോഷത്തിന്റെ പ്രതിഫലനമാണ് പണിമുടക്കില്‍ കാണാന്‍ കഴിഞ്ഞത്. സ്വകാര്യവാഹനങ്ങള്‍ തടയില്ലെന്ന് മുന്‍കൂട്ടി അറിയിച്ചിട്ടും പലരും സ്വയം യാത്ര ഉപേക്ഷിക്കുകയായിരുന്നു. വളരെ അത്യാവശ്യകാര്യത്തിനു മാത്രമേ റോഡിലിറങ്ങിയുള്ളൂ. പണിമുടക്കുമായി സഹകരിക്കാന്‍ ജനങ്ങള്‍ സ്വയമേവ തയ്യാറായി. തൊഴിലാളികളുടെ സാമ്പത്തികമായ ഏതെങ്കിലും ആവശ്യം നേടിയെടുക്കാനുള്ള സമരമല്ല നടന്നത്. പൊതുജനങ്ങളുടെ മേല്‍ അടിക്കടി, അന്യായമായി അധികഭാരം അടിച്ചേല്‍പ്പിച്ച് അവരുടെ ജീവിതം ക്ലേശപൂര്‍ണമാക്കുന്ന നയത്തിനെതിരെയായിരുന്നു സമരം.

    ReplyDelete