Sunday, May 15, 2011

യുവജനപ്രക്ഷോഭത്തിന്റെ പുതുചരിത്രം

കണ്ണൂര്‍ : ജനകീയസമരത്തിനൊപ്പം ആശ്വാസനിധി ശേഖരണവും നിയമപോരാട്ടവും. എന്‍ഡോസള്‍ഫാന്‍ വിരുദ്ധമുന്നേറ്റത്തില്‍ പുതുചരിത്രമാവുകയാണ് ഡിവൈഎഫ്ഐയുടെ ഇടപെടല്‍ . സുപ്രീംകോടതിയില്‍നിന്ന് നിരോധന ഉത്തരവ് നേടിയതോടെ ഇരകളുടെ പക്ഷത്തേക്ക് നീതിയുടെ പ്രകാശമെത്തുന്നതിന്റെ തടസ്സങ്ങള്‍ നീങ്ങും.

മാരകകീടനാശിനിക്കെതിരെയുള്ള പോരാട്ടത്തിന് തുടക്കമിട്ടതില്‍ ഒരു പൊതുതാല്‍പര്യഹര്‍ജിക്കു പങ്കുണ്ട്. പത്തു വര്‍ഷം മുമ്പ് കാസര്‍കോട് പെരിയയിലെ കൃഷിവകുപ്പ് ഉദ്യോഗസ്ഥയായ ലീലാകുമാരിയമ്മയാണ് ഹൊസ്ദുര്‍ഗ് മുന്‍സിഫ് കോടതിയില്‍ ഹര്‍ജി നല്‍കിയത്. 2001ല്‍ ലീലാകുമാരിയമ്മയുടെ ഹര്‍ജിക്കെതിരെ പ്ലാന്റേഷന്‍ കോര്‍പറേഷന്‍ ഹൈക്കോടതിയെ സമീപിച്ചു. മുന്‍സിഫ് കോടതിയില്‍ കേസുള്ളതിനാല്‍ ലീലാകുമാരിയമ്മക്ക് പകരം എറണാകുളം തിരുവാങ്കുളത്തെ നേച്ചര്‍ ലവേഴ്സ് സൊസൈറ്റി, പയ്യന്നൂര്‍ സീക്ക് എന്നിവ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. പെരിയ എസ്റ്റേറ്റിലെ വിഷം തളി അവസാനിച്ചത് ഇതോടെയാണ്.

കഴിഞ്ഞ ജനുവരിയില്‍ കാസര്‍കോട്ട് അവകാശപ്രഖ്യാപനം നടത്തിയാണ് ഡിവൈഎഫ്ഐ എന്‍ഡോസള്‍ഫാന്‍ വിരുദ്ധസമരം ശക്തമാക്കിയത്. അതുവരെ ജില്ലാ പഞ്ചായത്തടക്കം നടത്തിയ സമരങ്ങളില്‍ പങ്കാളികളായി. കാല്‍നടപ്രചാരണജാഥ, ചിത്രപ്രദര്‍ശനം, ചലച്ചിത്രപ്രദര്‍ശനം തുടങ്ങിയവയും സംഘടിപ്പിച്ചു. എന്‍ഡോസള്‍ഫാനെതിരെ സ്റ്റോക്ക് ഹോം കണ്‍വന്‍ഷന്‍ നടക്കുന്ന ദിവസം പ്രതിഷേധാഗ്നി തെളിയിക്കുകയും സുപ്രീംകോടതിയില്‍ പൊതുതാല്‍പര്യഹര്‍ജി സമര്‍പ്പിക്കുകയും ചെയ്തു. ഈ നീക്കമാണ് നിരോധനത്തിലെത്തിയത്. സുപ്രീംകോടതി അഭിഭാഷകരായ കെ കെ വേണുഗോപാല്‍ , മകന്‍ കൃഷ്ണന്‍ വേണുഗോപാല്‍ എന്നിവര്‍ ഏറെ സഹായിച്ചതായി ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി ടി വി രാജേഷ് പറഞ്ഞു. അഭിഭാഷകരായ ദീപക് പ്രകാശ്, ബിജുരാമന്‍ , വിനീഷ് കാരാട്ട് എന്നിവരും ഡിവൈഎഫ്ഐക്കുവേണ്ടി സുപ്രീംകോടതിയില്‍ ഹാജരായി. ഇരകളെ സഹായിക്കാന്‍ സഹായനിധിശേഖരണത്തിനും സംഘടന തുടക്കമിട്ടിട്ടുണ്ട്. യൂണിറ്റ് തലങ്ങളില്‍നിന്നും പൊതുസ്ഥലങ്ങളില്‍നിന്നുമാണ് ഫണ്ട് സ്വരൂപിക്കുന്നത്. ഇതുപയോഗിച്ച് ദുരിതബാധിതര്‍ക്കായി പഠന- ചികിത്സാസൗകര്യങ്ങള്‍ ഏര്‍പ്പെടുത്തും. സാമൂഹ്യപ്രവര്‍ത്തകരുടെയും നിര്‍ദേശങ്ങള്‍ സ്വീകരിച്ച് ഇതിനുള്ള പദ്ധതി തയ്യാറാക്കുമെന്ന് ടി വി രാജേഷ് പറഞ്ഞു. ദിവസങ്ങള്‍ക്കുള്ളില്‍ പിരിവ് പൂര്‍ത്തീകരിക്കും.

എന്‍ഡോസള്‍ഫാന്‍ വിരുദ്ധപോരാട്ടത്തില്‍ ഡിവൈഎഫ്ഐ നടത്തിയ ഇടപെടലിന് മറ്റൊരു പ്രത്യേകതകൂടിയുണ്ട്. കേരളത്തില്‍ ഭരണമാറ്റം സംഭവിച്ചതിനാല്‍ എന്‍ഡോസള്‍ഫാനെ അനുകൂലിക്കുന്ന യുഡിഎഫിന് ഇക്കാര്യത്തില്‍ കരണംമറിച്ചില്‍ നടത്താനുള്ള പഴുത് നിയമപരമായി അടയും.

എന്‍ഡോസള്‍ഫാന്‍ കോടതിവിധി കേന്ദ്രസര്‍ക്കാരിന് തിരിച്ചടി: ഡിവൈഎഫ്ഐ

കണ്ണൂര്‍ : എന്‍ഡോസള്‍ഫാന്‍ ഉല്‍പ്പാദനവും ഉപയോഗവും നിരോധിക്കാനുള്ള സുപ്രീംകോടതി വിധി കേന്ദ്രസര്‍ക്കാരിന്റെ കീടനാശിനി അനുകൂല നിലപാടുകള്‍ക്കുള്ള തിരിച്ചടിയാണെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി ടി വി രാജേഷ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഡിവൈഎഫ്ഐ നല്‍കിയ പൊതുതാല്‍പര്യഹര്‍ജിയില്‍ കോടതിയിലെത്തിയ സോളിസിറ്റര്‍ ജനറല്‍ അവസാനനിമിഷംവരെ എന്‍ഡോസള്‍ഫാന് അനുകൂലമായാണ് വാദിച്ചത്. ബദല്‍ കണ്ടെത്തുന്നത് ചെലവേറിയതാണെന്നായിരുന്നു വാദം. മനുഷ്യജീവനേക്കാള്‍ വലുതല്ല പണം എന്നാണ് ഇതിന് കോടതി നല്‍കിയ മറുപടി. കോണ്‍ഗ്രസിന്റെയും കേന്ദ്രസര്‍ക്കാരിന്റെയും കാപട്യമാണ് കോടതിയില്‍ വെളിവായത്. സ്റ്റോക്ഹോം കണ്‍വന്‍ഷനില്‍ വിഷക്കമ്പനിയുടെ വക്കാലത്തുമായി ചെന്ന ഇന്ത്യ ലോകരാജ്യങ്ങള്‍ക്കിടയില്‍ നാണംകെട്ടു. എന്നിട്ടും നിരോധനം കേന്ദ്രസര്‍ക്കാരിന്റെകൂടി വിജയമെന്നാണ് കേന്ദ്രമന്ത്രി ജയറാം രമേശും ഉമ്മന്‍ചാണ്ടിയും അവകാശപ്പെട്ടത്. സുപ്രീംകോടതിയുടെ വിശ്വാസ്യതയും ആദരവും വര്‍ധിപ്പിക്കുന്ന വിധിയാണ് ഇത്.

സമ്പൂര്‍ണനിരോധനവും ഇരകള്‍ക്ക് നഷ്ടപരിഹാരവും പുനരധിവാസവും ജീവിതസൗകര്യങ്ങളും ഏര്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് ഡിവൈഎഫ്ഐ പ്രക്ഷോഭം തുടരും. എന്‍ഡോസള്‍ഫാന്‍ വിഷയത്തില്‍ സംഘടനക്ക് മുന്‍വിധിയോടെയുള്ള നിലപാടില്ല. സിപിസിആര്‍ഐയുടെയും കാര്‍ഷിക ഗവേഷണസ്ഥാപനങ്ങളുടെയും ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ് പ്ലാന്റേഷന്‍ കോര്‍പറേഷന്‍ വിഷംതളിച്ചത്. നിലവിലുള്ള നിയമങ്ങള്‍ പാലിച്ച് കീടനാശിനിയുടെ പ്രത്യാഘാതങ്ങള്‍ പഠിച്ച് വിലയിരുത്താത്ത കേന്ദ്രസര്‍ക്കാരാണ് ഇവിടെ മുഖ്യപ്രതി. നാലുമന്ത്രാലയങ്ങളുടെ പ്രതിനിധികള്‍ പരിശോധിച്ചാണ് ലൈസന്‍സ് നല്‍കേണ്ടത്. ഉല്‍പ്പാദകര്‍ക്കും പ്ലാന്റേഷന്‍ കോര്‍പറേഷനും ഇതില്‍ ഉത്തരവാദിത്വമുണ്ട്. ഈ മാരകവിഷം പൂര്‍ണമായി തുടച്ചുനീക്കുന്നതുവരെ സമരം തുടരും. മാധ്യമങ്ങളും സംഘടനകളുമെല്ലാം ഇതിനായി അകമഴിഞ്ഞ പിന്തുണ നല്‍കി. ദുരിതബാധിതരെ സഹായിക്കാന്‍ ഡിവൈഎഫ്ഐ സ്വരൂപിക്കുന്ന സഹായനിധി ഉപയോഗിച്ച് കാസര്‍കോട്ട് ഉചിതമായ ആശ്വാസപ്രവര്‍ത്തനം നടത്തും. ഇരകളുടെ വിദ്യാഭ്യാസം, ചികിത്സാസഹായം എന്നിവയാണ് ആലോചനയില്‍ . ഇതിനുള്ള പദ്ധതിയും പിരിഞ്ഞുകിട്ടിയ തുകയും ഉടന്‍ പ്രഖ്യാപിക്കുമെന്നും രാജേഷ് പറഞ്ഞു. ജില്ലാ പ്രസിഡന്റ് കെ സന്തോഷ്, കെ ഗണേശന്‍ , എസ്എഫ്ഐ ജില്ലാ പ്രസിഡന്റ് ബി ഷംസുദ്ദീന്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

ദേശാഭിമാനി 150511

1 comment:

  1. ജനകീയസമരത്തിനൊപ്പം ആശ്വാസനിധി ശേഖരണവും നിയമപോരാട്ടവും. എന്‍ഡോസള്‍ഫാന്‍ വിരുദ്ധമുന്നേറ്റത്തില്‍ പുതുചരിത്രമാവുകയാണ് ഡിവൈഎഫ്ഐയുടെ ഇടപെടല്‍ . സുപ്രീംകോടതിയില്‍നിന്ന് നിരോധന ഉത്തരവ് നേടിയതോടെ ഇരകളുടെ പക്ഷത്തേക്ക് നീതിയുടെ പ്രകാശമെത്തുന്നതിന്റെ തടസ്സങ്ങള്‍ നീങ്ങും.

    ReplyDelete