Wednesday, May 18, 2011

പഞ്ചാബില്‍ ബി ജെ പി പ്രതിസന്ധിയില്‍

പഞ്ചാബില്‍ ബി ജെ പി ഗുരുതരമായ പ്രതിസന്ധിയില്‍ അകപ്പെട്ടിരിക്കുകയാണ്. പാര്‍ലമെന്ററികാര്യ സെക്രട്ടറി രാജ് ഖുരാനയെ അഴിമതികേസില്‍ സി ബി ഐ അറസ്റ്റ് ചെയ്തത് പാര്‍ട്ടിക്ക് കനത്ത ക്ഷീണമായി. ഒന്നരകോടി രൂപയുടെ ഭൂമി കുംഭകോണവുമായി ബന്ധപ്പെട്ടാണ് ഖുരാന അറസ്റ്റ് ചെയ്യപ്പെട്ടത്.

ഖുരാനയുടെ അറസ്റ്റില്‍ നിന്നും ജനശ്രദ്ധതിരിക്കാന്‍ ബി ജെ പി പയറ്റിയ തന്ത്രം മന്ത്രിസഭയില്‍ നിന്നും ബി ജെ പി അംഗങ്ങളെ പിന്‍വലിക്കലായിരുന്നു. അകാലിദളിന്റെ നേതൃത്വത്തിലുള്ള പഞ്ചാബ് മന്ത്രിസഭയില്‍ ബി ജെ പി ക്ക് അഞ്ച് അംഗങ്ങളാണുള്ളത്. അഴിമതിക്ക് എതിരെ ശക്തമായ നിലപാട് എടുക്കുന്നതിന്റെ ഭാഗമായാണ് മന്ത്രിസഭയില്‍ നിന്നും മാറി നില്‍ക്കുന്നതെന്ന് ബി ജെ പി നേതാക്കന്മാര്‍ അവകാശപ്പെട്ടു. മന്ത്രിമാരെ പിന്‍വലിക്കാനുള്ള തീരുമാനം വഴി പ്രതിഛായ മെച്ചപ്പെടത്താമെന്നായിരുന്നു ബി ജെ പി പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ രണ്ട് നാളുകള്‍ക്കകം ബി ജെ പി നേതൃത്വം പിന്‍വലിച്ച മന്ത്രിമാരില്‍ രണ്ടുപേരെ മന്ത്രിസഭയില്‍ വീണ്ടും ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചതോടെ ആ പ്രതീക്ഷയും തകര്‍ന്നു. മന്ത്രിമാരെ പിന്‍വലിക്കാനും പിന്നീട് അവരില്‍ രണ്ടുപേരെ വീണ്ടും മന്ത്രിയാക്കാനുമുള്ള തീരുമാനത്തിന്റെ യുക്തി വിശദീകരിക്കാന്‍ ബി ജെ പി നേതൃത്വം പാടുപെടുകയാണിപ്പോള്‍. നല്ല പ്രതിഛായയുള്ളവരാണ് വീണ്ടും മന്ത്രസഭയില്‍ അംഗങ്ങളായ രണ്ടുപേരുമെന്നാണ് ബി ജെ പി നേതൃത്വത്തിന്റെ വിശദീകരണം. ഇതിന്റെ അര്‍ഥം ഒഴിവാക്കപ്പെട്ട മൂന്നുപേരും അഴിമതിക്കാരും മോശം പ്രതിഛായ ഉള്ളവരുമാണെന്നല്ലേ? എന്നാല്‍ അതു തുറന്നു സമ്മതിക്കാന്‍ ബി ജെ പി നേതൃത്വം തയ്യാറല്ല. അഴിമതി രഹിതപാര്‍ട്ടിയാണ് ബി ജെ പി എന്നും ബി ജെ പി മന്ത്രിമാര്‍ക്ക് എതിരായ ആരോപണങ്ങള്‍ അടിസ്ഥാനമില്ലാത്തതാണെന്നുമാണ് ബി ജെ പി നേതൃത്വം അവകാശപ്പെടുന്നത്. അങ്ങനെയാണെങ്കില്‍ മൂന്നു മന്ത്രിമാരെ പുറത്താക്കിയത് എന്തിനെന്ന ചോദ്യത്തിന് ബി ജെ പിക്ക് മറുപടി ഇല്ല.

പഞ്ചാബില്‍ ബി ജെ പിയുടെ സ്വാധീനം കുറഞ്ഞു വരികയാണെന്ന് പാര്‍ട്ടി നേതാക്കന്മാര്‍ തന്നെ സമ്മതിക്കുന്നുണ്ട്. 2007 ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ 23 സീറ്റില്‍ മത്സരിച്ച ബി ജെ പി 19 സീറ്റില്‍ ജയിച്ചിരുന്നു. രണ്ടുവര്‍ഷത്തിനുശേഷം 2009 ല്‍ നടന്ന ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ഈ 19 അസംബ്ലി മണ്ഡലങ്ങളില്‍ 17 ലും ബി ജെ പിക്ക് ലീഡ് നഷ്ടപ്പെട്ടു. അടുത്ത വര്‍ഷം നടക്കുന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ ബി ജെ പിയുടെ നില കൂടുതല്‍ പരുങ്ങലിലാകുമെന്ന ആശങ്ക നേതാക്കന്മാര്‍ക്കുണ്ട്. നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന സ്വാധീനവും പ്രതിഛായയും വീണ്ടെടുക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് മന്ത്രിമാരെ പിന്‍വലിച്ചത്. എന്നാല്‍ ആ അടവുപാളിയെന്നാണ് രണ്ടുപേരെ തിരിച്ചുമന്ത്രിസഭയില്‍ ചേരാന്‍ അനുവദിച്ചതിലൂടെ പ്രകടമാകുന്നത്.

അകാലിദളിന്റെ സ്ഥിതിയും അത്രയൊന്നും മെച്ചമല്ല. അകാലിദള്‍ മന്ത്രിമാര്‍ക്ക് എതിരെയും ഗുരുതരമായ അഴിമതി ആരോപണങ്ങള്‍ ഉയര്‍ന്നുവന്നിട്ടുണ്ട്. മുഖ്യമന്ത്രി പ്രകാശ്‌സിംഗ് ബാദലിന്റെ നേതൃത്വത്തിനെതിരെ കലാപകൊടി ഉയര്‍ത്തിയ ധനമന്ത്രി മാന്‍പ്രീത് സിംഗിനെ അകാലിദളില്‍ നിന്നും മന്ത്രിസഭയില്‍ നിന്നും പുറത്താക്കിയിരുന്നു. പ്രകാശ് സിംഗ് ബാദലിന്റെ അനന്തരവനാണ് മാന്‍പ്രീത് സിംഗ്. സംസ്ഥാന വ്യാപകമായി അദ്ദേഹം നടത്തിയ പര്യടനവും പ്രചരണവും അകാലിദള്‍ അണികളില്‍ ഒരു വിഭാഗത്തിന്റെ പിന്തുണ നേടാന്‍ സഹായിച്ചിട്ടുണ്ട്. പുതിയൊരു പാര്‍ട്ടിക്ക് രൂപം നല്‍കി അകാലിദളിന് വെല്ലുവിളി ഉയര്‍ത്തുകയാണ് മാന്‍പ്രീത് സിംഗ്.

മുന്‍മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍സിംഗ് പി സി സി പ്രസിഡന്റ് സ്ഥാനം ഏറ്റെടുത്തതോടെ കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനം സജീവമായിട്ടുണ്ട്. ക്യാപ്റ്റന്‍ അമരീന്ദര്‍സിംഗ് കോണ്‍ഗ്രസ് പുനരുജ്ജീവിപ്പിക്കാന്‍ ഊര്‍ജ്ജിത ശ്രമം നടത്തുന്നുണ്ടെങ്കിലും കോണ്‍ഗ്രസിലെ ഗ്രൂപ്പു തര്‍ക്കങ്ങള്‍ക്ക് തെല്ലും ശമനം വന്നിട്ടില്ല.

janayugom 180511

1 comment:

  1. പഞ്ചാബില്‍ ബി ജെ പി ഗുരുതരമായ പ്രതിസന്ധിയില്‍ അകപ്പെട്ടിരിക്കുകയാണ്. പാര്‍ലമെന്ററികാര്യ സെക്രട്ടറി രാജ് ഖുരാനയെ അഴിമതികേസില്‍ സി ബി ഐ അറസ്റ്റ് ചെയ്തത് പാര്‍ട്ടിക്ക് കനത്ത ക്ഷീണമായി. ഒന്നരകോടി രൂപയുടെ ഭൂമി കുംഭകോണവുമായി ബന്ധപ്പെട്ടാണ് ഖുരാന അറസ്റ്റ് ചെയ്യപ്പെട്ടത്.

    ReplyDelete