Friday, May 20, 2011

യുഡിഎഫില്‍ ജാതി പറഞ്ഞ് കസേര പിടിക്കാന്‍ നെട്ടോട്ടം

അധികാരക്കസേര പിടിക്കാനുള്ള യുദ്ധത്തില്‍ ജാതിയും ആയുധമാക്കി കോണ്‍ഗ്രസ് എംഎല്‍എമാര്‍ . ജാതിയും മതവും പറഞ്ഞ് മന്ത്രിക്കസേര ഉറപ്പിക്കാനുള്ള യജ്ഞത്തിന് കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലയും എരിവുപകരുന്നു. നായര്‍സമുദായത്തില്‍ ജനിച്ചുപോയതുകൊണ്ട് തന്നെ ബ്രാന്‍ഡുചെയ്യുന്നു എന്നാണ് ചെന്നിത്തല പറയുന്നത്.

കോണ്‍ഗ്രസ് എംഎല്‍എമാരിലെ ഈഴവരുടെ കണക്ക് ചൂണ്ടിക്കാട്ടി അവകാശവാദം ഉന്നയിച്ചവര്‍ക്ക് മറുപടിയുമായി പി സി ജോര്‍ജിനെ മറുപക്ഷം രംഗത്തിറക്കി. ഈഴവരുടെ വോട്ട് യുഡിഎഫിന് കിട്ടിയിട്ടില്ലെന്നും മന്ത്രിമാരെ ആവശ്യപ്പെടാന്‍ ഈഴവര്‍ക്ക് എന്താണവകാശമെന്നുമാണ് ജോര്‍ജ് ചോദിച്ചത്. യുഡിഎഫ് ഘടകകക്ഷികളുടെ വിലപേശലും കരുനീക്കങ്ങളും കേരളത്തിന്റെ രാഷ്ട്രീയാന്തരീക്ഷത്തെ മലീമസമാക്കുകയാണ്. ജാതിതിരിച്ച് സീറ്റും മന്ത്രിപദവും ആവശ്യപ്പെടുന്നതില്‍ കോണ്‍ഗ്രസ് നേതാക്കള്‍തന്നെയാണ് മുന്നില്‍.

ജാതിപ്രാതിനിധ്യം പൂര്‍ണമായി ഉറപ്പാക്കാനാകാതെ പോയതാണ് സത്യപ്രതിജ്ഞ രണ്ടു ദിവസം നീട്ടിവയ്ക്കാന്‍ നിര്‍ബന്ധിതമായത്. തിങ്കളാഴ്ച സത്യപ്രതിജ്ഞ നടത്താനായിരുന്നു കോണ്‍ഗ്രസ് നേതൃത്വത്തിന്റെ ഉദ്ദേശ്യം. എന്നാല്‍ , മന്ത്രിമാരില്‍ പ്രമുഖ ജാതികളുടെ പങ്കാളിത്തമായില്ലെന്നു കണ്ടാണ് സത്യപ്രതിജ്ഞ നീട്ടിയത്. കോണ്‍ഗ്രസിലെ ഏതാനും എംഎല്‍എമാരെ ചുറ്റിപ്പറ്റി ദിവസങ്ങളായി നടക്കുന്ന ചര്‍ച്ച ജാതിപ്രാതിനിധ്യം അടിസ്ഥാനമാക്കിയുള്ള സാധ്യതകളെക്കുറിച്ചുമാത്രമാണ്. ഭരണപരിചയമോ മികവോ രാഷ്ട്രീയപാരമ്പര്യമോ അല്ല സമുദായാംഗത്വംമാത്രമാണ് മന്ത്രിയാകാനുള്ള മാനദണ്ഡമെന്ന് വരുത്തിത്തീര്‍ക്കുകയാണ് ഇവര്‍ . അഴിമതിക്കേസില്‍ കുടുങ്ങിയാലും ജാതി കാട്ടി കസേര പിടിക്കാമെന്ന അവസ്ഥയാണ്. ഭക്ഷ്യമന്ത്രിയായിരിക്കെ അഴിമതിക്കേസിലകപ്പെട്ട് വിചാരണ നേരിടുന്ന അടൂര്‍ പ്രകാശിന് മന്ത്രിസ്ഥാനം ലഭിക്കുമെന്ന് മാധ്യമങ്ങള്‍ വാദിക്കുന്നത് ജാതിബലം അടിസ്ഥാനമാക്കിമാത്രമാണ്.

മത- സാമുദായിക ഇടപെടലുകള്‍ക്കെതിരെ എന്തെങ്കിലും പറയാനല്ല, എരിതീയില്‍ എണ്ണയൊഴിക്കുംവിധം സ്വന്തം കാര്യത്തിലും സാമുദായികവാദം ഉയര്‍ത്തുകയാണ് ചെന്നിത്തല ചെയ്തത്. നായര്‍സമുദായത്തില്‍ ജനിച്ചുപോയതിന് തന്നെ ബ്രാന്‍ഡുചെയ്യാന്‍ ശ്രമിക്കുന്നു എന്ന് ചെന്നിത്തല ചാനല്‍ അഭിമുഖത്തില്‍ കുറ്റപ്പെടുത്തി. മുഖ്യമന്ത്രിപദത്തിലേക്ക് സമുദായപരിവേഷം ചെന്നിത്തലയ്ക്ക് തുണയാകുന്നതായി കോണ്‍ഗ്രസിലെ ഒരു വിഭാഗംതന്നെ പ്രചരിപ്പിച്ചിരുന്നു.

മത- സാമുദായിക സംഘടനകള്‍ തെരഞ്ഞെടുപ്പില്‍ യുഡിഎഫിനുവേണ്ടി പരസ്യമായ ഇടപെടലാണ് നടത്തിയത്. എല്‍ഡിഎഫിനെതിരെ ജാതി- മത വികാരം ഇളക്കിവിടാനുള്ള സംഘടനകളുടെ നീക്കം ഇതിലുള്‍പ്പെടുന്ന വലിയ വിഭാഗം ജനങ്ങള്‍ തള്ളി. എന്നാല്‍ , നല്ലൊരു വിഭാഗത്തെ തെറ്റിദ്ധരിപ്പിക്കാനായി. നേരിയ ഭൂരിപക്ഷത്തില്‍ യുഡിഎഫ് അധികാരത്തിലെത്തിയതോടെ ജാതിയും മതവും ഉയര്‍ത്തിപ്പിടിച്ചുള്ള വിലപേശല്‍ ആരംഭിച്ചു. ദീര്‍ഘകാലം മുമ്പ് കോണ്‍ഗ്രസ് ഏറ്റെടുത്ത ധനവകുപ്പ് കേരള കോണ്‍ഗ്രസിന്റെ കാല്‍ക്കീഴില്‍ വച്ചുകൊടുക്കേണ്ടിവന്നു. കാല്‍നൂറ്റാണ്ടിനുശേഷമാണ് ധനവകുപ്പ് കെ എം മാണിയുടെ കൈയിലെത്തുന്നത്. കോണ്‍ഗ്രസ് ഏറെക്കാലം കൈയില്‍ വച്ചതാണ് ഭക്ഷ്യവകുപ്പ്. ഏറ്റവും സുപ്രധാനമായ ഈ വകുപ്പ് ഉമ്മന്‍ചാണ്ടി പണ്ട് പുകച്ച് പുറത്തുചാടിച്ച ടി എം ജേക്കബ്ബിനെ ഏല്‍പ്പിക്കേണ്ടിവന്നു.

സാമുദായികശക്തികളുടെ സമ്മര്‍ദത്തിന് കീഴ്പെടുന്നതിനെതിരെ കെഎസ്യുവും യൂത്ത് കോണ്‍ഗ്രസും പാസാക്കിയ പ്രമേയങ്ങള്‍ക്ക് കണക്കില്ല. വാര്‍ത്തകളില്‍ സ്ഥാനംപിടിക്കുന്നതിനപ്പുറം ഇക്കൂട്ടരുടെ ആദര്‍ശനിലവിളിക്ക് ഒരു വിലയുമില്ലെന്ന് വ്യക്തമാക്കുന്ന സംഭവങ്ങളാണ് നിത്യവും അരങ്ങേറുന്നത്.

deshabhimani 200511

1 comment:

  1. അധികാരക്കസേര പിടിക്കാനുള്ള യുദ്ധത്തില്‍ ജാതിയും ആയുധമാക്കി കോണ്‍ഗ്രസ് എംഎല്‍എമാര്‍ . ജാതിയും മതവും പറഞ്ഞ് മന്ത്രിക്കസേര ഉറപ്പിക്കാനുള്ള യജ്ഞത്തിന് കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലയും എരിവുപകരുന്നു. നായര്‍സമുദായത്തില്‍ ജനിച്ചുപോയതുകൊണ്ട് തന്നെ ബ്രാന്‍ഡുചെയ്യുന്നു എന്നാണ് ചെന്നിത്തല പറയുന്നത്.

    കോണ്‍ഗ്രസ് എംഎല്‍എമാരിലെ ഈഴവരുടെ കണക്ക് ചൂണ്ടിക്കാട്ടി അവകാശവാദം ഉന്നയിച്ചവര്‍ക്ക് മറുപടിയുമായി പി സി ജോര്‍ജിനെ മറുപക്ഷം രംഗത്തിറക്കി. ഈഴവരുടെ വോട്ട് യുഡിഎഫിന് കിട്ടിയിട്ടില്ലെന്നും മന്ത്രിമാരെ ആവശ്യപ്പെടാന്‍ ഈഴവര്‍ക്ക് എന്താണവകാശമെന്നുമാണ് ജോര്‍ജ് ചോദിച്ചത്. യുഡിഎഫ് ഘടകകക്ഷികളുടെ വിലപേശലും കരുനീക്കങ്ങളും കേരളത്തിന്റെ രാഷ്ട്രീയാന്തരീക്ഷത്തെ മലീമസമാക്കുകയാണ്. ജാതിതിരിച്ച് സീറ്റും മന്ത്രിപദവും ആവശ്യപ്പെടുന്നതില്‍ കോണ്‍ഗ്രസ് നേതാക്കള്‍തന്നെയാണ് മുന്നില്‍.

    ReplyDelete