ഇടതുപക്ഷജനാധിപത്യമുന്നണി സര്‍ക്കാര്‍ ജനുവരിമുതല്‍ കൈക്കൊണ്ട തീരുമാനങ്ങള്‍ പുനഃപരിശോധിക്കുമെന്ന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പ്രഖ്യാപനം ജനാധിപത്യവിരുദ്ധവും അധാര്‍മികവും ഭരണഘടനാവിരുദ്ധവുമാണ്. ജനങ്ങള്‍ ജനാധിപത്യപരമായി തെരഞ്ഞെടുത്ത മന്ത്രിസഭതന്നെയാണ് ഉമ്മന്‍ചാണ്ടിയുടെ സ്ഥാനാരോഹണത്തിനു മുമ്പ് കേരളത്തിലുണ്ടായിരുന്നത്. ഭരണഘടനാപരമായ സാധുതയുള്ളവയാണ് ആ മന്ത്രിസഭ കൈക്കൊണ്ട തീരുമാനങ്ങളോരോന്നും. അതെല്ലാം പുനഃപരിശോധിക്കുമെന്നും തിരുത്തുമെന്നും അന്ന് ജനങ്ങളാല്‍ അധികാരത്തിന് പുറത്ത് നിര്‍ത്തപ്പെട്ടിരുന്ന ഒരാള്‍ ഇന്നു വന്ന് പറയുന്നത് ജനാധിപത്യപരമായ ധാര്‍ഷ്ട്യമല്ലാതെ മറ്റൊന്നുമല്ല.
ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തിലുള്ള മുന്നണി മന്ത്രിസഭയെ കേരളത്തിലെ ജനങ്ങള്‍ തെരഞ്ഞെടുത്തിട്ടുള്ളത് സത്യപ്രതിജ്ഞ ചെയ്ത 2011 മെയ് 18 മുതല്‍ കേരളത്തിന്റെ ഭരണം നടത്താനാണ്. മുന്‍കാല പ്രാബല്യമൊന്നും ഈ ഭരണത്തിനില്ല. മെയ് 17 വരെയുള്ള ഘട്ടത്തില്‍ അധികാരത്തിലുണ്ടായിരുന്ന മന്ത്രിസഭ കൈക്കൊണ്ട തീരുമാനങ്ങളെ മെയ് 18ന് അധികാരത്തില്‍ വന്ന മന്ത്രിസഭയ്ക്ക് തിരുത്താന്‍ ഒരുവിധ അവകാശവുമില്ല. ഇത് അനുവദിച്ചുകൊടുത്താല്‍ 2006 മെയ് മാസത്തില്‍ അധികാരത്തില്‍ വന്ന ഇടതുപക്ഷജനാധിപത്യമുന്നണി സര്‍ക്കാര്‍ തുടര്‍ന്നുള്ള അഞ്ചുവര്‍ഷങ്ങളില്‍ ചെയ്തതൊക്കെ 2011ല്‍ അധികാരത്തില്‍ വന്നവര്‍ക്ക് തിരുത്താമെന്ന നില വരും. അങ്ങനെ വന്നാല്‍ പിന്നെ ജനാധിപത്യത്തിനെന്താണ് പ്രസക്തി? ജനാധിപത്യം ഒരു പ്രഖ്യാപനമാവുകയേയുള്ളൂ. കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള മന്ത്രിസഭ എപ്പോള്‍ അധികാരത്തില്‍ വന്നാലും ഈ അധാര്‍മികതയുടെ വഴിയാണ് തെരഞ്ഞെടുക്കാറുള്ളത്.
1957ലും 67ലും കേരളത്തില്‍ അധികാരത്തില്‍ വന്ന ഇ എം എസ് മന്ത്രിസഭ ചെയ്ത നല്ലകാര്യങ്ങളെപ്പോലും തിരുത്താനുള്ള ശ്രമങ്ങള്‍ തൊട്ടുപിന്നാലെ അധികാരത്തിലെത്തിയ കോണ്‍ഗ്രസ് നേതൃത്വ സര്‍ക്കാരുകള്‍ നടത്തിയത് കേരളത്തിന് മറക്കാവുന്നതല്ല. കാര്‍ഷികബന്ധ ബില്‍ , വിദ്യാഭ്യാസ ബില്‍ എന്നിവ നിയമമാക്കുന്നതില്‍ അസഹിഷ്ണുതയുള്ളവരായിരുന്നു കോണ്‍ഗ്രസുകാര്‍ . പിന്നീട് അധികാരത്തില്‍ വന്ന വേളയില്‍ ഇതിലൊക്കെ വെള്ളം ചേര്‍ക്കാനുള്ള ശ്രമങ്ങളാണ് അവര്‍ നടത്തിയത്. ഒഴിപ്പിക്കല്‍ നിരോധന ഓര്‍ഡിനന്‍സ് നിയമമായപ്പോള്‍ അതിനെ ദുര്‍ബലപ്പെടുത്താന്‍ ശ്രമിച്ചു. ഭരണത്തിന്റെ അടിസ്ഥാനഘടകം പഞ്ചായത്താക്കുംവിധം ഫലപ്രദമായി അധികാരവികേന്ദ്രീകരണത്തിന് പ്രായോഗിക രൂപം നല്‍കുന്ന നിയമം കൊണ്ടുവന്നതിനെ ദുര്‍ബലപ്പെടുത്താന്‍ ശ്രമിച്ചു. ഈ വഴിക്ക് നാടിന്റെ വികസനത്തിനും ജനങ്ങളുടെ ക്ഷേമത്തിനുംവേണ്ടി കമ്യൂണിസ്റ്റ് പാര്‍ടിയുടെ നേതൃത്വത്തില്‍ കൈക്കൊണ്ട നടപടികളെയാകെ പൊളിക്കാന്‍ ശ്രമിച്ച ചരിത്രമാണ് തൊട്ടു പിന്നീട് വന്ന കോണ്‍ഗ്രസ് നേതൃത്വ സര്‍ക്കാരുകള്‍ക്കുള്ളത്.
1957ലെ ഭൂപരിഷ്കരണനിയമത്തിലെ പ്രസക്തമായ വകുപ്പുകളെ നിര്‍വീര്യമാക്കാന്‍ എന്തൊരു വ്യഗ്രതയായിരുന്നു പിന്നാലെ വന്ന കോണ്‍ഗ്രസ് സര്‍ക്കാരിന്. അന്ന് കൊണ്ടുവന്ന സഹകരണ നിയമത്തില്‍ വെള്ളംചേര്‍ക്കാന്‍ എന്തൊരു താല്‍പ്പര്യമായിരുന്നു പിന്നീട് വന്ന കോണ്‍ഗ്രസ് സര്‍ക്കാരിന്. ഭൂപ്രമാണിമാര്‍ക്കും മുതലാളിമാര്‍ക്കുംവേണ്ടി പുരോഗമനനടപടികളെ തിരുത്തിക്കൊടുക്കുന്നതിനുള്ള ഏജന്‍സിപ്പണി ഏറ്റെടുത്തവരാണോ ഇവര്‍ എന്നു തോന്നുമായിരുന്നു അന്നത്തെ ഇവരുടെ ജനാധിപത്യവിരുദ്ധ-പുരോഗമനവിരുദ്ധ വ്യഗ്രതകള്‍ കണ്ടാല്‍ . ആ ദുഷിച്ച രാഷ്ട്രീയപൈതൃകം കൈയൊഴിയാന്‍ ഉമ്മന്‍ചാണ്ടിയും അദ്ദേഹത്തിന്റെ മന്ത്രിസഭയും തയ്യാറാകുന്നില്ല എന്നതിന്റെ വിളംബരമാണ് സത്യപ്രതിജ്ഞചെയ്തയുടന്‍ അദ്ദേഹം പറഞ്ഞ വാക്കുകളില്‍ മുഴങ്ങിനില്‍ക്കുന്നത്.
ഏതായാലും ഈ തീരുമാനത്തിനു പിന്നില്‍ ചില ദുരുദ്ദേശ്യങ്ങളുള്ളതായി കാണാന്‍ വിഷമമില്ല. റൗഫിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ ഐസ്ക്രീം കേസില്‍ കുഞ്ഞാലിക്കുട്ടിക്കെതിരെ പുനരന്വേഷണമുണ്ടാവുമെന്നു വന്നത് 2011 ജനുവരിക്കുശേഷമുള്ള ഘട്ടത്തിലാണ്. അത് ഇല്ലായ്മചെയ്യാനുള്ള വ്യഗ്രതയാണോ ഈ തീരുമാനത്തിന് പിന്നിലെന്ന് ആരെങ്കിലും സംശയിച്ചാല്‍ കുറ്റപ്പെടുത്താനാവില്ല.
മുന്‍കാല പ്രാബല്യത്തോടെ ഭരണം നടത്താനാണ് ഉമ്മന്‍ചാണ്ടിയുടെ തീരുമാനമെങ്കില്‍ അദ്ദേഹം ആദ്യംചെയ്യേണ്ട ചില കാര്യങ്ങളുണ്ട്. മന്ത്രിയായിരിക്കെ താന്‍ വഴിവിട്ട് ചിലത് ചെയ്തുവെന്ന് കുറ്റസമ്മതം നടത്തിയ ഒരു വ്യക്തി അദ്ദേഹത്തിന്റെ മന്ത്രിസഭയില്‍ ഇരിക്കുന്നുണ്ട്. പ്രീതിയോ, ഭീതിയോ കൂടാതെ ഭരണം നടത്തുമെന്ന് സത്യപ്രതിജ്ഞചെയ്താണ് അദ്ദേഹവും അധികാരത്തില്‍ വന്നത്. ആ സത്യപ്രതിജ്ഞ ലംഘിച്ചുകൊണ്ട് വഴിവിട്ട് ചെയ്ത കാര്യങ്ങള്‍ , തെറ്റുകള്‍ , കുറ്റങ്ങള്‍ ഒക്കെ എന്താണെന്നത് അന്വേഷിക്കേണ്ടതല്ലേ? ഉമ്മന്‍ചാണ്ടിയുടെ പുനഃപരിശോധനാ കാലയളവ്, തെറ്റുചെയ്തയാള്‍തന്നെ ഏറ്റുപറഞ്ഞിട്ട് എന്തുകൊണ്ടാണ് ആ കാലയളവിലേക്ക് നീളാത്തത്? ട്രാവന്‍കൂര്‍ ടൈറ്റാനിയത്തില്‍ മലിനീകരണനിവാരണ പ്ലാന്റ് സ്ഥാപിക്കുന്നതിന്റെ മറവില്‍ 250 കോടി രൂപയുടെ അഴിമതി നടന്നുവെന്ന് തന്റെ മന്ത്രിസഭയില്‍ അംഗമായിരുന്ന കെ കെ രാമചന്ദ്രന്‍ പരസ്യമായി പറഞ്ഞത് ഉമ്മന്‍ചാണ്ടി കേട്ടില്ലെന്നുണ്ടോ? മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ താല്‍പ്പര്യത്തിലായിരുന്നു അഴിമതി എന്നും അതിനു കൂട്ടുനില്‍ക്കാന്‍ വിസമ്മതിച്ചതിന്റെ പേരില്‍ മന്ത്രിസഭയില്‍നിന്ന് തന്നെ ഒഴിവാക്കുകയായിരുന്നു ഉമ്മന്‍ചാണ്ടി എന്നും കെ കെ രാമചന്ദ്രന്‍ വിശദീകരിച്ചു. ആ നടപടിയെക്കുറിച്ച് അന്വേഷിക്കേണ്ടതല്ലേ? പുനഃപരിശോധനയുടെ കാലയളവ് ഉമ്മന്‍ചാണ്ടി അവിടേക്ക് നീട്ടാന്‍ സന്നദ്ധനാവുമോ?
സ്മാര്‍ട്ട് സിറ്റി കരാര്‍ അംഗീകരിച്ചത് 2011 ജനുവരിക്കുശേഷമാണ്. മുമ്പ് ഇതേ പ്രശ്നത്തില്‍ ഉമ്മന്‍ചാണ്ടിയും കൂട്ടരും അഴിമതി നടത്തിയെന്ന് ആരോപിച്ച ഒരാളും ഉമ്മന്‍ചാണ്ടിയുടെ മന്ത്രിസഭയിലുണ്ട്. സൈന്‍ബോര്‍ഡ് ഇടപാടിലൂടെയും ലോട്ടറി ഇടപാടിലൂടെയും കോടികള്‍ ഉമ്മന്‍ചാണ്ടിയും കൂട്ടരും തട്ടിയെടുത്തു എന്ന് ആക്ഷേപിച്ച വ്യക്തി ഉമ്മന്‍ചാണ്ടിയുടെ സഹമന്ത്രിയായിരുന്ന് ഭരണം നടത്തുന്നു. ഉമ്മന്‍ചാണ്ടിയുടെ പുനഃപരിശോധനാ പദ്ധതി യഥാര്‍ഥത്തില്‍ നടപ്പാകേണ്ടത് ആ കാലഘട്ടത്തെ മുന്‍നിര്‍ത്തിയാണ്. അന്വേഷിക്കേണ്ടത് ആ ആരോപണങ്ങളെക്കുറിച്ചാണ്; ഉമ്മന്‍ചാണ്ടിയെക്കുറിച്ചു തന്നെയാണ്. അത് അന്വേഷിക്കാന്‍ കഴിയുമോ ഉമ്മന്‍ചാണ്ടിക്ക്. ആരോപണങ്ങള്‍ നിയമസഭാരേഖകളില്‍തന്നെയുണ്ട്. അഴിമതിക്ക് തെളിവു തരാമെന്നു പറഞ്ഞയാള്‍ ഉമ്മന്‍ചാണ്ടിയുടെ മന്ത്രിസഭയിലും!
യഥാര്‍ഥത്തില്‍ അന്വേഷണം ആവശ്യമുള്ള ഇതെല്ലാം വിട്ട്, ഉമ്മന്‍ചാണ്ടി മറ്റൊരു വഴിക്ക് നീങ്ങാനാണ് പോവുന്നത്. പതിറ്റാണ്ടുകളായി ജോലിചെയ്യുന്ന താല്‍ക്കാലിക ജീവനക്കാരെ എവിടെയെങ്കിലും സ്ഥിരപ്പെടുത്തിയിട്ടുണ്ടെങ്കില്‍ അവരെ പിടിച്ചു പുറത്താക്കി ആ തസ്തികകള്‍ ഒഴിച്ചെടുക്കുക; നിയമപ്രകാരം നിയമിതരായ പൊതുമേഖലാസ്ഥാപനങ്ങളിലെ യോഗ്യരെ പുറത്താക്കി സില്‍ബന്തികളെ വയ്ക്കുക തുടങ്ങിയവയ്ക്കുള്ള പദ്ധതികളാണ് ഉമ്മന്‍ചാണ്ടിയുടെയും കൂട്ടരുടെയും മനസ്സില്‍ . ഐസ്ക്രീം പാര്‍ലര്‍ പെണ്‍വാണിഭക്കേസിലെ പുനരന്വേഷണം അട്ടിമറിക്കലാണ് ആത്യന്തിക ലക്ഷ്യം. ആ പെണ്‍വാണിഭവുമായി ബന്ധപ്പെട്ട് മൂന്നു കേസുകള്‍ പുനരന്വേഷണത്തിലാണ്. പി കെ കുഞ്ഞാലിക്കുട്ടിയുടെയും മറ്റും അനധികൃത സ്വത്തുസമ്പാദനം, പീഡനത്തിനിരയായ റജീനയുടെ മൊഴി മാറ്റിയത് സംബന്ധിച്ച ഗൂഢാലോചന, പീഡനത്തിനിരയായ ബിന്ദുവിന്റെ മൊഴിയില്‍ കള്ളയൊപ്പിട്ടത് എന്നിവ സംബന്ധിച്ചുള്ള കേസുകള്‍ . എഡിജിപി വിന്‍സന്‍ എം പോളിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം ഇവ അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്. അത് പുരോഗമിക്കവെയാണ് ആ എഡിജിപിക്കും മുകളിലുള്ള മന്ത്രിസ്ഥാനത്തേക്ക് കുഞ്ഞാലിക്കുട്ടിയെ ഉമ്മന്‍ചാണ്ടി ഉയര്‍ത്തിയത്. അപ്പോള്‍തന്നെ ആര്‍ക്കും ഊഹിക്കാം അന്വേഷണത്തിന്റെ കഥ എന്താവുമെന്ന്. ഇപ്പോള്‍ ഉമ്മന്‍ചാണ്ടിയുടെ പുനഃപരിശോധനാ തീരുമാനംകൂടി വന്നപ്പോള്‍ സംശയത്തിനേ ഇട വേണ്ടെന്ന നിലയായി. അന്വേഷണവിധേയരായവരെ, അന്വേഷണ ഉദ്യോഗസ്ഥന്മാരെ നിയന്ത്രിക്കാനധികാരമുള്ള മന്ത്രിസഭയിലെടുത്തതിനെക്കുറിച്ച് വിശദീകരിക്കാന്‍ ബാധ്യസ്ഥനാണ് ഉമ്മന്‍ചാണ്ടി. അത് ചെയ്യാന്‍ അദ്ദേഹത്തിനാവില്ല. കേസുതന്നെ ഇല്ലാതാക്കി അവരെ രക്ഷിക്കാനാണിപ്പോള്‍ വ്യഗ്രത. അതിന്റെ പ്രതിഫലനമാണ് ജനുവരി ഒന്നുമുതലുള്ള തീരുമാനങ്ങള്‍ പുനഃപരിശോധിക്കുമെന്ന പ്രഖ്യാപനത്തിലുള്ളത്. ജനങ്ങള്‍ ഇത് കാണുന്നുണ്ട് എന്നുമാത്രം ഈ വേളയില്‍ പറയട്ടെ!
ദേശാഭിമാനി മുഖപ്രസംഗം 200511
ഇടതുപക്ഷജനാധിപത്യമുന്നണി സര്‍ക്കാര്‍ ജനുവരിമുതല്‍ കൈക്കൊണ്ട തീരുമാനങ്ങള്‍ പുനഃപരിശോധിക്കുമെന്ന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പ്രഖ്യാപനം ജനാധിപത്യവിരുദ്ധവും അധാര്‍മികവും ഭരണഘടനാവിരുദ്ധവുമാണ്. ജനങ്ങള്‍ ജനാധിപത്യപരമായി തെരഞ്ഞെടുത്ത മന്ത്രിസഭതന്നെയാണ് ഉമ്മന്‍ചാണ്ടിയുടെ സ്ഥാനാരോഹണത്തിനു മുമ്പ് കേരളത്തിലുണ്ടായിരുന്നത്. ഭരണഘടനാപരമായ സാധുതയുള്ളവയാണ് ആ മന്ത്രിസഭ കൈക്കൊണ്ട തീരുമാനങ്ങളോരോന്നും. അതെല്ലാം പുനഃപരിശോധിക്കുമെന്നും തിരുത്തുമെന്നും അന്ന് ജനങ്ങളാല്‍ അധികാരത്തിന് പുറത്ത് നിര്‍ത്തപ്പെട്ടിരുന്ന ഒരാള്‍ ഇന്നു വന്ന് പറയുന്നത് ജനാധിപത്യപരമായ ധാര്‍ഷ്ട്യമല്ലാതെ മറ്റൊന്നുമല്ല.
ReplyDelete