Monday, May 23, 2011

നാല് ആരോപണവിധേയര്‍ കൂടി മന്ത്രിസഭയിലേക്ക്

യുഡിഎഫ് മന്ത്രിസഭയിലെ അഴിമതിക്കാരുടെ എണ്ണം കൂടുന്നു. പി കെ കുഞ്ഞാലിക്കുട്ടിക്കും ടി എം ജേക്കബിനും പുറമെ നാല് അഴിമതി ആരോപണവിധേയര്‍ കൂടിയാണ് ഉമ്മന്‍ചാണ്ടി മന്ത്രിസഭയുടെ ഭാഗമാകുന്നത്. അടൂര്‍ പ്രകാശ്, സി എന്‍ ബാലകൃഷ്ണന്‍ , എം കെ മുനീര്‍ , പി ജെ ജോസഫ് എന്നിവര്‍ . വണ്ടിച്ചെക്ക് കേസില്‍ ശിക്ഷിക്കപ്പെടുകയും മറ്റൊരു കേസില്‍ വിധി കാത്തിരിക്കുകയും ചെയ്യുകയാണ് മുനീര്‍ . മന്ത്രിപ്പട്ടികയില്‍ ഇടം നേടിയ കെ പിസിസി ട്രഷറര്‍ സി എന്‍ ബാലകൃഷ്ണനും അഴിമതിക്കേസിലെ പ്രതിയാണ്. തൃശ്ശൂര്‍ ജില്ലാ സഹകരണബാങ്കില്‍ കഴിഞ്ഞ യുഡിഎഫ് ഭരണകാലത്ത് നടന്ന കോടികളുടെ അഴിമതികളും ക്രമക്കേടുകളും സംബന്ധിച്ച് വിജിലന്‍സ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ഒന്നാംപ്രതി.

പി ജെ ജോസഫ് 

കെ എം മാണിയുമായി രഹസ്യലയന ചര്‍ച്ചയ്ക്കിടെ പൊതുമരാമത്ത് വകുപ്പില്‍ അനധികൃതമായി 58 കോടിയോളം രൂപയുടെ മരാമത്ത് പണികള്‍ക്ക് കരാര്‍ നല്‍കി. - കരാര്‍ ലഭിച്ചത് മന്ത്രിയുടെ ഇഷ്ടക്കാരായ കരാറുകാര്‍ക്ക്. - ഇടുക്കി ജില്ലയില്‍ മാത്രം 43 കോടിയുടെ പദ്ധതിയേതര പ്രവൃത്തികള്‍ക്ക് അനധികൃത കരാര്‍ . - മന്ത്രിസ്ഥാനം ഒഴിയുന്നതിനു തൊട്ടുമുമ്പ് അനധികൃതമായി കരാര്‍ നല്‍കിയ 30 കോടി രൂപയുടെ 78 പ്രവൃത്തികളില്‍ ക്രമക്കേട് കണ്ടെത്തിയതിനെത്തുടര്‍ന്ന് പിന്നീട് റദ്ദാക്കി. - ജോസഫ് പ്രസിഡന്റായ ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഫ്ളോറി കള്‍ച്ചറിസ്റ്റ് എന്ന സംഘടന പുഷ്പകൃഷി സര്‍വേ നടത്താനെന്ന പേരില്‍ 21.60 ലക്ഷത്തിന്റെ ക്രമക്കേട് കാട്ടി. ജോസഫ് ഉള്‍പ്പെടെ മൂന്നുപേരില്‍നിന്ന് പലിശ സഹിതം തുക വീണ്ടെടുക്കാന്‍ കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാര്‍ തീരുമാനിച്ചു.

അടൂര്‍ പ്രകാശ് 


മൊത്ത വ്യാപാര ഡിപ്പോ അനുവദിക്കുന്നതിന് സ്വന്തം പാര്‍ടി നേതാവായ അബ്ദുറഹ്മാനില്‍നിന്ന് 25 ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടതായി പരാതി ഉയര്‍ന്നു. - അബ്ദുറഹ്മാന്റെ പരാതിയില്‍ ഫയല്‍ചെയ്ത കേസില്‍ കുറ്റപത്രം കോഴിക്കോട് വിജിലന്‍സ് കോടതിയില്‍ . - 35 മൊത്ത ഡിപ്പോ അനുവദിച്ചതില്‍ 10 കോടിയോളം രൂപ കൈക്കൂലി വാങ്ങിയെന്ന ആരോപണവും അന്വേഷണത്തിലാണ്. - കെപിസിസിക്കും വീക്ഷണത്തിനും ഫണ്ടുവേണ്ടതിനാലാണ് തുക ആവശ്യപ്പെടുന്നതെന്നാണ് അബ്ദുറഹ്മാനോടു അടൂര്‍ പ്രകാശ് പറഞ്ഞത്. - ഇതിനെക്കുറിച്ച് പരാതിപ്പെട്ടപ്പോള്‍ , യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് കെ പി അനില്‍കുമാറിന്റെ പദയാത്രയ്ക്ക് ഒരുലക്ഷം രൂപ കൊടുക്കാന്‍ പറഞ്ഞിട്ട് അടൂര്‍ പ്രകാശ് തയ്യാറായില്ലെന്ന് രമേശ് ചെന്നിത്തല പറഞ്ഞതായി അബ്ദുറഹ്മാന്‍ എ കെ ആന്റണിക്ക് നല്‍കിയ പരാതിയില്‍ പറയുന്നു. - കേസ് അട്ടിമറിച്ച് അടൂര്‍ പ്രകാശിനെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്താനാണ് മുഖ്യമന്ത്രിയായി ചുമതലയേറ്റ ഉമ്മന്‍ചാണ്ടിയുടെ ആദ്യതീരുമാനങ്ങളിലൊന്ന്. നിയമവാഴ്ചയേയും വെല്ലുവിളിച്ച് കേസില്‍ പുനരന്വേഷണം നടത്താന്‍ ഉമ്മന്‍ചാണ്ടിയുടെ നിര്‍ദേശപ്രകാരം വിജിലന്‍സ് ഡയറക്ടര്‍ ഉത്തരവിട്ടു.

എം കെ മുനീര്‍ 


പൊതുമരാമത്ത് മന്ത്രിയായിരിക്കെ കരാറുകാരനില്‍നിന്ന് വായ്പ വാങ്ങിയശേഷം മടക്കിനല്‍കാതെ വണ്ടിച്ചെക്ക് നല്‍കി കബളിപ്പിച്ചുവെന്ന കേസില്‍ കോടതി തടവിനും 25 ലക്ഷം രൂപ പിഴയ്ക്കും ശിക്ഷിച്ചു. - കോട്ടയം വെള്ളാപ്പള്ളി മാത്യു അലക്സാണ് പരാതിക്കാരന്‍ . ഇന്ത്യാവിഷനുവേണ്ടി എന്ന പേരില്‍ പണം വാങ്ങിയശേഷം വണ്ടിച്ചെക്ക് നല്‍കി കബളിപ്പിച്ചെന്ന പരാതിയില്‍ കോട്ടയം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് കോടതി ശിക്ഷിച്ചു. വിധി സെഷന്‍സ് കോടതിയും അംഗീകരിച്ചു. ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി വിധി കാത്തിരിക്കുന്നു. - 20 ലക്ഷം രൂപ കടമായി വാങ്ങിയശേഷം വണ്ടിച്ചെക്ക് നല്‍കി കബളിപ്പിച്ചുവെന്ന മറ്റൊരു കേസ് കൊല്ലം പ്രിന്‍സിപ്പല്‍ സബ് കോടതിയുടെ പരിഗണനയില്‍ . - കരാറുകാരുമായി ഒത്തുകളിച്ച് റോഡ് നിര്‍മാണത്തില്‍ വന്‍ ക്രമക്കേടുകള്‍ നടത്തിയതുമായി ബന്ധപ്പെട്ട് രണ്ടു കേസുകള്‍ തൃശൂര്‍ വിജിലന്‍സ് കോടതിയില്‍ വിചാരണയില്‍ . മുനീറാണ് കേസുകളില്‍ ഒന്നാം പ്രതി. മഞ്ചേരി ഡിവിഷനിലെ രണ്ട് പ്രവൃത്തികളിലെ അഴിമതി സംബന്ധിച്ച് വേറെ കേസുകള്‍ . റോഡ്, പാലം നിര്‍മാണ പ്രവൃത്തികള്‍ക്കു പിന്നില്‍ അരങ്ങേറിയ ക്രമക്കേടുമായി ബന്ധപ്പെട്ട് 33 കേസുകള്‍ വിജിലന്‍സ് അന്വേഷണത്തിന്റെ വിവിധ ഘട്ടത്തില്‍ .

സി എന്‍ ബാലകൃഷ്ണന്‍


കെപിസിസി ട്രഷററായ നിയുക്തമന്ത്രി സി എന്‍ ബാലകൃഷ്ണന്‍ തൃശൂര്‍ ജില്ലാ സഹകരണബാങ്കില്‍ കഴിഞ്ഞ യുഡിഎഫ്് ഭരണകാലത്ത് നടന്ന കോടികളുടെ ക്രമക്കേടും അഴിമതിയും സംബന്ധിച്ച് വിജിലന്‍സ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ഒന്നാംപ്രതിയാണ. ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിപ്രകാരം അനര്‍ഹര്‍ക്ക് വഴിവിട്ട് ഇളവുനല്‍കിയതിന്റെ പേരില്‍ നാലരക്കോടി രൂപ ജില്ലാ സഹകരണബാങ്കിന് നഷ്ടം വന്നതായി സഹകരണവകുപ്പ് ഓഡിറ്റിങ്ങില്‍ കണ്ടെത്തിയിരുന്നു. അന്നത്തെ പ്രസിഡന്റ് സി എന്‍ ബാലകൃഷ്ണന്‍ അധികാരദുര്‍വിനിയോഗം നടത്തിയതായും കണ്ടെത്തി. വന്‍ ക്രമക്കേട് കണ്ടെത്തിയതിനെത്തുടര്‍ന്ന് 2007 മെയില്‍ സംസ്ഥാന സഹകരണസംഘം രജിസ്ട്രാര്‍ ഭരണസമിതിയെ പിരിച്ചുവിട്ടു. ബാങ്ക് അഴിമതിക്കെതിരെ വിജിലന്‍സ് (നമ്പര്‍ വി സി 7-2010)കേസുമെടുത്തു. ഭരണസമിതി അംഗങ്ങളായിരുന്ന മറ്റ് യുഡിഎഫ് നേതാക്കളടക്കം കേസില്‍ 15 പ്രതികളാണുള്ളത്. യുഡിഎഫ് ബാങ്ക് ഭരിച്ച 2001-07 കാലയളവിലാണ് ക്രമക്കേട് നടന്നത്.

deshabhimani 230511

1 comment:

  1. യുഡിഎഫ് മന്ത്രിസഭയിലെ അഴിമതിക്കാരുടെ എണ്ണം കൂടുന്നു. പി കെ കുഞ്ഞാലിക്കുട്ടിക്കും ടി എം ജേക്കബിനും പുറമെ നാല് അഴിമതി ആരോപണവിധേയര്‍ കൂടിയാണ് ഉമ്മന്‍ചാണ്ടി മന്ത്രിസഭയുടെ ഭാഗമാകുന്നത്. അടൂര്‍ പ്രകാശ്, സി എന്‍ ബാലകൃഷ്ണന്‍ , എം കെ മുനീര്‍ , പി ജെ ജോസഫ് എന്നിവര്‍ . വണ്ടിച്ചെക്ക് കേസില്‍ ശിക്ഷിക്കപ്പെടുകയും മറ്റൊരു കേസില്‍ വിധി കാത്തിരിക്കുകയും ചെയ്യുകയാണ് മുനീര്‍ . മന്ത്രിപ്പട്ടികയില്‍ ഇടം നേടിയ കെ പിസിസി ട്രഷറര്‍ സി എന്‍ ബാലകൃഷ്ണനും അഴിമതിക്കേസിലെ പ്രതിയാണ്. തൃശ്ശൂര്‍ ജില്ലാ സഹകരണബാങ്കില്‍ കഴിഞ്ഞ യുഡിഎഫ് ഭരണകാലത്ത് നടന്ന കോടികളുടെ അഴിമതികളും ക്രമക്കേടുകളും സംബന്ധിച്ച് വിജിലന്‍സ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ഒന്നാംപ്രതി.

    ReplyDelete