Tuesday, May 24, 2011

ഐസ്‌ക്രീം കേസില്‍ ആരോപണവിധേയനായ പി സി ഐപ്പ് അഡീ. അഡ്വക്കറ്റ് ജനറല്‍

മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി ഉള്‍പ്പെട്ട ഐസ്‌ക്രീം പെണ്‍വാണിഭ കേസില്‍ സംശയത്തിന്റെ നിഴലില്‍ കഴിയുന്ന മുന്‍ സ്‌റ്റേറ്റ് അറ്റോര്‍ണി പി സി ഐപ്പിനെ അഡീഷണല്‍ അഡ്വക്കേറ്റ് ജനറലായി നിയമിച്ചു. ഇന്നലെ ചേര്‍ന്ന മന്ത്രിസഭായോഗത്തിന്റെതാണ് തീരുമാനം.

അഴിമതി കേസുകളില്‍ കുറ്റാരോപിതരായ അര ഡസന്‍ പേരടങ്ങുന്ന മന്ത്രിസഭയാണ് ഐസ്‌ക്രീം കേസില്‍ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്ത ഐപ്പിനെ ഭരണഘടനാപദവിയായ അഡീ. അഡ്വക്കേറ്റ് ജനറലാക്കാന്‍ തീരുമാനിച്ചത്. വി എസ് മന്ത്രിസഭ അധികാരമേല്‍ക്കുന്നതിനു തൊട്ടുമുമ്പുവരെയുള്ള അഞ്ചുവര്‍ഷം സ്‌റ്റേറ്റ് അറ്റോര്‍ണിയായിരുന്ന പി സി ഐപ്പാണ് സ്‌പെഷല്‍ പ്രോസിക്യൂട്ടര്‍ എന്ന നിലയില്‍ ഐസ്‌ക്രീം കേസില്‍ ഹൈക്കോടതിയില്‍ ഹാജരായിരുന്നത്. യു ഡി എഫ് മന്ത്രിസഭയുടെ കാലത്ത് മാണിഗ്രൂപ്പിന്റെ നോമിനിയായാണ് അദ്ദേഹം സ്‌റ്റേറ്റ് അറ്റോര്‍ണിയായി നിയമിതനായത്. അക്കാലത്ത് കോഴിക്കോട് മജിസ്‌ട്രേറ്റ് കോടതിയില്‍ പരിഗണനയിലായിരുന്ന ഐസ്‌ക്രീം പെണ്‍വാണിഭ കേസുമായി ബന്ധപ്പെട്ട് നിരവധി ഹര്‍ജികള്‍ ഹൈക്കോടതിയില്‍ എത്തിയിരുന്നു. ജഡ്ജിമാരായിരുന്ന കെ നാരായണകുറുപ്പും കെ തങ്കപ്പനുമാണ് അവ പരിഗണിച്ചത്. കുഞ്ഞാലിക്കുട്ടിയടക്കം പ്രതിസ്ഥാനത്തുണ്ടായിരുന്നവര്‍ക്ക് അനുകൂലമായാണ് എല്ലാ ഹര്‍ജികളിലും വിധി വന്നത്. അത്തരം വിധികള്‍ സമ്പാദിച്ചത് ജഡ്ജിമാര്‍ക്ക് കോഴ കൊടുത്തിട്ടാണെന്ന് കുഞ്ഞാലിക്കുട്ടിയുടെ ബന്ധുവായ കെ എ റൗഫ് ഈയിടെ ആരോപിച്ചത് വന്‍വിവാദമായിരുന്നു.

അക്കാലത്ത് അഡീഷണല്‍ അഡ്വക്കേറ്റ് ജനറലായിരുന്ന വി കെ ബീരാന്‍, അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ പദവി വഹിച്ച കെ സി പീറ്റര്‍ എന്നിവര്‍ മുഖേനയാണ് ഹൈക്കോടതി ജഡ്ജിമാരെ സ്വാധീനിച്ചതെന്നും റൗഫ് വെളിപ്പെടുത്തിയിരുന്നു. ഇവരില്‍ കെ സി പീറ്ററാണ് ഐപ്പിന്റെ പങ്ക് ടി വി ചാനലിലൂടെ തുറന്നു പറഞ്ഞത്. ''ഞങ്ങള്‍ എല്ലാ കാര്യങ്ങളും ഐപ്പിനെ ഏല്‍പ്പിച്ചു. എല്ലാം ഉദ്ദേശിക്കുന്നതുപോലെ നടത്തിക്കൊള്ളാമെന്ന് അയാള്‍ ഏല്‍ക്കുകയും ചെയ്തു. പിന്നീട് എന്തു നടന്നു എന്ന കാര്യം ഐപ്പിനെ അറിയൂ'' എന്നായിരുന്നു കെ സി പീറ്ററുടെ വെളിപ്പെടുത്തല്‍. പീറ്ററും ഐപ്പും അക്കാലത്ത് മാണിഗ്രൂപ്പിന്റെ നോമിനികളായിരുന്നു. വി കെ ബീരാന്‍ മുസ്‌ലിം ലീഗിന്റെയും. ഇന്നലെ സത്യപ്രതിജ്ഞ ചെയ്ത മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞിന്റെ ജ്യേഷ്ഠനാണ് ബീരാന്‍.

സ്‌റ്റേറ്റ് അറ്റോര്‍ണി പദവി വഹിച്ചിരുന്ന പി സി ഐപ്പിന് സംസ്ഥാന സര്‍ക്കാരിനു വേണ്ടി ഏതു കേസിലും ഹാജരാകാന്‍ കഴിയുമായിരുന്നു. എന്നാല്‍ നിയമമന്ത്രിയായിരുന്ന കെ എം മാണി പ്രത്യേക താല്‍പ്പര്യമെടുത്ത് ഐപ്പിനെ ഐസ്‌ക്രീം കേസിലെ സ്‌പെഷല്‍ പ്രോസിക്യൂട്ടറായി പ്രത്യേക ഉത്തരവിലൂടെ ചുമതലപ്പെടുത്തുകയായിരുന്നു. കേസിലെ കള്ളക്കളികള്‍ മനസ്സിലാക്കി അഡ്വക്കേറ്റ് ജനറലിന്റെ നിര്‍ദേശപ്രകാരം മറ്റാരെങ്കിലും പ്രോസിക്യൂട്ടറായി വരുന്നത് തടയുകയായിരുന്നു ഈ നടപടിയുടെ ലക്ഷ്യം. കോടതി മാറ്റണം, രഹസ്യവിചാരണ വേണം എന്നിങ്ങനെ മൊത്തം ആറ് ഹര്‍ജികളാണ് അന്ന് ജസ്റ്റിസ് തങ്കപ്പന്‍ പരിഗണിച്ചത്. സി ബി ഐ അന്വേഷണം വേണമെന്ന ഹര്‍ജി ജസ്റ്റിസ് നാരായണകുറുപ്പിന്റെ ബഞ്ചിലും എത്തി. കെ സി പീറ്റര്‍, പി സി ഐപ്പ്, വി കെ ബീരാന്‍ എന്നിവരടങ്ങുന്ന മൂവര്‍സംഘം കേസിലെ വസ്തുതകളെല്ലാം തന്ത്രപരമായി ഒതുക്കി പ്രതികള്‍ക്കനുകൂലമായ അന്തരീക്ഷമൊരുക്കി. ഇതിനെല്ലാം പിന്നില്‍ നിന്നത് താനാണെന്നും അന്നു ചെയ്ത തെറ്റിന് ശിക്ഷ അനുഭവിക്കാന്‍ തയ്യാറാണെന്നും റൗഫ് ഈയിടെ ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തിയിരുന്നു.

ഐസ്‌ക്രീം കേസില്‍ ക്രൈംബ്രാഞ്ചിന്റെ പ്രത്യേക അന്വേഷണസംഘം തെളിവെടുപ്പ് ഊര്‍ജിതമാക്കിയതിന്റെ ഭാഗമായി കഴിഞ്ഞ ശനിയാഴ്ചയാണ് ഐപ്പിനെ കൊച്ചിയില്‍ ചോദ്യം ചെയ്തത്. മുന്‍ ജഡ്ജിമാരെ നേരില്‍ കണ്ട് രണ്ടാഴ്ച മുമ്പ് മൊഴിയെടുത്തിരുന്നു. റൗഫിന്റെ പുതിയ വെളിപ്പെടുത്തലുകള്‍ വന്ന സാഹചര്യത്തില്‍ ഐസ്‌ക്രീം കേസ് വീണ്ടും സജീവമാവുകയും കോടതി നടപടികള്‍ മുമ്പത്തെക്കാള്‍ ശക്തമാവുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ഐപ്പിന്റെ നിയമനമെന്നതും ശ്രദ്ധേയമാണ്.

ഐസ്‌ക്രീം കേസില്‍ ക്രൈംബ്രാഞ്ചിന്റെ അന്വേഷണത്തിനെതിരെയോ കീഴ് കോടതികളുടെ നടപടികള്‍ക്കെതിരെയോ പ്രതികള്‍ ഹൈക്കോടതിയെ സമീപിച്ചാല്‍ ക്രൈംബ്രാഞ്ചിനു വേണ്ടി സംസ്ഥാന സര്‍ക്കാരിന്റെ അഭിഭാഷകനെന്ന നിലയില്‍ ഹാജരാകേണ്ടയാള്‍ കൂടിയാണ് ഇനി പി സി ഐപ്പ്. 2001-2006 കാലയളവില്‍ ജഡ്ജിമാരെ സ്വാധീനിച്ച് ഐസ്‌ക്രീം കേസ് അട്ടിമറിച്ചതില്‍ പങ്കുള്ളയാളെന്ന് ക്രൈംബ്രാഞ്ച് സംശയിക്കുന്ന പി സി ഐപ്പിനെ ആരോപണങ്ങള്‍ക്കിടെയും പുതിയ പദവിയില്‍ അവരോധിച്ചത് കൃത്യമായ ലക്ഷ്യങ്ങളോടെയെന്ന് വ്യക്തം.

ജനയുഗം 240511

2 comments:

  1. മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി ഉള്‍പ്പെട്ട ഐസ്‌ക്രീം പെണ്‍വാണിഭ കേസില്‍ സംശയത്തിന്റെ നിഴലില്‍ കഴിയുന്ന മുന്‍ സ്‌റ്റേറ്റ് അറ്റോര്‍ണി പി സി ഐപ്പിനെ അഡീഷണല്‍ അഡ്വക്കേറ്റ് ജനറലായി നിയമിച്ചു. ഇന്നലെ ചേര്‍ന്ന മന്ത്രിസഭായോഗത്തിന്റെതാണ് തീരുമാനം.

    ReplyDelete
  2. ഐസ്ക്രീം പാര്‍ലര്‍ പെണ്‍വാണിഭക്കേസില്‍ ആരോപണ വിധേയനായ പി സി ഐപ്പിനെ അഡീഷണല്‍ അഡ്വക്കറ്റ് ജനറലായി നിയമിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു. ഹൈക്കോടതി മുന്‍ ജഡ്ജി കെ പി ദണ്ഡപാണിയെ അഡ്വക്കറ്റ് ജനറലായി നിയമിക്കുമെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഐസ്ക്രീം പാര്‍ലര്‍ കേസ് അട്ടിമറിക്കുന്നതില്‍ പ്രധാന പങ്ക് വഹിച്ചത് ഐപ്പാണെന്ന് കുഞ്ഞാലിക്കുട്ടിയുടെ സന്തതസഹചാരിയായിരുന്ന കെ എ റൗഫ് വെളിപ്പെടുത്തിയതിനെത്തുടര്‍ന്ന് ഐപ്പിനെ പ്രത്യേക പൊലീസ് സംഘം ചോദ്യംചെയ്തിരുന്നു. ജഡ്ജിമാരെ സ്വാധീനിച്ചത് ഐപ്പ് മുഖേനയാണെന്നായിരുന്നു റൗഫിന്റെ വെളിപ്പെടുത്തല്‍ . സ്വഭാവദൂഷ്യത്തിന് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ വിമര്‍ശം ക്ഷണിച്ചുവരുത്തിയ ആളാണ് ദണ്ഡപാണി. ഗുജറാത്ത് ഹൈക്കോടതിയിലേക്കുള്ള സ്ഥലംമാറ്റ ഉത്തരവ് അംഗീകരിക്കാതെ തന്നിഷ്ടം കാട്ടിയതിനാണിത്. മകനെ നിയമബിരുദത്തില്‍ മോഡറേഷന്‍ നല്‍കി വിജയിപ്പിക്കാന്‍ ശ്രമിച്ചുവെന്ന ആരോപണവും ഇദ്ദേഹത്തിനെതിരെ ഉയര്‍ന്നിരുന്നു.

    ReplyDelete