Monday, May 14, 2012

മാധ്യമവേട്ട അതിരുവിടുന്നു


സിപിഐ എമ്മിനെതിരെ വലതുപക്ഷ- മാധ്യമ ഗൂഢാലോചന: പി വത്സല

കോഴിക്കോട്: ചന്ദ്രശേഖരന്‍ വധവുമായി ബന്ധപ്പെട്ട് സിപിഐ എമ്മിനുനേരെ ഉയര്‍ന്ന ആരോപണങ്ങള്‍ക്ക്പിന്നില്‍ വലതുപക്ഷ-മാധ്യമ ഗൂഢാലോചനയാണെന്ന് പ്രശസ്ത എഴുത്തുകാരിയും സാഹിത്യഅക്കാദമി മുന്‍ അധ്യക്ഷയുമായ പി വത്സല പറഞ്ഞു.

ചന്ദ്രശേഖരന്റെ കൊല ക്രൂരവും നിഷ്ഠുരവുമാണെന്നതില്‍ സംശയമില്ല. കേരളത്തിന്റെ പ്രാകൃത സംസ്കാരമാണിത് വെളിപ്പെടുത്തുന്നത്. എന്നാല്‍ ഇടതുപക്ഷത്തെ, പ്രത്യേകിച്ചും സിപിഐ എമ്മിനെ ഇല്ലാതാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് ഇപ്പോള്‍ ഉയരുന്ന കുപ്രചാരണം. നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പിനു മുമ്പ് ചന്ദ്രശേഖരനെ ഇല്ലാതാക്കിയതിനു പിന്നില്‍ പൊതുജനവികാരം ചൂഷണം ചെയ്യാമെന്ന ലക്ഷ്യമുണ്ട്. സിപിഐ എമ്മിനുമേല്‍ കുറ്റം ചാര്‍ത്താന്‍ ഉന്നതതലത്തില്‍ ആസൂത്രണം നടന്നിട്ടുണ്ട്. ആദ്യപ്രതികരണം ഡല്‍ഹിയില്‍ നിന്നായതില്‍ നിന്ന് ഇതു വ്യക്തം. അന്വേഷണം തുടങ്ങുംമുമ്പേ മുന്‍വിധിയോടെ യുഡിഎഫും മാധ്യമങ്ങളും പ്രചാരണം ആരംഭിച്ചിരുന്നു. വലതുപക്ഷം മാധ്യമങ്ങളെ കൈയിലെടുത്തതിനാല്‍ വേണ്ടുവോളം സഹായം കിട്ടി.

സാംസ്കാരിക പ്രവര്‍ത്തകരും ബുദ്ധിജീവികളും വലതുപക്ഷത്തിന്റെ കുഴലൂത്തുകാരാവുകയാണ്. ചന്ദ്രശേഖരന്റെ വീട്ടിലെത്തി സിപിഐ എമ്മിന്റെ നേരെ വിമര്‍ശനം ഉന്നയിച്ച മഹാശ്വേതാദേവി ബംഗാളിലെ അക്രമങ്ങളോട് പ്രതികരിക്കാത്തത് ഇതിന്റെ തെളിവാണ്. സിപിഐ എമ്മിനെ കേരളത്തില്‍ നിന്ന് ഇല്ലാതാക്കാനുള്ള ശ്രമത്തിനെതിരെ സാംസ്കാരികലോകം പ്രതികരിക്കാത്തതും അതുകൊണ്ടുതന്നെ. ചന്ദ്രശേഖരന്റെ വീട്ടില്‍ പോയതുകൊണ്ടു മാത്രം സാംസ്കാരികപ്രവര്‍ത്തകരുടെ എല്ലാ ബാധ്യതയും പൂര്‍ത്തിയാവുമെന്ന് കരുതുന്നില്ല- അവര്‍ പറഞ്ഞു. കേസിന്റെ പുരോഗതിയിലും ചിലരുടെ ഇടപെടല്‍ വ്യക്തമാണ്. മുഖ്യപ്രതികളെ പിടികൂടാതെ കേസ് നീട്ടിക്കൊണ്ടുപോകാനാണ് ശ്രമം. ഗുണ്ടകളെ സംബന്ധിച്ച് വ്യക്തമായ സൂചന ലഭിച്ചിട്ടും എന്തുകൊണ്ട് പിടികൂടുന്നില്ലെന്നത് സംശയകരമാണ്. അന്വേഷണത്തിന് പൊലീസിന് സൗകര്യം ചെയ്തുകൊടുക്കുന്നില്ല. കൊലയ്ക്ക് പിന്നിലുള്ളവരെ പെട്ടെന്ന് പിടികിട്ടരുതെന്ന താല്‍പര്യമുള്ളത് പോലെയാണിത്. ക്വട്ടേഷന്‍ സംഘത്തെ ഉപയോഗിച്ച് ക്രൂരമായ കൊല നടത്തിയവരെ ഉടന്‍ നിയമത്തിന് മുന്നില്‍ കൊണ്ടുവരണം. കുത്സിത ലക്ഷ്യങ്ങളോടെയുള്ള കുപ്രചാരണം അതിജീവിക്കാനുള്ള ശക്തിയും ജനപിന്തുണയും സിപിഐ എമ്മിനുണ്ട്. സിപിഐ എമ്മിനെ ആ രീതിയില്‍ നയിക്കാന്‍ കഴിവുള്ള നേതാവാണ് പിണറായി വിജയനെന്നും പി വത്സല പറഞ്ഞു.

മാധ്യമവേട്ട അതിരുവിടുന്നു

തലശേരി: ഫസല്‍വധക്കേസ് മറയാക്കി സിപിഐ എം വിരുദ്ധ മാധ്യമവേട്ട അതിരുകടക്കുന്നു. ചന്ദ്രശേഖരന്‍ വധക്കേസിലെ ആരോപണത്തിന്റെ മുനയൊടിഞ്ഞതോടെയാണ് ഫസല്‍കേസില്‍ പിടിമുറുക്കി കടന്നാക്രമിക്കാനുള്ള ഹീനശ്രമം. നിസ്വാര്‍ഥവും ത്യാഗപൂര്‍ണവുമായ പൊതുപ്രവര്‍ത്തനത്തിലൂടെ ജനമനസില്‍ ഇടംതേടിയ നേതാക്കളെയാണ് മാധ്യമങ്ങള്‍ ആക്രമിക്കുന്നത്. സിപിഐ എമ്മിന് ഒരു ബന്ധവുമില്ലാത്ത സംഭവത്തിലാണ് ജില്ല സെക്രട്ടറിയറ്റംഗം കാരായി രാജന്‍, തലശേരി ഏരിയാകമ്മിറ്റി അംഗം കാരായി ചന്ദ്രശേഖരന്‍ എന്നിവരെ ആസൂത്രകരായി മുദ്രകുത്തുന്നത്. കോണ്‍ഗ്രസിന്റെ രാഷ്ട്രീയചട്ടുകമായി അധഃപതിച്ച സിബിഐ കെട്ടിച്ചമച്ച കള്ളക്കേസ് അതേപടി വിഴുങ്ങിയ മാധ്യമങ്ങള്‍ രണ്ടുദിവസമായി പുതിയ ഇരയെ കിട്ടിയമട്ടില്‍ ഉറഞ്ഞുതുള്ളുന്നു. കള്ളക്കേസിന്റെ മറവില്‍ പൊതുസമ്മതരായ നേതാക്കളെ ഭീകരരായി ചിത്രീകരിക്കുന്നു. കോടതി കുറ്റക്കാരായി കണ്ടെത്തുംമുമ്പ് വിധിയെഴുത്ത് നടത്തി തകര്‍ക്കാനുള്ള ശ്രമമാണ്. നേതാക്കളെ ആക്രമിച്ച് പാര്‍ടിയെ തകര്‍ക്കുകയെന്ന ഹീനതന്ത്രമാണ് ഫസല്‍കേസിലും. സിപിഐ എം നേതാക്കള്‍ പ്രതിസ്ഥാനത്തെങ്കില്‍ എന്തും എഴുതാന്‍ മടിക്കില്ലെന്ന് മനോരമയും മാതൃഭൂമി ഒരിക്കല്‍കൂടി തെളിയിക്കുകയാണ്.

സിബിഐയുടെതെന്ന പേരില്‍ മാധ്യമങ്ങള്‍ അവതരിപ്പിച്ച തൂവാല കഥ മാത്രംമതി അന്വേഷണസംവിധാനത്തിന്റെ വിശ്വാസ്യത അളക്കാന്‍. ഫസലിന്റെ ചോരപുരണ്ട തൂവാല ആര്‍എസ്എസ് കേന്ദ്രത്തില്‍ കാണപ്പെട്ടത് ക്വട്ടേഷന്‍ സംഘത്തിന്റെ തന്ത്രമായിരുന്നുവെന്നാണ് മാതൃഭൂമി പരമ്പരയിലെ പ്രധാനിരീക്ഷണം.ധര്‍മടത്തെ സിപിഐ എം ശക്തികേന്ദ്രമായ മോസ്കോ നഗറിലാണ് തുവാലകാണപ്പെട്ടതെന്ന കാര്യം സൗകര്യപൂര്‍വം മറന്നുകൊണ്ടാണ് പാര്‍ടിയെ പ്രതിക്കൂട്ടിലാക്കാനുള്ള പുതിയ കഥ. സിപിഐ എമ്മാണ് കൃത്യം നടത്തിയതെങ്കില്‍ പാര്‍ടി കേന്ദ്രത്തില്‍ രക്തംപുരണ്ട തൂവാല ഒരിക്കലും ഉപേക്ഷിക്കുമായിരുന്നില്ല. സാമാന്യമായ ഈ യുക്തിപോലും മറന്നാണ് സിബിഐയും മാധ്യമങ്ങളും പുതിയകഥ രചിക്കുന്നത്. ഹൈക്കോടതിയില്‍ നല്‍കിയ മുന്‍കൂര്‍ജാമ്യഹര്‍ജി പരിഗണിച്ചപ്പോള്‍ പറഞ്ഞതിന് കടകവിരുദ്ധമായ കാര്യങ്ങളാണ് സത്യവാങ്മൂലത്തില്‍ സിബിഐ നിരത്തുന്നത്. തിരക്കിട്ട് സത്യവാങ്മൂലം സമര്‍പ്പിച്ചതിനു പിന്നിലെ പ്രത്യേകതാല്‍പര്യവും ഉന്നതതല സമ്മര്‍ദവും വ്യക്തമാക്കുന്നതാണ് മാധ്യമങ്ങളെയടക്കം ഉപയോഗിച്ച് സിബിഐ നടത്തുന്ന വൃത്തികെട്ട കളി.

deshabhimani 140512

1 comment:

  1. ഫസല്‍വധക്കേസ് മറയാക്കി സിപിഐ എം വിരുദ്ധ മാധ്യമവേട്ട അതിരുകടക്കുന്നു. ചന്ദ്രശേഖരന്‍ വധക്കേസിലെ ആരോപണത്തിന്റെ മുനയൊടിഞ്ഞതോടെയാണ് ഫസല്‍കേസില്‍ പിടിമുറുക്കി കടന്നാക്രമിക്കാനുള്ള ഹീനശ്രമം. നിസ്വാര്‍ഥവും ത്യാഗപൂര്‍ണവുമായ പൊതുപ്രവര്‍ത്തനത്തിലൂടെ ജനമനസില്‍ ഇടംതേടിയ നേതാക്കളെയാണ് മാധ്യമങ്ങള്‍ ആക്രമിക്കുന്നത്. സിപിഐ എമ്മിന് ഒരു ബന്ധവുമില്ലാത്ത സംഭവത്തിലാണ് ജില്ല സെക്രട്ടറിയറ്റംഗം കാരായി രാജന്‍, തലശേരി ഏരിയാകമ്മിറ്റി അംഗം കാരായി ചന്ദ്രശേഖരന്‍ എന്നിവരെ ആസൂത്രകരായി മുദ്രകുത്തുന്നത്. കോണ്‍ഗ്രസിന്റെ രാഷ്ട്രീയചട്ടുകമായി അധഃപതിച്ച സിബിഐ കെട്ടിച്ചമച്ച കള്ളക്കേസ് അതേപടി വിഴുങ്ങിയ മാധ്യമങ്ങള്‍ രണ്ടുദിവസമായി പുതിയ ഇരയെ കിട്ടിയമട്ടില്‍ ഉറഞ്ഞുതുള്ളുന്നു. കള്ളക്കേസിന്റെ മറവില്‍ പൊതുസമ്മതരായ നേതാക്കളെ ഭീകരരായി ചിത്രീകരിക്കുന്നു. കോടതി കുറ്റക്കാരായി കണ്ടെത്തുംമുമ്പ് വിധിയെഴുത്ത് നടത്തി തകര്‍ക്കാനുള്ള ശ്രമമാണ്. നേതാക്കളെ ആക്രമിച്ച് പാര്‍ടിയെ തകര്‍ക്കുകയെന്ന ഹീനതന്ത്രമാണ് ഫസല്‍കേസിലും. സിപിഐ എം നേതാക്കള്‍ പ്രതിസ്ഥാനത്തെങ്കില്‍ എന്തും എഴുതാന്‍ മടിക്കില്ലെന്ന് മനോരമയും മാതൃഭൂമി ഒരിക്കല്‍കൂടി തെളിയിക്കുകയാണ്.

    ReplyDelete