ഇന്റലിജന്‍സ് യോഗം ചേര്‍ന്നു
കോഴിക്കോട്: ചന്ദ്രശേഖരന്‍ വധക്കേസ് അന്വേഷണത്തില്‍ തുമ്പൊന്നും ലഭിക്കാത്ത സാഹചര്യത്തില്‍ കോഴിക്കോട്ട് പൊലീസ് ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ യോഗം ചേര്‍ന്നു. കാസര്‍കോട് ഒഴികെയുള്ള മലബാര്‍ മേഖലയിലെ ഉദ്യോഗസ്ഥരുടെ യോഗമാണ് പൊലീസ് ക്ലബ്ബില്‍ ചേര്‍ന്നത്്. ഇന്റലിജന്‍സ് എഡിജിപി ടി പി സെന്‍കുമാര്‍ പങ്കെടുത്ത യോഗം രണ്ടുമണിക്കൂര്‍ നീണ്ടു. അന്വേഷണസംഘത്തിലെ ഡിവൈഎസ്പി ടി കെ രാജ്മോഹനുമായി യോഗത്തിനുമുമ്പ് സെന്‍കുമാര്‍ ചര്‍ച്ച നടത്തി.
ചന്ദ്രശേഖരന്റെ കൊലപാതകത്തിനുപുറമെ മലബാര്‍ മേഖലയിലെ വിവിധ അക്രമസംഭവങ്ങളെപ്പറ്റിയും യോഗം ചര്‍ച്ച ചെയ്തു. വിവിധ മതസംഘടനകള്‍ സംഘടിപ്പിക്കുന്ന യോഗങ്ങള്‍ നിരീക്ഷിക്കാന്‍ തീരുമാനിച്ചതായി അറിയുന്നു. എന്നാല്‍, സാധാരണ യോഗമാണ് ചേര്‍ന്നതെന്ന് സെന്‍കുമാര്‍ വാര്‍ത്താലേഖകരോട് പറഞ്ഞു. എഡിജിപിയായി ചുമതലയേറ്റശേഷം ചേര്‍ന്ന മലബാര്‍ മേഖലയിലെ ആദ്യയോഗമാണിതെന്നും കൂടുതല്‍ കാര്യങ്ങള്‍ ചര്‍ച്ച ചെയ്തില്ലെന്നും വ്യക്തമാക്കി.
രാഷ്ട്രീയ കൊലപാതകമെന്നത് മാധ്യമസൃഷ്ടി: ഡിജിപി
ടി പി ചന്ദ്രശേഖരന്റേത് രാഷ്ട്രീയകൊലപാതകമാണെന്ന പ്രയോഗം മാധ്യമസൃഷ്ടിയാണെന്ന് ഡിജിപി ജേക്കബ് പുന്നൂസ് പറഞ്ഞു. കൊച്ചിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പൊലീസ് അന്വേഷിക്കുന്നത് കൊലപാതക കേസാണ്. എവിടെയെങ്കിലും ചൂണ്ടയിട്ട് കുറച്ചുപേരെ പിടിക്കുന്നതല്ല പൊലീസിന്റെ രീതി. ഇതിനുപിന്നില്‍ പ്രവര്‍ത്തിച്ചവരെ പിടികൂടും. അന്വേഷണത്തില്‍ സമഗ്രമായ പുരോഗതിയുണ്ടെന്നും പൊലീസിനുമേല്‍ സമ്മര്‍ദമില്ലെന്നും ഡിജിപി പറഞ്ഞു.
ഡിജിപിക്ക് അങ്ങനെയേ പറയാനാകൂ: തിരുവഞ്ചൂര്‍
കോട്ടയം: ചന്ദ്രശേഖരന്റെ കൊലപാതകം സംബന്ധിച്ച് ഡിജിപി ജേക്കബ് പുന്നൂസ് പറഞ്ഞത് ശരിയാണെന്ന് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. രാഷ്ട്രീയ കൊലപാതകമാണോ അല്ലയോ എന്നത് മാധ്യമഭാഷ്യം മാത്രമാണെന്ന ഡിജിപിയുടെ പ്രസ്താവന ശ്രദ്ധയില്‍പ്പെടുത്തിയപ്പോഴായിരുന്നു തിരുവഞ്ചൂരിന്റെ പ്രതികരണം. കോട്ടയത്ത് നിര്‍മല്‍ ഗ്രാമപുരസ്കാരദാനച്ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു മന്ത്രി. രാഷ്ട്രീയ കൊലപാതകമാണോ അല്ലയോ എന്നതു സംബന്ധിച്ച് പൊലീസ് മേധാവിയെന്ന നിലയില്‍ ഡിജിപിക്ക് ഇങ്ങനെയേ പറയാനാവൂ. കൊലപാതകം എന്ന നിലയിലാണ് അന്വേഷണം. പല വിധത്തിലുള്ള കൊലപാതകങ്ങളുണ്ട്. ഇതിനു പിന്നിലെ ലക്ഷ്യം പിന്നീട് പുറത്തു വരേണ്ടതാണ്. പ്രതികളുടെ ലിസ്റ്റ് നല്‍കി കേസെടുക്കുന്ന രീതി ഈ കേസില്‍ ഉണ്ടാകില്ലെന്നും തിരുവഞ്ചൂര്‍ പറഞ്ഞു. അതേ സമയം, ചടങ്ങില്‍ പങ്കെടുത്ത മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഡിജിപിയുടെ പ്രസ്താവന സംബന്ധിച്ച മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് പ്രതികരിച്ചില്ല.
ചന്ദ്രശേഖരന്റെ കൊലപാതകം: പൊലീസ് മേധാവികള്‍ക്കെതിരെ യൂത്ത്ലീഗ്
കോഴിക്കോട്: ടി പി ചന്ദ്രശേഖരന്‍ കൊലപാതകക്കേസില്‍ പൊലീസ് മേധാവികള്‍ക്കെതിരെ യൂത്ത്ലീഗ്. വധത്തിനുപിന്നില്‍ രാഷ്ട്രീയമില്ലെന്ന് പ്രതികളെ പിടികുടുന്നതിനുമുമ്പ് വിധി പ്രസ്താവിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് യൂത്ത്ലീഗ് സംസ്ഥാന പ്രസിഡന്റ് പി എം സാദിഖലി പറഞ്ഞു. കൊലപാതകത്തിനുപിന്നില്‍ രാഷ്ട്രീയമല്ലെന്ന് ഡിജിപി ജേക്കബ് പുന്നൂസ് പറഞ്ഞതിന്് മറുപടിയായാണ് യൂത്ത്ലീഗിന്റെ പ്രസ്താവന. ഉത്തരവാദപ്പെട്ട പൊലീസ് മേധാവികള്‍ മാധ്യമങ്ങള്‍ക്കുമുമ്പില്‍ അടിക്കടി പ്രസ്താവനകളുമായി വരുന്നത് ശരിയല്ല. രാഷ്ട്രീയമല്ല കാരണം എന്നുമാത്രം പറയുന്നതില്‍ യുക്തിയില്ല. രാഷ്ട്രീയമല്ല എന്ന് സ്ഥാപിക്കേണ്ടവരുടെ വാദമുഖങ്ങള്‍ക്ക് പിന്‍ബലം നല്‍കുന്ന പ്രസ്താവനകള്‍ ഇറക്കലല്ല പൊലീസിന്റെ ഉത്തരവാദിത്തമെന്നും സാദിഖലി ആരോപിച്ചു. രാഷ്ട്രീയ കൊലപാതകമല്ലെന്ന് തീര്‍ത്തുപറയുമ്പോള്‍, കൊലപാതകത്തിന്റെ ഗൂഢോദ്ദേശ്യം വ്യക്തമാക്കാനും പൊലീസിന് കഴിയണം. കൊലപാതകത്തിന്റെ കാരണം പറയാന്‍ പൊലീസിന് കഴിയാത്ത സ്ഥിതിക്ക് ഒന്നും പറയാതിരിക്കലാണ് അഭികാമ്യമെന്നും യൂത്ത്ലീഗ് പറയുന്നു.
deshabhimani 140512
No comments:
Post a Comment