Sunday, May 13, 2012
എയര്‍സെല്‍- മാക്സിസ് കരാര്‍: ചിദംബരത്തിന് മേല്‍ കുരുക്ക് മുറുകുന്നു
എയര്‍സെല്‍- മാക്സിസ് വിവാദ കരാറിലൂടെ കേന്ദ്ര ആഭ്യന്തരമന്ത്രി പി ചിദംബരത്തിന്റെ മകന്‍ കാര്‍ത്തി ചിദംബരം വന്‍ സാമ്പത്തികലാഭമുണ്ടാക്കിയെന്ന ആരോപണത്തിന് കൂടുതല്‍ തെളിവ് പുറത്തുവന്നു.
എയര്‍സെല്‍ കമ്പനിയില്‍ 26 ലക്ഷം രൂപയുടെ ഓഹരി ചിദംബരത്തിന്റെ മകന്‍ കാര്‍ത്തിക്കുണ്ടായിരുന്നു. എയര്‍സെല്‍ കമ്പനി പിന്നീട് 4000 കോടി മുതല്‍മുടക്കി മാക്സിസ് കമ്പനി വാങ്ങിയതോടെ കാര്‍ത്തിയുടെ ഓഹരിയുടെ മൂല്യം 26 ലക്ഷത്തില്‍നിന്ന് 300 കോടിയായി ഉയര്‍ന്നെന്ന് കണക്ക് തെളിയിക്കുന്നു. അഡ്വാന്റേജ് സ്ട്രാറ്റജിക് കണ്‍സള്‍ട്ടിങ് (എഎസ്സി)} കമ്പനി വഴിയാണ് എയര്‍സെല്ലില്‍ കാര്‍ത്തി ഓഹരി സ്വന്തമാക്കിയത്. മാക്സിസിന് എയര്‍സെല്‍ വില്‍ക്കുന്നതിനു തൊട്ടുമുമ്പായാണ് ഓഹരികള്‍ വാങ്ങിയത്. കാര്‍ത്തിയുടെ സ്വന്തം കമ്പനിയായ ആസ്ബ്രിഡ്ജ് ഹോള്‍ഡിങ്സ് കമ്പനിയെ ഉപയോഗപ്പെടുത്തിയാണ് എയര്‍സെല്‍ ഓഹരികള്‍ വാങ്ങിയത്. ഈ കമ്പനിക്ക് എഎസ്സി കമ്പനിയില്‍ 67 ശതമാനം ഓഹരി സ്വന്തമായുണ്ടായിരുന്നു. എഎസ്ജി കമ്പനിയാണ് എയര്‍സെല്ലില്‍ 26 ലക്ഷത്തിന്റെ ഓഹരി വാങ്ങിയത്. എയര്‍സെല്ലിന്റെ 2006-07 ബാലന്‍സ് ഷീറ്റില്‍ ഇക്കാര്യം വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ട്. എയര്‍സെല്ലില്‍ കാര്‍ത്തിയുടെ കമ്പനിക്ക് ഓഹരി ലഭിച്ചെന്ന് ഉറപ്പാക്കിയശേഷം മാത്രമാണ് 2006 ഒക്ടോബറില്‍ കേന്ദ്രസര്‍ക്കാര്‍ എയര്‍സെല്‍-മാക്സിസ് കരാറിന് അംഗീകാരം നല്‍കിയത്. എയര്‍സെല്ലിന്റെ 74 ശതമാനം ഓഹരി വാങ്ങിയ മാക്സിസ് ഇതിനുപുറമെ ബിനാമി ഇടപാടിലൂടെ മറ്റൊരു 25 ശതമാനം ഓഹരിയും സ്വന്തമാക്കിയിട്ടുണ്ട്. അപ്പോളോ ഹോസ്പിറ്റല്‍ ഗ്രൂപ്പിലെ സുനിത റെഡ്ഡി വഴിയാണ് 25 ശതമാനം ഓഹരികൂടി മാക്സിസ് സ്വന്തമാക്കിയിട്ടുള്ളത്. ചട്ടപ്രകാരം ടെലികോംകമ്പനിയില്‍ വിദേശസ്ഥാപനങ്ങള്‍ക്ക് 74 ശതമാനം ഓഹരി മാത്രമേ പാടുള്ളൂവെന്നിരിക്കെയാണ് മാക്സിസ് എയര്‍സെല്‍ കമ്പനിയുടെ 99 ശതമാനം ഓഹരിയും സ്വന്തമാക്കിയത്.
മാക്സിസ്- എയര്‍സെല്‍ ഇടപാടിലൂടെ സാമ്പത്തികനേട്ടമുണ്ടാക്കിയെന്ന ആക്ഷേപം ചിദംബരവും മകനും നിഷേധിച്ചിട്ടുണ്ടെങ്കിലും വരുംദിവസങ്ങളില്‍ പ്രശ്നം കൂടുതല്‍ ഗുരുതരമാകും. മാക്സിസ് കരാറുമായി ബന്ധപ്പെട്ട് ജനതാപാര്‍ടി അധ്യക്ഷന്‍ സുബ്രഹ്മണ്യന്‍ സ്വാമി സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി സ്വീകരിച്ചിട്ടുണ്ട്. പ്രതിപക്ഷവും ഈ വിഷയം പാര്‍ലമെന്റില്‍ ശക്തമായി ഉയര്‍ത്തുമെന്ന തീരുമാനത്തിലാണ്. അന്വേഷണത്തിന് ഉത്തരവിടാന്‍ കേന്ദ്രം നിര്‍ബന്ധിതമായാല്‍ ആഭ്യന്തരമന്ത്രി പദവിയില്‍ തുടരുക ചിദംബരത്തിന് ബുദ്ധിമുട്ടാകും.
deshabhimani 130512
Labels:
അഴിമതി,
സ്പെക്ട്രം
Subscribe to:
Post Comments (Atom)
No comments:
Post a Comment