Thursday, December 13, 2012

കേരളത്തിനുള്ള വൈദ്യുതി ആന്ധ്രയ്ക്ക് നല്‍കി


സംസ്ഥാനത്തിന്റ വൈദ്യുതി പ്രതിസന്ധിക്ക് ആക്കംകൂട്ടി കേന്ദ്രവിഹിതം കുത്തനെ വെട്ടിക്കുറച്ചു. ജൂണിനു ശേഷം 281 മെഗാവാട്ട് വൈദ്യുതി കേന്ദ്രം പിടിച്ചുവാങ്ങി ആന്ധ്രപ്രദേശിനു നല്‍കി. വൈദ്യുതിക്ഷാമം രൂക്ഷമല്ലാത്ത ആന്ധ്രയ്ക്ക് ഈ സഹായം നല്‍കിയതിനു പിന്നില്‍ രാഷ്ട്രീയ കാരണം.

അധികവൈദ്യുതിക്ക് ഇരട്ടിനിരക്ക് അടക്കമുള്ള കടുത്ത നടപടികള്‍ കേരളത്തില്‍ അടിച്ചേല്‍പ്പിക്കുന്നതിനിടെയാണ് കേന്ദ്രത്തിന്റെ വകയും പ്രഹരം. ജലവൈദ്യുതി ഉല്‍പ്പാദനം കുറഞ്ഞതിനാല്‍ കേന്ദ്രപൂളില്‍നിന്നുള്ള വൈദ്യുതിയെയാണ് കേരളം കൂടുതലായി ആശ്രയിക്കുന്നത്.

ഹരിയാനയിലെ ജജ്ജര്‍ താപനിലയത്തില്‍നിന്നുള്ള 231.17 മെഗാവാട്ട് വിഹിതത്തില്‍ 131.17 മെഗാവാട്ട് ആന്ധ്രയ്ക്ക് കൈമാറിയായിരുന്നു തുടക്കം. പിന്നീട് കിഴക്കന്‍ മേഖലയിലെ എന്‍ടിപിസി നിലയങ്ങളായ ഫറാക്ക, കഹല്‍ഗഡ്, താല്‍ച്ചര്‍ എന്നിവിടങ്ങളില്‍നിന്ന് ലഭിച്ചിരുന്ന 135 മെഗാവാട്ടില്‍ 100 മെഗാവാട്ടും ആന്ധയ്ക്ക് മറിച്ചുനല്‍കി. ജജ്ജറില്‍നിന്നുള്ള വിഹിതത്തില്‍ അവശേഷിച്ചിരുന്ന 100 മെഗാവാട്ടിലും പിന്നാലെ കൈവച്ചു. 50 മെഗാവാട്ടാണ് ഇത്തവണ ആന്ധ്രയ്ക്കു ലഭിച്ചത്. ഇതോടെ കേരളത്തിന്റെ നഷ്ടം 281.17 മെഗാവാട്ടായി വര്‍ധിച്ചു. 2013 ഒക്ടോബര്‍ 31 വരെ ഈ നില തുടരുമെന്ന് കേന്ദ്രം വ്യക്തമാക്കിയിട്ടുണ്ട്. പുതുതായി കമീഷന്‍ചെയ്ത എന്‍ടിപിസി നിലയമായ സിംഹാദ്രിയില്‍നിന്ന് 600 മെഗാവാട്ടും ആന്ധ്രയ്ക്ക് ലഭിച്ചിട്ടുണ്ട്. ഇവിടെനിന്ന് കേരളത്തിന് 70 മെഗാവാട്ട് മാത്രമാണ് ലഭിക്കുക. കേന്ദ്രപൂളില്‍നിന്നുളള അണ്‍ അലോക്കേറ്റഡ് വിഹിതമാണ് ആന്ധ്രയിലേക്ക് പൂര്‍ണമായി വഴിതിരിച്ചത്. അതേസമയം, ആന്ധ്രയേക്കാള്‍ പ്രതിസന്ധിയുള്ള തമിഴ്നാടിനും കര്‍ണാടകത്തിനും ഇതില്‍ ഒരു മെഗാവാട്ട് പോലും നല്‍കിയില്ല. പ്രകൃതിവാതകത്തിന്റെ ക്ഷാമംമൂലം ആന്ധ്രയിലെ പല നിലയങ്ങളും അടച്ചു. ഇവ നാഫ്ത ഉപയോഗിച്ച് പ്രവര്‍ത്തിപ്പിക്കാമെങ്കിലും ചെലവ് കൂടുതലായതിനാല്‍ അതിന് തയ്യാറാകുന്നില്ല.

അതേസമയം, യൂണിറ്റിന് 11 രൂപ ചെലവിട്ട് കായംകുളം അടക്കമുള്ള നാഫ്താ നിലയങ്ങള്‍ കേരളം പൂര്‍ണമായി പ്രവര്‍ത്തിപ്പിക്കുന്നു. 570 മെഗാവാട്ടാണ് താപനിലയങ്ങളില്‍നിന്ന് കേരളം ഉല്‍പ്പാദിപ്പിക്കുന്നത്. ഇതിന്റെ സാമ്പത്തികബാധ്യത കേരളത്തിലെ ജനങ്ങള്‍ പേറുന്നതിനിടെയാണ്, ചെലവു കൂടുമെന്ന് പറഞ്ഞ് നിലയങ്ങള്‍ അടച്ചിട്ട ആന്ധ്രയെ കേന്ദ്രം സഹായിക്കുന്നത്. ജഗന്‍മോഹന്റെ പാര്‍ടിയും തെലുങ്കാനപ്രശ്നവുംമൂലം ഉലയുന്ന അവിടത്തെ കോണ്‍ഗ്രസ് സര്‍ക്കാരിനെ സഹായിക്കാനാണ് കേന്ദ്രസര്‍ക്കാരിന്റ നടപടി.

ആര്‍ സാംബന്‍ deshabhimani 141212

No comments:

Post a Comment