Thursday, December 13, 2012

മന്ത്രി അബ്ദുറബ്ബ് പിന്‍വാതില്‍ നിയമനത്തിന് കത്തു നല്‍കി


പിന്‍വാതില്‍ നിയമനത്തിന് വിദ്യാഭ്യാസമന്ത്രി പി കെ അബ്ദുറബ്ബ് നേരിട്ട് കത്ത് നല്‍കി. ഐടി അറ്റ് സ്കൂളിന്റെ മലപ്പുറം ജില്ലാ കോ- ഓര്‍ഡിനേറ്ററായി മുസ്ലിംലീഗുകാരനും മലപ്പുറം മണ്ഡലം മുന്‍ യൂത്ത് ലീഗ് ഭാരവാഹിയുമായ ഹബീബ് റഹ്മാനെ നിയമിക്കാനാണ് ഐടി അറ്റ് സ്കൂള്‍ ഡയറക്ടര്‍ക്ക് നിയമങ്ങള്‍ കാറ്റില്‍പറത്തി മന്ത്രി കത്ത് നല്‍കിയത്.

പൊതുവിദ്യാഭ്യാസ സെക്രട്ടറി, ഡിപിഐ എന്നിവര്‍ വഴിയല്ലാതെ ഐടി അറ്റ് സ്കൂള്‍ ഡയറക്ടര്‍ക്ക് മന്ത്രി നേരിട്ട് ഔദ്യോഗിക ഫയല്‍ നല്‍കാറില്ല. നിയമപരമായി ഡിപിഐ നിയമിച്ച ആളെ മാറ്റാന്‍ മന്ത്രിക്ക് വാക്കാല്‍പോലും നിര്‍ദേശം നല്‍കാനാകില്ലെന്നിരിക്കെ കത്തുനല്‍കിയത് ഗുരുതരമായ ചട്ടലംഘനവും സ്വജനപക്ഷപാതവും സത്യപ്രതിജ്ഞാലംഘനവുമാണ്.

മന്ത്രിയുടെ കുറിപ്പിന് പിന്നാലെ കടുത്ത രാഷ്ട്രീയസമ്മര്‍ദവും ഉണ്ടായെങ്കിലും ഹബീബ് റഹ്മാനെ ജില്ലാ കോ-ഓര്‍ഡിനേറ്ററാക്കാന്‍ ഡിപിഐ തയ്യാറായില്ല. പകരം മാസ്റ്റര്‍ ട്രെയിനര്‍ ആയി നിയമിച്ചു. എന്നാല്‍, ഡിപിഐയുടെ ഉത്തരവ് ചവറ്റുകുട്ടയിലെറിഞ്ഞ് ഹബീബ് റഹ്മാനെ ജില്ലാ കോ- ഓര്‍ഡിനേറ്ററാക്കി. മകനുവേണ്ടി കലോത്സവ സോഫ്റ്റ്വെയറില്‍ തിരിമറി നടത്തിയെന്നുകാണിച്ച് മഞ്ചേരി ഉപജില്ലാ പ്രോഗ്രാം കണ്‍വീനര്‍ ഇ എം നാരായണന്‍ കഴിഞ്ഞ ജനുവരിയില്‍ ഹബീബിനെതിരെ പരാതി നല്‍കിയിരുന്നു. ഇതില്‍ പ്രഥമദൃഷ്ട്യാ ഹബീബ് കുറ്റക്കാരനാണെന്ന് ഐടി അറ്റ് സ്കൂള്‍ മാര്‍ച്ച് 31ന് ഡിപിഐക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി.

സൈബര്‍ നിയമപ്രകാരം ഇത് ഗുരുതരമായ കുറ്റകൃത്യമാണെന്നും റിപ്പോര്‍ട്ടിലുണ്ട്. എന്നാല്‍, അന്വേഷണം അട്ടിമറിക്കുകയായിരുന്നു. ഡിപിഐയില്‍നിന്ന് മെയ് 25ന് ഇറങ്ങിയ ഉത്തരവില്‍ മലപ്പുറം ജില്ലാ കോ-ഓര്‍ഡിനേറ്ററായി കെ സബരീഷിനെയാണ് നിയമിച്ചത്. ഡിപിഐയെ പോലും അറിയിക്കാതെ ഉത്തരവ് ഐടി അറ്റ് സ്കൂള്‍ ഡയറക്ടര്‍ അട്ടിമറിച്ചു. മെയ് 31ന് സബരീഷിനെ മാറ്റി ഹബീബ് റഹ്മാനെ ജില്ലാ കോ-ഓര്‍ഡിനേറ്ററാക്കി നിയമിച്ച് ഉത്തരവിറക്കി.

എം വി പ്രദീപ് deshabhimani 141212

No comments:

Post a Comment