Friday, December 21, 2012

ഇറ്റലിക്കാര്‍ക്കു വേണ്ടി കേന്ദ്രം ഒത്തുകളിച്ചു


കടല്‍ക്കൊലക്കേസിലെ പ്രതികളായ ഇറ്റാലിയന്‍ സൈനികര്‍ക്ക് ഇന്ത്യ വിടാന്‍ സഹായിച്ചത് കേന്ദ്രസര്‍ക്കാരിന്റെ ഒത്തുകളി. ഹൈക്കോടതിയില്‍ കേന്ദ്രം പരസ്യമായി സൈനികര്‍ക്ക് അനുകൂലമായ നിലപാട് സ്വീകരിച്ചു. ഇറ്റാലിയന്‍ അംബാസഡറും കോണ്‍സുലാര്‍ ജനറലും പ്രതികള്‍ വിചാരണയ്ക്കായി തിരിച്ചെത്തുമെന്ന് കാണിച്ചു നല്‍കിയ ഉറപ്പ് കോടതി പരിശോധിച്ച് തീരുമാനമെടുക്കണമെന്ന കേന്ദ്രനിലപാട് കണക്കിലെടുക്കുകയാണെന്ന് ജസ്റ്റിസ് പി ഭവദാസന്‍ ഉത്തരവില്‍ വ്യക്തമാക്കി.

ഇറ്റാലിയന്‍ സര്‍ക്കാരിലെ ഉന്നതര്‍ കോടതിയില്‍ നല്‍കിയ ഉറപ്പ് പാലിക്കപ്പെടാതിരിക്കുമെന്ന് കരുതാനാവില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. രണ്ടു രാഷ്ട്രങ്ങള്‍ തമ്മിലുള്ള ബന്ധം നിര്‍ണായക ഘടകമാണെന്നും കോടതി വിലയിരുത്തി.

അംബാസഡര്‍ക്കും കോണ്‍സുലാര്‍ ജനറലിനും സൈനികരുടെ തിരിച്ചുവരവു സംബന്ധിച്ച് ഉറപ്പുനല്‍കാന്‍ അധികാരമുണ്ടെന്ന് ഇറ്റാലിയന്‍ പ്രതിരോധമന്ത്രി കേന്ദ്ര വിദേശകാര്യമന്ത്രിക്ക് അയച്ച നയതന്ത്ര കത്തില്‍ വ്യക്തമാക്കുന്നുണ്ടെന്നും കോടതി പറഞ്ഞു. സൈനികര്‍ക്ക് ഇന്ത്യ വിടണമെങ്കില്‍ ഇറ്റാലിയന്‍ സര്‍ക്കാര്‍ കേന്ദ്രസര്‍ക്കാരിനെ സമീപിക്കുകയാണ് വേണ്ടതെന്ന സംസ്ഥാന സര്‍ക്കാരിന്റെ വാദം കോടതി തള്ളി. സൈനികര്‍ക്കുവേണ്ടി ഇറ്റാലിയന്‍ സര്‍ക്കാര്‍ കേന്ദ്രസര്‍ക്കാരിനെ സമീപിച്ചിട്ടുണ്ട്. ഇറ്റാലിയന്‍ പ്രതിരോധമന്ത്രിയുടെ നയതന്ത്രകത്തില്‍നിന്ന് ഇക്കാര്യം വ്യക്തമാണെന്നും കോടതി പറഞ്ഞു. നാവികരുടെ യാത്രാരേഖകള്‍ വിട്ടുനല്‍കുന്ന കാര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനമെടുക്കണമെന്നും കോടതി നിര്‍ദേശിച്ചു. സൈനികര്‍ക്ക് ഇന്ത്യ വിടാന്‍ അനുമതി നല്‍കുന്ന കാര്യത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ നിലപാട് കോടതി നേരത്തെ ആരാഞ്ഞിരുന്നു. ഇന്ത്യയും ഇറ്റലിയും തമ്മിലുള്ള സൗഹൃദബന്ധം കണക്കിലെടുത്ത് അംബാസഡറും കോണ്‍സുലാര്‍ ജനറലും നല്‍കിയ ഉറപ്പിന് മുന്തിയ പരിഗണന നല്‍കി തീരുമാനമെടുക്കണമെന്നാണ് കേന്ദ്രത്തിനുവേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ അറിയിച്ചത്. ഇറ്റാലിയന്‍ പ്രതിരോധമന്ത്രി ഇന്ത്യന്‍ വിദേശകാര്യമന്ത്രിക്കയച്ച നയതന്ത്ര കത്തും അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ കോടതിക്ക് കൈമാറിയിരുന്നു.

No comments:

Post a Comment