Friday, December 21, 2012
സമാനതകളില്ലാത്ത തിരിച്ചുവരവ്
സംസ്ഥാന ക്ലബ് ഫുട്ബോളില്‍ തിരുവനന്തപുരം ഏജീസ് ഓസീസ് ടീം ചാമ്പ്യന്‍മാരാകുമ്പോള്‍ അത് കേരളത്തിന്റെ കായികചരിത്രത്തില്‍ സമാനതകളില്ലാത്തൊരു തിരിച്ചുവരവായി. മലപ്പുറത്തു നടന്ന ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലില്‍ ബുധനാഴ്ച കരുത്തരായ എസ്ബിടിയെ കീഴടക്കിയായിരുന്നു കിരീടധാരണം. 1960കളിലും "70കളിലും കത്തിക്കയറുകയും പിന്നെ ഓര്‍മകളില്‍നിന്നുപോലും പടിയിറങ്ങിപ്പോകുകയും ചെയ്ത ഒരു ടീം എല്ലാ ഗതകാലപ്രൗഢിയോടുംകൂടി ഉയിര്‍ത്തെഴുന്നേല്‍ക്കുന്ന അപൂര്‍വമായ കാഴ്ചയ്ക്കാണ് അരീക്കോട് പഞ്ചായത്ത് സ്റ്റേഡിയം സാക്ഷ്യംവഹിച്ചത്.
1970ല്‍ നടന്ന പ്രഥമ ക്ലബ് കപ്പില്‍ ജേതാക്കളായ ടീം നാല് പതിറ്റാണ്ടിനുശേഷം വീണ്ടും ചാമ്പ്യന്‍ടീമായി മാറി. പങ്കെടുക്കുക, പേരുദോഷം കേള്‍പ്പിക്കാതെ തിരിച്ചെത്തുക. സംസ്ഥാന ക്ലബ് ഫുട്ബോളിനായി ടീമിനെ അയക്കുമ്പോള്‍ തിരുവനന്തപുരം ഏജീസ് ഓഫീസ് അധികൃതര്‍ ഇത്രയേ ആഗ്രഹിച്ചിരുന്നുള്ളൂ. എന്നാല്‍ സാന്നിധ്യം അറിയിക്കാനെന്നപോലെ വന്ന്, ഏജീസ് കളംനിറയുന്ന കാഴ്ചയാണ് മലപ്പുറം കണ്ടത്. കളിയെയും കായികതാരങ്ങളെയും മറക്കുന്ന വിവിധ സര്‍ക്കാര്‍വകുപ്പുകള്‍ക്കും സ്ഥാപനങ്ങള്‍ക്കും അനുകരിക്കാവുന്ന മാതൃകകൂടിയാണ് ഏജീസിന്റെ ഈ പുത്തന്‍ ഉദയം. അറുപതുകളുടെ അവസാന പകുതിയിലും എഴുപതുകളുടെ ആദ്യവും കേരളത്തിലെ പേരുകേട്ട ടൂര്‍ണമെന്റുകളിലെല്ലാം ഏജീസിന്റെ തേരോട്ടമായിരുന്നു. ഒളിമ്പ്യന്‍ സൈമണ്‍ സുന്ദര്‍രാജിന്റെ ശിക്ഷണവും ആത്മാറാം, രവീന്ദ്രന്‍, ഉസ്മാന്‍കോയ, ജി രാഘവന്‍നായര്‍, അഹമ്മദ്കുട്ടി, കെ വി സൈമണ്‍, ശിവശങ്കരന്‍, കെ കെ വിനയന്‍, വി അശോകന്‍, ജോയ് ഉലഹന്നാന്‍ തുടങ്ങിയ കളിക്കാരുടെ പ്രതിഭയും ഈ മുന്നേറ്റത്തിന്റെ ഭാഗമായിരുന്നു. 1970ല്‍ ഫാക്ടിനെ കീഴടക്കിയാണ് ടീം ആദ്യ സംസ്ഥാന ക്ലബ് കിരീടം നേടിയത്. "72ല്‍ കരുത്തരായ പ്രീമിയര്‍ ടയേഴ്സിനോട് ഫൈനലില്‍ പൊരുതിത്തോറ്റു. പക്ഷേ, പിന്നീട് ഏതാനും വര്‍ഷംകൂടിയേ ടീം പിടിച്ചുനിന്നുള്ളൂ. അക്കാലത്ത് മിടുക്കന്മാരായ കളിക്കാരെ തേടിപ്പിടിച്ച് നിയമനം നല്‍കാന്‍ അക്കൗണ്ടന്റ് ജനറലിന് അധികാരമുണ്ടായിരുന്നു. പിന്നീട്, ഇത് ഇല്ലാതായതോടെ ടീം ക്ഷയിച്ചു. 1994നുശേഷം ഏജീസ് ഓഫീസില്‍ കേന്ദ്രസര്‍ക്കാര്‍ പൂര്‍ണ നിയമനിരോധം ഏര്‍പ്പെടുത്തിയതും തിരിച്ചടിയായി.
2011ല്‍ നിയമന നിരോധം പിന്‍വലിച്ചപ്പോള്‍ 10 കായികതാരങ്ങള്‍ക്ക് നിയമനം നല്‍കി. അതില്‍ അഞ്ചുപേര്‍ ഫുട്ബോള്‍താരങ്ങളായിരുന്നു. ഈ വര്‍ഷം ആറുപേര്‍കൂടി വന്നു. അതോടെ ടീം ഉണര്‍ന്നു. ടൈറ്റാനിയത്തിന്റെ മുന്‍കാല താരം പി വി ഗോപാലകൃഷ്ണനെ പരിശീലകനായും ലഭിച്ചു. കഴിഞ്ഞവര്‍ഷം ജില്ലാ എ ഡിവിഷന്‍ ലീഗില്‍ ജേതാക്കളായതോടെ കളമുറച്ച ടീം ഇത്തവണ ക്ലബ് ഫുട്ബോളിനിറങ്ങി. ആക്രമണമാണ് ഫുട്ബോളിന്റെ അടിസ്ഥാനമന്ത്രം എന്നു വിശ്വസിക്കുന്ന ഗോപാലകൃഷ്ണന്റെ തന്ത്രങ്ങളില്‍ വിശ്വാസമര്‍പ്പിച്ച ടീം അരീക്കോട് ആദ്യ നാലു കളിയില്‍നിന്ന് 10 ഗോള്‍ നേടി. തിരിച്ചുവാങ്ങിയത് രണ്ടെണ്ണംമാത്രം. 4-3-3 എന്ന പരമ്പരാഗത രീതിയിലാണ് ടീം അണിനിരക്കുന്നത്. കോഴിക്കോട്ടുകാരന്‍ അബ്ദുള്‍ബാസിത്, അരീക്കോടുകാരായ സലില്‍, ഷാമില്‍, കഴിഞ്ഞ സന്തോഷ്ട്രോഫിയിലെ ടോപ്സ്കോറര്‍ കണ്ണന്‍, കെഎസ്ഇബിയില്‍നിന്നു വന്ന ഗോളി ശ്രീജു, കേരള പൊലീസില്‍നിന്നു വന്ന മിഥുന്‍, അനീഷ്, മുന്‍ ജൂനിയര്‍ ഇന്ത്യന്‍താരം ആന്‍ഡ്രൂസ് എന്നീ മലയാളികളും മണിപ്പുരില്‍നിന്നുള്ള ഗോള്‍മായി, ഒബേദ് കാമി എന്നിവരുമാണ് ടീമിലെ പ്രധാന കളിക്കാര്‍. കെ എസ് അനില്‍കുമാര്‍, ടി എസ് മനോജ്, ബി അജിത്കുമാര്‍, എസ് കൃഷ്ണകുമാര്‍ എന്നീ മുതിര്‍ന്ന താരങ്ങള്‍ എല്ലാ പിന്തുണയും ആവേശവും പകര്‍ന്ന് ടീമിനൊപ്പമുണ്ട്. ഡെപ്യൂട്ടി അക്കൗണ്ടന്റ് ജനറല്‍ വി എസ് അശ്വതി, പ്രിന്‍സിപ്പല്‍ അക്കൗണ്ടന്റ് ആര്‍ എന്‍ ഘോഷ് എന്നിവരുടെ പിന്തുണയാണ് മികച്ച ടീമിനെ വാര്‍ത്തെടുക്കാന്‍ സഹായിച്ചതെന്ന് ഇവര്‍ പറഞ്ഞു. ക്രിക്കറ്റ്, ബാഡ്മിന്റണ്‍, ടേബിള്‍ ടെന്നീസ് താരങ്ങളെയും ഏജീസ് പ്രോത്സാഹിപ്പിക്കുന്നു. ഒരു പുതിയ കായികസംസ്കാരം വളര്‍ത്തിയെടുക്കാന്‍ പോന്ന നേട്ടമാണ് ഏജീസ് കൈവരിച്ചിരിക്കുന്നത്. അക്കൗണ്ടന്റ് എന്ന തസ്തികയിലാണ് ബിരുദധാരികളായ കളിക്കാര്‍ക്ക് നിയമനം നല്‍കുന്നത്. ഇത്തവണ സ്പോര്‍ട്സ് ക്വോട്ട നിയമനത്തിന് ഈ മാസം നോട്ടിഫിക്കേഷന്‍ ഇറക്കും.
(ഇ സുദേഷ്)
deshabhimani
Labels:
കായികം
Subscribe to:
Post Comments (Atom)
No comments:
Post a Comment