സുപ്രീംകോടതി ജഡ്ജി കൈക്കൂലി വാങ്ങുന്നത് നേരിട്ട് കണ്ടുവെന്ന് പ്രസംഗിച്ച കെ സുധാകരനെതിരെ രജിസ്റ്റര്‍ ചെയ്ത കേസ് പിന്‍വലിക്കാന്‍ അനുവദിക്കണമെന്ന വിജിലന്‍സിന്റെ ആവശ്യം കോടതി അംഗീകരിച്ചു. തിരുവനന്തപുരത്തെ പ്രത്യേക വിജിലന്‍സ് കോടതിയാണ് കേസ് പരിഗണിച്ചത്. കേസ് എഴുതിതള്ളാന്‍ അനുവദിക്കരുതെന്നാവശ്യപ്പെട്ട് അഡ്വ. നെയ്യാറ്റിന്‍കര നാഗരാജാണ് കോടതിയെ സമീപിച്ചത്. ഈ ഹര്‍ജിയാണ് കോടതി തള്ളിയത്.
വിജിലന്‍സ് ഡെപ്യൂട്ടി ഡയറക്ടര്‍ ജി ശശീന്ദ്രന്റെ നിയമോപദേശം പരിഗണിച്ച് കേസ് എഴുതിതള്ളുന്നതായാണ് വിജിലന്‍സ് അറിയിച്ചത്. അന്വേഷണത്തിന്റെ ഭാഗമായി ചോദ്യം ചെയ്ത പൊലീസുദ്യോഗസ്ഥരടക്കം ഭൂരിഭാഗം സാക്ഷികളും ജഡ്ജി കൈക്കൂലി വാങ്ങിയതായി സുധാകരന്‍ പ്രസംഗിക്കുന്നത് കേട്ടെന്നും മൊഴിനല്‍കിയിരുന്നു. എന്നിട്ടും കേസ് തള്ളുന്നത് ശരിയല്ലെന്നായിരുന്നു ഹര്‍ജിക്കാരന്റെ വാദം.
അനധികൃത ബാര്‍ ലൈസന്‍സ് റദ്ദുചെയ്ത ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതിയില്‍ നിന്ന് അനുകൂലവിധി സമ്പാദിക്കാന്‍ സുപ്രീംകോടതി ജഡ്ജി 15 ലക്ഷം രൂപ കൈക്കൂലി വാങ്ങിയതിന് താന്‍ ദൃക്സാക്ഷിയാണെന്നാണ് സുധാകരന്‍ പ്രസംഗിച്ചത്. ഇടമലയാര്‍ അഴിമതിക്കേസില്‍ ശിക്ഷ അനുഭവിക്കുന്നതിനിടെ യുഡിഎഫ് സര്‍ക്കാര്‍ മോചിപ്പിച്ച ആര്‍ ബാലകൃഷ്ണപിള്ളയ്ക്ക് കൊട്ടാരക്കരയില്‍ നല്‍കിയ സ്വീകരണയോഗത്തില്‍2011 ഫെബ്രുവരി 12നായിരുന്നു സുധാകരന്റെ വിവാദ "വെളിപ്പെടുത്തല്‍". 15 വര്‍ഷം മുമ്പ് കേരളഹൗസിലാണ് സംഭവം നടന്നതെന്നും പ്രസംഗിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ അഴിമതി നിരോധനിയമപ്രകാരം പൊലീസിന് വിവരം നല്‍കാതിരുന്നതിനും കുറ്റകൃത്യത്തിന് കൂട്ടുനിന്നതിനുമാണ് വിജിലന്‍സ് കേസെടുത്തത്.
ജഡ്ജിമാര്‍ക്കെതിരായ പരാമര്‍ശത്തെത്തുടര്‍ന്ന് സുധാകരനെതിരേ എല്‍ഡിഎഫ് സര്‍ക്കാര്‍ ക്രിമിനല്‍ കേസും എടുത്തിരുന്നു. ആ കേസ് അന്വേഷണം തുടരുകയാണ്. അത് നിലനില്‍ക്കുന്നതല്ലെന്ന സുധാകരന്റെ വാദം കോടതി തള്ളിയിരുന്നു.ആ കേസില്‍ അന്വേഷണച്ചുമതല ആദ്യം മ്യൂസിയം പൊലീസിനായിരുന്നു. പിന്നീട് തിരുവനന്തപുരം ക്രൈം ഡിറ്റാച്ച്മെന്‍റ് അസിസ്റ്റന്‍റ് കമ്മിഷണര്‍ കെ ഇ ബൈജുവിന് ചുമതല കൈമാറി. എന്നാല്‍, കൊട്ടാരക്കരയില്‍ നടന്ന സംഭവത്തില്‍ കേസെടുക്കാന്‍ മ്യൂസിയം പൊലീസിനും കേസ് പരിഗണിക്കാന്‍ തിരുവനന്തപുരം ഫസ്റ്റ്ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിക്കും അധികാരമില്ലെന്ന വാദവുമായി സുധാകരന്റെ അഭിഭാഷകന്‍ കോടതിയെ സമീപിച്ചു. ഈ വാദം കോടതി തള്ളി. കേസ് തുടര്‍ന്ന് അന്വേഷിക്കാന്‍ കോടതി പൊലീസിന് നിര്‍ദേശം നല്‍കിയിരുന്നു.
deshabhimani
No comments:
Post a Comment