Friday, December 21, 2012

ഗുജറാത്ത്: അഭിമാനിക്കാനാകാതെ ബിജെപിയും കോണ്‍ഗ്രസും


ഗുജറാത്തില്‍ നരേന്ദ്രമോഡിക്ക് മുന്നേറാനായില്ല. ബിജെപിയുടെ ദൗര്‍ബല്യത്തില്‍നിന്ന് നേട്ടമുണ്ടാക്കാനാകാതെ കോണ്‍ഗ്രസിന് തിരിച്ചടിയേറ്റു. ഇരുപാര്‍ടികള്‍ക്കും ആഹ്ലാദിക്കാന്‍ വകയില്ലാത്തതാണ് ഫലം. മൂന്നാംവട്ടവും നരേന്ദ്രമോഡി അധികാരത്തിലെത്തുന്നത് കോണ്‍ഗ്രസിന്റെ തകര്‍ച്ചയുടെകൂടി ചെലവിലാണ്. 2007 നേക്കാള്‍ ഒരു സീറ്റ് കുറവാണ് ബിജെപിക്ക്; 116 സീറ്റ്. കോണ്‍ഗ്രസിന് 59 സീറ്റില്‍നിന്ന് 60 സീറ്റായി ഉയര്‍ന്നു. മോഡിക്ക് വെല്ലുവിളി ഉയര്‍ത്തിയ കേശുഭായ് പട്ടേല്‍ വിസാവദാര്‍ മണ്ഡലത്തില്‍ ജയിച്ചെങ്കിലും അദ്ദേഹത്തിന്റെ പാര്‍ടിക്ക് ലഭിച്ചത് രണ്ട് സീറ്റ്.

കോണ്‍ഗ്രസ് സഖ്യകക്ഷി എന്‍സിപി രണ്ട് സീറ്റ് നേടി.ഐക്യജനതാദളിനും ഒരു സീറ്റുണ്ട്. കേശുഭായ് പട്ടേലും സംഘവും വേര്‍പിരിഞ്ഞത് ബിജെപിയെ സംഘടനാപരമായി ക്ഷീണിപ്പിച്ചു. മോഡിയുടെ "വികസനം"&ൃെൂൗീ;ജനജീവിതം മെച്ചപ്പെടുത്തിയില്ലെന്ന വിമര്‍ശം ഉയര്‍ന്നുവന്നു. സര്‍ക്കാര്‍അഴിമതിയില്‍ മുങ്ങിക്കുളിച്ചുവെന്നത് തുറന്നുകാട്ടപ്പെട്ടു. മോഡിയുടെ ഭരണനയങ്ങള്‍ ജനവിരുദ്ധമായിരുന്നു. വരള്‍ച്ചയും കാര്‍ഷികത്തകര്‍ച്ചയും സര്‍ക്കാരിന്റെ നിഷ്ക്രിയത്വവും അസംതൃപ്തി വളര്‍ത്തി. പക്ഷേ, ഇവ ഉയര്‍ത്തി തെരഞ്ഞെടുപ്പ് നേരിടാനുള്ള ആര്‍ജവം കോണ്‍ഗ്രസിനുണ്ടായില്ല. ഇതുകൊണ്ടാണ് മോഡിക്കെതിരായ ജനവികാരത്തെ കോണ്‍ഗ്രസിന് പ്രയോജനപ്പെടുത്താനാകാഞ്ഞത്. കേന്ദ്രഭരണത്തിന്റെ ജനവിരുദ്ധതമൂലം തങ്ങള്‍ക്ക്&ാറമവെ;എങ്ങനെ ഗുജറാത്തില്‍ ബിജെപിയെ നേരിടാന്‍ കഴിയും എന്ന ചോദ്യം കോണ്‍ഗ്രസിനെ അലട്ടിയിരുന്നു. ബിജെപിയുടെ കടുത്ത ഹൈന്ദവ വര്‍ഗീയതയെ ശക്തമായി എതിര്‍ത്ത് മതനിരപേക്ഷ രാഷ്ട്രീയത്തിന്റെ പ്രാധാന്യം ഉയര്‍ത്തിപ്പിടിക്കാന്‍ കോണ്‍ഗ്രസിന് കഴിഞ്ഞില്ല എന്നതാണ്.

2002ലെ വംശഹത്യയും അതുണ്ടാക്കിയ ഭീതിയും ജനങ്ങളുടെ മനസ്സില്‍നിന്ന് മാഞ്ഞിട്ടില്ല. എന്നാല്‍, കോണ്‍ഗ്രസ് ഇതേക്കുറിച്ചൊന്നും പരാമര്‍ശിക്കാതെയാണ് തെരഞ്ഞെടുപ്പിനെ നേരിട്ടത്. ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് ധൈര്യവും ആത്മവിശ്വാസവും പകരാന്‍ കോണ്‍ഗ്രസിനായില്ല. പിസിസി പ്രസിഡന്റും നിയമസഭാ കക്ഷിനേതാവും തോറ്റത് കോണ്‍ഗ്രസ് ഒറ്റപ്പെട്ടതിന്റെ തെളിവ്. ഗാന്ധിജിയുടെ ജന്മനാടായ പോര്‍ബന്ദറിലാണ് പിസിസി അധ്യക്ഷന്‍ അര്‍ജുന്‍ മൊദ്വാദിയ തോറ്റത്. ജനവിധി തേടിയ മൂന്ന് കോണ്‍ഗ്രസ് എംപിമാരും തോറ്റു. ശങ്കര്‍സിങ് വഗേല കപട്വഞ്ചില്‍ ജയിച്ചതാണ് കോണ്‍ഗ്രസിന് ആശ്വാസം. സൗരാഷ്ട്രയില്‍ ബിജെപി വോട്ടില്‍ കുറവുവരുത്താന്‍ കേശുഭായ് പട്ടേലിന്റെ ഗുജറാത്ത് പരിവര്‍ത്തന്‍ പാര്‍ടിക്ക് കഴിഞ്ഞു. കാര്‍ഷികത്തകര്‍ച്ചയും വരള്‍ച്ചയും ജിപിപി വിനിയോഗിച്ചു. നഗരങ്ങളിലാണ് ബിജെപി നേട്ടമുണ്ടാക്കിയത്. ഗ്രാമീണമേഖലകളില്‍ ബിജെപിയുടെ വോട്ട് ചോര്‍ന്നു; സീറ്റ് കുറഞ്ഞു.
(വി ജയിന്‍)

ഭരണവിരുദ്ധ വികാരം പ്രതിഫലിപ്പിച്ച് ഹിമാചല്‍

ഗുജറാത്തിലെ തോല്‍വി മറികടക്കാന്‍ ഹിമാചലിലെ വിജയം ആശ്വാസമായെങ്കിലും കോണ്‍ഗ്രസിന് അത്യാഹ്ലാദത്തിന് വകയില്ല. 1977ന് ശേഷം സംസ്ഥാനത്ത് സര്‍ക്കാരുകള്‍ മാറിമാറി വരുന്ന പതിവ് ഹിമാചലില്‍ ആവര്‍ത്തിച്ചെന്നുമാത്രം. എന്നാല്‍, കേവല ഭൂരിപക്ഷത്തിനുവേണ്ട 35 സീറ്റിനേക്കാള്‍ ഒരു സീറ്റുമാത്രമാണ് അധികം കിട്ടിയത്. ഗ്രൂപ്പുപോരിന് പേരുകേട്ടതാണ് ഹിമാചല്‍ കോണ്‍ഗ്രസ് എന്നിരിക്കെ ഒരു എംഎല്‍എയുടെ മാത്രം ഭൂരിപക്ഷത്തില്‍ ഭരണം എത്രനാള്‍ മുന്നോട്ടുപോകുമെന്നത് കാത്തിരുന്നു കാണണം.

മൂന്ന് ഘടകങ്ങളാണ് അധികാരത്തില്‍ തിരിച്ചുവരാന്‍ കോണ്‍ഗ്രസിന് സഹായകമായത്. ഒന്ന് പ്രേംകുമാര്‍ ധൂമലിന്റെ അഴിമതി ഭരണത്തിനെതിരായ ജനവികാരം. രണ്ട്, ബിജെപിയിലെ ഗ്രൂപ്പുപോര്. മൂന്ന്, ബിജെപി വിമതന്‍ മഹേശ്വര്‍സിങ്ങിന്റെ ഹിമാചല്‍ ലോക്ഹിത് പാര്‍ടിയുടെ സാന്നിധ്യം. തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ്സംഘടനയെ നയിക്കാന്‍ വീരഭദ്ര സിങ്ങിനെ ചുമതലപ്പെടുത്തിയ കോണ്‍ഗ്രസ് നേതൃത്വത്തിന്റെ തീരുമാനം വിജയം കണ്ടു. ധൂമലിനോട് സൗഹാര്‍ദപൂര്‍ണ സമീപനം സ്വീകരിക്കുന്നുവെന്ന് ആക്ഷേപം ഉയര്‍ന്നതിനെത്തുടര്‍ന്ന് പിസിസി അധ്യക്ഷന്‍ കോള്‍സിങ്ങിനെ മാറ്റിയാണ് വീരഭദ്രസിങ്ങിനെ നിയോഗിച്ചത്. ഷിംല റൂറലില്‍ ഏകദേശം 19,000 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് അദ്ദേഹം ജയിച്ചത്. വീരഭദ്രസിങ്ങിനെതിരായ അഴിമതി ആരോപണങ്ങള്‍ തെരഞ്ഞെടുപ്പുരംഗത്ത് കാര്യമായി ഏശിയില്ല. ധൂമലിന്റെ ജനവിരുദ്ധ ഭരണമായിരുന്നു മുഖ്യ വിഷയം. ഒപ്പം ബിജെപിയുടെ ഗ്രൂപ്പുപോര് കൂടിയായതോടെ കോണ്‍ഗ്രസിന് കാര്യങ്ങള്‍ എളുപ്പമായി. ധൂമല്‍- ശാന്തകുമാര്‍ ശീതസമരം പല മണ്ഡലങ്ങളിലും ബിജെപിയുടെ സാധ്യത അടച്ചു. ശാന്തകുമാറിന്റെ തട്ടകമായ കാംഗ്രയില്‍ ധൂമല്‍ ഏകപക്ഷീയമായി സ്ഥാനാര്‍ഥികളെ തീരുമാനിച്ചതാണ് പ്രശ്നം വഷളാക്കിയത്.

ഷിംലയിലും തിയോഗിലും സിപിഐ എം സ്ഥാനാര്‍ഥികള്‍ ശക്തമായ മത്സരം കാഴ്ചവച്ചു. കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവ് വിദ്യാസ്റ്റോക്സ് ജയിച്ച തിയോഗില്‍ സിപിഐ എമ്മിന്റെ രാകേഷ് സിംഘയ്ക്ക് പതിനായിരത്തിലേറെ വോട്ട് ലഭിച്ചു. ഷിംലയില്‍ സിപിഐ എമ്മിന്റെ ടിക്കന്ദര്‍സിങ് എണ്ണായിരത്തിലേറെ വോട്ടുനേടി.
(എം പ്രശാന്ത്)

deshabhimani 211212

No comments:

Post a Comment