Friday, December 21, 2012

പാര്‍ലമെന്റിലേക്ക് വന്‍ തൊഴിലാളി മാര്‍ച്ച്


കേന്ദ്ര ട്രേഡ് യൂണിയനുകളുടെയും വിവിധ മേഖലകളിലെ ജീവനക്കാരുടെ സംഘടനകളുടെയും ആഭിമുഖ്യത്തില്‍ ഡല്‍ഹിയില്‍ അരലക്ഷത്തിലധികം പേര്‍ പങ്കെടുത്ത പാര്‍ലമെന്റ് മാര്‍ച്ച് നടത്തി. രണ്ടു ദിവസമായി രാജ്യവ്യാപകമായി നടന്ന ജയില്‍ നിറയ്ക്കല്‍ സമരത്തിന്റെ സമാപനം കുറിച്ചായിരുന്നു പാര്‍ലമെന്റ് മാര്‍ച്ച്. മാര്‍ച്ചില്‍ സിഐടിയു പ്രസിഡന്റ് എ കെ പത്മനാഭന്‍, ജനറല്‍ സെക്രട്ടറി തപന്‍സെന്‍ എംപി, എഐടിയുസി ജനറല്‍ സെക്രട്ടറി ഗുരുദാസ് ദാസ് ഗുപ്ത എംപി, ബി എന്‍ റായ് (ബിഎംഎസ്), അശോക്സിങ്(ഐഎന്‍ടിയുസി), ആര്‍ എ മിത്തല്‍ (എച്ച്എംഎസ്), അശോക്സിങ് (യുടിയുസി), എസ് പി തിവാരി (ടിയുസിസി), ഷണ്‍മുഖം(എല്‍പിഎഫ്) തുടങ്ങിയവര്‍ സംസാരിച്ചു.

ഫെബ്രുവരി 20, 21 തീയതികളില്‍ നടക്കുന്ന അഖിലേന്ത്യാ പൊതുപണിമുടക്ക് വന്‍ വിജയമാക്കുമെന്ന് തൊഴിലാളികള്‍ പ്രഖ്യാപിച്ചു. ഡല്‍ഹിയില്‍ ബസില്‍ പെണ്‍കുട്ടിയെ കൂട്ടബലാല്‍സംഗംചെയ്ത സംഭവത്തെയും അപലപിച്ചു. ഗുഡ്ഗാവില്‍ മാരുതി തൊഴിലാളികളുടെ സമരത്തിന് പിന്തുണ പ്രഖ്യാപിച്ചു. ട്രേഡ് യൂണിയനുകള്‍ക്കു പുറമെ ബാങ്ക്, ഇന്‍ഷുറന്‍സ്, പ്രതിരോധം, ടെലികോം എന്നീ മേഖലകളിലെ ജീവനക്കാരുടെ സംഘടനകളും മാര്‍ച്ചില്‍ പങ്കെടുത്തു. വിലക്കയറ്റം തടയാന്‍ നടപടികളെടുക്കുക, തൊഴിലവസരം സൃഷ്ടിക്കാന്‍ പദ്ധതികള്‍ നടപ്പാക്കുക, തൊഴില്‍നിയമങ്ങള്‍ കര്‍ശനമായി നടപ്പാക്കുക, അസംഘടിത തൊഴിലാളികള്‍ക്കായി ദേശീയ സാമൂഹ്യസുരക്ഷാ ഫണ്ട് ഏര്‍പ്പെടുത്തുക, പൊതുമേഖലാ സ്ഥാപന ഓഹരിവില്‍പ്പന അവസാനിപ്പിക്കുക, മിനിമം വേതനം 10,000 രൂപയായി നിശ്ചയിക്കുക, ബോണസ് പരിധി എടുത്തുകളയുക, എല്ലാ തൊഴിലാളികള്‍ക്കും ജീവനക്കാര്‍ക്കും പെന്‍ഷന്‍ നല്‍കുക എന്നീ ആവശ്യങ്ങള്‍ തൊഴിലാളികള്‍ ഉന്നയിച്ചു.

deshabhimani 211212

No comments:

Post a Comment