Friday, December 21, 2012

എം എം മണിക്ക് ജാമ്യം നിഷേധിക്കാന്‍ ഭരണനേതൃത്വം ഒത്തുകളിക്കുന്നു


പൊതുയോഗത്തിലെ പ്രസംഗത്തിന്റെ പേരില്‍ രാഷ്ട്രീയപ്രേരിതമായി കേസെടുത്ത് ജയിലിലടച്ച എം എം മണിക്ക് ജാമ്യം അനുവദിക്കാതിരിക്കാന്‍ ആഭ്യന്തരവകുപ്പും രാഷ്ട്രീയനേതൃത്വവും ഒത്തുകളിക്കുന്നു. കേസന്വേഷണം പ്രാഥമികഘട്ടത്തിലാണെന്നും മണിയെ മോചിപ്പിച്ചാല്‍ തെളിവ് നശിപ്പിക്കുമെന്നുമുള്ള യുക്തിക്ക് നിരക്കാത്ത വാദമാണ് പ്രോസിക്യൂഷന്‍ മുന്നോട്ടുവച്ചത്. 30 വര്‍ഷം പഴക്കമുള്ള കേസില്‍ എന്ത് തെളിവാണ് ഇനി നശിപ്പിക്കുകയെന്ന ചോദ്യം ഈ ഘട്ടത്തില്‍ ഉയര്‍ന്നു. കോടതി നടപടികളെല്ലാം പൂര്‍ത്തീകരിച്ച കേസില്‍ മൂന്ന് പതിറ്റാണ്ടിനുശേഷം തെളിവ് അന്വേഷിക്കുന്നതിന്റെ അനൗചിത്യവും ചര്‍ച്ചയായി.

വര്‍ഷങ്ങള്‍ക്കുമുമ്പ് മേല്‍ക്കോടതിയില്‍ തീര്‍പ്പായ കേസില്‍ പുനരന്വേഷണവുമായി ബന്ധപ്പെട്ടാണ് ഒരാളുടെ മൊഴിയെ തുടര്‍ന്ന് മണിയുടെ പേരില്‍ കേസ് രജിസ്റ്റര്‍ ചെയ്തത്. ഒരു കേസില്‍ രണ്ട് വിചാരണ പാടില്ലെന്ന നിയമത്തിനും തത്വത്തിനും വിരുദ്ധമായി ഫയല്‍ ചെയ്ത രണ്ടാം എഫ്ഐആര്‍ റദ്ദാക്കണമെന്ന മണിയുടെ വാദം ഹൈക്കോടതിയിലും സുപ്രീംകോടതിയിലും പരിഗണനയിലിരിക്കുമ്പോഴാണ് പകപോക്കല്‍ രാഷ്ട്രീയം തുടരുന്നത്. ആദ്യഘട്ടത്തില്‍ ജാമ്യം നിഷേധിക്കുന്നതിന് കാരണമായി കോടതി ചൂണ്ടിക്കാണിച്ച സാഹചര്യങ്ങള്‍ മാറിയെന്ന വസ്തുത പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ രണ്ടാമതും ജാമ്യാപേക്ഷ നല്‍കിയപ്പോള്‍ മണിയുടെ അഭിഭാഷകന്‍ വ്യക്തമാക്കിയിരുന്നു. മണിക്കൊപ്പം പ്രതിചേര്‍ക്കപ്പെട്ട മറ്റ് രണ്ടുപേരെയും പൊലീസ് കസ്റ്റഡിയില്‍ വിട്ട കാര്യവും സാക്ഷികളെ ചോദ്യംചെയ്ത കാര്യവും വ്യക്തമാക്കി. എന്നാല്‍, മണിയെ പുറത്തിറങ്ങാന്‍ അനുവദിക്കരുതെന്ന നിലപാടിലായിരുന്നു സര്‍ക്കാര്‍. കേസന്വേഷണം സാവധാനമാണ് പുരോഗമിക്കുന്നതെന്ന വാദം നിരത്തിയ പ്രോസിക്യൂഷന്‍, മണി പുറത്തിറങ്ങിയാല്‍ അത് കേസിന്റെ തെളിവെടുപ്പിനെ ബാധിക്കുമെന്ന പല്ലവി ആവര്‍ത്തിച്ചു. ഈ വാദത്തിന് ബലം പകരാന്‍ ജാമ്യാപേക്ഷയില്‍ വിധി പറയുന്നതിന് മുമ്പായി അന്വേഷണ ഉദ്യോഗസ്ഥനെക്കൊണ്ട് റിപ്പോര്‍ട്ട് തയ്യാറാക്കിച്ച് കോടതിക്ക് കൈമാറി. എം എം മണിയേയും പ്രതി ചേര്‍ക്കപ്പെട്ട ഒ ജി മദനന്‍, കൈനകരി കുട്ടന്‍ എന്നിവരെയും കഴിയുന്നത്രയും കാലം ജയിലിലിടുകയെന്ന അജണ്ടയാണ് ആഭ്യന്തരവകുപ്പും ഭരണനേതൃത്വവും കോടതിയെ ഉപയോഗിച്ച് നടപ്പാക്കുന്നത്. മണിയെ ശിക്ഷിക്കാന്‍ കഴിയില്ലെന്നറിയാവുന്നതിനാല്‍ റിമാന്‍ഡ് കാലാവധി പരമാവധി നീട്ടി അദ്ദേഹത്തെ പീഡിപ്പിക്കുകയെന്ന തന്ത്രമാണ് യുഡിഎഫ് പയറ്റുന്നത്.

deshabhimani 211212

No comments:

Post a Comment