നിരപരാധികളായ രണ്ട് മത്സ്യത്തൊഴിലാളികളെ കടലില്‍ വെടിവച്ചുകൊന്ന കേസിലെ പ്രതികളായ ഇറ്റാലിയന്‍ നാവികരെ ക്രിസ്മസ് ആഘോഷത്തിന് സ്വന്തം രാജ്യത്തേക്ക് വിടാനുള്ള കോടതിവിധിയോടെ കോണ്‍ഗ്രസ് നയിക്കുന്ന കേന്ദ്രസര്‍ക്കാര്‍ നടത്തിയ കള്ളക്കളി പുറത്തായെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. കൊലപാതകികള്‍ക്ക് അനുകൂലമായി തീരുമാനമെടുക്കുന്ന കോണ്‍ഗ്രസ് തന്നെയാണ് മറ്റ് ചില കേസുകളില്‍ നിരപരാധികളായ ഉന്നത നേതാക്കളെയടക്കം പിടികൂടി ജയിലില്‍ അടയ്ക്കുന്നതെന്നും പിണറായി ചൂണ്ടിക്കാട്ടി. കൊല്ലം ഈസ്റ്റ് ഏരിയയിലെ ഇരവിപുരം ഈസ്റ്റ് ലോക്കല്‍കമ്മിറ്റിയില്‍പ്പെട്ട കൂട്ടിക്കടയിലെ സിപിഐ എം പ്രവര്‍ത്തകന്‍ ബി നൗഷാദിന്റെ കുടുംബസഹായഫണ്ട് കൈമാറി സംസാരിക്കുകയായിരുന്നു പിണറായി.
എല്ലാ സ്വാധീനവും ഉപയോഗിച്ച് ഇറ്റാലിയന്‍ ഗവണ്‍മെന്റ് നാവികരെ കേസില്‍നിന്ന് രക്ഷപ്പെടുത്താന്‍ ശ്രമിച്ചു. ഇന്ത്യന്‍ നിയമപ്രകാരം അവര്‍ക്കെതിരെ കേസെടുക്കാനാകില്ലെന്നും പ്രതികളാക്കാന്‍ ആകില്ലെന്നും അവര്‍ വാദിച്ചു. നാവികര്‍ക്കെതിരെ ഇറ്റാലിയന്‍ ഗവണ്‍മെന്റാണ് കേസെടുക്കേണ്ടതെന്നും അവര്‍ ഒരുഘട്ടത്തില്‍ വാദമുന്നയിച്ചു. ഇതിനെതിരെ നമ്മുടെ നാട്ടില്‍ ഉയര്‍ന്ന ബഹുജനരോഷം തണുപ്പിക്കാന്‍ സര്‍ക്കാരിന് ചില നടപടികള്‍ എടുക്കേണ്ടിവന്നു. അതിന്റെ ഫലമായാണ് നാവികര്‍ ജയിലില്‍ ആയത്. ഇപ്പോള്‍ അവര്‍ സ്വദേശത്തേക്ക് മടങ്ങാനുള്ള സൗകര്യം ഒരുക്കിയത് കേന്ദ്രസര്‍ക്കാരാണ്. ഇത് മറ്റ് പല താല്‍പ്പര്യങ്ങള്‍ക്കും വഴങ്ങിയാണെന്നും പിണറായി പറഞ്ഞു.
സിപിഐ എമ്മിന്റെ സമുന്നത നേതാക്കളില്‍ ഒരാളായ എം എം മണിയെ നിരപരാധിയാണെന്ന് അറിഞ്ഞിട്ടും കള്ളക്കേസില്‍ കുടുക്കി ജയിലില്‍ അടച്ചു. 30 വര്‍ഷംമുമ്പ് ഉണ്ടായ ഒരു കേസില്‍ കോടതിവിധി വരികയും അത് നടപ്പാകുകയും ചെയ്തിരുന്നു. ആ കേസാണ് തെളിവുകളൊന്നുമില്ലാതെ ഇപ്പോള്‍ പുനരന്വേഷിക്കുന്നത്. ജാമ്യഹര്‍ജി നല്‍കിയ മണിക്ക് ജാമ്യം അനുവദിക്കാന്‍ നീതിന്യായകോടതികള്‍ തയ്യാറായില്ല. മണിക്കെതിരെ വ്യക്തമായ തെളിവുകള്‍ ഇനിയും കണ്ടെത്തേണ്ടതുണ്ട് എന്നാണ് ജാമ്യാപേക്ഷ പരിഗണിച്ച കോടതികളില്‍ സര്‍ക്കാര്‍ വാദിച്ചത്. ഇതിനര്‍ഥം നിലവില്‍ മണിക്കെതിരെ തെളിവില്ലെന്നാണ്. അദ്ദേഹം നിരപരാധിയാണെന്നുമാണ്. എന്നിട്ടും അദ്ദേഹത്തിന് ജാമ്യം നല്‍കാത്ത കോടതികള്‍ നീതിന്യായ വ്യവസ്ഥയുടെതന്നെ വിശ്വാസ്യത തകര്‍ക്കുകയാണ്. ടി പി ചന്ദ്രശേഖരന്‍ വധക്കേസില്‍ തങ്ങള്‍ക്കെതിരെ തെളിവില്ലെന്ന് പ്രതിപട്ടികയിലെ ചിലര്‍ കോടതിയില്‍ വാദിച്ചു. ഈ വാദമുന്നയിച്ചവരില്‍ രണ്ടുപേരെ മതിയായ തെളിവില്ലെന്ന കാരണത്താല്‍ കോടതി പ്രതിപ്പട്ടികയില്‍നിന്ന് ഒഴിവാക്കി. ഞങ്ങള്‍ ചന്ദ്രശേഖരന്‍വധക്കേസ് അന്വേഷണത്തെ സംബന്ധിച്ച് നേരത്തെ ഉന്നയിച്ച കാര്യങ്ങള്‍ ശരിയാണെന്നാണ് ഇത് തെളിയിക്കുന്നത്. അബ്ദുല്‍നാസര്‍ മഅ്ദനിക്കെതിരായ കേസിലും സ്വാഭാവികനീതിയുടെ ലംഘനമാണ് കാണുന്നത്. പണ്ട് തീവ്രവാദ നിലപാട് എടുത്തപ്പോള്‍ മഅ്ദനിയെ പിന്തുണയ്ക്കാനും നിയമസഭാ തെരഞ്ഞെടുപ്പില്‍ അദ്ദേഹത്തിന്റെ പാര്‍ടിക്ക് രണ്ട് സീറ്റ് നല്‍കാനും തയ്യാറായവരുമാണ് കോണ്‍ഗ്രസും യുഡിഎഫും. പഴയ തീവ്രവാദനിലപാട് തെറ്റായിപ്പോയെന്നും ഇനി മതനിരപേക്ഷ നിലപാടായിരിക്കും താന്‍ സ്വീകരിക്കുകയെന്നും ഒരുഘട്ടത്തില്‍ മഅ്ദനി വ്യക്തമാക്കി. അതോടെ ആര്‍എസ്എസിന്റെ രഹസ്യഅജണ്ട നടപ്പാക്കാന്‍ കോണ്‍ഗ്രസും യുഡിഎഫും വലതുപക്ഷമാധ്യമങ്ങളും പശ്ചാത്തലമൊരുക്കല്‍ തുടങ്ങി- പിണറായി പറഞ്ഞു.
കേന്ദ്രസര്‍ക്കാര്‍ നിലപാട് പ്രതിഷേധാര്‍ഹം
തിരു: ഇറ്റാലിയന്‍ സൈനികര്‍ക്ക് ക്രിസ്മസ് ആഘോഷിക്കാന്‍ നാട്ടിലേക്ക് പോകുന്നതിന് അനുവാദം നല്‍കാമെന്ന് കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയില്‍ ബോധിപ്പിച്ച നിലപാട് തികച്ചും പ്രതിഷേധാര്‍ഹവും മത്സ്യത്തൊഴിലാളികളോടുള്ള വഞ്ചനയുമാണെന്ന് കേരള സംസ്ഥാന മത്സ്യത്തൊഴിലാളി ഫെഡറേഷന്‍ (സിഐടിയു) പ്രസിഡന്റ് എം എം ലോറന്‍സും ജനറല്‍ സെക്രട്ടറി അഡ്വ. വി വി ശശീന്ദ്രനും അഭിപ്രായപ്പെട്ടു. ഇറ്റാലിയന്‍ സൈനികരെ രക്ഷപ്പെടുത്താനുള്ള ശ്രമമാണ് കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ സ്വീകരിച്ചത്. പ്രഥമവിവര റിപ്പോര്‍ട്ടുമുതല്‍തന്നെ സൈനികര്‍ക്ക് രക്ഷപ്പെടാനുള്ള പഴുതുണ്ടാക്കിയാണ് കേസെടുത്തതെന്നതും വസ്തുതയാണ്. എല്ലാവര്‍ക്കും അറിയാം ഇറ്റാലിയന്‍ സൈനികരെ രക്ഷപ്പെടുത്താനുള്ള നീക്കം മത്സ്യത്തൊഴിലാളി സമൂഹത്തോടുള്ള വഞ്ചനയാണെന്നും മത്സ്യത്തൊഴിലാളി ഗ്രാമങ്ങളില്‍ കേന്ദ്രസര്‍ക്കാര്‍ നിലപാടിനെതിരായി ശക്തമായ പ്രതിഷേധം ഉയര്‍ന്നുവരണമെന്നും എം എം ലോറന്‍സും വി വി ശശീന്ദ്രനും അഭ്യര്‍ഥിച്ചു.
deshabhimani 221212
No comments:
Post a Comment