Thursday, December 13, 2012

അരി കത്തിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി

മുളങ്കുന്നത്തുകാവ് എഫ്സിഐ ഗോഡൗണില്‍ അരി കത്തിച്ചിട്ടേയില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. 1594 ടണ്‍ അരി കത്തിച്ചെന്ന പ്രതിപക്ഷ ആക്ഷേപം ശരിയല്ല. അരി കുഴിച്ചിടുകയാണുണ്ടായത്. 43 ചാക്ക് വരുന്ന 1.594 ടണ്‍ അരിയാണ് കുഴിച്ചിട്ടത്. ഇത് 2010 മുതലുള്ള സ്റ്റോക്കാണ്. ഇതേപ്പറ്റി എഫ്സിഐയില്‍നിന്ന് റിപ്പോര്‍ട്ട് കിട്ടിയിട്ടുണ്ട്. റിപ്പോര്‍ട്ട് സി ദിവാകരന് നല്‍കാം. എന്നിട്ടും അന്വേഷണം വേണമെന്നു പറഞ്ഞാല്‍ കേന്ദ്രത്തോടാവശ്യപ്പെടാമെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. അരി കത്തിച്ചത് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് മുഖപത്രമായ വീക്ഷണം മുഖപ്രസംഗം എഴുതിയതറിയില്ല. സര്‍ക്കാര്‍നിലപാടാണ് താന്‍ വ്യക്തമാക്കിയത്. അടിയന്തരപ്രമേയ ചര്‍ച്ചയില്‍ മന്ത്രി അനൂപ് ജേക്കബ്ബിനെ മറുപടി പറയാന്‍ അനുവദിക്കാത്ത പ്രതിപക്ഷസമീപനം ജനത്തോടുള്ള വഞ്ചനയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. പൂഴ്ത്തിവയ്പും കരിഞ്ചന്തയും തടയാന്‍ ഒമ്പത് റെയ്ഡ് നടത്തിയതായും മുഖ്യമന്ത്രി പറഞ്ഞു. സപ്ലൈാകോയില്‍ വിതരണംചെയ്യുന്ന 13 സാധനങ്ങള്‍ക്ക് 2006നുശേഷം വിലകൂട്ടിയിട്ടില്ല. ഡിസംബറില്‍ വിലകൂട്ടുമെന്ന മുന്നറിയിപ്പുമായി സപ്ലൈകോ വിജിലന്‍സ് വിഭാഗം റിപ്പോര്‍ട്ടൊന്നും നല്‍കിയിരുന്നില്ല. ഇതേപ്പറ്റിയുള്ള മലയാളമനോരമ വാര്‍ത്ത ശരിയല്ല. വിലകൂടുന്ന സാഹചര്യത്തില്‍ റേഷന്‍കടയിലൂടെ പത്തുകിലോ അരിയും സപ്ലൈകോയിലൂടെ 15 കിലോയും 19.50 രൂപയ്ക്ക് വിതരണംചെയ്യുമെന്ന് അനൂപ് ജേക്കബ് പറഞ്ഞു. പൊതുവിപണിയില്‍ അരിക്ക് 50 രൂപയില്ല. 28.40 മുതല്‍ 35.46 രൂപയേയുള്ളൂ. അഴിമതിയും കൈക്കൂലിയുമാണ് ഭക്ഷ്യവകുപ്പിലെന്ന ആക്ഷേപം ശരിയല്ലെന്നും അനൂപ് പറഞ്ഞു.

deshabhimani 131212

No comments:

Post a Comment