Thursday, December 13, 2012

കനിവില്ലാത്ത അധികൃതരേ, കാണുമോ ഈ കണ്ണീര്‍?


അഞ്ചാലുംമൂട്: എന്തിനാ ഈ സര്‍ക്കാര്‍ ഞങ്ങളെ ഇങ്ങനെ കഷ്ടപ്പെടുത്തുന്നത്. നില്‍ക്കാനും ഇരിക്കാനും വയ്യാത്ത ഈ വൃദ്ധ എങ്ങനെയാ കൊല്ലത്തൊക്കെപോയി ആധാര്‍ എടുക്കുന്നത്. വണ്ടിയിലും വള്ളത്തിലും ഒന്നുപോകാന്‍ വയ്യ. വയസ്സ് 80 ആയി. പെന്‍ഷന്‍ ഇപ്പോള്‍ തരുന്നതുപോലെ പോസ്റ്റ്മാന്റെ കൈയില്‍ ഇങ്ങ് കൊടുത്തുവിട്ടാല്‍ പോരേ. കുരീപ്പുഴ ചരുവിളവീട്ടില്‍ മീനാക്ഷിയമ്മയുടെ ദുഃഖം കണ്ടാല്‍ മന്ത്രിമാരൊഴികെ ഏതൊരു മനുഷ്യസ്നേഹിയുടെയും ഹൃദയംനുറുങ്ങും. ക്ഷേമ പെന്‍ഷനുകളെല്ലാം ബാങ്ക് വഴിയാക്കി ആധാര്‍ നമ്പര്‍ നിര്‍ബന്ധമാക്കിയതോടെ ജീവിതത്തില്‍ ഏക ആശ്രയമായ വാര്‍ധക്യകാല പെന്‍ഷന്‍കൂടി ഇല്ലാതാകുമെന്ന ആശങ്കയിലാണ് മീനാക്ഷിയമ്മ. സ്വന്തമായുണ്ടായിരുന്ന ഒമ്പത് സെന്റ് പുരയിടവും വീടും മക്കള്‍ തന്ത്രപൂര്‍വം കൈക്കലാക്കി. ഓടിട്ട പഴയ വീട് പൊളിച്ചുമാറ്റി കോണ്‍ക്രീറ്റ് വീട് നിര്‍മിക്കാമെന്ന് പറഞ്ഞാണ് സൈനികനായ കൊച്ചുമകന്‍ വീട് വൃദ്ധയുടെ കൈയില്‍നിന്ന് സ്വന്തമാക്കിയത്. സഹായിക്കാന്‍ ആരും തുണയില്ലാത്ത നടക്കാന്‍പോലും കഴയാത്ത ഈ വൃദ്ധയ്ക്ക് കഞ്ഞികുടിച്ചുകിടക്കാന്‍ ലഭിച്ചിരുന്ന പെന്‍ഷന്‍കൂടി പുതിയ പരിഷ്കാരങ്ങള്‍കൊണ്ട് നഷ്ടപ്പെടുമെന്ന നിലയിലാണ്.

കുരീപ്പുഴ മാരാത്തഴികത്ത് വീട്ടില്‍ എണീറ്റ് നില്‍ക്കാന്‍പോലും കഴയാതെ കൂനിക്കൂടിയിരിക്കുന്ന 92 വയസ്സായ ഗൗരിയമ്മയുടെ അവസ്ഥ ഇതിലേറെ ദയനീയം. വാഹനത്തില്‍പോലും കയറാന്‍ കഴിയാത്ത ഈ അമ്മയെ ആധാര്‍ രജിസ്ട്രേഷന് കൊണ്ടുപോയില്ലെങ്കില്‍ ഉള്ള പെന്‍ഷന്‍കൂടി മുടങ്ങുമല്ലോ എന്ന വിഷമത്തിലാണ് ഇപ്പോള്‍ പരിചരിക്കുന്ന മകള്‍ പങ്കജാക്ഷിയമ്മ. എങ്ങനെയെങ്കിലും രജിസ്ട്രേഷന് എത്തപ്പെട്ടാല്‍ കൈപ്പത്തിയിലെ രേഖകകള്‍ തെളിയുന്നില്ലെന്ന് പറഞ്ഞ് തിരിച്ചയക്കും. കുരീപ്പുഴ ഗവ. യുപിഎസില്‍ നടന്ന നാഷണല്‍ പോപ്പുലേഷന്‍ രജിസ്ട്രേഷനില്‍ ഇത്തരം കൈരേഖകള്‍ തെളിയുന്നില്ലെന്ന് പറഞ്ഞ് പല വയോധികരെയും തിരിച്ചയച്ചിരുന്നു.

ജനിച്ച നാള്‍ മുതല്‍ കഴിഞ്ഞ 22 വര്‍ഷമായി കിടക്കപ്പായില്‍നിന്ന് ഒന്നെണീക്കാന്‍പോലം കഴിഞ്ഞിട്ടില്ലാത്ത കുരീപ്പുഴ നിലയ്ക്കല്‍വീട്ടില്‍ ഇന്‍ഷാദിന് ഇപ്പോള്‍ ലഭിക്കുന്ന നാന്നൂറ് രൂപ പെന്‍ഷന്‍ നിന്നുപോയാലും വേണ്ടിയില്ല. മകനേയും ചുമന്നുകൊണ്ട് എങ്ങോട്ടും പോകാന്‍ വയ്യെന്ന് ഉമ്മ സുബൈദ നിറകണ്ണുകളോടെ പറഞ്ഞു. ഭര്‍ത്താവ് മരിച്ചശേഷം രണ്ട് പെണ്‍മക്കളെ വിവാഹം കഴിച്ച് അയച്ചതോടെ കടംകയറി വട്ടംചുറ്റുന്നതിനിടെ പെന്‍ഷന്‍തുക വലിയൊരാശ്വാസമായിരുന്നു. മസ്തിഷ്കസംബന്ധമായ അസുഖംമൂലം പിടലിപോലും ഉറയ്ക്കാതെ കൊച്ചുകുഞ്ഞിനെപ്പോലെ പായില്‍ കിടന്നുരുളുന്ന മകനേയുംകൊണ്ട് ബാങ്ക് അക്കൗണ്ട് എടുക്കാനും ആധാര്‍ എടുക്കാനും പോകണമെന്ന് പറയുന്ന അധികൃതരുടെ ക്രൂരതയ്ക്ക് മുന്നില്‍ ഈ ഉമ്മ നിസ്സഹായയായിനിന്ന് കണ്ണീര്‍ പൊഴിക്കുന്നു. മൂന്ന് ആണ്‍മക്കളും വികലാംഗരായിപോയ ദുരവസ്ഥയാണ് കുരീപ്പുഴ വിളയില്‍കോളനിയിലെ ചെല്ലമ്മയുടെ വീട്ടിലേത്. ആധാറും ബാങ്ക് അക്കൗണ്ടുമൊക്കെ നിര്‍ബന്ധമാക്കുംമുമ്പേ വികലാംഗരായ മൂന്ന് സഹോദരന്മാരില്‍ ഒരാള്‍ ജീവിതത്തോട് വിടവാങ്ങി. ഇനി അവശേഷിക്കുന്ന രവി (47), സുനില്‍കുമാര്‍ (37) എന്നിവര്‍ ഏകജീവിതമാര്‍ഗമായ പെന്‍ഷന്‍നിന്നുപോകുമോ എന്ന ഭയത്തിലാണ്.
(കെ ബി ജോയി)

deshabhimani 131212

No comments:

Post a Comment